•  2 May 2024
  •  ദീപം 57
  •  നാളം 8
ശ്രേഷ്ഠമലയാളം

ഗ്രാമപ്പഞ്ചായത്ത്

1998 ല്‍ പുറത്തിറങ്ങിയ സിനിമയാണ് ''ഗ്രാമപഞ്ചായത്ത്.'' അലി അക്ബറാണ് സംവിധായകന്‍. കഥയും കഥാപാത്രങ്ങളും മനസ്സില്‍നിന്നു മാഞ്ഞെങ്കിലും പേരിലെ തെറ്റ് ഇപ്പോഴും  അവശേഷിക്കുന്നു. പഞ്ചായത്ത് വെയിറ്റിംഗ് ഷെഡ്ഡുകളില്‍ ''ഗ്രാമപഞ്ചായത്ത്'' എന്നെഴുതിത്തുടങ്ങിയതോടെ അതിന്റെ വേരുറയ്ക്കുകയും ചെയ്തു. ഇന്നിപ്പോള്‍ ആര്‍ക്കും എവിടെയും ഗ്രാമപഞ്ചായത്ത് എന്നും സധൈര്യം എഴുതാം എന്നായിട്ടുണ്ട്. ശരിയെക്കാള്‍ എത്രയോ വേഗമാണ് ഒരു തെറ്റ് പ്രചരിക്കുന്നതെന്നോര്‍ക്കുമ്പോള്‍ അദ്ഭുതം തോന്നുന്നു! ദ്വിത്വവിധിയെക്കുറിച്ചുള്ള സാമാന്യനിയമം കൈവിട്ടുപോയതിന്റെ ഫലമാണിത്. 
ഗ്രാമം എന്നും പഞ്ചായത്ത് എന്നും രണ്ടു പദങ്ങള്‍ ചേര്‍ന്നുവരുന്ന സമസ്തപദമാണ് ഗ്രാമപ്പഞ്ചായത്ത്. ആദ്യത്തേത് വിശേഷണവും രണ്ടാമത്തേത് വിശേഷ്യവും. വിശേഷണവിശേഷ്യങ്ങള്‍ പൂര്‍വ്വോത്തരപദങ്ങളായി സമാസിക്കുമ്പോള്‍ ഉത്തരപദാദിയിലെ ദൃഢവര്‍ണ്ണം (ഖരം, അതിഖരം, മൃദു, ഘോഷം, ഊഷ്മാവ്) ഇരട്ടിക്കുമെന്നാണ് സാമാന്യവ്യവസ്ഥ. അതനുസരിച്ച് ഗ്രാമവും പഞ്ചായത്തും ചേര്‍ന്നുവരുമ്പോള്‍ ഗ്രാമപ്പഞ്ചായത്ത് എന്ന് 'പ'കാരം ഇരട്ടിച്ചുതന്നെ എഴുതണം. കുഞ്ഞിക്കൂനന്‍, മല്ലിപ്പൊടി, സ്വര്‍ണ്ണപ്പണയം, ഇറച്ചിക്കോഴി, ആക്രിക്കട, വെള്ളക്കടല, ആഴ്ചപ്പതിപ്പ്, വ്യാജപ്പരാതി, ഏലത്തോട്ടം, പണിപ്പുര, വായനക്കളരി, വ്യാജക്കണക്ക്, അത്താഴപ്പട്ടിണി, അത്താഴപ്പൂജ, അത്താഴക്കോടതി, മനപ്പൊരുത്തം, വര്‍ത്തമാനപ്പുസ്തകം എന്നിങ്ങനെ ഇരട്ടിച്ചെങ്കിലേ ഇവയൊക്കെ ശുദ്ധരൂപമാവുകയുള്ളൂ. എന്നാല്‍, പൂര്‍വ്വപദം അനുനാസികാന്തമോ 'ഉ'കാരമോ ആകുന്നിടത്തും (തേന്‍തുള്ളി, കണ്‍പീലി, മുളകുപൊടി, കൊതുകുകടി, പാട്ടുപെട്ടി) ധാതുപൂര്‍വ്വസമാസത്തിലും(കുതികാല്‍, എരിതീ) ക്രിയാനാമം പരമായി വരുന്നിടത്തും (പന്തുകളി, മലകയറ്റം) ഉത്തരപദാദിയിലെ വര്‍ണ്ണം ദൃഢമാണെങ്കിലും ഇരട്ടിക്കേണ്ടതില്ല എന്നും വിധിയുണ്ട്. ഇത്തരം ലഘുനിയമങ്ങള്‍ മനസ്സിലാക്കുന്നില്ലെങ്കില്‍ ആന പുറത്തുകയറുന്നതും ആനപ്പുറത്തു കയറുന്നതും തമ്മിലുള്ള അന്തരം ആനപ്പാപ്പാന്മാര്‍ക്കുമാത്രം പിടികിട്ടുന്ന ഒന്നാകും!

 

Login log record inserted successfully!