•  2 May 2024
  •  ദീപം 57
  •  നാളം 8
നോവല്‍

പതിനാലാമെടം

പൂത്തുതളിര്‍ത്ത മുന്തിരിവള്ളികള്‍
അങ്ങനെ കുളിച്ചുകയറി വന്ന കാറ്റാണ്...

ന്നുസറേത്ത് തടാകം നീന്തിക്കയറി വന്ന കാറ്റില്‍ നാര്‍ദീന്‍ സുഗന്ധമുണ്ടായിരുന്നു. സുഗന്ധവാഹിയായ കാറ്റ്,  ഒരു നിശാസംഗീതംപോലെ മഗ്ദലേനയ്ക്കു മുകളിലൂടെ മൂളക്കം കൊണ്ടു.
നിലാവ് ഇറുന്നുവീഴുകയാണ്...
പാല്‍നിറമാര്‍ന്ന ലിനന്‍ കച്ച മാതിരി മഗ്ദലേനയ്ക്കു മുകളില്‍ നിലാവിന്റെ നിശാകമ്പളം വിരിഞ്ഞുകിടന്നു. നക്ഷത്രഖചിതമായ ആകാശം ഒരു കനിവുപോലെ മഞ്ഞു പൊഴിച്ചുകൊണ്ടേയിരുന്നു.
വെണ്ണാടയണിഞ്ഞ വിലാസവതിയായ ശാരോണ്‍ പെണ്‍കൊടിയെപ്പോലെയായിരുന്നു മഗ്ദലേന. അവളുടെ തിരുനെറ്റിയില്‍ പ്രകൃതി തൊടുവിച്ച വെണ്‍ചന്ദനക്കുറിപോലെ താബോര്‍മലയുടെ ആകാശത്തില്‍ പൂര്‍ണചന്ദ്രന്‍...
നിലാവില്‍ സൈത്തുമരങ്ങള്‍ നിഴല്‍ വിരിച്ച മഗ്ദലേനാത്തെരുവില്‍ വഴിമറന്ന യാത്രക്കാരനെപ്പോലെ അനനിയാദ് നിന്നു...
അര്‍ദ്ധമയക്കത്തില്‍ സ്വപ്നം കാണുന്ന, ഗലീലിയിലെ താരുണ്യവതികളെപ്പോലെ തെരുവോരങ്ങളില്‍ ഇനിയും വിളക്കുകളണയാത്ത അസംഖ്യം മണിമാളികകള്‍. ഇതില്‍ ഏതാണ് താനന്വേഷിക്കുന്ന സ്വപ്നസൗധം...?
താനന്വേഷിക്കുന്ന മണിമേടയില്‍ മാത്രം രാത്രിവിളക്കുകള്‍ കണ്ണടയ്ക്കാറില്ലെന്നാണല്ലോ പറഞ്ഞറിവ്. പക്ഷേ, ഇവിടെ, ഈ മഗ്ദലേനാത്തെരുവോരങ്ങളില്‍ വിളക്കുകളണയാത്ത വീടുകളെത്ര?
രാവെത്രെ ചെന്നിരിക്കും...?
അനനിയാദ് ചിന്തകൊണ്ടു. ഒരു നിശ്ചയവും കിട്ടിയില്ല. അന്തിക്കുമുമ്പേ മദ്യശാലയില്‍നിന്നു കഴിച്ച പഴക്കമുള്ള വീഞ്ഞിന്റെ ലഹരി അനനിയാദിനെ ശരിക്കും ഗ്രസിച്ചുകഴിഞ്ഞിരിക്കുന്നു. 
എങ്കിലും അനനിയാദ് തന്റെ അരപ്പട്ടയില്‍ തിരുകിയിരുന്ന നാണയക്കിഴികള്‍ പരിശോധിച്ചു നോക്കി. അവ ഭദ്രമാണെന്നു കണ്ട്  ആശ്വാസം കൊള്ളുകയുമുണ്ടായി. താന്‍ അന്വേഷിക്കുന്നിടം എത്തിയില്ലെങ്കില്‍ ഹെര്‍മോണിലേക്കു മടങ്ങിപ്പോകണമല്ലോ....
