•  26 Sep 2024
  •  ദീപം 57
  •  നാളം 29
നോവല്‍

കിഴക്കന്‍കാറ്റ്

കഥാസാരം
ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെ സ്‌നേഹിച്ചും സഹകരിച്ചും കഴിഞ്ഞ അയല്‍ക്കാരായിരുന്നു സൂസമ്മയും സിസിലിയും. 20 വര്‍ഷംമുമ്പ് സിസിലിയുടെ കുടുംബം വീടുവിറ്റ് ഹൈറേഞ്ചിലേക്കു പോയി. പിന്നീട് തമ്മില്‍ ബന്ധമുണ്ടായില്ല. സൂസമ്മയുടെ മകന്‍ ജയേഷിന്റെ കല്യാണത്തിനു ക്ഷണിക്കാന്‍ സൂസമ്മയും ജയേഷും സിസിലി താമസിക്കുന്ന കുറുക്കന്‍കുന്ന് എന്ന ഗ്രാമത്തിലെത്തി. ഭര്‍ത്താവിനെ ആന ചവിട്ടിക്കൊന്നതിനുശേഷം എട്ടുവര്‍ഷമായി സിസിലിയുടെ കുടുംബജീവിതം ദുരിതപൂര്‍ണമായിരുന്നു. സിസിലിയുടെ മകള്‍ എല്‍സയുടെ സംസാരവും പെരുമാറ്റവും ജയേഷിന് നന്നേ ഇഷ്ടമായി. ഒരു വണ്ടിയപകടത്താല്‍ പരിക്കേറ്റ് കാലിനു സ്വാധീനക്കുറവ് വന്നതിനാല്‍ മുടിന്തിയാണ് എല്‍സ നടന്നിരുന്നത്. ജയേഷിന്റെ കല്യാണം നടന്നു. ഭാര്യ വര്‍ഷ മോഡേണ്‍ ചിന്താഗതിക്കാരിയായതിനാല്‍ പൊരുത്തപ്പെട്ടുപോകാന്‍ ജയേഷ് നന്നേ ബുദ്ധിമുട്ടി. എല്‍സയുടെ മുടന്തുമാറ്റാനുള്ള സര്‍ജറിക്കായി പണം കൊടുക്കാമെന്ന് ജയേഷ് ഫോണില്‍ വിളിച്ച് എല്‍സയെ അറിയിച്ചു. എല്‍സയ്ക്കും സിസിലിക്കും സന്തോഷമായി. സര്‍ജറിക്കുള്ള തീയതി നിശ്ചയിച്ചു. പണം ആവശ്യപ്പെട്ട് എല്‍സ വിളിച്ചപ്പോള്‍ ഫോണെടുത്തത് വര്‍ഷയായിരുന്നു. ആവശ്യം കേട്ടപ്പോള്‍ അവര്‍ പൊട്ടിത്തെറിച്ച് പരുഷമായി സംസാരിച്ചു. പണം തരില്ലെന്നു തീര്‍ത്തു പറഞ്ഞു. എല്‍സയ്ക്കും സങ്കടമായി. വിവരമറിഞ്ഞ കുറുക്കന്‍കുന്നുപള്ളി വികാരി ഫാ. മാത്യു കുരിശിങ്കല്‍ പണം സംഘടിപ്പിച്ചുകൊടുത്ത് കാലിന്റെ സര്‍ജറി നടത്തി. 
(തുടര്‍ന്നു വായിക്കുക)

    സിസിലിയും എല്‍സയും ആശുപത്രിയില്‍നിന്നു തിരിച്ചു വീട്ടിലെത്തി. ഡോക്ടര്‍ നിര്‍ദേശിച്ച എല്ലാ എക്‌സര്‍സൈസും പതിവായി ചെയ്യുകയും മരുന്ന് കൃത്യമായി കഴിക്കുകയും ചെയ്തു എല്‍സ. രണ്ടുമാസം പിന്നിട്ടപ്പോള്‍ മുടന്തില്ലാതെ നടക്കാവുന്ന സ്ഥിതിയിലെത്തി അവള്‍.
എല്‍സയുടെ മനസ്സില്‍ സന്തോഷം തിരതല്ലി. ഇനി ചട്ടുകാലിയെന്ന് ആരും വിളിക്കില്ലല്ലോ. കല്യാണം ആലോചിച്ചു വരുന്നവര്‍ മുടന്തുകാലു കണ്ട് ഓടിയകലില്ലല്ലോ.
