•  3 Apr 2025
  •  ദീപം 58
  •  നാളം 5
ശ്രേഷ്ഠമലയാളം

മാതാപിതാക്കളോ മാതാപിതാക്കന്മാരോ?

മാതാവ്, പിതാവ് എന്നീ ഘടകപദങ്ങള്‍ സമാസിക്കുമ്പോള്‍ മാതാപിതാക്കള്‍ എന്ന സമസ്തപദം സൃഷ്ടമാകുന്നു. കൂട്ടിച്ചേര്‍ക്കുമ്പോള്‍ സ്ത്രീയെ കുറിക്കുന്ന ശബ്ദം ആദ്യം വരണമെന്നാണ് സംസ്‌കൃതത്തിലെ വ്യവസ്ഥ; മലയാളത്തിലേതാകട്ടെ നേരേ മറിച്ചും. ഉദാ. മാതാപിതാക്കള്‍ (സംസ്‌കൃതം), അച്ഛനമ്മമാര്‍ (മലയാളം). 

മാതാവ്, പിതാവ് എന്നീ സംജ്ഞാനാമങ്ങളുടെ മൂലരൂപം മാതൃ, പിതൃ എന്നു വരും. ''ഹ്രസ്വമായ ഋകാരത്തിലവസാനിക്കുന്ന രണ്ടു വാക്കുകള്‍ ദ്വന്ദ്വമായി സമാസിക്കുമ്പോള്‍ പൂര്‍വ്വപദാന്ത്യമായ ഋകാരത്തിനു പകരം ആകാരം ആദേശിക്കപ്പെടുന്നു. അതിന് 'ആനങ്ഋതോദ്വന്ദ്വേ'( vi. 3 .25) എന്നു പാണിനീസൂത്രം. ഉദാ: മാതാപിതാക്കള്‍. ഇവിടെ മാതൃശബ്ദവും പിതൃശബ്ദവും ഋകാരാന്തങ്ങളാണ്. മുറയ്ക്ക് മാതൃപിതൃക്കള്‍ എന്നാണു വേണ്ടത്. പക്ഷേ, പ്രസ്തുത നിയമംകൊണ്ട് മാതൃ എന്നിടത്തെ ഋകാരത്തിനു പകരം ആ കാരം വന്നു മാതാപിതാക്കള്‍ എന്ന രൂപം സിദ്ധിക്കുന്നു. അതുപോലെ ''ഹോതാപോതാക്കള്‍.''* മാതാ + പിതാ + കള്‍ = മാതാപിതാക്കള്‍, അമ്മയും അച്ഛനും എന്നര്‍ത്ഥം. ഘടകപദങ്ങള്‍ക്ക് സമപ്രാധാന്യം ലഭിക്കുന്നതിനാല്‍, മാതാപിതാക്കള്‍ ഇതരേതര ദ്വന്ദ്വസമാസത്തില്‍ ഉള്‍പ്പെടും. അന്ത്യപദം പ്രായേണ ബഹുവചനത്തിലായിരിക്കും എന്നതാണ് ഈ സമാസത്തിന്റെ സവിശേഷത.
മാതാപിതാക്കള്‍പോലെ, മാതാപിതാക്കന്മാര്‍ എന്ന സമസ്തപദവും പ്രചാരത്തിലുണ്ട്. ബഹുവചനപ്രത്യയങ്ങളുടെ കാര്യത്തില്‍ ശിഥിലതകള്‍ ഏറെയുണ്ടെങ്കിലും രണ്ടു രൂപങ്ങളോടും ഒറ്റയ്‌ക്കൊറ്റയ്ക്ക് നില്‍ക്കുന്ന പ്രത്യയം ഒടുവില്‍ ചേര്‍ക്കുന്നതാണ് പ്രയോഗവ്യവസ്ഥയ്ക്കു നല്ലത്. മാതാപിതാക്കന്മാര്‍ എന്നിടത്തെ അന്ത്യപദത്തിന്റെ പ്രത്യയം (അന്‍) പുല്ലിംഗമാണ്. അത് മാതാവിനോടു ചേരില്ലല്ലോ. അതേസമയം രാമകൃഷ്ണന്മാര്‍ എന്നിടത്തെ 'അന്‍' രാമനോടും കൃഷ്ണനോടും വെവ്വേറെ ചേരും. ദ്വന്ദ്വസമാസത്തില്‍ പൂര്‍വപദാന്തപ്രത്യയം ലോപിക്കുന്നു എന്നു കരുതുന്നതില്‍ യുക്തിയുണ്ട്. തന്മൂലം 'മാതാപിതാക്കന്മാരെക്കാള്‍', വ്യാകരണശുദ്ധിയുള്ള പ്രയോഗം മാതാപിതാക്കള്‍ ആണെന്നു തോന്നുന്നു.
* നാരായണപിള്ള, പി.കെ., പ്രയോഗദീപിക, സാസ്‌കാരിക പ്രസിദ്ധീകരണവകുപ്പ്, തിരുവനന്തപുരം, 1988, പുറം 128.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)