•  2 May 2024
  •  ദീപം 57
  •  നാളം 8
നോവല്‍

അഗസ്ത്യായനം

ഉന്മേഷകരവും സൗഖ്യദായകവുമായ ഒരു പ്രഭാതത്തിലേക്കാണ് കുഞ്ഞച്ചന്‍ കണ്ണുകള്‍ മിഴിച്ചത്. തട്ടും തടവുമില്ലാതെ ഉറക്കത്തിന്റെ ഒരു പാലാഴി കുഞ്ഞച്ചനിലൂടെ ഒഴുകിപ്പോയി. പാതിരാവില്‍ കുറച്ചുനേരം ഉറക്കം നഷ്ടമായെങ്കിലും ബാക്കിയുള്ള നേരമത്രയും കുഞ്ഞച്ചന്‍ സുഖമായി ഉറങ്ങി.

കട്ടിലില്‍ എഴുന്നേറ്റിരുന്ന് കുഞ്ഞച്ചന്‍ ജപമാലയെത്തിച്ചു. പിന്നെ ഊര്‍ജ്ജസ്വലമായ ഒരു പകല്‍ദിനത്തിനുവേണ്ടി പ്രാര്‍ത്ഥിച്ചു. ഉണരുമ്പോഴും ഉറങ്ങാന്‍ കിടക്കുമ്പോഴുമുള്ള ഇത്തിരി സമയവൃത്തമാണ് കുഞ്ഞച്ചനു സ്വന്തമായിക്കിട്ടുക. ആ നേരത്താണ് കുഞ്ഞച്ചന്‍ കുഞ്ഞച്ചനിലേക്കു തന്നെ തിരിഞ്ഞുനോക്കുക. ആരുടെയും മാദ്ധ്യസ്ഥ്യമില്ലാതെ യേശുവുമായി സംവദിക്കുക.
കുഞ്ഞച്ചന്‍ അങ്ങനെയാണ്. തന്റെ ഏകാന്തതയുടെ നിമിഷങ്ങളില്‍ കുഞ്ഞച്ചന്‍ യേശുദേവനുമായി സംസാരിക്കും. തന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്. തന്റെ സുവിശേഷവേലയെക്കുറിച്ച്...
പക്ഷേ, യേശു കുഞ്ഞച്ചനെ കേള്‍ക്കുകയല്ലാതെ ഒന്നും സംസാരിക്കാറില്ല. കുഞ്ഞച്ചനെ കേട്ട് വെറുതെ മന്ദഹസിക്കും. അപ്പോള്‍ ഒരു പാര്‍വ്വണവെട്ടം കുഞ്ഞച്ചനില്‍ വന്നു പതിക്കും. കുഞ്ഞച്ചന്‍ സന്തുഷ്ടനാകും. അത്രയും മതി കുഞ്ഞച്ചന്. 
ഇന്നലെ രാത്രിയും കുഞ്ഞച്ചന്‍ യേശുവുമായി സംസാരിച്ചു. അത് ചീരുകണ്ടന്റെ അമ്മ അന്നയ്ക്കുവേണ്ടിയും ശൗരിയുടെ ഭാര്യ അന്നയ്ക്കുവേണ്ടിയുമായിരുന്നു.
പുലയവിഭാഗത്തില്‍പ്പെട്ട ശൗരിയുടെ ആദ്യനാമം ബീരാന്‍ എന്നായിരുന്നു. ബീരാനെയും ഭാര്യയെയും മാമ്മോദീസ നല്കി ശൗരിയും അന്നയുമാക്കിയത് കുഞ്ഞച്ചനാണ്.
അന്ന പൂര്‍ണഗര്‍ഭിണിയായിരുന്നു. പ്രസവം അപകടംപിടിച്ചതായിരിക്കുമെന്ന് രാമപുരം ഗവണ്‍മെന്റാശുപത്രിയിലെ ഡോക്ടര്‍ പറഞ്ഞു: ''ഓപ്പറേഷന്‍ വേണം.'' 
ശൗരി ഞെട്ടിപ്പോയി. ഒരു വെള്ളിടി തലയില്‍ വന്നു പതിക്കുന്നതുപോലെ അയാള്‍ക്കു തോന്നി. അന്ന പേടിച്ചരണ്ട് അട്ടയെപ്പോലെ ചുരുണ്ടുകൂടി. വിയര്‍ത്തു. തളര്‍ന്നു. 
''വേണ്ട. ചത്താലും വേണ്ട. എന്റെ മേത്ത് കത്തി വെക്കണ്ട.''
ശൗരി വിഷമിച്ചു. ചെകുത്താനും കടലിനും നടുവിലെന്നപോലെയായിരുന്നു അയാള്‍. ആകാശം ഇടിഞ്ഞുവീഴുന്നതുപോലെ അയാള്‍ക്കു തോന്നി. ഭൂമി പിളരുകയാണ്. അയാള്‍ സകലദൈവങ്ങളെയും വിളിച്ചു പ്രാര്‍ത്ഥിച്ചു. വിലപിച്ചു.
അപ്പോഴാണ് തൊണ്ണംകുഴിയിലെ ജോസഫ്‌ചേട്ടന്‍ ശൗരിയോടു ചെന്നു പറഞ്ഞത്:
'നീ പേടിക്കേണ്ട ശൗരീ. അവളെയും കൂട്ടി കുഞ്ഞച്ചന്റെ അടുത്തു ചെല്ല്. കാര്യങ്ങള്‍ക്കു പരിഹാരമുണ്ടാകും.''
