•  3 Apr 2025
  •  ദീപം 58
  •  നാളം 5
ശ്രേഷ്ഠമലയാളം

തിരുപ്പിറവി

നിലവിലുള്ള നിയമങ്ങളെ ശിഥിലമാക്കുന്ന പ്രവണതകള്‍ ദ്വിത്വസന്ധിയില്‍ ഏറെയുണ്ട്. വിധിയെക്കാള്‍ അപവാദങ്ങള്‍ മുന്നിട്ടുനില്‍ക്കുന്നു. അപവാദങ്ങള്‍ക്ക് നിയമം ചെയ്യേണ്ട അവസ്ഥ വന്നുചേര്‍ന്നിരിക്കുകയാണ്. അത്രമേല്‍ പ്രമാണങ്ങള്‍ തകിടംമറിഞ്ഞിരിക്കുന്നു. ജീവല്‍ഭാഷയില്‍ ഇവയൊക്കെ സ്വാഭാവികമാകാം. എന്നാല്‍, അത്തരം മാറ്റങ്ങളെ കണ്ടില്ലെന്നു നടിക്കാനാവില്ല.
''വിശേഷണവിശേഷ്യങ്ങള്‍/ പൂര്‍വ്വോത്തരപദങ്ങളായ്/ സമാസിച്ചാലിരട്ടിപ്പു/ ദൃഢംപരപദാദിഗം'' (കാരിക 13)* എന്നു കേരളപാണിനി ദ്വിത്വത്തെ ഉത്സര്‍ഗ്ഗവിധിയായി രേഖപ്പെടുത്തിയിരിക്കുന്നു. എന്നാല്‍, ഇതിന് ഒട്ടേറെ അപവാദങ്ങളുണ്ട്. 
കേവലധാതുവോ ശുദ്ധഭേദകമോ പൂര്‍വ്വപദമായാല്‍ പ്രായേണ സമാസത്തില്‍ ദ്വിത്വമില്ല*. മുന്‍പറഞ്ഞ സാമാന്യനിയമത്തിനു വിരുദ്ധമായ നിലപാടാണിത്. ധാതു: ഉടുതുണി, ചുടുകട്ട, വറചട്ടി, നിറകുടം, ഭേദകം: ചെറുകഥ, മറുചെവി,  ചെറുതേന്‍, ചെറുതൊട്ടില്‍ എന്നിങ്ങനെ ഉത്തരപദാദിയിലെ ദൃഢവര്‍ണ്ണം ഇരട്ടിക്കാത്തതിന് ഒട്ടേറെ ദൃഷ്ടാന്തങ്ങള്‍ ചൂണ്ടിക്കാണിക്കാനാകും.
ഇവയ്ക്കും പ്രത്യുദാഹരണങ്ങള്‍ ധാരാളമായി ഉണ്ട്. പുതുക്കാലം, കളിപ്പാട്ടം, ചിരിക്കുടുക്ക, തിരുപ്പിറവി എന്നിങ്ങനെ. ഇവയൊക്കെ അപവാദത്തിന്റെ അപവാദങ്ങളാണല്ലോ. തന്നെയുമല്ല ഉത്സര്‍ഗ്ഗവിധിയോട് ചേര്‍ന്നു നില്‍ക്കുന്ന പ്രവണതയും കാണിക്കുന്നു. പ്രയോഗംതന്നെ പ്രമാണം എന്നു പറയാവുന്ന സ്ഥിതിവിശേഷം ഇവിടെക്കാണാം. ഈ രൂപങ്ങളെല്ലാം പ്രമുഖ നിഘണ്ടുകാരന്മാര്‍ അംഗീകരിച്ചിട്ടുമുണ്ട്. ഇനി ഇവയെ തള്ളിക്കളയാനാവില്ല.
'തിരു' എന്നത് 'തൃ' ആകുന്ന പ്രത്യേകതയും ദ്വിത്വസന്ധിയിലുണ്ട്. തിരു+കൈ=തൃക്കൈ, തിരു+പാദം=തൃപ്പാദം. തിരുവിതാംകൂറും കൊച്ചിയും ചേര്‍ന്നു രൂപപ്പെട്ട സംസ്ഥാനം തിരുകൊച്ചിയാണ് 'തിരുക്കൊച്ചി'യല്ല. കൊച്ചിയുടെ വിശേഷണമല്ല 'തിരു' എന്നു ന്യായം. 'തിരുക്കൊച്ചി' അപവാദരൂപംതന്നെ; എങ്കിലും പ്രചരിച്ചിരിക്കുന്നു!


* രാജരാജവര്‍മ്മ, എ.ആര്‍., കേരളപാണിനീയം, എന്‍.ബി.എസ്., കോട്ടയം, 1988, പുറം: 130
* രാമചന്ദ്രപൈ, കെ.വി., വ്യാകരണപഠനങ്ങള്‍, ലില്ലി പബ്ലിഷിങ് ഹൗസ്, ചങ്ങനാശ്ശേരി, 2009, പുറം: 50

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)