•  3 Apr 2025
  •  ദീപം 58
  •  നാളം 5
ശ്രേഷ്ഠമലയാളം

സ്ത്രീശക്തീകരണം


''സ്ത്രീശാക്തീകരണം'' എന്നു കേള്‍ക്കാത്തവരുണ്ടാകില്ല. താരതമ്യേന പുതിയ സമസ്തപദസൃഷ്ടിയാണിത്. Women empowerment  എന്നതിനു സമാനമായി നാം ഈ വാക്ക് ഉപയോഗിക്കുന്നു. സ്ത്രീപക്ഷചിന്തകള്‍ക്കു പ്രാധാന്യം വന്നതോടെയാണ് ഈ പദത്തിന് പ്രചാരവും പ്രസിദ്ധിയും വര്‍ദ്ധിച്ചത്. പ്രഗല്ഭരായ പ്രസംഗകരും എഴുത്തുകാരും യഥേഷ്ടം സ്ത്രീശാക്തീകരണം എന്നു പ്രയോഗിച്ചുതുടങ്ങിയതോടെ സുസമ്മതമായ ഒരു ശൈലിയായി അതുമാറി. ഈ പദം ശരിയായി ഉച്ചരിക്കുകയും എഴുതുകയും ചെയ്യേണ്ടതെങ്ങനെ? ശരിയായ അര്‍ത്ഥവിവക്ഷയെന്ത്? ആലോചിച്ചിട്ടുണ്ടോ?
ശക്തിയുള്ളത് ശക്തമാണ്, ആ വിശേഷണപദത്തോട് കരണം എളുപ്പം ചേരും. അപ്പോള്‍ വരുന്നത് ശക്തീകരണമാണ്, ശാക്തീകരണമല്ല. അങ്ങനെയാവുമ്പോള്‍ സ്ത്രീശക്തീകരണം എന്നായാല്‍ ശുദ്ധരൂപമായി. സ്ത്രീയെ ശക്തിപ്പെടുത്തല്‍ എന്ന് അര്‍ത്ഥവും ലഭിക്കും. തന്നെയുമല്ല ശാക്തീകരണത്തെ ന്യായീകരിക്കാവുന്ന വ്യാകരണതത്ത്വങ്ങളൊന്നും ഭാഷയിലില്ല. തന്മൂലം ഒരു വിലക്ഷണരൂപമായേ ശാക്തീകരണത്തെ കണക്കാക്കാനാവു. കൂടാതെ, സാത്വികം എന്നൊരു വാക്കും ശക്തിയുള്ളത് എന്ന അര്‍ത്ഥത്തില്‍ നമുക്കുണ്ട്. അതിനോട് കരണം ചേര്‍ന്നുവരുന്ന സാത്വികീകരണത്തിനും ശക്തിയുള്ളതാക്കല്‍ എന്നര്‍ത്ഥം ഗണിക്കാം.
അതനുസരിച്ച് സ്ത്രീസാത്വികീകരണവും ശുദ്ധരൂപമാണ്. എന്നാല്‍, ആ പ്രയോഗം ലളിതമോ സാധാരണമോ അല്ല. ഈ സാഹചര്യത്തില്‍ ശക്തീകരണംതന്നെ സ്വീകരിക്കുന്നതാണ് നല്ലത്. ഭാരതീയദര്‍ശനത്തില്‍ ശാക്തം എന്നൊരു വാക്കുണ്ട്. അത് ശക്തിയെ ഉപാസിക്കുന്നവരുടെ ശാക്തമതത്തെക്കുറിച്ചുള്ളതാണ്. നമ്മുടെ സ്ത്രീകളെ ശാക്തമതാനുയായികളാക്കിത്തീര്‍ക്കുക എന്ന ദുരര്‍ത്ഥവും സ്ത്രീശാക്തീകരണം എന്ന സംജ്ഞയ്ക്ക് വരും. ശക്തിശബ്ദത്തിനു് ദുര്‍ഗ്ഗ എന്നും അര്‍ത്ഥമുള്ളതിനാല്‍ ശാക്തികശബ്ദത്തിനു് ദുര്‍ഗ്ഗയെ ആരാധിക്കുന്ന എന്നും അര്‍ത്ഥം വരാം.* അതുകൊണ്ടു കേരളവനിതാക്കമ്മീഷന്റെ** ന്യൂസ് ലെറ്ററായ 'സ്ത്രീശക്തി'യിലെങ്കിലും സ്ത്രീശക്തീകരണം എന്ന് അച്ചടിച്ചുകണ്ടാല്‍ കൊള്ളാം.
* ജോണ്‍ കുന്നപ്പള്ളി, ഫാ., പ്രക്രിയാഭാഷ്യം, ഡി.സി. ബുക്‌സ്, കോട്ടയം, 1989, പുറം-544.
** വനിതാ എന്ന സംസ്‌കൃതശബ്ദം മലയാളമാക്കുമ്പോള്‍ വനിത എന്നാകും. ഹ്രസ്വാന്തത്തോടാണ് ഉത്തരപദമായ കമ്മീഷന്‍ എന്ന ഇംഗ്ലീഷ് വാക്ക് ചേരുന്നത്, മലയാളനിയമമനുസരിച്ച് വനിതക്കമ്മീഷന്‍ എന്നാണ് ശുദ്ധരൂപം വരേണ്ടത്, എങ്കിലും ശ്രുതിമാധുര്യം വനിതാക്കമ്മീഷനായതിനാല്‍ അതും സ്വീകാര്യം.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)