കുറച്ചുകാലം മുന്‍പ് ജോസഫ്‌ചേട്ടനും ഈ അവസ്ഥയിലൂടെ കടന്നുപോയതാണ്. അയാളുടെ ഭാര്യയുടെ പ്രസവവും അപകടംപിടിച്ചതായിരിക്കുമെന്നു ഡോക്ടര്‍ പറഞ്ഞു. ജോസഫ്‌ചേട്ടന്റെ മുന്‍പില്‍ മറ്റു മാര്‍ഗ്ഗങ്ങളൊന്നുമുണ്ടായിരുന്നില്ല. അയാള്‍ ഭാര്യയെയും കൂട്ടി കുഞ്ഞച്ചന്റെ അടുത്തുചെന്നു.
''രക്ഷിക്കണേ കുഞ്ഞച്ചാ...''
ജോസഫിന്റെ ഭാര്യ കരഞ്ഞുകൊണ്ട് കുഞ്ഞച്ചന്റെ മുന്‍പില്‍ മുട്ടുകുത്തി. കൈകള്‍ കൂപ്പി. കുഞ്ഞച്ചന്‍ അവളുടെ കണ്ണുകളില്‍ മരണഭയം കണ്ടു.
ആദ്യമൊന്നമ്പരന്നെങ്കിലും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ കുഞ്ഞച്ചന്‍ അവരെ ആശ്വസിപ്പിച്ചു:
''പേടിക്കണ്ട. വിശ്വസിക്ക്. ഒരു മഹാവൈദ്യന്‍ സ്വര്‍ഗ്ഗത്തിലുണ്ട്.''
കുഞ്ഞച്ചന്‍ അവളുടെ തലയില്‍ കൈവച്ച് പ്രാര്‍ത്ഥിച്ചു. ഒരു തരിപ്പ് അവളിലൂടെ കടന്നുപോയി. അവളുടെ ഗര്‍ഭപാത്രത്തില്‍ ഒരു കുഞ്ഞുജീവന്‍ ചലിച്ചു.
''ഭൂമിയെയും ആയതുപോലെ മറ്റു ഗ്രഹങ്ങളെയും സൃഷ്ടിക്കുകയും അതിനെ അതിന്റെ ഭ്രമണപഥത്തില്‍ ഉറപ്പിക്കുകയും ചെയ്ത ദൈവത്തിന് സകലവും മനസ്സിലാക്കാതിരിക്കാന്‍ കഴിയോ...''
കുഞ്ഞച്ചന്‍ അകത്തുചെന്ന് ഒരു ചെറിയ കുപ്പിയില്‍ എന്തോ മരുന്നുമായി തിരിച്ചുവന്നു. ജോസഫ്‌ചേട്ടന്റെ കൈയില്‍ കൊടുത്തുകൊണ്ടു പറഞ്ഞു:
''ഇതു മൂന്നു നേരത്തേക്കുണ്ട്. ഇതു കഴിക്കുമ്പഴേക്കും സുഖമാകും. എന്നാ പൊയ്‌ക്കോ. പൊയ്‌ക്കോ.''
അവര്‍ പോയി. കുഞ്ഞച്ചന്‍ പള്ളിയിലേക്കും. പള്ളിയില്‍ കെടാവിളക്കിന്റെ അരണ്ട വെളിച്ചത്തില്‍ കുഞ്ഞച്ചന്‍ അള്‍ത്താരയ്ക്കു മുന്‍പില്‍ മുട്ടുകുത്തി. ജോസഫിന്റെ ഭാര്യയ്ക്കു വേണ്ടിയുള്ള കുഞ്ഞച്ചന്റെ പ്രാര്‍ത്ഥന അങ്ങ് സ്വര്‍ഗ്ഗത്തോളം നീണ്ടുചെന്നു.
പള്ളിയില്‍നിന്നിറങ്ങിയതേ ജോസഫ് ചേട്ടന്‍ ഭാര്യയോടു പറഞ്ഞു:
''ഒരു നേരത്തേക്കുള്ളത് ഇപ്പഴേ കഴിച്ചോ...''
അവള്‍ കര്‍ത്താവിനോടുള്ള പ്രാര്‍ത്ഥനയോടെ അപ്രകാരം ചെയ്തു.
മരുഭൂമിയിലെ മരുപ്പച്ചകള്‍ പുഷ്ടി പൊഴിക്കുന്നു. കരുണാനിധിയായ മേരീപുത്രന്‍ കടന്നുപോകുമ്പോള്‍ ശാദ്വലഭൂമികള്‍ ആര്‍ത്തുചിരിക്കുന്നു. ആകാശത്തിലെ പറവകളും കാട്ടാടുകളും കലമാനുകളും മഴ പെയതു നിറയപ്പെട്ട കുളങ്ങളില്‍നിന്നു കുടിച്ച് സന്തോഷിക്കുന്നു. സങ്കടങ്ങളില്‍ അന്യപ്പെട്ട ആത്മാക്കളെ ദൈവം സ്‌നേഹത്താല്‍ സന്ദര്‍ശിക്കുന്നു. അവന്റെ ആണിപ്പഴുതുവീണ കരങ്ങളുയര്‍ത്തി തിരുരക്തത്താല്‍ അനുഗ്രഹിക്കുന്നു.
