ഗദ്യം, പദ്യം എന്നിങ്ങനെ സാഹിത്യത്തെ രണ്ടു വിഭാഗമായി പരിഗണിക്കുന്ന സമ്പ്രദായത്തില്‍ പദ്യം എപ്പോഴും ഗദ്യത്തെക്കാള്‍ യോഗ്യത നേടുന്നുവെന്ന് സൂസന്‍ സൊന്റാഗ് പരിഭവം പറഞ്ഞു. കവിത ഏറ്റവും ഗൗരവമുള്ള, ഏറ്റവും മെച്ചപ്പെടുന്ന, ഏറ്റവും തീവ്രമായ, ഏറ്റവും സുന്ദരമായ സാഹിത്യരൂപമാണ്. കവിതയ്ക്കുണ്ട് ഉന്മത്തപ്രൗഢിയെന്നു വിശ്വസിച്ച കവിയാണ് എന്‍.എന്‍. കക്കാട്. അതിന്റെ അചഞ്ചലോര്‍ജത്തെ അദ്ദേഹം കൊതിച്ചിരുന്നു. അത് കാലാതീതഭൂതിയായ്, അനുഭൂതിയായ് മുക്തിയായ് വര്‍ത്തിക്കുന്നുവെന്ന് അദ്ദേഹമെഴുതി. കക്കാട് ഓര്‍മയായിട്ട് മുപ്പത്തെട്ടു വര്‍ഷമായി. അദ്ദേഹം അന്തരിച്ചത് 1987 ജനുവരി ആറിനാണ്. കവിത നിറച്ച ഭാണ്ഡവുമായി സ്വയം വെട്ടിയ വഴികളിലൂടെ മുമ്പോട്ടുപോയ കവിയാണ് കക്കാട്. 'വഴിവെട്ടിയ ഞങ്ങടെ മൂപ്പനെ വഴിപോല്‍ മാനിക്കണമല്ലോ' എന്ന് 'വഴിവെട്ടുന്നവരോട്' എന്ന കവിതയില്‍ അദ്ദേഹമെഴുതി. മാനിച്ചോ എന്നത് മറ്റൊരു വിഷയമാണ്. 'എല്ലാമൊരോര്‍മയായ് ഓര്‍മപോലും ഇല്ലാതെയാമ്പോള്‍ വഴിയടയാം' (മാര്‍ഗക്ലമം) എന്നും അദ്ദേഹത്തിനറിയാമായിരുന്നു. പോയവരെക്കുറിച്ചും പോന്ന വഴികളെക്കുറിച്ചുമുള്ള ഓര്‍മകള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. മറവിതന്‍ മദ്യത്തില്‍ മുങ്ങാത്തവര്‍ക്ക് ഈ കാവ്യപുരുഷനെ മറക്കാനാവില്ല. 'പൂട്ടിയില്ലെങ്കിലും വിതച്ചില്ലെങ്കിലും ഞാറ്റുവേലകള്‍ മാറും, മഴപെയ്യും; പാടത്തു കാലു കുത്തിയില്ലെങ്കിലും ഓണവും വിഷുവും വരും, പോകും.' എങ്കിലും, കക്കാട് കവിതയില്‍ അവതരിപ്പിച്ച അതിസൂക്ഷ്മമായ ഉണ്മയെ ആര്‍ക്കും മറക്കാനാവില്ല. മലയാളകവിതയില്‍ കക്കാട് ജ്വലിപ്പിച്ച ആധുനികതയുടെ സൂര്യതേജസ്സ് ആര്‍ക്കും മറയ്ക്കാനുമാവില്ല.