പറമ്പിലൂടെ എല്‍സ ഓടിച്ചാടി നടക്കുന്നതു കണ്ടപ്പോള്‍ സിസിലി പറഞ്ഞു: 
''ഒരുപാട് ചാടുകേം ഓടുകേം ഒന്നും വേണ്ടാട്ടോ. വല്ലിടത്തും വീണ് കാലൊടിഞ്ഞിട്ടു പിന്നെ കരഞ്ഞിട്ടു കാര്യമില്ല.''
''അടുത്തയാഴ്ച ഡോക്ടറെ കാണാന്‍ ചെല്ലുമ്പം ഓടിച്ചാടി ചെല്ലണമെന്നാ ഡോക്ടര്‍ പറഞ്ഞിരിക്കുന്നേ.'' എല്‍സ ചിരിച്ചു.
''അതു ഡോക്ടര്‍ ഒരു തമാശ പറഞ്ഞതല്ലേ കൊച്ചേ. നിന്നെ ഒന്നു സന്തോഷിപ്പിക്കാന്‍.''
''തമാശയൊന്നുമല്ല. എന്നോടുള്ള ഇഷ്ടക്കൂടുതല്‍ക്കൊണ്ടു പറഞ്ഞതാ.''
''ഓ... നിങ്ങളു വല്യ ഫ്രണ്ട്‌സായല്ലോ അല്ലേ?'' 
''ശരിക്കും.'' എല്‍സ ചിരിച്ചു:
''ആ ഡോക്ടറുടെ ചിരി കാണാന്‍തന്നെ എന്തു രസമാ അമ്മേ. അതുപോലൊരു ആങ്ങള എനിക്കുണ്ടായിരുന്നെങ്കിലെന്ന് ഞാനെപ്പഴും ഓര്‍ക്കാറുണ്ട്. ദൈവം തന്നില്ലല്ലോ.''
സിസിലി മറുപടിയൊന്നും പറഞ്ഞില്ല. 
ഇടയ്ക്കിടെ എല്‍സ ഡോക്ടറെ വിളിച്ച് ഓരോ സംശയങ്ങള്‍ ചോദിക്കും. എപ്പോള്‍ വിളിച്ചാലും ഡോക്ടര്‍ക്കു പരിഭവമില്ല. തിരക്കാണെങ്കില്‍ കോള്‍ കട്ടു ചെയ്തിട്ട് പിന്നീട് തിരിച്ചുവിളിക്കും.
ഉച്ചയ്ക്ക് എല്‍സയും സിസിലിയും ഊണുകഴിഞ്ഞു കിടപ്പുമുറിയില്‍ വിശ്രമിക്കുമ്പോള്‍ കോളിങ് ബെല്‍ ശബ്ദിച്ചു. സിസിലി എണീറ്റു ചെന്നു വാതില്‍ തുറന്നു. ഫാ. മാത്യു കുരിശുങ്കല്‍. വികാരിയച്ചന്‍! ഒരു വടിയും കുത്തി വരാന്തയില്‍ നില്‍ക്കുന്നു അച്ചന്‍. 
''ങ്ഹ... അച്ചനോ.'' സിസിലിക്കു വലിയ സന്തോഷം.
''ഞാനിവിടെ അടുത്തൊരു വീടു വെഞ്ചരിക്കാന്‍ വന്നപ്പം ഇങ്ങോട്ടൊന്നു കേറീന്നേയുള്ളൂ.''
''അകത്തിരിക്കാം അച്ചാ.'' സിസിലി അച്ചനെ സ്വീകരണമുറിയിലേക്കു ക്ഷണിച്ചു. 
''എല്‍സ എവിടെ?'' അച്ചന്‍ ചോദിച്ചതും എല്‍സ എത്തിയതും ഒപ്പമായിരുന്നു.
''ങ്ഹ... നീയിവിടെ ഒണ്ടായിരുന്നോ? സന്തോഷമായില്ലേടീ കൊച്ചേ?''
''ഒരുപാട്. ഞങ്ങള്‍ എന്നും അച്ചനെ ഓര്‍ക്കും.'' വിനയത്തോടെ എല്‍സ പറഞ്ഞു.