രാത്രി സുഖകരമായ പേറ്റുനോവിനാല്‍ അവള്‍ ആനന്ദമനുഭവിച്ചു. ആകാശത്തുനിന്നുമുള്ള മഞ്ഞിനും കുളിരിനുമൊപ്പം അവള്‍ ഒരു പുത്രനെ പ്രസവിച്ചു. അവളുടെ ഹൃദയത്തിലും അവളുടെ വായിലും ദൈവാനുഗ്രഹത്താല്‍ ചിരി നിറഞ്ഞു.
ജോസഫ്‌ചേട്ടനെ കേട്ട ശൗരിയുടെ ഭാര്യ പറഞ്ഞു: ''എനക്കും കുഞ്ഞച്ചന്റെ മരുന്നു മതി.''
ശൗരി രണ്ടാമതൊന്ന് ആലോചിച്ചില്ല. ഇറങ്ങിനടന്നു. സമയം പാതിരാവോടടുത്തിരിക്കണം. നേരിയ നിലാവുണ്ട്. നിലാവില്‍ വഴിയറിഞ്ഞ് ശൗരി കാലുകള്‍ വലിച്ചു കുത്തി. കുഞ്ഞച്ചന്റെ വാതിലില്‍ മുട്ടി. 
ഉറക്കമുണര്‍ന്ന കുഞ്ഞച്ചന്‍ വെട്ടം തെളിച്ചു. വാതില്‍ തുറന്നു. മുന്നില്‍ ശൗരി.
ശൗരിയുടെ ഭാര്യ പത്തും തികഞ്ഞിരിക്കുകയാണെന്ന് കുഞ്ഞച്ചനറിയാം.
''എന്തു പറ്റീ... ഈ രാത്രീല്...?''
''ഡോക്കിട്ടറെക്കൊണ്ട് സൂചി വയ്ക്കാനും കത്തി വയ്ക്കാനും അന്ന സമ്മതിക്കിയേല. അവള്‍ക്ക് കുഞ്ഞച്ചന്റെ മരുന്നു മതീന്ന്.''
കുഞ്ഞച്ചന്‍ മരുന്നു കൊടുത്തു. എന്നിട്ടു പറഞ്ഞു:
''ഇതു കൊണ്ടുചെന്നു കൊടുക്ക്. വേഗം പൊയ്‌ക്കോ...''
''ശൗരി മരുന്നും വാങ്ങി തിരിഞ്ഞു. കുഞ്ഞച്ചന്‍ വീണ്ടും ചോദിച്ചു:
''വെട്ടം വേണോ... രാത്രീല്...''
''വേണ്ട കുഞ്ഞച്ചാ... നെലാവുണ്ട്.''
പിന്നെയും കുഞ്ഞച്ചന്‍ ശൗരിയുടെ ഭാര്യയ്ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥനയോടെ ഉറങ്ങാന്‍ കിടന്നു. മെല്ലെ ഉറക്കത്തിലേക്ക് ആഴ്ന്നുപോയി.
പതിവിലും വൈകിയാണ് കുഞ്ഞച്ചന്‍ ഉണര്‍ന്നത്. അതുകൊണ്ട് തിടുക്കത്തില്‍ പ്രഭാതകര്‍മ്മങ്ങള്‍ കഴിഞ്ഞ് പള്ളിയിലേക്കു പോയി. കുര്‍ബാന കഴിഞ്ഞ് കാപ്പി കുടിച്ചെന്നു വരുത്തി കുഞ്ഞച്ചന്‍ പള്ളിമേടയില്‍നിന്നിറങ്ങി. തന്റെ വളകാലന്‍കുടയുമായി ഇളവെയില്‍ നീന്തി കുഞ്ഞച്ചന്‍ ശൗരിയുടെ വീട്ടിലേക്കു കാലുകള്‍ നീട്ടിക്കുത്തി.
ശൗരിയുടെ വീടെത്തിയപ്പോള്‍ കുഞ്ഞച്ചന്‍ ആശ്വാസം കൊണ്ടു. രണ്ടും രണ്ടായിരിക്കുന്നു. ഒരാണ്‍കുഞ്ഞ്.
പക്ഷേ, കുഞ്ഞ് വളരെ ശോഷിച്ചതായിരുന്നു. മൃതപ്രായനായ ഒന്ന്. അവന്‍ കൈകാലുകള്‍ ചലിപ്പിക്കുകയോ കരയുകയോ ചെയ്യുന്നില്ല. അത് പ്രപഞ്ചത്തിനു നേരേ കണ്ണുമിഴിക്കുന്നില്ല. ഈ ലോകത്തോടുള്ള പ്രതിഷേധംപോലെ അത് കണ്ണുകള്‍ ഇറുകെപ്പൂട്ടി, ക്ലേശപ്പെട്ട് ശ്വാസം വലിച്ചുകൊണ്ടിരുന്നു.
അവിടെയുണ്ടായിരുന്നവര്‍ക്കാര്‍ക്കും കുഞ്ഞിന്റെ കാര്യത്തില്‍ പ്രതീക്ഷയുണ്ടായിരുന്നില്ല. അതവര്‍ കുഞ്ഞച്ചനോടു പറയുകയും ചെയ്തു. അവരോടു കുഞ്ഞച്ചന്‍ പറഞ്ഞു: ''ഇത്തിരി ചാണകവെള്ളമുണ്ടാക്കി അതിലവനെ കുളിപ്പിക്ക്...''