അങ്ങനെ ചിന്തിച്ചെങ്കിലും ഒരു മടക്കയാത്ര അനനിയാദിനെ സംബന്ധിച്ചിടത്തോളം സാധ്യമായിരുന്നില്ല. കാരണം, സ്വന്തം ഭവനത്തില്‍ അവന്‍ ഒരടിമയ്ക്കു തുല്യനായിരുന്നു. പകലാറുവോളം പിതാവിന്റെ ഭൃത്യന്‍മാര്‍ക്കൊപ്പം മുന്തിരിത്തോപ്പുകളിലും ഗോതമ്പുവയലുകളിലും അവന്‍ വേല ചെയ്തു. ഭക്ഷണവും ഉറക്കവുമൊക്കെ അവര്‍ക്കൊപ്പമായിരുന്നു.
ഹെര്‍മോണ്‍ കുന്നിറക്കങ്ങളില്‍ മുന്തിരിത്തോട്ടങ്ങളും ശാരോണ്‍ സമതലങ്ങളില്‍ ഗോതമ്പുപാടങ്ങളും അസംഖ്യം ഒട്ടകങ്ങളും കഴുതകളും ചെമ്മരിയാട്ടിന്‍പറ്റങ്ങളും അനേകം ഭൃത്യന്മാരും ദാസിമാരും സ്വന്തമായുള്ള നിന്റെ പിതാവ് നിന്നോട് ഇപ്രകാരം പ്രവര്‍ത്തിക്കുന്നതെന്ത്? ഭൃത്യന്മാര്‍ അനനിയാദിനോടു ചോദിക്കുകയുണ്ടായി. 
''നിന്റെ, പിതാവ് ഞങ്ങക്കു യജമാനനായിരിക്കുന്നതുപോലെ നീയും ഞങ്ങക്കു യജമാനന്‍ തന്നെയല്ലയോ?''
പക്ഷേ, അനനിയാദ് ഭൃത്യന്മാരുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്കിയില്ല. അവന്‍ അവരോടൊപ്പം വിശ്രമമില്ലാതെ ജോലി ചെയ്യുക മാത്രം ചെയ്തു. തങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാതെ ഒരു കഴുതയെപ്പോലെ വേല ചെയ്യുന്ന അനനിയാദിന്റെ സ്വഭാവത്തെക്കുറിച്ച് ഭൃത്യന്മാര്‍ അദ്ഭുതം കൂറുകയും ചിലപ്പോഴൊക്കെ പരിഹസിക്കുകയും ചെയ്തിരുന്നു. അനനിയാദാകട്ടെ, അതൊന്നും കേട്ടതായി ഭാവിച്ചുപോലുമില്ല.
''നിന്റെ പിതാവ് നിന്നോടു നീതി പ്രവര്‍ത്തിക്കുന്നില്ല.'' അവര്‍ പറഞ്ഞു.
അനനിയാദ് അതിനും മറുപടി പറഞ്ഞില്ല. തനിക്കു നഷ്ടമാകുന്ന സൗഭാഗ്യങ്ങളെപ്രതി വിഷാദിച്ചുമില്ല. തന്റെ പിതാവിന്റെ ഭവനത്തിലെ ഭക്ഷണമേശയില്‍ നിരക്കുന്ന മേല്‍ത്തരം ധാന്യങ്ങള്‍കൊണ്ടുള്ള വിശിഷ്ടഭോജ്യങ്ങളും അനേകം ദാസിമാരുടെ ഉടവുതട്ടാത്ത മാദകത്വമോ പട്ടുമെത്തയിലെ സുഖനിദ്രയോ കുതിരസവാരിയോ ഒന്നും അവനെ മോഹിപ്പിച്ചില്ല.
ഗോതമ്പുവയലുകള്‍ക്കു സമീപം ഒലിവുമരങ്ങള്‍ നിഴല്‍ വിരിക്കുന്ന കുന്നിന്‍ ചെരിവിലെ കാവല്‍പ്പുരയ്ക്കുള്ളിലെ ഏകാന്തത അനനിയാദിനെ ആനന്ദിപ്പിച്ചു. നൂല്‍മഴപോലെ മഞ്ഞുപെയ്യുന്ന, വെണ്‍നിലാവിറുന്നു വീഴുന്ന രാത്രികളുടെ നിശ്ശബ്ദതയില്‍ അനനിയാദ് കാവല്‍പ്പുരയിലിരുന്നു കുഴലൂതി സന്തോഷം കൊണ്ടു. ഏതോ കാട്ടുമൃഗത്തിന്റെ പൊള്ളക്കൊമ്പില്‍ സുഷിരങ്ങളുണ്ടാക്കി സ്വയം രൂപപ്പെടുത്തിയ കുഴല്‍ വായിക്കാന്‍ അനനിയാദിന് ഒരു പ്രത്യേക വിരുതുതന്നെയുണ്ടായിരുന്നു.
