ഇപ്പോള്‍ സന്തോഷിക്കുന്നവര്‍ക്കു സങ്കടം. ഇപ്പോള്‍ വിഷമിക്കുന്നവര്‍ക്ക് ആശ്വാസം. അങ്ങനെയൊരു കാലമാണു വരുന്നത്. ഒപ്പം, സ്വര്‍ണത്തിന്റെ വില കണ്ണഞ്ചിക്കുന്ന നിലയിലേക്കു കുതിക്കും.
വിഷയം പലിശയാണ്. പണം മിച്ചമുള്ളവര്‍ക്കു ബാങ്കുകളില്‍നിന്ന് ഇപ്പോള്‍ നല്ല പലിശ ലഭിക്കുന്നു. സമീപവര്‍ഷങ്ങളെ അപേക്ഷിച്ചാണ് മികച്ചത് എന്നുദ്ദേശിച്ചത്. ചില സ്വകാര്യബാങ്കുകള്‍ സ്ഥിരനിക്ഷേപങ്ങള്‍ക്ക് എട്ടു ശതമാനംവരെ നല്‍കുന്നു. മുതിര്‍ന്ന പൗരര്‍ക്ക് 8.30 ശതമാനംവരെയും. ഇതു കുറെ വര്‍ഷങ്ങള്‍ക്കിടയിലെ ഉയര്‍ന്ന നിരക്കാണ്. ഇനി അതു മാറും. പലിശ കുറയാന്‍ പോകുന്നു. അപ്പോള്‍ സ്ഥിരനിക്ഷേപങ്ങള്‍ പുതുക്കുമ്പോള്‍ താഴ്ന്നപലിശയിലേക്കു മാറേണ്ടിവരും. നിക്ഷേപകര്‍ക്കു സങ്കടമാകും.
അതേസമയം, വായ്പയെടുക്കുന്നവര്‍ക്കു പലിശ കുറയുന്നത് ആശ്വാസമാകും. ഭവന, വാഹന, വിദ്യാഭ്യാസവായ്പകള്‍ക്കും സ്വര്‍ണപ്പണയവായ്പയ്ക്കുമൊക്കെ നിരക്കു കുറയും.
അമേരിക്ക തുടക്കമിട്ടു
അമേരിക്ക കുറച്ചു ദിവസംമുമ്പു പലിശ കുറച്ചു. നാലു വര്‍ഷത്തിനുശേഷമാണ് അവിടെ പലിശ കുറച്ചത്. ഇംഗ്ലണ്ടും യൂറോപ്പുമടക്കം ചിലയിടങ്ങളില്‍ നേരത്തേതന്നെ പലിശനിരക്കു കുറഞ്ഞിരുന്നു.
ഇന്ത്യയില്‍ പലിശ കുറയ്ക്കാന്‍ പോകുന്നതേയുള്ളൂ. ഉടനെ പലിശ കുറയ്ക്കില്ല എന്നാണ് റിസര്‍വ് ബാങ്ക് പറയുന്നത്. ജനുവരിയോടെ പ്രതീക്ഷിച്ചാല്‍ മതിയെന്നാണു സൂചന. പക്ഷേ, വൈകാതെ കുറയ്ക്കാന്‍ നിര്‍ബന്ധിതമാകുമെന്നു പലരും കരുതുന്നു.
അമേരിക്കയിലെ റിസര്‍വ് ബാങ്ക് എന്നു പറയാവുന്ന ഫെഡറല്‍ റിസര്‍വ് ബോര്‍ഡ് (ഫെഡ്) അടിസ്ഥാനപലിശനിരക്ക് 0.50 ശതമാനമാണു കുറച്ചത്. 5.25 - 5.50 ശതമാനം ആയിരുന്നത് 4.75 - 5.00 ശതമാനമായി കുറച്ചു. ഈ വര്‍ഷം അരശതമാനംകൂടി കുറയ്ക്കും. 2025 ല്‍ ഒരു ശതമാനവും 2026 ല്‍ അരശതമാനവും കുറവാണ് ഫെഡ് ലക്ഷ്യമിടുന്നത്. 2.75 - 3.00 ശതമാനമായി താക്കോല്‍നിരക്ക് കുറച്ചെടുക്കും.