ആളുകളൊന്നമ്പരന്നു. അവശനായ കുഞ്ഞ്. അതിനെ ചാണകവെള്ളത്തിലിട്ടാല്‍ ചത്തുപോകത്തില്ലേ... ആളുകള്‍ സംശയിച്ചു. പക്ഷേ, പറഞ്ഞത് കുഞ്ഞച്ചനാണ്. മറുത്തൊന്നും പറയാന്‍ നിവൃത്തിയില്ല. മാത്രമല്ല, കുഞ്ഞച്ചന്‍ പാഴ്‌വാക്കുകള്‍ പറയത്തില്ല. അദ്ദേഹത്തിന്റെ വാക്കുകള്‍ ദൈവത്തില്‍നിന്നെന്നപോലെയാണ്.
പിന്നൊന്നും നോക്കിയില്ല. ആലോചിച്ചില്ല. ചാണകവെള്ളമുണ്ടാക്കി. കുഞ്ഞിനെ ഒരു പാളയില്‍ കിടത്തി ചാണകവെള്ളത്തില്‍ കുളിപ്പിച്ചു തോര്‍ത്തി.
''അവന് സുഖമായിക്കോളും. കര്‍ത്താവ് സുഖമാക്കിക്കൊള്ളും.''
കുഞ്ഞച്ചന്‍ അത്രമാത്രം പറഞ്ഞു. പിന്നെ കുഞ്ഞിന്റെ ശിരസ്സില്‍ കൈവച്ചു പ്രാര്‍ത്ഥിച്ചു. ശേഷം കുഞ്ഞച്ചന്‍ മടങ്ങി.
കുഞ്ഞച്ചന്‍ പള്ളിയിലെത്തുംമുന്‍പ് കുഞ്ഞ് കണ്ണു തുറന്നു. അവന്‍ കരഞ്ഞു. കൈകാലുകള്‍ ചലിപ്പിച്ചു. ദൈവം വിരല്‍ തൊട്ടതുപോലെ അവന്‍ ഊര്‍ജ്ജസ്വലനായി. അവന്‍ പ്രപഞ്ചത്തിനു നേരേ കളങ്കമില്ലാതെ ചിരിച്ചു.
കുഞ്ഞച്ചന്‍ കാലുകള്‍ നീട്ടിക്കുത്തി നടന്നു. എത്ര നീട്ടിക്കുത്തിയാലും തന്റേത് ആമനടത്തമാണെന്ന് കുഞ്ഞച്ചനറിയാം. പക്ഷേ, കുഞ്ഞച്ചന് നേരത്തേ എത്തിയേ മതിയാകൂ.
പള്ളിയില്‍ കപ്യാരു കാത്തുനില്ക്കും. കൂടെ ഉപദേശിയുമുണ്ടാകും. ചക്കാമ്പുഴയ്ക്കു പോകേണ്ടതുണ്ട്. അവിടെ ഒരു ചാത്തം കഴിക്കാനുണ്ട്. പിന്നെ കതിരന്‍ എന്ന ദളിതന്റെ കുടിലില്‍ പോകണം.
കുഞ്ഞച്ചന്‍ പലവട്ടം കതിരന്റെ കൂരയില്‍ ചെന്നിട്ടുണ്ട്. ക്ഷേമം തിരക്കിയിട്ടുണ്ട്. അസുഖങ്ങള്‍ക്കു മരുന്നു കൊടുത്തിട്ടുണ്ട്. സാമ്പത്തികമായും അല്ലാതെയും സഹായിച്ചിട്ടുണ്ട്. പക്ഷേ, അവര്‍ പള്ളിയില്‍ വരാനോ സ്‌നാനം സ്വീകരിക്കാനോ തയ്യാറായിട്ടില്ല.
പള്ളിയില്‍ വരാത്തതോ ജ്ഞാനസ്‌നാനം സ്വീകരിക്കാത്തതോ അല്ല കുഞ്ഞച്ചനെ വിഷമിപ്പിച്ചത്. അവര്‍ മന്ത്രവാദത്തിനും മറ്റ് ആഭിചാരക്രിയകള്‍ക്കും അടിമകളാണ്. അവരുടെ വീട്ടില്‍ കോഴിവെട്ടും ചാട്ടവും തുള്ളലും ഓതിരം കടകംമറിച്ചിലുമൊക്കെ നടക്കാറുണ്ട്. ഉപദേശിമാരില്‍നിന്ന് കുഞ്ഞച്ചന്‍ കേട്ടറിഞ്ഞിട്ടുണ്ട്.
അതാണ് കുഞ്ഞച്ചനെ ഏറെ വിഷമിപ്പിച്ചത്. കാലമിത്ര പുരോഗമിച്ചിട്ടും മനുഷ്യനിത്തരത്തിലുള്ള അനാചാരങ്ങളില്‍ ചെന്നു പെടുന്നതെങ്ങനെയെന്ന് കുഞ്ഞച്ചന്‍ അലോസരപ്പെടുകയും ദുഃഖിക്കുകയും ചെയ്തു.
അവരുടെ ആത്മാവില്‍ ജ്ഞാനമില്ല. വെളിച്ചമില്ല. ദൈവത്തിന്റെ മഹത്ത്വം അവര്‍ അറിയുന്നില്ല. അവന്റെ ശക്തിയും കാരുണ്യവും അവര്‍ക്കു വെളിപ്പെടുന്നില്ല.