കുളിരുറയുന്ന രാത്രികളില്‍ അനനിയാദിന്റെ കുഴല്‍പ്പാട്ടുകേട്ട് ഭൃത്യന്മാര്‍ തങ്ങളുടെ ഭാര്യമാരെയും കാമുകിമാരെയും ചിന്തിച്ചു നെടുവീര്‍പ്പിടും. പിന്നെയവര്‍ മയക്കത്തിലേക്കും സ്വപ്നങ്ങളിലേക്കും ആഴ്ന്നുപോകുമ്പോഴും അനനിയാദ് കുഴല്‍ വായിച്ചുകൊണ്ടിരിക്കും. ഹെര്‍മോണ്‍ പര്‍വതങ്ങള്‍ക്കപ്പുറം ഉദയത്തുടിപ്പുകള്‍ കീറുവോളം കുഴല്‍പ്പാട്ടങ്ങനെ തുടര്‍ന്നുകൊണ്ടേയിരിക്കും. 
രാത്രിമഴ വീഴവേ മഴയുടെ സംഗീതം കേള്‍ക്കാന്‍ കാതുകള്‍ തുറന്നു കണ്ണുകളടച്ച് അനനിയാദ് ഉറങ്ങാതെ കിടക്കും. കമ്പിളിപ്പുതപ്പിനുള്ളിലെ ഇളംചൂടില്‍ അനനിയാദിന്റെ ഹൃദയം രാത്രിവൃഷ്ടിയുടെ ഈണത്തില്‍ കുളിരുകോരും.
ഒരു മീവല്‍ക്കുരുവിയുടെ മനസ്സായിരുന്നു അനനിയാദിന്. അവന്റെ സ്വപ്നങ്ങള്‍ക്ക് ലവംഗസൗരഭ്യം ചേര്‍ന്നിരുന്നു.
പുലര്‍കാലങ്ങളില്‍ തന്റെ വീടിന്റെ മട്ടുപ്പാവിലിരുന്ന് കിന്നരംമീട്ടാന്‍ അനനിയാദ് ഇഷ്ടപ്പെട്ടിരുന്നു. പാലസ്തീനായിലെ കുന്നിന്‍ചെരുവുകളും സമതലങ്ങളും തടാകങ്ങളും കണ്ടു നടക്കാനും സിനഗോഗുകളില്‍ പോയി പഠിക്കാനും പ്രവാചകഗ്രന്ഥങ്ങള്‍ വായിക്കാനും വേദപണ്ഡിതന്മാരുമായി തര്‍ക്കങ്ങളിലേര്‍പ്പെടാനും അനനിയാദിന് എന്തെന്നില്ലാത്ത കമ്പമായിരുന്നു. എന്നാല്‍, അനനിയാദിന്റെ പിതാവാകട്ടെ അവനെ ഏറെക്കാലം അതിനൊന്നും അനുവിച്ചില്ല.
''നീ ഭൃത്യന്മാരോടൊപ്പം കൃഷിയിടങ്ങളില്‍ ചെന്നു വേല ചെയ്യുക...'' അലിവും സ്‌നേഹും വറ്റിവരണ്ട പരുപരുത്ത ശബ്ദത്തോടെ പിതാവ് പറഞ്ഞു. അനനിയാദാകട്ടെ പിതാവിന്റെ വാക്കുകളെ ധിക്കരിച്ചില്ല. അദ്ദേഹത്തിന്റെ ഇച്ഛപോലെ അവന്‍ വേലക്കാരോടൊപ്പം കൃഷിത്തോട്ടങ്ങളിലേക്കു യാത്ര തിരിച്ചു.
