•  2 May 2024
  •  ദീപം 57
  •  നാളം 8
സ്റ്റൂഡന്റ്‌സ് ഷെല്‍ഫ്‌

പറക്കാന്‍ പിറന്നവന്‍

തൊരു ജീവിതവും മഹത്തരമായിത്തീരുന്നത്, സ്വപ്നം കാണുകയും അത് യാഥാര്‍ഥ്യമാക്കാന്‍ കഠിനപരിശ്രമം നടത്തുകയും ചെയ്യുമ്പോഴാണ്. സ്വപ്നങ്ങള്‍ നാളേക്കുള്ള മോഹങ്ങള്‍
ക്കു പിറവി നല്‍കുന്നു. അത് വരുംകാലത്തേക്കുള്ള പ്രതീക്ഷകള്‍കൂടിയാണ്. പലപ്പോഴും എനിക്കു തോന്നിയിട്ടുള്ളത് ചില വായനകളും നമുക്ക് സ്വപ്നങ്ങളുണ്ടാക്കുകയും അത് ജീവിതത്തെത്തന്നെ മാറ്റിമറിക്കുകയും ചെയ്യുമെന്നാണ്. ഞാന്‍ വീണുപോയപ്പോഴെല്ലാം എന്നെ വീണ്ടും വീണ്ടും പോരാടാന്‍ പ്രോത്സാഹിപ്പിച്ച ഒരു പുസ്തകമുണ്ട്, അമേരിക്കന്‍ എഴുത്തുകാരനായ റിച്ചാര്‍ഡ് ബാച്ചിന്റെ ജോനാഥാന്‍ ലിവിങ്സ്റ്റണ്‍ സീഗള്‍ എന്ന പുസ്തകം. ഏതു പ്രതിസന്ധിയും തരണം ചെയ്ത് ലക്ഷ്യം പ്രാപിക്കാന്‍ ഈ പുസ്തകം നിങ്ങളെ പ്രേരിപ്പിക്കും. 
നോവലിലെ കേന്ദ്രകഥാപാത്രമായ 'ജോനാഥന്‍ ലിവിങ്സ്റ്റണ്‍ സീഗള്‍' ഒരു കടല്‍ക്കാക്കയാണ്. അവന്‍ ജീവിക്കുന്ന സമൂഹം ഇന്നും യാഥാസ്ഥിതിക കാഴ്ചപ്പാടുകള്‍ പിന്തുടര്‍ന്നുപോരുന്നു. എന്നാല്‍, മറ്റു കടല്‍ക്കാക്കകളെക്കാള്‍ ഏറെ വ്യത്യസ്തനായിരുന്നു ജോനാഥന്‍. കാലങ്ങളായി പിന്തുടര്‍ന്നുവന്ന അന്ധവിശ്വാസങ്ങളെയും ബോധ്യങ്ങളെയും തകര്‍ത്തെറിഞ്ഞ് ആകാശത്തോളം ഉയര്‍ന്നു പൊങ്ങുവാനായിരുന്നു അവന്റെ ആഗ്രഹം. അവന്‍ തിരിച്ചറിഞ്ഞിരുന്നു, 'അലസതയും വിരസതയും ഭയപ്പാടും ദേഷ്യവു'മൊക്കെയാണ് സാധാരണ കടല്‍ക്കാക്കയുടെ ആയുസ്സിനെ ചെറുതാക്കുന്നതെന്ന്. ജോനാഥന് അത്തരം പരിമിതികളില്ല.
തങ്ങളുടെ ഉപജീവനത്തിനായുള്ള ഉണക്കമത്സ്യങ്ങള്‍ക്കായി കൂട്ടുകാരും കുടുംബാംഗങ്ങളുമെല്ലാം വഴക്കുകൂടുമ്പോള്‍ അറിവിന്റെ, ബോധ്യങ്ങളുടെ തിരിച്ചറിവിനായുള്ള മാര്‍ഗങ്ങള്‍ തേടുകയായിരുന്നു ജോനാഥന്‍. എന്നാല്‍, തങ്ങളുടെകൂടെ നിന്നൊരുവന്‍ അറിവിന്റെ ആകാശസീമയിലേക്കു പാറിപ്പറക്കുന്നത് അവന്റെ കുലത്തിനു ദഹിക്കുമായിരുന്നില്ല. തങ്ങളെന്നും മീന്‍പെറുക്കി ഉപജീവനം കഴിക്കേണ്ടവരാണെന്നും മറ്റുള്ള ചിന്തകളെല്ലാം തങ്ങളുടെ വിശ്വാസസംഹിതയ്ക്കു ചേര്‍ന്നതല്ലെന്നും അവര്‍ വാദിച്ചു. പുരോഗമനാശയങ്ങള്‍ എവിടെയെല്ലാം ഉണ്ടാകുന്നുവോ അവിടെയെല്ലാം നമുക്കിത്തരം 'കുലപുരുഷന്മാരെയും കുലസ്ത്രീകളെയും' കാണാനാവുമല്ലോ..