കുഞ്ഞച്ചന്‍ പള്ളിയിലെത്തുമ്പോള്‍ വെയില്‍ കനത്തുതുടങ്ങിയിരുന്നു. കപ്യാരും ഉപദേശിയും കാത്തുനില്പുണ്ട്. അവരോടൊപ്പം മറ്റു രണ്ടുപേരും. അതു ചീരുകണ്ടനും അവന്റെ ഭാര്യ കുറുമ്പയുമായിരുന്നു.
''നിങ്ങള് വന്നിട്ട് അധികനേരമായോ...?'' കുഞ്ഞച്ചന്‍ ചോദിച്ചു. 
''ഇവര് ഇപ്പോ വന്നതേയുള്ളൂ.'' ഉപദേശിയാണ് മറുപടി പറഞ്ഞത്. 
കുര്‍ബാന കഴിഞ്ഞ് കുഞ്ഞച്ചന്‍ എവിടേക്കാണു പോയതെന്നു കപ്യാര്‍ക്കോ ഉപദേശിക്കോ നിശ്ചയമുണ്ടായിരുന്നില്ല. കുഞ്ഞച്ചന്‍ അങ്ങനെയാണ്. കുഞ്ഞച്ചന്റെ വഴികള്‍ മനുഷ്യന്റെ ശിരോലിഖിതങ്ങള്‍പോലെ ചിതറിക്കിടക്കുന്നു.
''ചാത്തത്തിനു പോകേണേ്ട കുഞ്ഞച്ചാ.'' കപ്യാര് ചോദിച്ചു.
''പോണം. അതിനു മുമ്പ് ഒരു കാര്യമുണ്ട്.''
കുഞ്ഞച്ചന്‍ മുറിയില്‍നിന്ന് രണ്ടു മെഴുകുതിരിയെടുത്ത് ചീരുകണ്ടന്റെ കൈയില്‍ കൊടുത്തു. പിന്നെ ചീരുകണ്ടനെയും കുറുമ്പയെയും കൂട്ടി സെമിത്തേരിയിലേക്കു നടന്നു. ഒപ്പം കപ്യാരും ഉപദേശിയും.
സെമിത്തേരിയില്‍ അന്നയുടെ കുഴിമാടത്തില്‍ ചീരുകണ്ടന്‍ മെഴുകുതിരികള്‍ കത്തിച്ചു. കുഞ്ഞച്ചന്‍ ഒപ്പീസ് ചൊല്ലാന്‍ തുടങ്ങി. 
ചീരുകണ്ടനെ സംബന്ധിച്ചിടത്തോളം അപരിചിതമായ ഒന്നായിരുന്നു ആ പ്രാര്‍ത്ഥനകള്‍. അവന്റെ കണ്ണുകള്‍ മണ്‍കൂനയില്‍ നട്ട മെഴുകുവിളക്കുകളുടെ ആടിയുലയുന്ന നാളങ്ങളില്‍ തറഞ്ഞുനിന്നു.
മണ്‍കൂനയ്ക്കടിയില്‍നിന്ന് അമ്മ തേയിയുടെ ചീരാ എന്നുള്ള വിളി അവന്റെ കാതുകളില്‍വന്നു വീഴുന്നതുപോലെ തോന്നി. അവന്റെ കണ്ണുകള്‍ സജലങ്ങളായി. അവന്‍ വിതുമ്പിപ്പോയി. ചീരുകണ്ടന്റെ കണ്ണുകളില്‍നിന്ന് അവന്റെ അമ്മയ്ക്കായി ആദ്യത്തെ കണ്ണീര്‍ത്തുള്ളി കുഴിമാടത്തില്‍ വീണു. അന്നയുടെ മനസ്സ് കുളിര്‍ത്തിട്ടുണ്ടാകണം.
ഒപ്പീസ് കഴിഞ്ഞു. കുഞ്ഞച്ചന്‍ അവരെ പള്ളിമേടയിലേക്കു കൂട്ടി. അവര്‍ക്കു കാപ്പി കൊടുത്തു. ഉപദേശിയെക്കൊണ്ട് ഇടങ്ങഴി അരിയും. അവര്‍ പുറപ്പെടാന്‍ നേരം കുഞ്ഞച്ചന്‍ പറഞ്ഞു:
''പറ്റുമെങ്കില്‍ നാളെ രാവിലെ കുര്‍ബാനയ്ക്കു വരിക. അന്നയുടെ കുഴിമാടത്തില്‍ പ്രാര്‍ത്ഥിക്കുക.''
''ഏങ്കള് വരാം കുഞ്ഞച്ചാ.'' കുറുമ്പയാണ് മറുപടി പറഞ്ഞത്. കുഞ്ഞച്ചന്‍ ചീരുകണ്ടനോടായി വീണ്ടും പറഞ്ഞു:
''മന്ത്രവാദം ഉപേക്ഷിക്കണം ചീരുകണ്ടാ. അത് ദൈവമായ കര്‍ത്താവിനും അന്നയുടെ ആത്മാവിനും ഇഷ്ടമാകില്ല!