തന്റെ ഭവനത്തില്‍ പിതാവിനോടൊപ്പമുള്ള സുഖജീവിതത്തെക്കാള്‍ വേലക്കാരോടൊപ്പമുള്ള വയലേലകളിലെ ജീവിതമായിരുന്നു അനനിയാദിന് ആസ്വാദ്യം. അതവന്‍ തന്റെ ഭൃത്യരോടു സൂചിപ്പിക്കുകയും ചെയ്തു. എങ്കിലും കൊച്ചുയജമാനന്റെ ആഗമനം ഭൃത്യന്മാരെ സംബന്ധിച്ചിടത്തോളം അനിഷ്ടകരമായ  ഒന്നായിരുന്നു. 
കൃഷിയിടങ്ങളിലും കളപ്പുരയിലും തങ്ങള്‍ കാണിക്കുന്ന കളവുകള്‍ കൊച്ചുയജമാനന്‍ കണ്ടുപിടിക്കുമെന്നും തങ്ങള്‍ പുറത്താക്കപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യപ്പെട്ടേക്കാമെന്നും അവര്‍ ഭയപ്പെട്ടു. അങ്ങനെ സംഭവിക്കാനിടവന്നാല്‍ അവനെ രഹസ്യമായി ഇല്ലായ്മ ചെയ്യാനും അവര്‍ പദ്ധതിയിട്ടിരുന്നു. പക്ഷേ, അനനിയാദിന്‍നിന്ന് ഭയക്കത്തക്കതായി ഒന്നുമുണ്ടായില്ല. പകലാറുവോളം വയലുകളില്‍ വേല ചെയ്യുന്നതിലും വിശ്രമനേരങ്ങളില്‍ കുഴല്‍ വായിച്ച് രസിക്കുന്നതിലും ഏകനായിരിക്കുന്നതിലുമപ്പുറം അവന്‍ മറ്റൊന്നിലും ശ്രദ്ധിച്ചില്ല.
അനനിയാദ് ഒരു സ്വപ്നാടകനെപ്പോലെയായിരുന്നു... ആര്‍ക്കും മനസ്സിലാകാത്തവണ്ണം നിഗൂഢവും ഗോപ്യവുമായ എന്തോ ഒന്ന് അവനിലുണ്ടായിരുന്നു. അരൂപവും അജ്ഞേയവുമായ അവന്റെ സ്വഭാവത്തെ ഭൃത്യന്മാരാകട്ടെ ഭയപ്പെടുകയും അതോടൊപ്പം മുതലാക്കാന്‍ ശ്രമിക്കുകയും ചെയ്തു.
അവര്‍ തങ്ങളുടെ കൊച്ചു യജമാനന് ലഹരിയുള്ള വീഞ്ഞും രുചിയുള്ള മാംസവും കഴിപ്പാനൊരുക്കിക്കൊടുത്തു. മുന്തിരിത്തോപ്പുകള്‍ക്കരികിലെ കാവല്‍പ്പുരയില്‍ സൗന്ദര്യവതികളായ ഹെബ്രായസ്ത്രീകളെ ഒരുക്കിക്കൊടുത്തു.
പക്ഷേ, അനനിയാദാകട്ടെ സ്ത്രീകളെ സ്പര്‍ശിച്ചില്ല. രാവിരുട്ടില്‍ കാവല്‍പ്പുരയിലെ വിളക്കുവെട്ടം മിനുക്കിയ മാദകരൂപങ്ങളെ അവന്‍ നിഷ്‌കരുണം നിരസിച്ചു കളഞ്ഞു.
പാലസ്തീനായിലെ ഒട്ടുവളരെ അഭിസാരികമാരും അവനായി കാവല്‍പ്പുരയിലെത്തി. അനനിയാദിനാകട്ടെ ഇളക്കം തട്ടിയില്ല. അവനെ ഉണര്‍ത്താന്‍ പോന്നവരാരും ഭൃത്യന്മാരാല്‍ ഒരുക്കപ്പെട്ടില്ല. സ്ത്രീകളെക്കുറിച്ചുള്ള അവന്റെ സങ്കല്പങ്ങള്‍ ജറുസലേമിലെ ഗോപുരങ്ങള്‍പോലെ ഉത്തുംഗങ്ങളും ഗലീലിയാക്കടല്‍പോലെ ആഴമേറിയതും തീര്‍സാനഗരംപോലെ മനോഹരവുമായിരുന്നു.