ജോനാഥന്‍ അറിവിന്റെ ചക്രവാളം തേടി പറന്നുയരാന്‍തന്നെ തീരുമാനിച്ചു. മിക്ക കടല്‍ക്കാക്കകള്‍ക്കും പറക്കുകയെന്നതൊരഭിനിവേശമല്ല. അവര്‍ക്കു പറക്കുകയെന്നത് തീറ്റ കണ്ടെത്താനുള്ള ഒരു വഴി മാത്രമാണ്. ജോനാഥന് ഭക്ഷണമൊരു പ്രശ്‌നമല്ല. മറ്റെന്തിനേക്കാളുമേറെ അവന്‍ പറക്കാനിഷ്ടപ്പെടുന്നു. അവനു പറക്കണം, പറക്കാവുന്നിടത്തോളം പറക്കണം. അറിവു സമ്പാദിക്കണം. ആതുകൊണ്ട് അവനു പറക്കാതിരിക്കാന്‍ വയ്യ. 'പറക്കാന്‍ പിറന്നൊരു പറവയാണവന്‍.' ജോനാഥന്‍ പരിശീലിക്കാന്‍ തുടങ്ങി. നിരുത്സാഹപ്പെടുത്തലുകള്‍ ജോനാഥന്റെ ശ്രമങ്ങള്‍ക്കു തടസ്സമായില്ല. 
എന്നാല്‍, തന്റെ കുടുംബത്തില്‍ നിന്നുതന്നെ ആദ്യം അവന്‍ എതിര്‍പ്പു നേരിട്ടു. അച്ഛനും അമ്മയും ഉപദേശിച്ചു, സഹോദരങ്ങള്‍ കരഞ്ഞുപറഞ്ഞു, മുത്തശ്ശനും മുത്തശ്ശിയും സ്‌നേഹവാക്കുകള്‍കൊണ്ട് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍, ജോനാഥന്‍ അതിലൊന്നും തെല്ലും കുലുങ്ങിയില്ല. പിന്നീട് കൂട്ടുകാരുടെയും അയല്‍ക്കാരുടെയും ഉപദേശമായി. അവിടെയും അവന്‍ കുലുങ്ങിയില്ല. താമസിയാതെ അവന്‍ ആയിരം അടി ഉയരത്തില്‍ പറന്നെത്തി. അവിടെനിന്നവന്‍ താഴോട്ടു മുങ്ങാംകുത്തി. പിന്നീട് രണ്ടായിരം അടി ഉയരത്തിലെത്തി. വീണ്ടും താഴേക്കൂളിയിട്ടിറങ്ങി. മണിക്കൂറില്‍ അറുപതും എഴുപതും നാഴിക വേഗത്തിലവന്‍ പറന്നു. താമസിയാതെ ജോനാഥന്‍ അയ്യായിരം അടി സ്വപ്നം കാണാന്‍ തുടങ്ങി. കര്‍ശനമായ പരിശീലനത്തിന്റെ നാളുകളിലൂടെ അവന്‍ മുന്നേറുകയായിരുന്നു. അവന്‍ തിരിച്ചറിഞ്ഞു: 'വേഗമാണ് കരുത്ത്. വേഗമാണ് ഹരം.' ഒടുവില്‍ അവനെ ഉപദേശിച്ചു നേരേയാക്കാനുള്ള ഉത്തരവാദിത്വം അവന്റെ കുലത്തെ നയിക്കുന്ന മൂപ്പന്‍ ഏറ്റെടുത്തു. ആദ്യം അയാള്‍  സ്‌നേഹത്തോടെയും ഒടുവില്‍ ഭീഷണിയുടെ സ്വരത്തിലും സംസാരിച്ചു. എന്നിട്ടും ജോനാഥന്‍ അറിവു നേടി പറക്കണമെന്ന തന്റെ തീരുമാനത്തില്‍ ഉറച്ചുനിന്നു. ഒടുവില്‍, കുലമൂപ്പന്‍ ആ തീരുമാനമെടുത്തു, തങ്ങളുടെ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും വെല്ലുവിളിച്ച് അറിവു തേടിപ്പോകുന്ന ജോനാഥനെ തങ്ങളൂടെ സമൂഹത്തില്‍നിന്നു പുറത്താക്കുക, കുലത്തിന്റെയും ആചാരങ്ങളുടെയും സംരക്ഷകരായി സ്വയം അവതരിച്ച് മൂപ്പനെ പിന്താങ്ങാന്‍ അവിടെയും കുറച്ച് മൂരാച്ചികളുണ്ടായിരുന്നു. മൂപ്പന്റെ വിധിയെ അവര്‍ കൈയടിച്ചു പിന്താങ്ങി.
വിധികേട്ട് മാതാപിതാക്കളും സഹോദരങ്ങളും പൊട്ടിക്കരഞ്ഞു. സുഹൃത്തുകള്‍ വേദനയോടെ നോക്കി. എന്നാലും ജോനാഥന്‍ തന്റെ തീരുമാനത്തില്‍നിന്നു വ്യതിചലിക്കാന്‍ തയ്യാറായില്ല.
അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും കേന്ദ്രമായിരുന്ന തന്റെ കുലത്തില്‍നിന്ന് പുറത്താക്കപ്പെട്ട് സ്വതന്ത്രനായ ജോനാഥന്‍ അറിവിന്റെ ചക്രവാളത്തെത്തേടി ഉയര്‍ന്നു പറക്കാന്‍ തുടങ്ങി. തിരിച്ചറിവിന്റെ സ്വരത്തിനു കാതോര്‍ത്ത് അവന്‍ ആകാശത്തു പറന്നു. ഒടുവില്‍ അവന്‍ അതിമനോഹരമായ ഒരു സ്ഥലത്ത് എത്തിച്ചേര്‍ന്നു. അവിടെ ചിയാങ് എന്ന ഗുരുവിന്റെ കീഴില്‍ അവന്‍ അറിവിന്റെ വിശാലലോകത്തേക്കുള്ള പദമൂന്നി.
കപടതയുടെ ഇരുണ്ട ലോകത്തുനിന്നെത്തിയ ജോനാഥന് ഗുരുവിന്റെ ഓരോ വാക്കും വൈഡൂര്യംപോലെ പ്രകാശമായിത്തീര്‍ന്നു. അവന്റെ മനസ്സും ചിന്തകളും കൂടതല്‍ പ്രകാശിതമായി. കടലാസെന്നപോലെ അവന്‍ അതു ഹൃദയത്തില്‍ പകര്‍ത്തിയെടുത്തു. സ്നേഹത്തിന്റെ പുതിയ പാഠങ്ങള്‍ അവന്റെ ജീവിതം മാറ്റിമറിച്ചു. എന്തിലും ഏതിലും സ്നേഹം പകര്‍ന്നുനല്‍കണമെന്ന ഗുരുവചനങ്ങള്‍ ഹൃദയത്തോട് അവന്‍ ചേര്‍ത്തുപിടിച്ചു. അറിവുകൊണ്ട് ബുദ്ധിയും സ്‌നേഹംകൊണ്ട് ഹൃദയവും നിറച്ച് ഗുരുവിനോട് വിടചൊല്ലി. അവന്‍ പറന്നിറങ്ങിയത് തന്നെ തിരസ്‌കരിച്ച തന്റെ നാട്ടിലേക്കാണ്. താന്‍ കണ്ടതും കേട്ടതുമായ കാര്യങ്ങള്‍ അവന്‍ വളര്‍ന്നുവരുന്ന പുതുതലമുറയോടു പങ്കുവച്ചു. അവരില്‍ നല്ലൊരു ഭാഗം അവന്റെ വാക്കുകളെ ശ്രവിച്ചു വിശ്വസിച്ചു. എന്നാല്‍, യാഥാസ്ഥിതികരായ ഒരുകൂട്ടം കടല്‍ക്കാക്കകള്‍ യുവതലമുറയെ വഴിതെറ്റിക്കുന്നു എന്നുപറഞ്ഞ് അവനെ അവിടെനിന്ന് ആട്ടിപ്പായിച്ചു. അവനോടൊപ്പം ചിന്താശേഷിയുള്ള, അവനെ വിശ്വസിച്ച ഒരുപറ്റം യുവാക്കളും ആ കുലത്തില്‍നിന്നു പുറത്തായി. അവരെ അവന്‍ ഉയരങ്ങള്‍ ലക്ഷ്യമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഈ വിശാലമായ ലോകത്തെക്കുറിച്ചും പഠിപ്പിച്ചു. അവര്‍ സ്വയം പര്യാപ്തരായെന്നു കണ്ടപ്പോള്‍ ഇനിയും, ലോകത്തെയും അതിന്റെ വിശാലതയെയും കുറിച്ച് അറിവ് ലഭിച്ചിട്ടില്ലാത്ത അന്യദേശങ്ങളിലെ കടല്‍ക്കാക്കകളെ പഠിപ്പിക്കാന്‍ അവന്‍ വീണ്ടും വീണ്ടും പറന്നുയര്‍ന്നു. അറിവിന്റെ മാലാഖയെപ്പോല്‍...
ജോനാഥന്‍ ലിവിങ്സ്റ്റണ്‍ സീഗള്‍ എന്ന കടല്‍ക്കാക്കയുടെ ജീവിതം നമ്മുടെ മുന്നില്‍ വയ്ക്കുന്ന ചിന്ത ഇതാണ്: ''വെല്ലുവിളികളെ സാധ്യതകളായി കാണുക. മനസ്സിന്റെ ശക്തിയെ ഉണര്‍ത്തുക. നിരന്തരം പരിശ്രമിക്കുക. അന്തിമവിജയം നിങ്ങളുടേതാവും.''

 

Login log record inserted successfully!