ചീരുകണ്ടനിലൂടെ ഒരു ഉഷ്ണക്കാറ്റ് കടന്നുപോയി. ചീരുകണ്ടന്‍ ആടിയുലഞ്ഞു. തന്റെ കാലുകള്‍ ഭൂമിയിലേക്ക് ആഴ്ന്നുപോകുന്നപോലെയും ശിരസിനു കാറ്റുപിടിക്കുന്നതുപോലെയും അയാള്‍ക്കു തോന്നി.
ഒരു തളര്‍ച്ച ചീരുകണ്ടനെ പിടികൂടി. മന്ത്രവാദം ഉപേക്ഷിക്കുക. അത് തനിക്കാകുമോ? അപ്പനില്‍നിന്നു കൈമാറിക്കിട്ടിയതാണ് മന്ത്രവിധികള്‍. അതങ്ങനെ പെട്ടെന്ന് ഒറ്റദിവസംകൊണ്ട് എങ്ങനെയാണ് ഉപേക്ഷിക്കുക?
മന്ത്രവാദി ചീരുകണ്ടനില്‍നിന്ന് വെറും ചീരുകണ്ടനിലേക്കുള്ള കൂടുമാറ്റം അത്ര എളുപ്പമല്ലെന്ന് ചീരുകണ്ടന്‍ അറിഞ്ഞു. എന്നാലും ചീരുകണ്ടന്‍ പറഞ്ഞു:
''ഉപേക്ഷിക്കാം.''
ചീരുകണ്ടന്‍ അത് ബോധപൂര്‍വ്വം പറഞ്ഞതല്ല. അറിയാതെ ആ വാക്കുകള്‍ നാവില്‍നിന്നു വഴുതിവീണതാണ്. 
ചീരുകണ്ടന്‍ ചെറുതായൊന്നു വിറച്ചു. തന്റെ സേവാമൂര്‍ത്തി ചാത്തനാണ്. കരിങ്കുട്ടിച്ചാത്തന്‍. ചാത്തന്‍ വിളിച്ചാല്‍ വിളിപ്പുറത്തെന്നാണ് അപ്പന്‍ പറഞ്ഞുതന്നിട്ടുള്ളത്. 
കൂരയിരിക്കുന്ന കുന്നിന്റെ താഴെ കാഞ്ഞിരമരത്തിന്റെ ചുവട്ടില്‍ ചാത്തന്റെ കരിങ്കല്‍വിഗ്രഹമുണ്ട്. വെള്ളിയാഴ്ചകളില്‍ ചീരുകണ്ടന്‍ ചാത്തന് മലരും പൂവും നേദിക്കാറുണ്ട്. തുള്ളിയുറയാറുണ്ട്. ഇളനീര് കൊടുക്കാറുണ്ട്. 
ആ ചാത്തനെയാണ് ഉപേക്ഷിക്കേണ്ടത്. അതിന്റെ ഫലം എന്താകുമെന്നു ചീരുകണ്ടന്‍ പേടിച്ചു.
''ഒന്നും പേടിക്കേണ്ട ചീരുകണ്ടാ. കര്‍ത്താവ് നിന്നോടൊപ്പമുണ്ട്. നിന്റെ ഓരോ കാല്‍വയ്പിലും കര്‍ത്താവിന്റെ നോട്ടമുണ്ട്. നിന്റെ മുന്നിലും പിന്നിലും അവന്‍ നിനക്കു കൂട്ടായുണ്ട്...'' കുഞ്ഞച്ചന്‍ പറഞ്ഞു.
ചീരുകണ്ടന്‍ കണ്ണുകള്‍ വിടര്‍ത്തി കുഞ്ഞച്ചനെ നോക്കി. തന്റെ മനസ്സിന്റെ വ്യാകുലങ്ങള്‍ വായിച്ചെടുത്തതുപോലെയായിരുന്നു കുഞ്ഞച്ചന്റെ വാക്കുകള്‍. അത് ചീരുകണ്ടനെ അദ്ഭുതപ്പെടുത്തി.
കുഞ്ഞച്ചന്‍ അത്ര നിസ്സാരനല്ലെന്നു ചീരുകണ്ടന്‍ നിനച്ചു. മറ്റുള്ളവരുടെ മനസ്സും ചിന്തകളും ഗ്രഹിക്കാന്‍ കഴിയുന്ന ആളാണ്. സൗമ്യമായ പെരുമാറ്റവും സ്‌നേഹവും ദയയുംകൊണ്ട് ആരെയും കീഴടക്കാന്‍ കഴിവുള്ള മനുഷ്യന്‍. എല്ലാറ്റിനുമുപരി ദൈവത്തെ മുഖാമുഖം കാണുന്ന ഒരാള്‍.
ചീരുകണ്ടന്‍ അങ്ങനെയൊരു തീര്‍പ്പിലേക്കെത്തി. ദൈവത്തെ മനസ്സില്‍ അനുഭവിക്കുന്ന ഒരാള്‍ക്കേ ഇത്ര എളിമയോടെ, താഴ്മയോടെ മറ്റുള്ളവരോടു പെരുമാറാന്‍ കഴിയൂ. ഇത്രമേല്‍ സ്‌നേഹം കൊടുക്കാന്‍ കഴിയൂ.
തന്റെ സേവാമൂര്‍ത്തിയായ ചാത്തന്‍ സ്‌നേഹത്തിന്റെ ഏതു പാഠങ്ങളാണ് തനിക്കു ചൊല്ലിത്തന്നിട്ടുള്ളത്...? ആഭിചാരക്രിയകളുടെ ഏതു ദശാസന്ധികളില്‍ വച്ചാണ് ചാത്തനെ തനിക്ക് അനുഭവം?
