ഒലിക്കുക, ഒഴുകുക എന്നീ വാക്കുകളെ പര്യായപദങ്ങളായി നിഘണ്ടുകാരന്മാര്‍ കണക്കാക്കുന്നു. വസ്തുതാപരമായി രണ്ടിനും വ്യത്യസ്തസ്വഭാവമുണ്ട്. ഊറിയൂറി നിര്‍ഗമിക്കുന്നതിനാണ് ഒലിക്കുക (to flow smoothly)എന്നു പറയുന്നത്. മൂക്കൊലിപ്പ്, മണ്ണൊലിപ്പ് എന്നിവ ശരിക്കും ഒഴുകലല്ലല്ലോ. ''ജലദോഷമുള്ളവര്‍ ആവിപിടിച്ചാല്‍ മൂക്കൊലിപ്പ് ഇല്ലാതാകും.'', ''മണ്ണൊലിപ്പു തടയാന്‍ കയ്യാല കെട്ടണം'' എന്നീ വാക്യങ്ങളില്‍നിന്ന് ഒലിക്കുക എന്ന ക്രിയാശബ്ദത്തിന്റെ ശരിയായ വിവക്ഷിതം മനസ്സിലാക്കാം. ''ബാഹുവീര്യങ്ങളും ബുദ്ധിപ്രഭകളും/ സ്‌നേഹമൊലിക്കുമുറവകളും''* (ദുരവസ്ഥ) എന്നു കുമാരനാശാന്‍ കുറിച്ചിട്ടുണ്ടല്ലോ.
ദ്രവപദാര്‍ത്ഥം താണസ്ഥലത്തേക്കു തുടര്‍ച്ചയായി പ്രവഹിക്കുന്നതിനാണ് ഒഴുകുക (ീേ ളഹീം) എന്നു പറയുന്നത്. 'വെള്ളപ്പൊക്കത്തില്‍ പശു ഒഴുകിപ്പോയി', 'നദിയിലൂടെ തടി ഒഴുകി വന്നു' എന്നൊക്കെ എഴുതുമ്പോള്‍ ഒഴുകുക എന്നതിന്റെ ഉദ്ദിഷ്ടം വ്യക്തമാകുന്നു. ഒലിക്കുക, ഒഴുകുക എന്നീ ക്രിയാരൂപങ്ങളുടെ സൂക്ഷ്മഭേദം മനസ്സിലാക്കാതെ പ്രയോഗിച്ചു പരിചയിച്ചതിനാലാകണം നിഘണ്ടുക്കള്‍ ഇവയെ പര്യായപദങ്ങളായി ഗണിച്ചത്. അതിന് അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. പ്രയോഗപാഠങ്ങള്‍ നിഘണ്ടുക്കള്‍ക്കു വിഷയമാകും. എന്നാല്‍, ഒലിക്കലും ഒഴുകലും അര്‍ത്ഥപരമായി വ്യത്യസ്തമാണ്. 'മട്ടൊഴുകും വാണിയവള്‍ ചൊല്ലിനാള്‍ മനമുഴറി/ യൊട്ടുതോഴിയോടായൊട്ടു സ്വഗതമായും'' ** (കരുണ) എന്നു പ്രയോഗിച്ചതില്‍ കാവ്യയുക്തിയുണ്ട് എന്ന കാര്യം മറക്കരുത്. ആശയനിവേദനത്തിനായി വാര്‍ത്ത തയ്യാറാക്കുന്നവര്‍ക്ക് ഇത്തരം സ്വാതന്ത്ര്യങ്ങള്‍ ഇല്ല തന്നെ. അത് ആശയക്ലിഷ്ടത ഉണ്ടാക്കാനേ ഉപകരിക്കൂ.'' ഒഴുക്കില്‍പ്പെട്ടുപോകുന്ന ഒഴുകിപ്പോകല്‍ അല്ല, കൊഴുത്ത പരുവത്തിലുള്ളതിന്റെ ഒലിച്ചുപോകല്‍. രണ്ടും വ്യത്യസ്തമാണെന്ന് അറിയുക.*** ജഡം ചീഞ്ഞളിഞ്ഞ് ഒലിച്ചുപോകുന്നു; മലവെള്ളത്തിലാണെങ്കില്‍ ഒഴുകിപ്പോകുന്നു. സന്ദര്‍ഭംകൊണ്ട് വ്യത്യാസം പിടികിട്ടുമല്ലോ!
*കുമാരനാശാന്‍ എന്‍., ആശാന്റെ പദ്യകൃതികള്‍, ഡി.സി. ബുക്‌സ്, കോട്ടയം, 1998, പുറം - 472.
**കുമാരനാശാന്‍ എന്‍., ആശാന്റെ പദ്യകൃതികള്‍, ഡി.സി. ബുക്‌സ്, കോട്ടയം, 1998, പുറം - 555.
***നാരായണന്‍, വി.കെ., വാക്കിന്റെ ഇരുളും പൊരുളും, കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം, 2020, പുറം - 29.
ശ്രേഷ്ഠമലയാളം
ഒലിക്കുക, ഒഴുകുക