പലിശ കൂട്ടി വിലക്കയറ്റം കുറച്ചു
2022 ല്‍ വിലക്കയറ്റം പത്തു ശതമാനത്തിനടുത്തേക്ക് ഉയരുന്ന നില വന്നപ്പോഴാണു പലിശ കൂട്ടിത്തുടങ്ങിയത്. 11 തവണ കൂട്ടി. ഒരു വര്‍ഷമായി നിരക്കു മാറ്റമില്ലാതെ തുടര്‍ന്നു. കുറയ്ക്കാന്‍ വൈകുന്നു എന്നു വിമര്‍ശനമുണ്ടായി. വിലക്കയറ്റം വരുതിയിലാകാതെ കുറയ്ക്കില്ല എന്നു ഫെഡ് ചെയര്‍മാന്‍ ജെറോം പവല്‍ വാശിപിടിച്ചു. ഇങ്ങനെ പോയാല്‍ അമേരിക്ക സാമ്പത്തികമാന്ദ്യത്തിലാകുമെന്ന് വിമര്‍ശകര്‍ കുറേക്കാലമായി വാദിച്ചുപോന്നു. പക്ഷേ, ഇതുവരെയും മാന്ദ്യത്തിന്റെ സൂചന ഇല്ല.
യുഎസ് വിലക്കയറ്റം രണ്ടു മാസമായി രണ്ടു ശതമാനത്തിനടുത്തേക്കു വന്നിട്ടുണ്ട്. തൊഴിലില്ലായ്മ 4.2 ശതമാനമായി വര്‍ധിച്ചു. സാമ്പത്തികവളര്‍ച്ച തൃപ്തികരവുമാണ്. ഇതോടെ ഫെഡ് നയം മാറ്റാന്‍ തീരുമാനിച്ചു. അതാണു സംഭവിച്ചത്.
ഭക്ഷ്യവില എന്ന ഭീഷണി
യുഎസ് പലിശകുറയ്ക്കല്‍ പ്രഖ്യാപിച്ചത് ഇന്ത്യയിലും പലിശ കുറയ്ക്കാന്‍ സമ്മര്‍ദം ഉണ്ടാക്കും. ഒക്ടോബറില്‍ത്തന്നെ റിസര്‍വ് ബാങ്ക് പലിശ കുറയ്ക്കല്‍ തുടങ്ങേണ്ടിവരുമെന്ന് പലരും കരുതുന്നു. ഭക്ഷ്യവിലക്കയറ്റഭീഷണി ചൂണ്ടിക്കാട്ടി പലിശ കുറയ്ക്കലിനെ ഒഴിവാക്കാനാണ് റിസര്‍വ് ബാങ്ക് ഇതുവരെ ശ്രമിച്ചിരുന്നത്.
ഭക്ഷ്യവിലകള്‍ക്ക് ഇന്ത്യയുടെ ചില്ലറവിലക്കയറ്റസൂചികയില്‍ ഏറ്റവും കൂടിയ സ്ഥാനമാണുളളത്. ചില്ലറവിലക്കയറ്റത്തില്‍ 45 ശതമാനമാണു ഭക്ഷ്യവിലയുടെ പങ്ക്. വികസിതരാജ്യങ്ങളില്‍ 20 ശതമാനത്തില്‍ താഴെയും പല വികസ്വരരാജ്യങ്ങളിലും 30 ശതമാനത്തില്‍ താഴെയുമാണ് ഭക്ഷ്യവിലയ്ക്കു വിലക്കയറ്റസൂചികയിലുള്ള പങ്ക്. ഭക്ഷ്യവിലയുടെ ഈ ഉയര്‍ന്ന പങ്ക് വിലക്കയറ്റനിയന്ത്രണത്തില്‍ പണനയത്തെ ഒരു പരിധിയോളം നിഷ്ഫലമാക്കുന്നുണ്ട്. ഭക്ഷ്യവിലകള്‍ കാലാവസ്ഥയുമായി ബന്ധപ്പെട്ടാണു നീങ്ങുന്നത്. മഴ കുറഞ്ഞാലും കൂടിയാലും തണുപ്പു കൂടിയാലും കുറഞ്ഞാലും ഉത്പാദനത്തെ ബാധിക്കും.
വളര്‍ച്ചയ്ക്കും പ്രശ്‌നം
പലിശ കുറയ്ക്കുകയും കാര്‍ഷികോത്പാദനം കുറയുകയും ചെയ്താല്‍ നേരത്തേ പലിശ കുറച്ചു എന്ന വിമര്‍ശനം വരും. അതാണ് റിസര്‍വ് ബാങ്ക് മടിക്കുന്നത്. എന്നാല്‍, പലിശ ദീര്‍ഘകാലം ഉയര്‍ന്നുനില്‍ക്കുന്നതു സാമ്പത്തികവളര്‍ച്ചയെ ബാധിക്കും. ജിഡിപി (മൊത്ത ആഭ്യന്തരോത്പാദനം) വളര്‍ച്ച ഉയരണമെന്നാണ് സര്‍ക്കാരും വിപണികളും ആഗ്രഹിക്കുന്നത്.