സത്യത്തില്‍ തനിക്കെന്തറിയാം... ചീരുകണ്ടന്‍ സ്വന്തം ഹൃദയത്തിലേക്കു തിരിഞ്ഞുനോക്കി. ഇല്ലാത്ത മന്ത്രസിദ്ധികളുടെ പേരു പറഞ്ഞ് താന്‍ ഇത്രകാലം ആളുകളെ ചതിക്കുകയായിരുന്നില്ലേ... മന്ത്രതന്ത്രാദികളുടെ ഏതു പൂജാവിധികളാണ് തനിക്കറിയാവുന്നത്...? അപ്പന്‍ തേവന്‍ എന്താണ് തനിക്ക് ഓതിത്തന്നിട്ടുള്ളത്...? 
ഒന്നുമില്ലെന്ന് ചീരുകണ്ടന്‍ കണ്ടു. അകംപൊള്ളയായ ഒരാള്‍. അറിവുകേടുകള്‍ മാത്രം ശിരസ്സില്‍ വഹിക്കുന്ന ഒരാള്‍. ഒരു പുഴു. ഒരു പുല്‍ക്കൊടി. അതു മാത്രമാണു താന്‍.
ഒരു മെഴുകുതിരിപോലെ ചീരുകണ്ടന്‍ ഉരുകിത്തുടങ്ങിയിരിക്കുന്നു. ഇത്ര കാലം താന്‍ കാത്തുവച്ച, മന്ത്രവാദി, സിദ്ധന്‍ എന്നൊക്കെയുള്ള അഹങ്കാരത്തിന്റെ മലനിരകള്‍ ഇടിഞ്ഞുതാഴുകയാണ്. താന്‍ നിസ്സഹായനായ ഒരു സാധാരണമനുഷ്യന്‍ മാത്രമാണ്.
''പറ്റുന്ന ദിവസങ്ങളിലെല്ലാം പള്ളിയില്‍ വരണം. അന്നയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കണം. ഈ ലോകത്തിലെ ജീവിതം മാത്രമാണ് അന്നയ്ക്കു നഷ്ടമായത്. സ്വര്‍ഗ്ഗത്തില്‍ അന്ന ദൈവത്തോടൊപ്പം ചിരകാലം ജീവിക്കും. അതിനു ചീരുകണ്ടന്റെ നല്ല ജീവിതവും പ്രാര്‍ത്ഥനയുമൊക്കെ ആവശ്യമുണ്ട്.'' കുഞ്ഞച്ചന്‍ ചീരുകണ്ടനോടായി പറഞ്ഞു.
ചീരുകണ്ടന്‍ തലയനക്കി സമ്മതിച്ചു. പിന്നെ ഉപദേശി, വാദ്യപ്പുരയിലെ വീപ്പയില്‍നിന്ന് അളന്നു കൊടുത്ത അരിയുമായി മടങ്ങുംമുമ്പ് കുഞ്ഞച്ചന്‍ ഒന്നു കൂടി ചീരുകണ്ടനോടു പറഞ്ഞു:
''ഒരു നല്ല ഗൃഹനാഥനായി കുറുമ്പയ്ക്കും കുഞ്ഞിനും വേണ്ടി ജീവിക്കുക. മാത്രമല്ല കുറുമ്പയല്ലാതെ മറ്റൊരു ഭാര്യ നിനക്കുണ്ടാകരുത്.''
ഒരു നിമിഷം കുഞ്ഞച്ചന്റെ വാക്കുകളില്‍ ചീരുകണ്ടന്‍ പിടഞ്ഞു. തളര്‍ന്നു. താന്‍ ഏതോ നിലയില്ലാക്കയത്തില്‍ ചെന്നു പെട്ടതുപോലെ ചീരുകണ്ടനു തോന്നി.
''എന്നാ പൊയ്‌ക്കോ പൊയ്‌ക്കോ...'' കുഞ്ഞച്ചന്‍ പറഞ്ഞു.
കുഞ്ഞച്ചന്‍ തിരിഞ്ഞുനടന്നു. തന്റെ നേരേ നീണ്ടുവരുന്ന കുറുമ്പയുടെ കണ്ണുകളെ അഭിമുഖീകരിക്കാനാകാതെ ചീരുകണ്ടന്‍ ആകാശത്തേക്കു നോട്ടം നീട്ടി. പള്ളിയുടെ മുഖവാരത്തിനു മുകളിലെ കുരിശ് രക്തപങ്കിലമായ ഒരു സ്വപ്നംപോലെ തോന്നിച്ചു.
തനിക്കു മറ്റു സ്ത്രീകളുമായി ബന്ധമുണെ്ടന്ന് കുഞ്ഞച്ചന്‍ അറിഞ്ഞിരിക്കുന്നു. പക്ഷേ, അതെങ്ങനെ? അതാണ് ചീരുകണ്ടനെ അദ്ഭുതപ്പെടുത്തിയത്. ഒരു പക്ഷേ, ദൈവത്തിന്റെ ഒരു കരം കുഞ്ഞച്ചനില്‍ പ്രവര്‍ത്തിക്കുന്നുണ്ടാകാം.