കവിയും വായനക്കാരനും എല്ലായ്‌പോഴും മഹത്തായ കവിതയെ സ്വപ്നം കാണുന്നു. അത് എഴുതുക, വായിക്കുക, ജീവിക്കുക. അതാണ് പൊതുവെ കാണുന്ന പ്രവണതയായി സൂസന്‍ സൊന്റാഗിനു പറയാനുണ്ടായിരുന്നത്. ഒരു കവിക്കും ചരിത്രത്തില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. ചിലപ്പോള്‍ അയാള്‍ ഭ്രമാത്മകമായ വിവരണത്തിനായി, മാന്ത്രികമായി ഭൂമിയിലേക്കു നോക്കിയേക്കാം. കവിതയില്‍ അര്‍ഥം വാക്കുകളില്‍നിന്നു വേര്‍തിരിക്കാനാവാത്തതാണെന്ന് ഒക്‌റ്റോവിയോ പാസ് ലളിതമായി പറഞ്ഞിട്ടുണ്ട്. കവിയുടെ അനുഭവം എല്ലാറ്റിലുമുപരി വാക്കുകൊണ്ടവതരിപ്പിക്കുന്ന അനുഭവമാണ്. കവിതയില്‍ എല്ലാ അനുഭവങ്ങളും വാക്കാലുള്ള ആവിഷ്‌കാരത്താല്‍ കൈവരുന്നതാണ്. എല്ലാ കാലങ്ങളിലെയും എല്ലാ കവികള്‍ക്കും ഇതു ബാധകമാണ്. എന്നാല്‍, റൊമാന്റിസിസത്തിനുശേഷം ഭാഷയോടുള്ള ഈ മുന്‍തൂക്കം കാവ്യബോധം എന്നു നാം വിളിക്കുന്ന ഒന്നായി മാറിയിരിക്കുന്നു, ക്ലാസിക്കല്‍ പാരമ്പര്യത്തില്‍ ഒരു പങ്കും വഹിക്കാത്ത ഒരു മനോഭാവം.
ശാസ്ത്രഗവേഷകന്‍ ദ്രവ്യത്തിന്റെ ഗുണങ്ങള്‍ നിരീക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നതുപോലെ കവി ഭാഷയുടെ സവിശേഷതകള്‍ നിരീക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നു. സാമ്യം കൂടുതല്‍ മുന്നോട്ടു കൊണ്ടുപോകാം; പക്ഷേ, ശാസ്ത്രവും കവിതയും തമ്മിലുള്ള സമാനതകള്‍ അവ തമ്മിലുള്ള ഒരു നിര്‍ണായകവ്യത്യാസം കാണാതിരിക്കാന്‍മാത്രം നമ്മെ അന്ധരാക്കരുത്. അത് പരീക്ഷണവിഷയവുമായി ബന്ധപ്പെട്ടിരിക്കുന്നു. ശാസ്ത്രജ്ഞന്‍ ഒരു നിരീക്ഷകനാണ്, പരീക്ഷണത്തില്‍ സ്വമേധയാ ഒരു പങ്കും അയാള്‍ വഹിക്കുന്നില്ല. ചില സമയങ്ങളില്‍ നിരീക്ഷകന്‍ അനിവാര്യമായും നിരീക്ഷിക്കപ്പെടുന്ന പ്രതിഭാസത്തിന്റെ ഭാഗമായി മാറുന്നു.
ആധുനികകവിതയുടെ കാര്യത്തില്‍, പരീക്ഷണത്തിന്റെ വിഷയം കവിതന്നെയാണ്. നിരീക്ഷകനും നിരീക്ഷിക്കപ്പെടുന്ന പ്രതിഭാസവുമാണ് കവി. അയാളുടെ ശരീരവും മനസ്സും, മുഴുവന്‍ സത്തയും, എല്ലാത്തരം പരിവര്‍ത്തനങ്ങളും നടക്കുന്ന 'മേഖല' ആണ്. അറിയുന്ന വിഷയം അറിവിന്റെ ലക്ഷ്യമാക്കുന്ന ഒരു പരീക്ഷണപ്രക്രിയയാണ് ആധുനികകവിത. നമ്മുടെ കാതുകള്‍കൊണ്ടു കാണുക, നമ്മുടെ മനസ്സുകൊണ്ട് അനുഭവിക്കുക, നമ്മുടെ ശക്തികളെ സംയോജിപ്പിച്ച് പരിധിവരെ ഉപയോഗിക്കുക, നമ്മളെക്കുറിച്ച് കുറച്ചുകൂടി അറിയുക, നമ്മുടെ ഉള്ളിലെ അജ്ഞാതയാഥാര്‍ഥ്യങ്ങള്‍ കണ്ടെത്തുക. കോള്‍റിഡ്ജിനെപ്പോലെയുള്ളവര്‍ കവിതയ്ക്കു നല്‍കിയ ലക്ഷ്യം അതല്ലേയെന്ന് പാസ് ചോദിക്കുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭംമുതല്‍ ആധുനികകാലംവരെ കവികളും കവിതകളും തുടര്‍ച്ചയായി സ്വീകരിച്ച പ്രധാന ദിശകളിലൊന്നാണ് ഇതെന്ന് ആര്‍ക്കും സംശയമില്ലെന്ന് പാസ് വിശ്വസിച്ചു. കവിതയുടെ യഥാര്‍ഥ ആധുനികത അതു സ്വയംഭരണം നേടിയതിലാണെന്ന് പാസ് കൂട്ടിച്ചേര്‍ക്കുന്നു. കവിത ഒന്നിന്റെയും കൈത്താങ്ങായി നില്‍ക്കുന്നില്ല. അതു സ്വന്തമായി പ്രപഞ്ചത്തെ നിരീക്ഷിക്കുന്നു. വിലക്കപ്പെട്ട മേഖലകള്‍ അന്വേഷിക്കുന്നു. അപകടകരമായ പരീക്ഷണങ്ങളില്‍ ഏര്‍പ്പെടാന്‍ മടിക്കുന്നുമില്ല. കവിത എന്നത് അറിവിന്റെ, പരീക്ഷണാത്മകമായ അറിവിന്റെ ഒരു രൂപമാണ്.