''എന്നെയല്ല, ദൈവത്തെ ഓര്‍ക്കണം.'' കസേരയില്‍ ഇരുന്നുകൊണ്ട് അച്ചന്‍ തുടര്‍ന്നു: ''എന്നിലൂടെ ദൈവം നിന്നോടു കരുണ കാണിച്ചു എന്നു കരുതിയാ മതി. ഇനി നിന്റെ കല്യാണംകൂടി ആശീര്‍വദിച്ചിട്ടു വേണം എനിക്കീ ഇടവകേന്നു സ്ഥലം മാറിപ്പോകാന്‍.''
''അച്ചന്റെ ആഗ്രഹം ദൈവം നിറവേറ്റട്ടെ.'' സിസിലി പറഞ്ഞു. 
''അടുത്ത ശനിയാഴ്ച മിഷന്‍ലീഗിന്റെ മേഖലാമത്സരങ്ങളുണ്ട്. ചിത്തിരപ്പാറ പള്ളീല്‍ വച്ചാ. കുട്ടികളേംകൊണ്ട് നീ വേണം പോകാന്‍. ഒരു സിസ്റ്ററിനേം പറഞ്ഞ് ഏര്‍പ്പാടാക്കീട്ടുണ്ട്. നിനക്കിപ്പം ഓടിച്ചാടി നടക്കാനൊന്നും ബുദ്ധിമുട്ടില്ലല്ലോ. മനസ്സിനും സന്തോഷമായില്ലേ?''
''പോകാം അച്ചോ.'' എല്‍സ ചിരിച്ചുകൊണ്ട് തലകുലുക്കി. സിസിലി അച്ചനു ചായ എടുക്കാനായി അടുക്കളയിലേക്കു പാഞ്ഞു. അച്ചന്‍ എല്‍സയോടു വര്‍ത്തമാനം പറഞ്ഞുകൊണ്ട് സ്വീകരണമുറിയിലിരുന്നു. പത്തുമിനിറ്റിനുള്ളില്‍ ചായയും ബിസ്‌കറ്റുമായി സിസിലി മടങ്ങി യെത്തി. അച്ചന്റെ മുമ്പില്‍ ടീപ്പോയില്‍ രണ്ടും നിരത്തി.
''ബിസ്‌കറ്റൊന്നും എനിക്കുവേണ്ട സിസിലി.'' ചായ എടുത്തുകൊണ്ട് അച്ചന്‍ തുടര്‍ന്നു: ''ഷുഗറ്, പ്രഷറ്, കൊളസ്‌ട്രോള് എന്നുവേണ്ട ഇല്ലാത്ത രോഗങ്ങളൊന്നുമില്ല. കഴിഞ്ഞയാഴ്ച മൂന്നുമാസത്തെ ശരാശരി ഷുഗറ് നോക്കിയപ്പം ഒമ്പതായിരുന്നു. ഒരുപാട് കൂടുതലാന്നു ഡോക്ടര്‍ പറഞ്ഞു. അതെങ്ങനാ, ഓരോ വീട്ടില്‍ ചെല്ലുമ്പം മുമ്പില്‍ കൊണ്ടുവന്നു നിരത്തി വയ്ക്കുവല്ലേ നൂറുകൂട്ടം മധുരപലഹാരങ്ങള്. മര്യാദ ഓര്‍ത്ത് ഞാനോരോന്നും അല്പസ്വല്പം കഴിക്കും. ഇവിടാകുമ്പം എനിക്കു ധൈര്യായിട്ടു പറയാല്ലോ വേണ്ടാന്ന്.''
സിസിലി ചിരിച്ചതേയുള്ളൂ.
കുറേനേരം വര്‍ത്തമാനം പറഞ്ഞിരുന്നിട്ട് അച്ചന്‍ എണീറ്റു.
''വാ, നമുക്കൊന്നു പ്രാര്‍ഥിക്കാം.''
രണ്ടുപേരെയും അടുത്തു പിടിച്ചു നിറുത്തി അച്ചന്‍ പ്രാര്‍ഥിച്ചു. അതുകഴിഞ്ഞ് യാത്ര പറഞ്ഞ് സാവധാനം പടിയിറങ്ങി നടന്നു പള്ളിമേടയിലേക്ക്.
