•  2 May 2024
  •  ദീപം 57
  •  നാളം 8
നോവല്‍

ഒരു കാറ്റുപോലെ

...ഇതാണ് വിഷയം. ഈ വിഷയത്തിന് ഒരു പരിഹാരം കാണണ്ടെ? നിങ്ങളെന്തു പറയുന്നു?
ഫാ. മാത്യു താന്‍ അവതരിപ്പിച്ച വിഷയത്തിന്റെ പ്രതികരണത്തിനായി അധ്യാപകര്‍ ഓരോരുത്തരുടെയും മുഖങ്ങളിലേക്ക് നോക്കി. അധ്യാപകരിലെല്ലാം ഒരു തരം വീര്‍പ്പുമുട്ടലുണ്ടായി. ഫാ. സെബാസ്റ്റിയനാവട്ടെ തലകുമ്പിട്ടിരിക്കുകയാണ്.
ആരും ഒന്നും പറയാതിരിക്കുന്നതുകൊണ്ട് സമയം പോകുന്നതല്ലാതെ പരിഹാരം ഉണ്ടാകുന്നില്ല. ഫാ. മാത്യുവിന്റെ സ്വരത്തില്‍ നീരസവും ദേഷ്യവും കലര്‍ന്നിരുന്നു.
അച്ചനെന്താ ഒന്നും മിണ്ടാത്തത്? ഫാ. മാത്യു ഫാ. സെബാസ്റ്റ്യനോട് ചോദിച്ചു.
ഞാന്‍.. അദ്ദേഹം ഉത്തരം പറയാതെ വിക്കി.
എനിക്ക് സനലിനോട് വ്യക്തിപരമായി യാതൊരു വിദ്വേഷവുമില്ല. പക്ഷേ സ്‌കൂളിന്റെ റെപ്യൂട്ടേഷന്‍.. അത് പ്രധാനപ്പെട്ടതാണ്.പേരന്റ്സ് പലരും ക്ംപ്ലെയ്ന്റ് ചെയ്തു. പോരാഞ്ഞിട്ട് ഇന്നലെ ക്ലാസിലും...
ഫാ. മാത്യു വാക്കുകള്‍ പൂര്‍ത്തിയാക്കിയില്ല.
സനലിന്റെ മദ്യപാനമായിരുന്നു സ്റ്റാഫ് മീറ്റിംങിലെ വിഷയം. സനല്‍  മദ്യപിക്കുന്ന വിവരം പുറത്തറിഞ്ഞുതുടങ്ങിയിരിക്കുന്നു. ആദ്യമൊക്കെ സുമന്‍ കൊണ്ടുവരുന്ന മദ്യം മാത്രമായിരുന്നു അയാള്‍ കുടിച്ചിരുന്നത്. പക്ഷേ പതുക്കെ പതുക്കെ അയാള്‍ അതില്‍ നിന്ന് പുറത്തുകടന്നു. ക്ലാസ് കഴിഞ്ഞു അയാള്‍ ഇപ്പോള്‍ നേരെ പോകുന്നത് ബിവറേജിലേക്കാണ്. അത്തരം ചില യാത്രകളില്‍  സ്റ്റുഡന്റസിന്റെ പേരന്റസ് അയാളെ കാണുകയുണ്ടായി. തുടര്‍ന്നുള്ള നിരീക്ഷണത്തില്‍ അയാള്‍ സ്ഥിരമായി മദ്യപിക്കുന്നുണ്ടെന്നും അവര്‍ മനസ്സിലാക്കി. മദ്യപിക്കുന്നവരാണെങ്കിലും വേറൊരാള്‍ മദ്യപിക്കുന്നതോ മദ്യം വാങ്ങുന്നതോ കാണുമ്പോള്‍ അത് പറഞ്ഞുപരത്തുന്നതും സന്തോഷിക്കുന്നതും സാധാരണമാണല്ലോ. അങ്ങനെയാണ് ഫാ. മാത്യുവിന്റെയും ഫാ. സെബാസ്റ്റ്യന്റെയും കാതുകളില്‍ സനലിന്റെ മദ്യപാന വിവരമെത്തിയത്. കേട്ടമാത്രയില്‍ അവരത് വിശ്വസിച്ചില്ല. കാരണം സനല്‍ അത്തരക്കാരനല്ലെന്ന് അവര്‍ക്കുറപ്പുണ്ടായിരുന്നു. പക്ഷേ സൂക്ഷ്മമായി നിരീക്ഷിച്ചപ്പോള്‍ തലേന്നത്തെ ഹാങ് ഓവര്‍ വി്ട്ടുമാറാതെയാണ് ക്ലാസിലെത്തുന്നതെന്നും പഴയതുപോലെ പഠിപ്പിക്കുന്നില്ലെന്നും അവര്‍ക്ക് മനസ്സിലായി. എങ്കിലും തെളിവുകള്‍ക്ക് വേണ്ടി സനലിനെ നിരീക്ഷിക്കാന്‍ സ്‌കൂളിലെ ചില ഓഫീസ് സ്റ്റാഫിനെ നിയോഗിച്ചു. അവര്‍ കൃത്യമായി  ആ തെളിവ് മൊബൈലില്‍ പകര്‍ത്തിക്കൊണ്ടാണ് വന്നത്. അതോടെ സനല്‍സ്ഥിരം മദ്യപിക്കുന്നുണ്ടെന്ന കാര്യത്തില്‍ സ്ഥിരീകരണം ലഭിച്ചു. ദയയെ വിളിച്ച് കാര്യം ചോദിച്ചപ്പോള്‍ വീടിന്റെ ചിത്രവും വ്യക്തമായി. അതിന് പുറമെയായിരുന്നു കഴിഞ്ഞ ദിവസം ക്ലാസില്‍ വച്ച് സനല്‍ ഛര്‍ദ്ദിച്ചത്. മദ്യത്തിന്റെ ഗന്ധമായിരുന്നു പുറത്തേക്ക് വന്നത്. അതോടെയാണ് സനലിന്റെ കാര്യത്തില്‍ ഒരു തീരുമാനത്തിലെത്തണമെന്ന് മാനേജ്മെന്റ് തീരുമാനിച്ചതും സ്റ്റാഫ് മീറ്റിംങ് വിളിച്ചുകൂട്ടിയതും.
അലോഷ്യസ് സാറെന്തു പറയുന്നു? ഫാ. മാത്യു അലോഷ്യസിനോട് ചോദിച്ചു. ആ ചോദ്യം പ്രതീക്ഷിച്ചിരിക്കുകയായിരുന്നു അലോഷ്യസ്.
നിങ്ങള് വളരെ അടുത്ത സുഹൃത്തുക്കളാണല്ലോ.. ഫാ. മാത്യു അതിന്റെ വിശദീകരണവും നല്കി.അലോഷ്യസ് തലകുലുക്കി
സനല്‍ സാറിന്റെ പേരില്‍ ഏതു ആക്ഷന്‍ എടുത്താലും ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് അധികമായിപ്പോകുമോയെന്നാ എന്റെ പേടി.. അലോഷ്യസ് പറഞ്ഞു.
 നമുക്കറിയാം സ്മിതയുടെ മരണം...
 അതു പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതെ  മാത്യുഅച്ചന്‍ ഇടയ്ക്ക് കയറി.
മരണമൊക്കെ നമ്മുടെ കൈയിലിരിക്കുന്ന കാര്യമാണോ സാറേ..  ഈ ലോകത്തില്‍ ഭാര്യ മരിച്ച ആദ്യത്തെ ഭര്‍ത്താവാണോ സനല്? ഒരു പ്രശ്നത്തെ നേരിടുന്നതിലല്ലേ ആണൊരുവന്റെ കഴിവിരിക്കുന്നത്. അല്ലാതെ ഓടിയൊളിക്കുന്നതിലാണോ.. ഇത് ശരിയായ രീതിയല്ല. എനിക്കതിനെപ്രോത്സാഹിപ്പിക്കാനും കഴിയില്ല. സെന്റിമെന്റസ് പറഞ്ഞ് അയാളോട് സഹാനുഭൂതി കാണിക്കുന്നത് അയാളെ ഒരിക്കലും രക്ഷപ്പെടുത്തില്ല.
കുട്ടികള്‍ക്ക് മാതൃകയാകേണ്ട ഒരാള്‍ ഇങ്ങനെ മദ്യപിക്കുന്നത് ശരിയാണോ..  രജനി ടീച്ചര്‍ ചോദിച്ചു.
അച്ചന്‍ പറഞ്ഞത് ശരിയാ..സ്‌കൂളിന്റെ സല്‍പ്പേര് നോക്കണ്ടെ? ഇത്രയും വര്‍ഷം കൊണ്ട് നേടിയെടുത്ത പേരുമുഴുവന്‍ ഒറ്റഒരാള്‍ കാരണം കളയുകയാന്നുവച്ചാ.. മനോജ് സാര്‍ മാത്യു അച്ചനെ പിന്താങ്ങി.
സസ്പെന്‍ഷനോ അതോ ഡിസ്മിസിലോ..  അബ്രഹാം സാര്‍ മാത്യുഅച്ചന്റെ മുഖത്തേക്ക് നോക്കി.
സസ്പെന്റ് ചെയ്താല്‍ മതി.. ഫാ. സെബാസ്റ്റ്യന്‍ ആദ്യമായി ശ്ബ്ദിച്ചു.
 തിരിച്ചുവരാന്‍ അയാള്‍ക്കൊരു അവസരം കൊടുക്കണ്ടെ? സനല്‍ ഇപ്പോള്‍ ഒരു രോഗിയാണ്. മദ്യപാന രോഗി.