ആധുനികകവിത ഒരു ദര്‍ശനമാണെന്ന് ഒക്‌റ്റോവിയോ പാസ് അവകാശപ്പെടുന്നു. അതായത്, മറഞ്ഞിരിക്കുന്നതും അദൃശ്യവുമായ യാഥാര്‍ഥ്യങ്ങളുടെ അറിവ്. എല്ലാ കാലങ്ങളിലെയും എല്ലാ സ്ഥലങ്ങളിലെയും കവികള്‍ ഇത്രയും പറഞ്ഞിട്ടുണ്ട് എന്നതു ശരിയാണ്. എന്നാല്‍, ഹോമറോ വിര്‍ജിലോ ദാന്തെയോ തങ്ങളുടെ കവിതകള്‍ തങ്ങള്‍ക്കു വെളിയില്‍നിന്നുള്ള ഒരു വെളിപ്പെടുത്തലുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നു പറഞ്ഞു. ഒരു അമാനുഷികശക്തി അവരുടെ ശബ്ദത്തില്‍ സംസാരിക്കുന്നു. അതേസമയം, ആധുനികകവി താന്‍ തന്റെ ശബ്ദത്തിലാണു സംസാരിക്കുന്നതെന്നു പ്രഖ്യാപിക്കുന്നു. അയാള്‍ തന്റെ ദര്‍ശനങ്ങളെ തന്റെ ഉള്ളില്‍നിന്നു വേര്‍തിരിച്ചെടുക്കുന്നു. ഒരു പുതിയ സാഹോദര്യം, ഒരു പുതിയ ലൈംഗികത, ഒരു പുതിയ മനുഷ്യന്‍. ഇതെല്ലാം ആധുനികകവിതയുടെ ദൗത്യമാണ്. 'വാക്കിന്റെ ആല്‍ക്കെമി'യാണ് കവിത. ഉപയോഗിക്കുന്ന എല്ലാവരും പങ്കിടുന്ന അര്‍ഥങ്ങളുള്ള അടയാളങ്ങളുടെയും ചിഹ്നങ്ങളുടെയും ഒരു സംവിധാനം എന്നു ഭാഷയെ പാസ് നിര്‍വചിക്കുന്നു.
ആധുനികതയുടെ സവിശേഷതതന്നെ വിമര്‍ശനമാണ്. പുതിയത് പഴയതിനു വിപരീതമായി സജ്ജീകരിച്ചിരിക്കുന്നു, ഈ നിരന്തരമായ വൈരുധ്യമാണ് പാരമ്പര്യത്തിന്റെ തുടര്‍ച്ചയെ രൂപപ്പെടുത്തുന്നത്. മുന്‍കാലങ്ങളില്‍, തുടര്‍ച്ചയെന്നത് കലാസൃഷ്ടികളിലെ ചില പുരാവൃത്തരൂപങ്ങളുടെ തുടര്‍ച്ചയായിരുന്നു. എന്‍.എന്‍. കക്കാടിന്റെ കവിതയില്‍ ആ തുടര്‍ച്ച നിഷേധത്തിന്റെയോ എതിര്‍പ്പിന്റെയോ രൂപമെടുക്കുന്നു. അദ്ദേഹത്തിന്റെ കവിത മുമ്പുകേട്ടിട്ടില്ലാത്തത്, മുമ്പ് ആവിഷ്‌കരിക്കാത്തത്, സവിശേഷഭാഷപോലെ എന്തോ, അതേസമയം, ഭാഷയെ നിഷേധിച്ച് അതിനുമപ്പുറം പോകുന്ന ഒന്നായിരുന്നു. സ്വയം നവീകരിക്കാനുള്ള സാധ്യത അതിലുണ്ടായിരുന്നു. സ്വന്തം ആന്തരികവൈരുധ്യത്തെ നിഷേധിക്കാതെ, പകലിന്റെ മുഴുവന്‍ വെളിച്ചത്തിലേക്ക് ഇരുട്ടിനെ കൊണ്ടുവരുന്ന സൃഷ്ടിപരമായ ഒരു പ്രവൃത്തിയായിരുന്നു കക്കാടിനു കവിത. ഒരു മഹാശോകത്തിന്റെ ചുഴികള്‍ പെരുമ്പാമ്പുപോലെ കവിയെ വരിഞ്ഞുവലിച്ചുവിഴുങ്ങുന്നതിന്റെ ചിത്രം അദ്ദേഹം കവിതയില്‍ വരച്ചിട്ടു. കൂരിരുട്ടിനോടൊപ്പം ചിറകു വിരിച്ചെത്തുന്ന ശോകചിന്തകള്‍. എവിടെനിന്നാണ് ആത്മാവിന്റെ ദുഃഖചിന്തകള്‍ പതിക്കുന്നതെന്ന് കവി അദ്ഭുതപ്പെടുന്നു.