എല്‍സയ്ക്ക് ആശുപത്രിയില്‍ പോകേണ്ട ദിവസമെത്തി. പതിവിലേറെ സന്തോഷവതിയായിരുന്നു അവള്‍. ഡോക്ടറെ കാണാമല്ലോ എന്ന സന്തോഷം! രാവിലെ കുളിച്ച്, ഏറ്റവും നല്ല ചുരിദാറും ടോപ്പും എടുത്തു ധരിച്ചു. മുടി ഭംഗിയായി ചീകിയൊതുക്കി, മുഖത്തു പൗഡറിട്ട്, അല്പം ലിപ്‌സ്റ്റിക്കും ചുണ്ടില്‍ പുരട്ടി. കണ്ണാടിയുടെ മുമ്പില്‍നിന്ന് തിരിഞ്ഞും മറിഞ്ഞും സൗന്ദര്യം നോക്കി. കൊള്ളാം. കാണാന്‍ തരക്കേടില്ല ഈ മുഖം. മുടന്തു മാറിയപ്പോള്‍ നടത്തവും ഭംഗിയായി.
സിസിലിയോടൊപ്പം ബസിലാണ് ആശുപത്രിയിലേക്കു പുറപ്പെട്ടത്. പതിനൊന്നു മണിയായപ്പോള്‍ ആശുപത്രിയില്‍ എത്തി. ഒ.പി. ഡിപ്പാര്‍ട്ട്‌മെന്റിനു മുമ്പില്‍ ധാരാളം രോഗികള്‍ ഇരിപ്പുണ്ടായിരുന്നു. പേരുവിളിക്കുന്നതു കാത്ത് എല്‍സയും സിസിലിയും  കസേരകളില്‍ ഇരുന്നു. 
സമയം പോകാന്‍ എല്‍സ മൊബൈലില്‍ ഓരോന്നു നോക്കിക്കൊണ്ടിരുന്നു.
''എല്‍സ തോമസ്'' അറ്റന്‍ഡറുടെ വിളികേട്ടതും എല്‍സയും സിസിലിയും എണീറ്റ് ഡോക്ടറുടെ മുറിയിലേക്കു പ്രവേശിച്ചു. ഡോ. മനു തോമസ് അവളെ നോക്കി ഹൃദ്യമായി ചിരിച്ചു.
''എങ്ങനുണ്ട്? ഓടിച്ചാടിയാണോ വന്നത്?'' ഡോക്ടര്‍ ചിരിച്ചുകൊണ്ടു ചോദിച്ചു.
''ഓടിച്ചാടാന്‍ അമ്മ സമ്മതിക്കുന്നില്ല.''
ചിരിച്ചുകൊണ്ട് അതു പറഞ്ഞിട്ട് എല്‍സ ഡോക്ടറുടെ സമീപം സ്റ്റൂളില്‍ ഇരുന്നു.
''അതെന്താമ്മേ? ഓടിച്ചാടി നടക്കട്ടെ. ഈ പ്രായത്തിലല്ലേ പറ്റൂ.''
''കാലിന് എന്തേലും പറ്റുമോന്ന് ഓര്‍ത്ത്...''
സിസിലി ഭവ്യതയോടെ ഡോക്ടര്‍ക്കഭിമുഖമായി കസേരയിലിരുന്നു.
''കാലൊന്നു കാണിച്ചേ.''
ചുരിദാര്‍ അല്പം പൊക്കി എല്‍സ കാലു കാണിച്ചുകൊടുത്തു. ഡോക്ടര്‍ ഞെക്കി നോക്കിയിട്ട് ചോദിച്ചു:''വേദനയുണ്ടോ?''
''ഇല്ല.''
''ഇവിടെയോ?''
''ഇല്ല.''
''ഇനി ധൈര്യായിട്ട് ഓടിച്ചാടി നടന്നോ. ഒരു കുഴപ്പവുമില്ല. വീണ് എല്ലൊടിയാതെ നോക്കണന്നേയുള്ളൂ.''
എല്‍സ ചിരിച്ചുകൊണ്ടു തലകുലുക്കി.
''ഞാന്‍ പറഞ്ഞ എക്‌സര്‍സൈസ് മൂന്നുമാസംകൂടി തുടരണം. വേദന ഉണ്ടായാല്‍ വന്നു കാണണം.''
''ഉം.''
''ഇനി പ്രത്യേകിച്ചു മെഡിസിനൊന്നും വേണ്ട. കാല്‍സ്യം ടാബ്‌ലെറ്റ്‌സ് ഒരു മാസംകൂടി കണ്ടിന്യൂ ചെയ്‌തോ.''
എല്‍സ തലകുലുക്കി.
''ശരി. എന്നാ പൊയ്‌ക്കോ.''
എല്‍സ എണീക്കുംമുമ്പ് മടിച്ചുമടിച്ചു പറഞ്ഞു: ''ഡോക്ടര്‍ ഒരു ദിവസം എന്റെ വീട്ടില്‍ വരാന്നു പറഞ്ഞിരുന്നു.''
''ഉവ്വോ? അതെന്നാ?''
''സര്‍ജറീടെ ദിവസം.''
''ഓ... അതു ഞാനെല്ലാരോടും പറയുന്നതാ... പേഷ്യന്റിനെ ഒന്നു ഹാപ്പിയാക്കാന്‍.''
''അപ്പം പറ്റിച്ചതായിരുന്നു അല്ലേ?''
''ഏയ്... നിര്‍ബന്ധമാണേല്‍ വരാം. വരണോ?''
''ഉം.''
''വന്നാ എന്തു തരും?''
''ഇഷ്ടമുള്ളത് ഒണ്ടാക്കി വയ്ക്കാം.''
''ചക്കയുണ്ടോ വീട്ടില്?''
''ധാരാളം.''
''എന്നാ നല്ല ചക്കപ്പുഴുക്കും ഇറച്ചിക്കറീം ആയിക്കോട്ടെ. തലേന്ന് വിളിച്ചുപറഞ്ഞേക്കാം.''
''ഒറപ്പായിട്ടും ഉണ്ടാക്കി വയ്ക്കാം.''
''ശരി. സന്തോഷമായിട്ടു പോ.''
നിറഞ്ഞ മനസ്സോടെയാണ് എല്‍സയും സിസിലിയും മുറിവിട്ടിറങ്ങിയത്.
''ചുമ്മാ പറ്റിക്കാന്‍ പറഞ്ഞതാകും. നമ്മുടെ വീട്ടില്‍ അങ്ങേരു വരുമെന്ന് എനിക്കു തോന്നുന്നില്ല.'' സിസിലിക്ക് സംശയം മാറിയില്ല.
''എനിക്കു വിശ്വാസമാ...'' എല്‍സയ്ക്ക് സംശയമേ ഉണ്ടായില്ല.
ഒരു ശനിയാഴ്ച രാത്രി എട്ടുമണിക്ക് എല്‍സയ്ക്ക് ഒരു ഫോണ്‍ കോള്‍. നോക്കിയപ്പോള്‍ ഡോക്ടര്‍ മനു തോമസ് എന്ന പേര്. ആഹ്ലാദത്തോടെ അവള്‍ ഫോണ്‍ ചെവിയോടു ചേര്‍ത്തു.
''ഹലോ.''
''എല്‍സയല്ലേ?''
''അതെ.''
''ഞാന്‍ ഡോക്ടര്‍ മനു.''
''അറിയാം. നമ്പര്‍ സേവ് ചെയ്തിട്ടുണ്ട്.''
''സുഖമല്ലേ?''
''അതേ ഡോക്ടര്‍.''
''കാലിന് പ്രശ്‌നമൊന്നുമില്ലല്ലോ?''
''ഇല്ല.''
''നാളെ ഞാനങ്ങോട്ടു വര്വാ. ഉച്ചയ്ക്ക് അവിടുന്നാ ഫുഡ്. ചക്കപുഴുങ്ങിയതും ഇറച്ചിക്കറീം. വേറൊന്നും വേണ്ടാട്ടോ.''
''ഉം.''
''ശരി. നാളെ കാണാം. ആ ലൊക്കേഷന്‍ മാപ്പൊന്നയച്ചേക്ക്.''
''ഉം.'' ഫോണ്‍ കട്ടായി. എല്‍സയ്ക്ക് അടക്കാനാവാത്ത സന്തോഷം. ഓടി അടുക്കളയില്‍ ചെന്ന് അവള്‍ അമ്മയോടു വിവരം പറഞ്ഞു. സിസിലിക്കും സന്തോഷമായി.