കഴിഞ്ഞ വര്‍ഷം 8.2 ശതമാനം ജിഡിപി വളര്‍ച്ച ഉണ്ടായിരുന്നു. ഈ വര്‍ഷം ഒന്നാം ത്രൈമാസത്തില്‍ 6.7 ശതമാനമേ വളര്‍ന്നുള്ളൂ. ഏഴു ശതമാനത്തിലധികം വളരുമെന്ന സര്‍ക്കാരിന്റെ പ്രതീക്ഷ നടപ്പാകാന്‍ പലിശ കുറയ്ക്കുന്നതാണു നല്ലത്.
പലിശ കുറഞ്ഞാല്‍ ഡോളര്‍ വരും
പലിശ കുറച്ചാല്‍ കമ്പനികള്‍ക്കു ലാഭം കൂടും. അത് ഓഹരിവിപണിയെ സഹായിക്കും. കൂടുതല്‍ വിദേശപണം ഇങ്ങോട്ടു വരും. ഉത്പന്നക്കയറ്റുമതി കുറഞ്ഞുവരുന്ന സമയത്ത് അതു സഹായകമാണ്. പലിശ കുറയുന്നത് സ്വാഭാവികമായും മൂലധനനിക്ഷേപം വര്‍ധിപ്പിക്കും. അതു തൊഴിലവസരം വര്‍ധിപ്പിക്കും. തൊഴിലില്ലായ്മയുടെ പേരില്‍ കേന്ദ്രം ധാരാളം പഴി കേള്‍ക്കുന്ന കാലമാണല്ലോ ഇത്.
അതുകൊണ്ടാണ്, ഇന്ത്യയുടെ റിസര്‍വ്ബാങ്കും താമസിയാതെ പലിശ കുറയ്ക്കുമെന്ന നിഗമനത്തിലേക്ക് കൂടുതല്‍പേര്‍ എത്തുന്നത്. 2022 മാര്‍ച്ചില്‍ യുഎസ് പലിശ കൂട്ടിത്തുടങ്ങിയപ്പോള്‍ അമേരിക്കയെ പിഞ്ചെല്ലേണ്ട കാര്യം നമുക്കില്ല എന്നു വീരവാദം മുഴക്കിയതാണ് റിസര്‍വ്ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. പക്ഷേ, മേയ്, ജൂണ്‍ മാസങ്ങളില്‍ അടുപ്പിച്ചടുപ്പിച്ചു നിരക്കു കൂട്ടേണ്ടിവന്നു. ഇത്തവണയും അങ്ങനെ വേണ്ടി വരുമോ എന്നു കാത്തിരുന്നു കാണാം.
നിക്ഷേപകര്‍ മാറിച്ചിന്തിക്കും
അമേരിക്ക പലിശ കുറച്ചതോടെ ഓഹരിവിപണികള്‍ കുതിച്ചു, സ്വര്‍ണം സാധാരണക്കാര്‍ ചിന്തിക്കാത്ത നിലവാരത്തിലേക്കു കയറി, ഡോളര്‍നിരക്കു താഴ്ന്നു.
പലിശ കുറയുമ്പോള്‍ ബാങ്കുനിക്ഷേപങ്ങളും കടപ്പത്രനിക്ഷേപങ്ങളും ആകര്‍ഷകമല്ലാതാകും. അപ്പോള്‍, ഓഹരികളിലേക്കും സ്വര്‍ണത്തിലേക്കും വലിയ നിക്ഷേപകര്‍ തിരിയും. യുഎസ് കടപ്പത്രങ്ങളിലെ നിക്ഷേപത്തില്‍ കുറെ അവിടത്തെ ഓഹരികളിലേക്കുമാത്രമല്ല, മറ്റു രാജ്യങ്ങളിലെ ഓഹരികളിലേക്കും മാറും. അതാണ് ലോകമെങ്ങും ഓഹരികള്‍ കയറുന്നതിനു പിന്നില്‍.