തങ്ങളുടെ യജമാനനെ അത്രപെട്ടെന്നൊന്നും വരുതിയിലാക്കാന്‍ കഴിയില്ലെന്നറിഞ്ഞ ഭൃത്യന്മാര്‍ ഒരു ദിവസം ചോദിച്ചു.
''അല്ലയോ യജമാനന്‍, യൗവനയുക്തനും അതിസുന്ദരനുമായ താങ്കള്‍ക്ക് ഏതു ദേശത്തുനിന്നാണ് ഒരു സ്ത്രീയെ ഒരുക്കിത്തരിക?''
''ഞാന്‍  നിങ്ങളോട് ഒരു സ്ത്രീയെ ആവശ്യപ്പെട്ടില്ലല്ലോ.'' അനനിയാദ് പറഞ്ഞു.
''എന്റെ പിതാവിന്റെ ഭവനത്തിലെ സുന്ദരിമാരായ ദാസിമാരിലും അവരുടെ ചാര്‍ച്ചക്കാരിലും എനിക്ക് അഭിനിവേശം തോന്നിയിട്ടില്ല. പിന്നെന്തിനാണ് നിങ്ങള്‍ വൃഥാ കഷ്ടപ്പെടുന്നത്.''
''മരുഭൂമിയില്‍ പെയ്യുന്ന മഴപോലെ യജമാനന്‍ യൗവനം തൂവിക്കളയുന്നതെന്തിന്? അങ്ങയുടെ സന്തോഷം ഞങ്ങളുടേതു കൂടിയാണെന്നറിയുക.''
''എന്റെ സന്തോഷം എന്നോടുകൂടിത്തന്നെയുണ്ട്. നിങ്ങളുടെ സന്തോഷം എന്റേതുമല്ല.'' അനനിയാദ് പറഞ്ഞു. 
യജമാനന്‍ തങ്ങളുടെ കൈകളില്‍നിന്നു വഴുതിപ്പോവുകയാണെന്ന് ഭൃത്യന്മാര്‍ ശങ്കകൊണ്ടു. എങ്കിലും അതു മറച്ചുവച്ചുകൊണ്ട് അവര്‍ ചോദിച്ചു:
''സ്ത്രീകളില്‍ എങ്ങനെയുള്ളവളെയാണ് അങ്ങേക്കിഷ്ടം?''
ഭൃത്യന്മാരെ കേട്ടതേ അനനിയാദ് ശലമോനെ ഓര്‍മിച്ചു. ശലമോന്റെ പ്രേമകാവ്യമോര്‍ത്തു.
''കേദാറിലെ കൂടാരങ്ങള്‍പോലെയും സോളമന്റെ തിരശീലകള്‍പോലെയും അഴകുറ്റവള്‍. അവന്‍ പറഞ്ഞു.
ഭൃത്യന്മാര്‍ അനനിയാദിനെ കേട്ട് പരസ്പരം നോക്കുകയും നിശ്ശബ്ദരാകുകയും ചെയ്തു. അവന്‍ പറഞ്ഞതാകട്ടെ അവര്‍ക്ക് അത്രയൊന്നും വെളിപ്പെട്ടതുമില്ല. എങ്കിലും അവര്‍ ഇപ്രകാരം പറഞ്ഞു:
''അങ്ങനെ ഒരുവളെ വേണമെങ്കില്‍ മഗ്ദലേനയില്‍ത്തന്നെ പോകേണ്ടിവരും.''
''മഗ്ദലേനയിലോ...'' അനനിയാദ് ജിജ്ഞാസപ്പെട്ടു.
''അതേ. മഗ്ദലേനയിലെ മേരിയുടെ പക്കല്‍.'' ഭൃത്യന്മാര്‍ പറഞ്ഞു. ''അവളെക്കുറിച്ചു പറവാന്‍ വാക്കുകളില്ല. കാരണം, ഞങ്ങളാകട്ടെ അവളെ കണ്ടിട്ടില്ല. അവളുടെ സൗന്ദര്യത്തെക്കുറിച്ചു കേള്‍ക്കാനും ഇനി വാക്കുകളില്ല. എന്തെന്നാല്‍ അത്രമാത്രം അവളെക്കുറിച്ചു കേട്ടിരിക്കുന്നു.''