പിറ്റേന്നു ഞായറാഴ്ച പള്ളിയില്‍ പോയിട്ടു മടങ്ങുമ്പോള്‍ കുറുക്കന്‍കുന്ന്കവലയില്‍നിന്ന് രണ്ടുകിലോ പോത്തിറച്ചിയും വാങ്ങിയാണ് സിസിലി വീട്ടിലേക്കു വന്നു കയറിയത്. എല്‍സ അതു നന്നായി കഴുകി  നുറുക്കി ഉപ്പുതിരുമ്മി വച്ചു. സിസിലി പറമ്പിലേക്കിറങ്ങി വരിക്കപ്ലാവില്‍നിന്ന് ഒരു ചക്ക തോട്ടികൊണ്ട് വലിച്ചു താഴെയിട്ടു. അവര്‍തന്നെ അതു ചുമന്നു വീട്ടില്‍കൊണ്ടുവന്നു. വെട്ടി ചുള അടര്‍ത്തിയെടുക്കാന്‍ എല്‍സയും സഹായിച്ചു. ചക്ക അരിഞ്ഞുവച്ചിട്ട് സിസിലി ഇറച്ചി കറിവച്ചു. പന്ത്രണ്ടു മണിയായപ്പോഴേക്കും ഇറച്ചിക്കറിയും ചക്കപ്പുഴുക്കും റെഡി. എല്‍സ രണ്ടിന്റെയും സ്വാദ് നോക്കി. കൊള്ളാം; രണ്ടും ഉഗ്രന്‍.
പന്ത്രണ്ടരയായപ്പോള്‍ ഡോക്ടര്‍ മനു തോമസിന്റെ കാര്‍ സിസിലിയുടെ വീട്ടുമുറ്റത്തു വന്നുനിന്നു. സിസിലിയും എല്‍സയും ഇറങ്ങിച്ചെന്ന് സ്വീകരിച്ച് അകത്തു കയറ്റിയിരുത്തി. മനു എല്‍സയോടു വിശേഷങ്ങള്‍ തിരക്കി. സിസിലി നാരങ്ങാ വെള്ളം എടുക്കാനായി അടുക്കളയിലേക്കോടിയപ്പോള്‍ കുശലം പറഞ്ഞുകൊണ്ട് സ്വീകരണമുറിയിലിരിക്കയായിരുന്നു എല്‍സയും മനുവും. നാരങ്ങാവെള്ളവുമായി തിരിച്ചെത്തിയപ്പോള്‍ മുറ്റത്ത്, ദൂരേക്കു നോക്കി പ്രകൃതി സൗന്ദര്യം  ആസ്വദിച്ചു നില്‍ക്കുകയായിരുന്നു ഡോക്ടര്‍ മനു. തൊട്ടടുത്ത് ഓരോന്നു വിശദീകരിച്ചുകൊണ്ട് എല്‍സയും.
''കാണാന്‍ നല്ല രസമുള്ള സ്ഥലമാണല്ലോ ഇത്.'' നാരങ്ങാവെള്ളം വാങ്ങുന്നതിനിടയില്‍ മനു പറഞ്ഞു.
''കാണാനേ കൊള്ളൂ. ജീവിക്കാന്‍ കൊള്ളില്ല. കാട്ടുമൃഗങ്ങളിറങ്ങുന്ന സ്ഥലമാ. ഇവളുടെ അപ്പനെ കാട്ടാന ചവിട്ടിക്കൊന്നതാ.'' സിസിലിയുടെ മുഖത്തു മ്ലാനത. 
എല്‍സ കഥകളൊക്കെ പറഞ്ഞു: ''ഇവിടടുത്തൊരു പാറയുണ്ട്. അവിടെനിന്നാല്‍ താഴ്‌വാരവും നഗരവുമൊക്കെ കാണാം. നല്ല കാഴ്ചയാ.''
''ങ്ഹ... എല്‍സ എന്നോടു പറഞ്ഞിരുന്നു. ഫുഡ് കഴിച്ചിട്ട് അവിടെവരെ ഒന്നുപോണം. ഇവിടെവരെ വന്ന സ്ഥിതിക്ക് എല്ലാം കണ്ടിട്ടുതന്നെ പോകാം. കാണിച്ചു തരാന്‍ ഇവളുണ്ടല്ലോ.'' അതു പറഞ്ഞിട്ട് മനു എല്‍സയെ നോക്കി ചിരിച്ചു. അവളും ചിരിച്ചു.