രോഗിയാണെന്ന് മനസ്സിലായിക്കഴിയുമ്പോള്‍ സനലിനോടുള്ള കുട്ടികളുടെയും പേരന്റ്സിന്റെയും സമീപനത്തിലും മാറ്റം വരും. എത്രയോ വര്‍ഷമായി നമ്മുടെ സ്‌കൂളില്‍ വര്‍ക്ക് ചെയ്യുന്ന ആളാ.. ഇത്രയും ഡെഡിക്കേറ്റഡായ,  മറ്റൊരാള്‍ ഈ  കൂട്ടത്തില്‍ പോലും കുറവാ. സിബിഎസ്ഇ കലോത്സവത്തിലൊക്കെ നമ്മുടെ കുട്ടികള്‍ ഒന്നും രണ്ടും സമ്മാനങ്ങള്‍ നേടിയതിനും നമ്മുടെ സ്‌കൂളിന് ഫെയിം ലഭിച്ചതിലുമൊക്കെ സനലിന്റെ പങ്ക് മറക്കാനാവില്ല. അതുകൊണ്ട് ഏതു തീരുമാനമെടുത്താലും ഒരു ശിക്ഷയായിട്ടല്ല രക്ഷയായിട്ട് വേണം ചെയ്യാന്‍. അതുകൊണ്ട് നമ്മുടെ തന്നെ ഏതെങ്കിലും   ഒരു സ്ഥാപനത്തില്‍ അയച്ച് സനലിനെ രക്ഷപ്പെടുത്തിയെടുക്കണമെന്നാണ് എനിക്ക് തോന്നുന്നത്. മാത്രവുമല്ല ഈ പ്രായത്തില്‍അയാളെ പിരിച്ചുവിടുന്നത്  ക്രൂരതയുമാണ്.
 മതി.. ഒരു രണ്ടുമാസത്തേക്ക് നമുക്ക് സനലിനെ സസ്പെന്റ് ചെയ്യാം. ഫാ. മാത്യുവിന് ആശ്വാസമായി.
തീരുമാനങ്ങള്‍ എടുക്കുന്നത് വൈകാരികമായിട്ടായിരിക്കരുത്, വിവേകപൂര്‍വ്വമായിരിക്കണം. സനലിനെ എനിക്കും ഇഷ്ടമാണ്. പക്ഷേ ഒരു അധ്യാപകന്‍ സ്ഥിരമായി മദ്യപിക്കുന്നതും മദ്യപിച്ചു ക്ലാസില്‍ വരുന്നതും നമുക്കെങ്ങനെ കൈയും കെട്ടി നോക്കിയിരിക്കാന്‍ കഴിയും... റീതിങ്കിംങിന് അയാള്‍ക്ക് സമയം കൊടുക്കാം.  ആ സമയം കൊണ്ട് അയാളെ പഴയതുപോലെയാക്കിയെടുക്കേണ്ട ഉത്തരവാദിത്തം അലോഷ്യസ് സാറ് ഏറ്റെടുക്കണം.
ശരി ഫാദര്‍.. അലോഷ്യസ് തലകുലുക്കി.
എങ്കില്‍ ശരി പ്രാര്‍ത്ഥിച്ചിട്ട് നമുക്ക് മീറ്റിംങ് അവസാനിപ്പിക്കാം. ഫാ. മാത്യു കണ്ണടച്ച് കൈകള്‍ കൂപ്പി.
 അടുത്ത ദിവസം സ്റ്റാഫ് റൂമിലിരുന്ന് എന്തോ എഴുതുകയായിരുന്ന സനലിനെ പ്യൂണ്‍ ബിനോയി വന്ന് അറിയിച്ചു
മാനേജരച്ചന്‍ സാറിനെ വിളിക്കുന്നു.
 സനല്‍ ചുറ്റിനുമുള്ള മുഖങ്ങളിലേക്ക് നോക്കി. ആരും പ്യൂണിന്റെ ശബ്ദം പോലും കേട്ടതായി ഭാവിക്കാതെ പുസ്തകത്തിലേക്കും മൊബൈലിലേക്കും മുഖം പൂഴ്ത്തി. സനലിന് ചിരിവന്നു. അയാള്‍  എഴുതിക്കൊണ്ടിരുന്നതിന്റെ ചുവടെ ഒരു വര വരച്ച്, ആ പേപ്പര്‍ നാലായി മടക്കി പോക്കറ്റലിട്ടുകൊണ്ട് അ്ച്ചന്റെ മുറിയിലേക്ക് ചെന്നു.
സാറിരിക്ക്.. മുറിയിലേക്ക് വന്ന സനലിനോട് അച്ചന്‍ പറഞ്ഞു.
മടുക്കക്കുന്ന് എന്നൊരു സ്ഥലം കേട്ടിട്ടുണ്ടോ സാറ്..
അങ്ങനെയാണ് അച്ചന്‍ തുടങ്ങിയത്.
സനല്‍ ഉണ്ടെന്നോ ഇ്ല്ലെന്നോ പറഞ്ഞില്ല.
നമ്മുടെ വാഗമണ്‍ പോലെയൊരു സ്ഥലമാ.. കു്ന്നും മലകളും എല്ലാമുള്ള ബ്യൂട്ടിഫുള്‍ പ്ലെയ്സ്. ഒന്നു ഫ്രഷാകാന്‍ അവിടം പറ്റിയസ്ഥലമാ..  ഞാന്‍ ചിലപ്പോ എന്തെങ്കിലുമൊക്കെ സ്ട്രസ് വരുമ്പോ  അവിടെ പോയി തങ്ങും. അവിടത്തെ കാറ്റും തണുപ്പും മഞ്ഞും കൊണ്ട് കുറച്ചുദിവസം കഴിയുമ്പോ തിരികെ വരുന്നത് ഡബിള്‍ എനര്‍ജിയിലാ.. ഫാ. മാത്യു ചിരിച്ചു