അനനിയാദ് അവരുടെ പക്കല്‍നിന്ന് എഴുന്നേറ്റുപോയി. തടാകതീരത്തുള്ള അത്തിമരത്തിന്റെ ചുവട്ടില്‍ ചെന്നിരുന്നു. രാത്രിയുടെ മധ്യയാമമായിരുന്നു. നിലാവ് പൊട്ടിയിരുന്നു. കരുണയുടെ ഒരു തൂവല്‍മഴപോലെ മഞ്ഞുതൂകിപ്പെയ്തുകൊണ്ടിരുന്നു. ഒരു സുഖദസ്വപ്നത്തിന്റെ ചാരുതയോടെ മഞ്ഞുനിലാവില്‍ മയങ്ങിക്കിടക്കുകയാണ് തടാകം. തടാകം നീന്തി വരുന്ന ഈറന്‍ വാതത്തില്‍ കുന്തിരിക്കഗന്ധം കലര്‍ന്നിരുന്നു. ധീരനായ കാമുകന്റെ മാര്‍വിടത്തില്‍ സര്‍വം മറന്നുറങ്ങുന്ന ജറുസലേംസുന്ദരിയെപ്പോലെയായിരുന്നു രാത്രി. 
അനനിയാദ് തന്റെ അരപ്പട്ടയില്‍ തിരുകിയിരുന്ന കുഴലെടുത്ത് വായിക്കാന്‍ തുടങ്ങി. പ്രേമാതുരനായ കാമുകന്റെ വിഷാദമധുരമായ വിരഹഗാനംപോലെയായിരുന്നു കുഴല്‍പ്പാട്ട്.
ഹെര്‍മോണ്‍ താഴ്‌വരകള്‍ കടന്നുവന്ന് രാക്കാറ്റ് അനനിയാദിന്റെ മധുരഗീതം ചിറകേറ്റിപ്പറന്നു.
രാവേറെ ചെന്നിട്ടും അവന്‍ കുഴല്‍വായന തുടര്‍ന്നുകൊണ്ടിരുന്നു. അനനിയാദിന്റെ പക്കല്‍ചെന്ന് ഭൃത്യന്മാര്‍ പറഞ്ഞു:
''ഇവിടെ വല്ലാത്ത തണുപ്പുണ്ട്. കാവല്‍പ്പുരയിലേക്കു വരിക. അവിടെ തണുപ്പകറ്റാന്‍ ആഴി കൂട്ടിയിരിക്കുന്നു. തോല്ക്കുടങ്ങളില്‍ വീര്യമുള്ള വീഞ്ഞും തയ്യാറുണ്ട്.
''നിങ്ങള്‍ പൊയ്‌ക്കൊള്ളുക...''
അനനിയാദ് പറഞ്ഞു.
അവന്‍ വീണ്ടും കുഴല്‍ വായിക്കാന്‍ തുടങ്ങി. ഭൃത്യന്മാരാകട്ടെ, അവനെ വിട്ടുപോകാതെ അവനു സമീപം ഏറെനേരം നിന്നു. ഭൃത്യന്മാരിലൊരാള്‍ പറഞ്ഞു:
''യജമാനനേ, മഗ്ദലേനയിലെ മേരിയെ ഓര്‍ത്താണ് പാട്ടെങ്കില്‍ അത് വൃഥാവിലാണെന്ന് അറിയിക്കട്ടെ...''
''എന്ത്...'' അനനിയാദ് ചുണ്ട് കുഴലില്‍നിന്നെടുത്തു.
''അവളുടെ മേടയുടെ അകത്തുകടക്കാന്‍ പ്രധാന കവാടത്തിലെ കാവല്‍ക്കാരനു കൊടുക്കാനുള്ളത് നമ്മുടെ മുന്തിരിത്തോട്ടത്തില്‍നിന്ന് കിട്ടുകയില്ല.''
''നിങ്ങള്‍ എന്നെ വിട്ടുപോകുക.'' അനനിയാദ് പറഞ്ഞു.