കെട്ടഴിഞ്ഞുപോയ ഒരു താളിയോലഗ്രന്ഥം പോലെയാണ് താനെന്നു ചീരുകണ്ടന്‍ അറിഞ്ഞു. അടിമുടി എല്ലാ ഏടുകളും കുഞ്ഞച്ചന്‍ വായിച്ചറിഞ്ഞിരിക്കുന്നു. കുഞ്ഞച്ചനു മുന്‍പില്‍ താന്‍ മലര്‍ക്കെ തുറക്കപ്പെട്ടവനാണ്.
എത്ര നേരമാണ് താന്‍ ചലനമറ്റങ്ങനെ നിന്നുപോയതെന്ന് ചീരുകണ്ടനു നിശ്ചയമുണ്ടായിരുന്നില്ല. കുറുമ്പയുടെ ചോദ്യമാണ് ചീരുകണ്ടനെ ഉണര്‍ത്തിയത്.
''വരണില്ലേ...?''
അയാള്‍ വിഷമിച്ച് കാലുകള്‍ പറിച്ചുകുത്തി. വെയിലിന് വല്ലാത്ത ചൂട്. തോളിലിരിക്കുന്ന മുന്നാഴി അരിയുടെ കിഴിക്ക് വല്ലാത്ത ഭാരം.
അഴകിയും ചെല്ലയും ചീരുകണ്ടനിലൂടെ കടന്നുപോയി. അവര്‍ ചിരിച്ചും കൈമാടിയും ചീരുകണ്ടനെ പ്രലോഭിപ്പിച്ചുകൊണ്ടിരുന്നു. ചീരുകണ്ടന്‍ അവര്‍ക്കു നേരേ മനസ്സിന്റെ വാതിലുകളടച്ചുകളഞ്ഞു.
കുറുമ്പ പിന്നെയും നോക്കുന്നുണ്ട്. അവളുടെ കണ്ണുകളില്‍ സംശയത്തിന്റെ കനലുകള്‍ തിളങ്ങുന്നത് ചീരുകണ്ടന്‍ കണ്ടു. അന്നാദ്യമായി അയാള്‍ കുറുമ്പയെ പേടിച്ചു. അവളുടെ ഏതെങ്കിലും ഒരു ചോദ്യം അഭിമുഖീകരിക്കാനുള്ള ത്രാണിയില്ലാതെ ചീരുകണ്ടന്‍ നടന്നു. ഏതു നിമിഷവും കുറുമ്പയില്‍നിന്നൊരു ചോദ്യമുണ്ടാകാം.
''ഏനല്ലാതെ നിങ്ങക്ക് വേറെ പെണ്ണുണേ്ടാ?'' 
പക്ഷേ, അതുണ്ടായില്ല. കുറുമ്പ ഒന്നും ചോദിച്ചില്ല. പകല്‍ വെയില്‍ രൂക്ഷമായിരുന്നു. അന്ന് ചീരുകണ്ടന്‍ എവിടേക്കും പോയില്ല. ഉപ്പും കാന്താരിയും വച്ചു ചതച്ച ചമ്മന്തി കൂട്ടി കഞ്ഞി കുടിച്ച്, ചീരുകണ്ടന്‍ കൂരയ്ക്കുള്ളില്‍ മലര്‍ന്നുകിടന്നു. കൂരയുടെ മുകളിലെ കണ്ണോട്ടകളിലൂടെ സൂര്യന്‍ ഇറങ്ങിവന്ന് ചീരുകണ്ടന്റെ കണ്ണില്‍ കുത്തി. അയാള്‍ കണ്ണുകള്‍ ഇറുക്കിയടച്ചു.
കൂരയ്ക്കു പുറത്ത് വെളിയിടങ്ങളിലെ പൊന്തക്കാടുകളില്‍ കരിയിലംകിളികള്‍ കലപില കൂട്ടുന്നത് ചീരുകണ്ടന്‍ കേട്ടു. അവയുടെ ചിലമ്പല്‍പോലെയായിരുന്നു ചീരുകണ്ടന്റെ മനസ്സും. അത് അശാന്തമായിരുന്നു. അമ്മ തേയിയും കുറുമ്പയും ചെല്ലയും അഴകിയും പിന്നെ കുഞ്ഞച്ചനും ചീരുകണ്ടനെ മഥിച്ചുകൊണ്ടിരുന്നു.
ചീരുകണ്ടനെ ശാന്തനാക്കാന്‍ ചീരുകണ്ടന്‍ വൃഥാ ശ്രമിച്ചു. മനസ്സ് ഇളകിമറിയുകയാണ്. കോളുകൊണ്ട കടല്‍പോലെ. പിന്നെയെപ്പോഴോ ആരോ തന്റെ അടുത്തുവന്നു കിടക്കുന്നതും ഒരു കരം അരുമയോടെ തന്റെമേല്‍ പതിയുന്നതും ചീരുകണ്ടന്‍ അറിഞ്ഞു. അത് കുറുമ്പയാണന്നറികെ നേരിയ ഭയത്തോടെ ആണെങ്കിലും ചീരുകണ്ടന്‍ ചോദിച്ചു:
''ഉം...''
''നമുക്കും വേദത്തില്‍ ചേരാം...'' കുറുമ്പ പറഞ്ഞു.
ചീരുകണ്ടന്‍ ഒന്നു നടുങ്ങി. ഒരു മദ്ധ്യാഹ്നക്കാറ്റ് പിടഞ്ഞ് കുന്നുകയറി വന്നു.

 
               
(തുടരും)

Login log record inserted successfully!