'ഉത്കടചിന്താഭാരനമ്രമൂകമാം ചിത്തം' പേറി നില്‍ക്കുന്നവനാണ് ഈ കവി. മുമ്പിലും പിമ്പിലും നീണ്ട അനന്തമായ പാതകള്‍. ചക്രവാളങ്ങളില്‍ മുട്ടി മുഴങ്ങുന്ന ദുര്‍ഗ്രഹസംഗീതശബ്ദപ്രപഞ്ചത്തോട്, 'ആരു നീ' എന്നാണ് കവി ചോദിക്കുന്നത്. വൈദേശികമായി കക്കാടിന്റെ കവിതകളില്‍ ഒന്നുമില്ലെന്ന് വായിച്ചാല്‍ ബോധ്യപ്പെടും എന്ന് അദ്ദേഹംതന്നെ കുറിച്ചിട്ടുണ്ട്. അതൊട്ടൊക്കെ ശരിയാണുതാനും. കക്കാടിന്റെ കവിതകളില്‍ കിങ്ങിണി കെട്ടിയ ബാല്യം പിന്നിട്ട് നാടും നഗരികളും താണ്ടിക്കുതിച്ചുപായുന്ന യൗവനത്തിലെത്തുന്ന ഒരുവന്റെ കാഴ്ചകളുണ്ട്. കെടുതികള്‍ കണികണ്ടുണരുന്ന ആ ഗ്രാമീണയുവാവിന്റെ ദുഃഖങ്ങളാണ് അദ്ദേഹത്തിനു കവിതകള്‍ക്കു വിഷയം.
'ജനബഹളത്തില്‍ ഞെരിഞ്ഞ
ഘനമൂകതയില്‍ മയങ്ങിയുണര്‍ന്നും
മുഖമില്ലാത്ത മഹാനഗരത്തിന്‍
മുരള്‍ച്ച നാഡികളിലിരച്ചും മരവിച്ചും
വാടിയടര്‍ന്ന ദിനങ്ങള്‍ വിരിച്ചൊരു കരിയിലമെത്തയില്‍
വാടകമുറിയില്‍ മരിച്ചുകിടപ്പൂ
പകലിരവൂക്കില്‍ ചുറ്റും
പല്‍ച്ചക്രങ്ങള്‍ക്കിടയില്‍
നൂണുകിടക്കുമൊരല്പപ്രാണന്‍ ഞാന്‍.'