ഭൃത്യന്മാരാകട്ടെ, അനനിയാദിനെ ഒറ്റയ്ക്കു വിട്ട് കാവല്‍പ്പുരയിലേക്കു മടങ്ങുകയും യജമാനനെ തങ്ങളുടെ പാട്ടിലാക്കാനുള്ള തന്ത്രങ്ങളാലോചിക്കുകകയും ഉറങ്ങാന്‍ കിടക്കുകയും ചെയ്തു.
പിറ്റേന്നു പുലര്‍ച്ചെ ഉറക്കമുണര്‍ന്ന ഭൃത്യന്മാര്‍ അനനിയാദിനെ കാണാഞ്ഞ് ആകുലരായി. അവര്‍ മുന്തിരിത്തോപ്പുകളിലും ഗോതമ്പുവയലുകളിലും മേച്ചില്‍പ്പുറങ്ങളിലും അവനെ തിരഞ്ഞു. പക്ഷേ, കണ്ടുകിട്ടിയില്ല. ഒരു പകല്‍ ദൈര്‍ഘ്യമുള്ള അന്വേഷണത്തിന്റെ പാരവശ്യവുമായി സന്ധ്യയ്ക്ക് അവര്‍ കാവല്‍പ്പുരയില്‍ ഒത്തുകൂടി. 
മകനെ നഷ്ടപ്പെട്ട വലിയ യജമാനന്റെ കോപത്തില്‍നിന്നു തങ്ങള്‍ക്കു മോചനമില്ലെന്ന് ഭൃത്യര്‍ ഭയപ്പെട്ടു. യജമാനന്‍ തങ്ങളെ വേലയില്‍നിന്നു പുറത്താക്കുകയോ പ്രഹരിക്കുകയോ കൊന്നുകളയുകയോ ചെയ്യുമെന്നും അവര്‍ക്കുറപ്പായി.
അവര്‍ കൃഷിയിടങ്ങള്‍ വിട്ട് എവിടേക്കെങ്കിലും ഒളിച്ചുപോകാന്‍ തീരുമാനിച്ചു. അപ്പോള്‍ ഭൃത്യന്മാരിലൊരാള്‍ ഇപ്രകാരം പറഞ്ഞു:
''യജമാനന്‍ അറിയുന്നതുവരെ നമുക്കിതു രഹസ്യമായി വയ്ക്കാം. അതുവരെ ഇവിടെ പാര്‍ക്കുകയും കളപ്പുരകളിലെ ധാന്യങ്ങളും മുന്തിരിയും വിറ്റ് പണമാക്കുകയും ചെയ്യാം.''
''യജമാനന്‍ വിവരം അറിയുക്കുകയും എന്റെ പുത്രനെവിടെ എന്നു ചോദിക്കുകകയും ചെയ്താല്‍ നമ്മള്‍ എന്തു പറയും?''
''യജമാനന്‍ തന്റെ പുത്രന്റെ കാവല്‍ നമ്മളെ ഏല്പിച്ചിരുന്നില്ലല്ലോ. നമ്മോടൊപ്പം വേല ചെയ്യാന്‍ മാത്രമാണല്ലോ അവന്‍ അയയ്ക്കപ്പെട്ടത്. ഇവിടെ നമ്മള്‍ അവനല്ല, അവന്‍ നമുക്കായിരുന്നല്ലോ യജമാനനായിരുന്നത് എന്ന് നമുക്കു പറയുകയും ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞു മാറുകയും ചെയ്യാം...''
അവര്‍ അങ്ങനെയൊക്കെ തീരുമാനിക്കുകയും സ്വയം ആശ്വസിക്കുകയും ചെയ്തു. എങ്കിലും വരാന്‍ പോകുന്ന ശിക്ഷയുടെ കാഠിന്യമോര്‍ത്ത് അവര്‍ ഭയപ്പെട്ടു. അവര്‍ തങ്ങളുടെ കൂട്ടത്തില്‍നിന്നൊരാളെ യജമാനന്റെ ഭവനത്തിലേക്കയച്ചു. യജമാനന്റെ ഭവനത്തില്‍ കാണാതായവന്‍ എത്തിയിട്ടുണ്ടോ എന്നു രഹസ്യമായി അറിയുകയായിരുന്നു ലക്ഷ്യം.
(തുടരും)

 

Login log record inserted successfully!