•  25 Apr 2024
  •  ദീപം 57
  •  നാളം 7
ശ്രേഷ്ഠമലയാളം

ശതാഭിഷേകം

ഷ്ടിപൂര്‍ത്തി (അറുപതു തികയല്‍), സപ്തതി ( എഴുപത്), അശീതി (എണ്‍പത്), നവതി (തൊണ്ണൂറ്) എന്നിവപോലെ ശതാഭിഷേകവും ഇപ്പോള്‍ ആചരിച്ചുതുടങ്ങിയിട്ടുണ്ട്. ഒരാളുടെ ആയുസ്സ് നൂറിലെത്തുമ്പോള്‍ ആഘോഷിക്കുന്ന ചടങ്ങല്ല ശതാഭിഷേകം. നവതിക്കുമുമ്പേ അതു നടത്തുന്നു. നൂറു വയസ്സു തികയ്ക്കുന്നവര്‍ ചുരുങ്ങും എന്നതിനാലാവണം ശതാഭിഷേകം നേരത്തേ കൊണ്ടാടുന്നത്. ആയിരം പൂര്‍ണ്ണചന്ദ്രന്മാരെ കാണുന്നു എന്നതത്രേ ശതാഭിഷേകത്തിനുള്ള ഇപ്പോഴത്തെ മാനദണ്ഡം. അതുകൊണ്ട് ജനനംമുതല്‍ ആയിരം തവണ പൂര്‍ണചന്ദ്രന്മാരെ കണ്ടവരെ ആദരിക്കുന്ന ചടങ്ങായിത്തീര്‍ന്നിരിക്കുന്നു ശതാഭിഷേകം. ശത + അഭിഷേകം = ശതാഭിഷേകം (അ + അ = ആ) എന്നതാണ് സന്ധിയുടെ യുക്തി.
    ശതാഭിഷേകകാലത്തെ പലവിധത്തില്‍ നിര്‍ണയിക്കാം. ബോധായനഗൃഹ്യസൂത്രം ഇങ്ങനെ കണക്കാക്കുന്നു: ''ഒരു ചാന്ദ്രമാസം = 29.53050 ദിനങ്ങള്‍. ആയിരം ചാന്ദ്രമാസം = 80 വര്‍ഷം, 11 മാസം, ആറര ദിവസം.  ഇത് ഒരു രീതി. മറ്റൊന്ന്, 30 ദിവസം ഒരു മാസം എന്നു കണക്കാക്കിയാല്‍ 82 വര്‍ഷവും ഒരു മാസവും 21 ദിവസവും പൂര്‍ത്തിയാകുമ്പോള്‍ ശതാഭിഷേകം ആഘോഷിക്കണം. ഇങ്ങനെ രണ്ടു തരത്തിലും ശതാഭിഷേകത്തിനുള്ള ദിവസം കുറിക്കാം.''* നിത്യയോഗവര്‍ഷക്കണക്കില്‍, 83 വര്‍ഷം, ആറുമാസം, 18 ദിവസം കഴിയുമ്പോള്‍ 100 നിത്യയോഗവര്‍ഷം കഴിയും. ഇതു കഴിഞ്ഞുള്ള പിറന്നാളില്‍ (84-ാം വയസ്സില്‍) ശതാഭിഷേകം നടത്താമെന്നും നിരീക്ഷിക്കുന്നുണ്ട്. **
    ഇങ്ങനെയൊക്കെയുള്ള ഗണിതവിധികള്‍ കണക്കിലെടുക്കാതെ, 80-ാം ജന്മദിനത്തില്‍ ചിലര്‍ ശതാഭിഷേകം കൊണ്ടാടാറുണ്ട്. ജന്മദിനത്തെ ആഘോഷമാക്കുന്നതില്‍ തരക്കേടൊന്നുമില്ല. എന്നാല്‍ അത് പിറന്നാള്‍ ആഘോഷമേ ആകൂ; ശതാഭിഷേകമാവുകയില്ല. ശതാഭിഷേകമാകണമെങ്കില്‍ മേല്പറഞ്ഞ കണക്കുകള്‍ ഒക്കണം.
    ശതാഭിഷേകത്തിന് വേദസൂക്തം ചൊല്ലുന്ന എന്നൊരു പതിവുണ്ട്. ''ശതം ജീവ ശരദോ വര്‍ദ്ധമനശ്ശതം ഹേമന്താന്‍ ശതമുവസന്താന്‍.'' ജീവകല വര്‍ദ്ധിച്ച് മറ്റെല്ലാ ഐശ്വര്യങ്ങളോടുംകൂടി ശരത്, ഹേമന്തം, വസന്തം മുതലായ ഋതുക്കളുടെ സമൃദ്ധിയും സൗകുമാര്യവും എല്ലാം അനുഭവിച്ച് 100 വയസ്സു പൂര്‍ത്തിയാകുന്നതുവരെ ജീവിച്ചിരിക്കട്ടെ എന്നുള്ള ആശംസയാണത്. ഈ ദിവസം ദാനധര്‍മ്മങ്ങള്‍ക്കും സവിശേഷപ്രാധാന്യമുള്ളതായിക്കരുതുന്നു. 'നൂറു വയസ്സു പൂര്‍ത്തിയാകുന്നിടംവരെ' എന്നിടത്ത് ശതാഭിഷേകത്തിന്റെ പൊരുള്‍ ഒളിഞ്ഞിരിക്കുന്നു.
* പൗലോസ്, കെ.ജി. ഡോ., ലഘുസംസ്‌കൃതം, ദ്രോണാചാര്യ പബ്ലിക്കേഷന്‍സ്, വള്ളത്തോള്‍ വിദ്യാപീഠം, ശുകപുരം, 2006, പുറം - 63
** ബാലകൃഷ്ണവാര്യര്‍, കെ., അനുഷ്ഠാനവിജ്ഞാനകോശം, മിസ്റ്റിക് ബുക്‌സ്, മാവേലിക്കര, 2002, പുറം - 594,595

 

Login log record inserted successfully!