''എന്നാ വാ... നമുക്ക് ഭക്ഷണം കഴിക്കാം.'' 
സിസിലിയുടെ പിന്നാലെ ഡോക്ടര്‍ മനു വീട്ടിലേക്കു കയറി. കൈകഴുകിയിട്ട്  ഡൈനിങ് ടേബിളിനരികില്‍ വന്നിരുന്ന എല്‍സയെ നോക്കി പറഞ്ഞു.
''എല്‍സയും ഇരിക്ക്. നമുക്ക് ഒരുമിച്ചിരുന്നു കഴിക്കാം.''
കൈകഴുകിയിട്ട് എല്‍സയും ഇരുന്നു.
ചൂടുള്ള ചക്കപ്പുഴുക്കും ഇറച്ചിക്കറിയും സിസിലി പ്ലേറ്റിലേക്കു വിളമ്പി മനുവിന്റെ മുമ്പിലേക്കു നീക്കിവച്ചു.
ചക്കപ്പുഴുക്ക് ഇറച്ചിച്ചാറില്‍ മുക്കിത്തിന്നിട്ട് മനു പറഞ്ഞു:
''മുഖസ്തുതി പറയുവല്ല. സൂപ്പര്‍! നല്ല പ്രിപ്രേഷനാ. വെരി ടേസ്റ്റി. കഴിക്കാന്‍ പറ്റിയില്ലായിരുന്നെങ്കില്‍ അതൊരു വലിയ നഷ്ടമായേനെ. ഇടയ്ക്കിടെ ഇനീം ഞാന്‍ വരും.''
അതു കേട്ടപ്പോള്‍ താന്‍ ആകാശത്തേക്ക് ഉയരുന്നപോലെ തോന്നി സിസിലിക്ക്. ചക്കപ്പുഴുക്കും ഇറച്ചിക്കറിയും വയറുനിറയെ കഴിച്ചു ഡോക്ടര്‍ മനു.
എണീറ്റ് കൈകഴുകി തുടച്ചിട്ട് എല്‍സയെ നോക്കിപ്പറഞ്ഞു: ''വിളിച്ചതിനും സല്‍ക്കരിച്ചതിനും വളരെ നന്ദി ട്ടോ.''
എല്‍സ ചിരിച്ചുകൊണ്ടു തലകുലുക്കി.
ഭക്ഷണം കഴിഞ്ഞു സ്വീകരണമുറിയില്‍ വന്നു വീണ്ടും വര്‍ത്തമാനം പറഞ്ഞിരുന്നു. തെല്ലുനേരം കഴിഞ്ഞപ്പോള്‍ മനു പറഞ്ഞു:
''നീ കാണിക്കാമെന്നു പറഞ്ഞ സ്ഥലം എവിടാ? കണ്ടിട്ട് എനിക്ക് ഉടനെ പോണം.''
''വാ.''
മനുവിനെ കൂട്ടിക്കൊണ്ട് അവള്‍ വെളിയിലേക്കിറങ്ങി. പറമ്പിലെ ഒറ്റയടിപ്പാതയിലൂടെ നടന്ന് അവര്‍ പാറയുടെ മുകളിലെത്തി. നടന്ന് വലിയ മരത്തിന്റെ ചുവട്ടില്‍ വന്ന് നിന്നിട്ട് എല്‍സ ദൂരേക്കു കൈചൂണ്ടി. 
''നോക്ക്... മനോഹരമല്ലേ?''
''റിയലി, വെരി ബ്യൂട്ടിഫുള്‍. പരുന്തുംപാറയില്‍നിന്നു നോക്കുന്നപോലുണ്ട്.
''ഇവിടിരിക്കാം.'' എല്‍സ പറഞ്ഞു.
എല്‍സ ആദ്യം ഇരുന്നു. പിന്നാലെ മനുവും. ആ നാടിനെപ്പറ്റിയുള്ള വിശേഷങ്ങള്‍ പറഞ്ഞുകൊണ്ട് മരത്തണലില്‍ കാറ്റുകൊണ്ട് ഇരുന്ന് ഇരുവരും സൗഹൃദം പങ്കുവച്ചു.
എല്‍സയ്ക്ക് മറക്കാനാവാത്ത ഒരനുഭൂതിയാണ് ആ സൗഹൃദം സമ്മാനിച്ചത്. 

(തുടരും)

 

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)