•  2 May 2024
  •  ദീപം 57
  •  നാളം 8
ശ്രേഷ്ഠമലയാളം

ആകെമൊത്തം

രേ അര്‍ത്ഥമുള്ള പദങ്ങള്‍ ആവര്‍ത്തിച്ചുപയോഗിച്ചാല്‍ പൗനരുക്ത്യമാകും. ആവശ്യമില്ലാത്ത വീണ്ടുംപറച്ചിലാണത്. ഇതുമൂലം കണക്കില്ലാതെ തെറ്റുകള്‍ പെരുകുന്നു. പൗനരുക്ത്യം സര്‍വ്വത്ര ഒഴിവാക്കപ്പെടേണ്ട ഒരു ദോഷമാണ്. എന്നാല്‍, ഒറ്റനോട്ടത്തില്‍ പുനരുക്തിദോഷമെന്നു തോന്നിയാലും അങ്ങനെയല്ലാതെയുള്ള പ്രയോഗങ്ങളും ഭാഷയിലുണ്ട്. അവയില്‍ ഒന്നാണ് ''ആകെമൊത്തം'' എന്നത്. അപവാദരൂപം എന്നു വേണമെങ്കില്‍ പറയാം. 
''ആക'' എന്ന അവ്യയത്തിന്റെ രൂപഭേദമാണ് ആകെ എന്ന ശബ്ദം. മുഴുവനും അഥവാ ആകെപ്പാടെ (ആകെക്കൂടി) എന്നര്‍ത്ഥം. ''മുടിമുടിയയടിപ്പല്ലവം തുടക്കവു'മാക' നോക്കി'' എന്നു രാമചരിതം* (പടലം 112, പാട്ട് 10). ആകെപ്പാടെ എന്ന അര്‍ത്ഥംതന്നെയാണു മൊത്തം എന്ന വാക്കിനും. ചരക്കുകള്‍ ആകെക്കൂടി വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന കച്ചവടം, മൊത്തക്കച്ചവടം. മൊത്തം + കച്ചവടം = മൊത്തക്കച്ചവടം. (അനുസ്വാരലോപം, ക കാരദ്വിത്വം).
സമാനാര്‍ത്ഥപദങ്ങള്‍ അടുത്തടുത്തു വരുന്നതാണ് പൗനരുക്ത്യമെന്നു സൂചിപ്പിച്ചല്ലോ. അങ്ങനെയെങ്കില്‍ ആകെമൊത്തം പൗനരുക്ത്യമല്ലേ എന്നു ചോദിക്കാം? പ്രഥമദൃഷ്ട്യാ അങ്ങനെ തോന്നുകയും ചെയ്യും. ചില പ്രയോഗങ്ങളുടെ കാര്യത്തില്‍ സന്ദര്‍ഭമാണ് അര്‍ത്ഥത്തെ നിര്‍ണ്ണയിക്കുന്നത്. ആ ഗണത്തില്‍പ്പെടുത്താവുന്ന  ഒരു 'വിചിത്ര' സമസ്തപദമാണ്  ആകെ മൊത്തം. പല മൊത്തങ്ങളുടെ ആകെത്തുക എന്നു വേണ്ടിടത്ത് ആകെയും മൊത്തവും സമാസിച്ച് ആകെമൊത്തം എന്നു പ്രയോഗിക്കാം. പല 'ആകെ'കള്‍ കൂടുന്നത് ആകെ മൊത്തം. മുഴുവന്‍ സംഖ്യ(ടൗാീേമേഹ) എന്നു വിവക്ഷിതം. ഉദാ: സ്വരങ്ങള്‍ 13, വര്‍ഗ്ഗാക്ഷരങ്ങള്‍ 25. ഇതരവ്യഞ്ജനങ്ങള്‍ 11. ആകെമൊത്തം 49. പന്മന രാമചന്ദ്രന്‍നായര്‍ വ്യക്തമാക്കുന്നു: ''ആകെമൊത്തം - രണ്ടിനും ഒരേ അര്‍ത്ഥമാണെങ്കിലും പല മൊത്തങ്ങളുടെ ആകെത്തുക (ഗ്രാന്‍ഡ് ടോട്ടല്‍) എന്ന അര്‍ത്ഥത്തിലാണ് രണ്ടുംചേര്‍ത്തു പ്രയോഗിച്ചുവരുന്നത്.'' **എല്ലാംകൂടി ചേര്‍ത്താണ് ആകെ. അതിന്റെ മാനം (അളവ്) ആകെമാനം എന്നൊരു നിരീക്ഷണം വി.കെ. നാരായണന്‍ നടത്തിയിട്ടുണ്ട്.***
* ഡേവിസ്, സേവ്യര്‍, ഡോ; പ്രാചീനകവിത (വ്യാഖ്യാനം), അസെന്‍ഡ് പബ്ലിക്കേഷന്‍സ്, കോട്ടയം, 2012, പുറം: 36)
** രാമചന്ദ്രന്‍നായര്‍, പന്മന, പ്രൊഫ., നല്ല ഭാഷ, ഡി.സി.ബുക്‌സ്, കോട്ടയം, 2014, പുറം: 531.
*** നാരായണന്‍, വി.കെ., ഭാഷയുടെ നേര്‍വഴി, ഉണ്‍മ പബ്ലിക്കേഷന്‍സ്, നൂറനാട്, 2006, പുറം: 40 

 

Login log record inserted successfully!