അയാളുടെ ഹൃദയം ശൂന്യമാണ്. വിയര്‍പ്പും വിറയുംകൊണ്ട് അയാള്‍ വലഞ്ഞു. തെരുവില്‍ മുഖമില്ലാത്ത ഒരു ഇരമ്പം മുരളുന്നു. വിരല്‍കൊണ്ട് കവിളിണയില്‍ തൊട്ടു. വറ്റിപ്പോയിട്ടില്ലാ ഇപ്പോഴും കവിളിണയിലെ കണ്ണീര്‍പ്പാട്. ഈ നഗരത്തില്‍നിന്നു പുറത്തുകടക്കണം. ഗ്രാമത്തിലെ വീടിന്റെ സ്വച്ഛതയില്‍ അഭയം തേടണം. അവിടെ എത്തിയാല്‍ കാണാം കുഞ്ഞിന്റെ ചുണ്ടില്‍ പൂക്കുന്ന സ്മിതവും ഉറങ്ങുന്ന കുഞ്ഞിന്റെ കണ്‍പോളകളില്‍ വിരിയുന്ന സംശുദ്ധിയും. അതല്ലാതൊരു സ്വര്‍ഗമില്ല. അതല്ലാതൊരു സ്വര്‍ഗമെന്തിനി വേറേ? ഇങ്ങനെ ആശ്വസിച്ച കവിക്കേ ഈ കുട്ടികളുറങ്ങുന്നില്ല എന്ന കവിത എഴുതാനാകൂ. മുതിര്‍ന്നവരുടെ ലോകവും കുട്ടികളുടെ ലോകവും ഈ കവിതയില്‍ കാണാം. കുട്ടികളുറങ്ങിയിട്ട് ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാന്‍ കിടക്കുന്നു. എന്നാല്‍, അവര്‍ കൂട്ടുകൂടി കൂകിയാര്‍ത്തു നടക്കുകയാണ്. ഉറക്കുപാട്ടുകള്‍ക്ക് അവരെ ഉറക്കാനാവില്ല. ഇവരുറങ്ങിയാല്‍ എത്തേണ്ടിടങ്ങളിലൊക്കെ എത്താം. നേടേണ്ടത് ഒക്കെയും നേടാം. അവരുടെ കണ്ണുകള്‍ കുന്തമുനകളായി എത്തേണ്ടിടങ്ങളിലെത്തും. അതുകൊണ്ട് അവരെ പേടിക്കണം. കുട്ടികളെ ഉറക്കാന്‍ പാലില്‍ മരുന്നു കലക്കിക്കൊടുത്തു. തീ പാറും വിഷവും കൊടുത്തുനോക്കി. 'മന്ത്രങ്ങളൊക്കെയും തീര്‍ന്നു മായങ്ങളൊക്കേയും ചോര്‍ന്നു.' ഇനി എന്തു ചെയ്യണം എന്നറിയില്ല. തെല്ലു സൈ്വരവുമില്ലാതെയായി. അവരെ തൂണില്‍ ബന്ധിച്ച് തല്ലിച്ചതച്ചിട്ടും തിന്നാന്‍ കൊടുക്കാതെ അറയില്‍ അടച്ചിട്ടും തിളയ്ക്കുന്ന തൈലത്തില്‍ ഇട്ടു പൊരിച്ചിട്ടും വീണ്ടും അവര്‍ എഴുന്നേറ്റുനില്‍ക്കുന്നു. 'നിങ്ങളുടെ കളവുകള്‍ ഞങ്ങള്‍ പൊളിക്കും, സത്യം വാഴും' എന്നാണ് ഉറങ്ങാത്ത കുട്ടികള്‍ പറയുന്നത്. 'ഈ കുട്ടികളുറങ്ങാതിരിക്കട്ടെ. അവര്‍ ഭൂവിന്‍ ചിരന്തനസത്യമല്ലോ.' കക്കാടിന്റെ കവിതയില്‍ ഈ കുട്ടികള്‍ ഉറങ്ങാതിരിക്കുന്നുണ്ട്. സ്‌നേഹമെന്ന ദിവ്യൗഷധത്തിന്റെ കരുത്തില്‍ പുതുതലമുറ പുതുലോകം സൃഷ്ടിക്കുമെന്ന പ്രതീക്ഷ കവിക്കുണ്ട്. അതു തകര്‍ക്കാന്‍ ശ്രമിക്കുന്നവരോടുള്ള ധാര്‍മികരോഷത്തിന്റെ സ്വരം കക്കാടിന്റെ കവിതകളില്‍ മുഴങ്ങുന്നുണ്ട്. ഏകാന്തമായ ഇരുട്ടില്‍ ചിലപ്പോള്‍ അറിയാതെ കവിമനസ്സ് ഒന്നു തേങ്ങിപ്പോകുന്നുണ്ട്. അത്രമാത്രം. എങ്കിലും ആ ദിവ്യൗഷധത്തിന്റെ ഗുണത്തില്‍ കവിക്കു വിശ്വാസമുണ്ട്. ഒടുക്കം, അലകളെല്ലാമൊടുങ്ങി വെണ്മയോടെ ഓര്‍മയാകുമെന്ന അറിവിന്റെ വെളിച്ചക്കടലാണ് കക്കാടിനു കവിത. വെളിച്ചമുള്ള കാലത്തോളം ആ കവിതകള്‍ക്കു പൂര്‍ണവിരാമമുണ്ടാവില്ല.