സനല്‍ സാറിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ അങ്ങോട്ട് ഒന്ന് മാറിനില്ക്കുന്നത് നല്ലതാ.. ഒരു രണ്ടുമാസം. അല്പം മെഡിറ്റേഷന്‍.. വായന.. പ്രാര്‍ത്ഥന.. അവിടെ അങ്ങനെയൊരു സെന്ററുമുണ്ട്. സനല്‍ പണ്ട് എഴുതുമായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. ആ എഴുത്തിനെയൊക്കെ തിരിച്ചുപിടിക്കാന്‍ ഒരു അവസരമായിട്ട് കണ്ടാ മതി.. കുട്ടികളുടെയോ ഫാദറിന്റെയോ കാര്യമോര്‍ത്ത് വിഷമിക്കണ്ടാ.. കുട്ടികളെ നമ്മുടെ ബോര്‍ഡിംങില്‍ ആക്കാം. ഫാദറിനെ സിസ്റ്റേഴ്സിന്റെ ഓള്‍ഡ് ഏ്ജ് ഹോമിലും.. വെറും രണ്ടുമാസത്തെ കാര്യമല്ലേയുള്ളൂ.. വേണ്ടതെല്ലാം ഞങ്ങള് ചെയ്തിട്ടുണ്ട്. എല്ലാം സനലിനോടുള്ള സ്നേഹം കൊണ്ടാ..സനല്‍ ഞങ്ങളോട് ഒന്നു സഹകരിച്ചാ മതി.
സനല്‍ അച്ചനെ നോക്കി ചിരിച്ചു. ആ ചിരിയില്‍ എന്തോ നിഗൂഢത ഉള്ളതുപോലെ അച്ചന് തോന്നി. സനല്‍ മറുപടിയൊന്നും പറയാതെ പോക്കറ്റില്‍ നിന്ന് പേപ്പറെടുത്ത് അച്ചന്റെ നേരെ നീട്ടി.
എന്താ ഇത്? അച്ചന്‍ ആകാംക്ഷയോടെ ചോദിച്ചുകൊണ്ട് ആ പേപ്പര്‍ വാങ്ങി.
രാജിക്കത്ത്.. സനല്‍ അത്രയും പറഞ്ഞതിന് ശേഷം എണീറ്റു. അയാള്‍ അച്ചന് നേരെ കൈകള്‍ കൂപ്പി. നന്ദിയും സ്നേഹവും നിറഞ്ഞ രീതിയില്‍..
സനല്‍.. അച്ചന്‍ നടുക്കത്തോടെ ചാടിയെണീറ്റു.
സനല്‍ ശാന്തനായി മുറിവിട്ടു. സ്‌കൂളിന്റെ നീണ്ടവരാന്തയിലൂടെ അയാള്‍ പുറംതിരിഞ്ഞ് നടന്നുപോകുന്നത് ഫാ. മാത്യു ചങ്ക് പൊടിയുന്ന വേദനയോടെ നോക്കി നിന്നു

( തുടരും)

 

 

Login log record inserted successfully!