മഞ്ഞലോഹം കുതിക്കുന്നു
സ്വര്‍ണവും ഇതേ കാരണത്താല്‍ കുതിക്കുന്നു. പലിശ കുറയ്ക്കുമെന്ന് ഉറപ്പായപ്പോള്‍ത്തന്നെ സ്വര്‍ണം കയറി. ഔണ്‍സിന് (31.1 ഗ്രാം) 2574 ഡോളര്‍ വരെ എത്തി. ഇന്ത്യയില്‍ കസ്റ്റംസ് ഡ്യൂട്ടി കുറയ്ക്കുന്നതിനുമുമ്പുള്ള റെക്കോര്‍ഡ്‌നിലവാരത്തിലേക്കു പവന്‍വില ഉയര്‍ന്നു. പിന്നീടു കുറഞ്ഞു. പലിശ കുറച്ചപ്പോള്‍ വീണ്ടും സ്വര്‍ണം കയറി. ഔണ്‍സിന് (31.1 ഗ്രാം) 2632 ഡോളറിലായി സെപ്റ്റംബര്‍ 23 നു സ്വര്‍ണത്തിന്റെ അന്താരാഷ്ട്രവില. കേരളത്തില്‍ പവന് 55,840 രൂപവരെയെത്തി ആഭരണസ്വര്‍ണ (22 കാരറ്റ്) ത്തിന്റെ വില.
ഇനിയും സ്വര്‍ണവില ഉയരുമെന്ന് കാര്യവിവരമുള്ളവര്‍ പറയുന്നു. സ്വര്‍ണം അടുത്ത വര്‍ഷം ഔണ്‍സിന് 2850-3000 ഡോളറിലേക്കു കയറുമെന്നാണ് അവരുടെ വിലയിരുത്തല്‍. അതായത്, പത്തുമുതല്‍ 15 വരെ ശതമാനം കയറ്റം.
കമല ജയിച്ചാല്‍ പൊന്നു തിളങ്ങും
ഇതുമാത്രമല്ല കാര്യം. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പു വരികയാണ്. നേരത്തേ വിജയസാധ്യത ഡൊണാള്‍ഡ് ട്രംപിനായിരുന്നു. ഇപ്പോള്‍ കമലാ ഹാരിസ് സര്‍വേകളില്‍ മുന്നേറുന്നു. കമല ജയിച്ചാല്‍ അതിസമ്പന്നര്‍ക്കും കമ്പനികള്‍ക്കും നികുതി കൂടും. ജനപ്രിയപദ്ധതികള്‍ പ്രഖ്യാപിക്കും. സര്‍ക്കാര്‍ച്ചെലവു കൂടും. അപ്പോള്‍ കമ്മി വര്‍ധിക്കും. കമ്മി എന്നാല്‍ സര്‍ക്കാരിന്റെ കടമാണ്. അതു കൂടും. യുഎസ് സര്‍ക്കാര്‍ കൂടുതല്‍ കടമെടുക്കുന്നതു വിപണിക്ക് ഇഷ്ടമല്ല. അതു സ്വര്‍ണത്തിലേക്കു തിരിയാന്‍ നിക്ഷേപകരെ പ്രേരിപ്പിക്കാം. സ്വര്‍ണക്കുതിപ്പു തുടരുമെന്നു ചുരുക്കം. ചിലര്‍ പ്രവചിക്കുന്നതു കമലാ ഹാരിസിന്റെ കാലത്ത് സ്വര്‍ണം ഔണ്‍സിന് 10,000 ഡോളറിലെത്തുമെന്നാണ്. ഇപ്പോഴത്തേതിന്റെ നാലിരട്ടി.
ഇത് അസംഭവ്യമല്ല. 1970-74 കാലത്ത് സ്വര്‍ണം 535 ശതമാനം കുതിച്ചതാണ്. ഔണ്‍സിന് 35 ഡോളറില്‍നിന്ന് 187 ഡോളറിലേക്ക്. വീണ്ടും 1976-80 കാലത്ത് 440 ശതമാനം ഉയര്‍ന്നു. 134 ല്‍ നിന്ന് 590 ഡോളറിലേക്ക്.
'കാടത്തത്തിന്റെ ശേഷിപ്പ്' എന്നു ജോണ്‍ മേനാര്‍ഡ് കെയ്ന്‍സ് വിശേഷിപ്പിച്ച സ്വര്‍ണം വിലയുടെ കൊടുമുടികള്‍ താണ്ടുന്ന നാളുകളാണു വരാനിരിക്കുന്നത്.