•  2 May 2024
  •  ദീപം 57
  •  നാളം 8
ശ്രേഷ്ഠമലയാളം

വളക്കട

രു പദത്തില്‍ ഒന്നിലധികം സ്ഥലത്ത് സന്ധി വരാം. ഒരിടത്തു സന്ധിയുള്ളതായി കണക്കാക്കിയാല്‍ ഒരര്‍ത്ഥവും മറ്റൊരിടത്തായാല്‍ മറ്റൊരര്‍ത്ഥവും ലഭിക്കും. വെള്ളമുണ്ട് എന്ന പദം വെള്ളം + ഉണ്ട് എന്നോ വെള്ള + മുണ്ട് എന്നോ പിരിച്ചെഴുതാം. ജലം ഉണ്ട് എന്നും വെളുത്ത മുണ്ട് എന്നും യഥാക്രമം അവയ്ക്കര്‍ത്ഥം.  വെള്ളമുണ്ട് (വെള്ളം + ഉണ്ട്) എന്നിടത്ത് അനുസ്വാരത്തിന് 'മ'കാരാദേശവും (മകാരംതാനനുസ്വാരം/ സ്വരം ചേര്‍ന്നാല്‍ തെളിഞ്ഞിടും) വെള്ളമുണ്ട് (വെള്ള + മുണ്ട്) എന്നിടത്ത് സംഹിതയും സംഭവിക്കുന്നു.* ഇവിടെ വികാരമെന്യേ പദങ്ങള്‍ ചേര്‍ന്ന് ഒറ്റപ്പദമാകുന്നുവെന്നു വ്യക്തം.
വളം + കട = വളക്കട എന്നും വള + കട = വളക്കട എന്നും 'വളക്കട'യെ പിരിച്ചും ചേര്‍ത്തും എഴുതാം. വളം + കട = വളക്കട എന്നിടത്ത് അനുസ്വാരലോപവും 'ക'കാരദ്വിത്വവും (ലോപ-ദ്വിത്വസന്ധി?) വള+കട=വളക്കട എന്നിടത്ത് 'ക' കാരത്തിന് ഇരട്ടിപ്പും (ദ്വിത്വസന്ധി) സംഭവിക്കുന്നു. 'വളക്കട'യ്ക്ക് ദ്വയാര്‍ത്ഥം ഉണ്ടായത് പദം പകുത്തതിലെ വ്യതിയാനംകൊണ്ടു മാത്രമാണ്.
വളം + കട = വളക്കടയ്ക്ക് വളം വില്ക്കുന്ന കടയെന്നും വള + കട = വളക്കടയ്ക്ക് വള വില്‍ക്കുന്ന കടയെന്നും അര്‍ത്ഥം. ''ഒരു കടയുടെ മുമ്പില്‍ 'വളക്കട' എന്ന ബോര്‍ഡു കാണുന്നു. ഇവിടെ 'വള'യോ 'വള'മോ വില്ക്കുന്നത്? രണ്ടുമാവാം. കയറിനോക്കുക.''**
കടലാടി (കടല്‍ + ആടി) എന്ന ശബ്ദത്തിനു വഴിയില്‍ കടന്നുപോകാന്‍ പാടില്ലാത്തവണ്ണം അടഞ്ഞു വളര്‍ന്നുനില്‍ക്കുന്നത് എന്നും ഒരു ഔഷധച്ചെടി (കടലാടി - ചെറുകടലാടി) എന്നും അര്‍ത്ഥവ്യത്യാസമുണ്ടാകുന്നത് പദങ്ങളുടെ ഉള്ളിലെ സന്ധിവ്യതിയാനംകൊണ്ടാണ്. പൊന്മാന്‍ (King fisher) ഒരു പക്ഷിയാകുന്നിടത്തും പൊന്മാന്‍ (പൊന്‍ + മാന്‍) സ്വര്‍ണനിറമുള്ള മാന്‍ ആകുന്നിടത്തും മേല്‍വിവരിച്ച സന്ധിനിയമങ്ങള്‍ കാണാം. മാരീചന്‍ പൊന്മാനായി സീതയെ മോഹിപ്പിച്ച കഥ  സന്ദര്‍ഭത്തിനുചേരും.


* നമ്പൂതിരി, ഇ.വി.എന്‍., ഡോ., കേരളഭാഷാവ്യാകരണം, ഡി.സി. ബുക്‌സ്, കോട്ടയം, 2005, പുറം: 36.
** രാമചന്ദ്രന്‍നായര്‍, പന്മന, പ്രൊഫ., നല്ല ഭാഷ, ഡി.സി.ബുക്‌സ്, കോട്ടയം, 2014, പുറം: 487.

 

Login log record inserted successfully!