•  25 Apr 2024
  •  ദീപം 57
  •  നാളം 7
നോവല്‍

ഒരു കാറ്റുപോലെ

''നീ... നീയെന്റെ പെങ്ങളെ...''
റോയ് പല്ലു ഞെരിച്ച് സനലിന്റെ കവിളത്ത് രണ്ടാമതും അടിച്ചു. അപ്രതീക്ഷിതമായ ആ ആഘാതത്തില്‍ സനല്‍ കട്ടിലിലേക്കു വീണുപോയി. അയാളെ റോയ് കാലുയര്‍ത്തി ചവിട്ടാന്‍ ഭാവിച്ചപ്പോള്‍ രോഷ്‌നി ഇടയ്ക്കു കയറി.
''ചേട്ടായീ പ്ലീസ്...'' അവള്‍ കരഞ്ഞുകൊണ്ട് റോയിയുടെ കാലില്‍ കടന്നുപിടിച്ചു.
''വിടെടീ...'' റോയി ദേഷ്യത്തോടെ അവളെ പിന്നിലേക്കു തള്ളിയിട്ടു. രോഷ്‌നി തലയടിച്ചു നിലത്തേക്കു വീണു. അകത്തെ മുറിയിലായിരുന്ന ദയയും ബെഞ്ചമിനും ബഹളം കേട്ടു വാതില്ക്കലേക്കോടിയെത്തി. മുമ്പില്‍ കണ്ട കാഴ്ചയുടെ നടുക്കത്തില്‍ അവര്‍ സ്തബ്ധരായി നിന്നു.
''എന്നതാ അവിടെയൊരു ബഹളം. എന്റെ കര്‍ത്താവേ, എനിക്കൊന്നും മനസ്സിലാകുന്നില്ലല്ലോ.'' ജോസഫ് കട്ടിലില്‍ കിടന്നു ബഹളംവച്ചു.
''നാട്ടുകാരു നിന്നെക്കുറിച്ച് ഓരോന്ന് അടക്കം പറയുന്നതു കേട്ടപ്പോ ഞാനതൊന്നും വിശ്വസിച്ചില്ല. പക്ഷേ, ഇപ്പോ... നീയിത്ര വൃത്തികെട്ടവനായിപ്പോയോ, ഇതായിരുന്നു നിന്റെ ഉള്ളിലിരുപ്പ് അല്ലേ? നിന്നെ കണ്ണുംപൂട്ടി വിശ്വസിച്ചതോണ്ടാണല്ലോടാ ഞാനെന്റെ പെങ്ങളെ ഇങ്ങോട്ടു വിടാന്‍ പേടിക്കാതിരുന്നെ. എന്നിട്ട് നീയെനിക്കു പ്രതിഫലം തന്നല്ലോടാ.''
റോയിയുടെ ഓരോ വാക്കും സനലിന്റെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുകയായിരുന്നു. എന്താണ് ഇവിടെ സംഭവിച്ചതെന്നോ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നോ സനലിന് ഓര്‍മ ലഭിച്ചില്ല. പതുക്കെപ്പതുക്കെ സംഭവിച്ചതെല്ലാം അയാളുടെ ഓര്‍മയിലേക്കു തിരികെയെത്തി. രോഷ്‌നി തന്റെ അടുക്കലെത്തിയത്, താന്‍ അവളെ കെട്ടിപ്പിടിച്ചു കരഞ്ഞത്.
അയ്യോ, എന്റെ ദൈവമേ എന്ന ആര്‍ത്തനാദം സനലിന്റെ ഉള്ളില്‍നിന്നുയര്‍ന്നു.
 അവളെ കെട്ടിപ്പിടിച്ച ഈ കരങ്ങള്‍ പഴുത്തു വ്രണമായി പോകട്ടെ. അവളുടെ ഉദരത്തില്‍ അമര്‍ന്ന തന്റെ മുഖം വിരൂപമായിപോകട്ടെ. ദൈവമേ, ഇതെങ്ങനെ ഞാന്‍ സഹിക്കും? എനിക്കെന്താണു സംഭവിച്ചത്?  റോയ് പറഞ്ഞതുപോലെ ഞാന്‍ ഇത്രയ്ക്കും വൃത്തികെട്ടവനായിപ്പോയോ? ഇത്രയ്ക്ക് അധമനായിപ്പോയോ? പക്ഷേ, അടുത്ത നിമിഷംതന്നെ അയാള്‍ക്കു മനസ്സിലായി, താന്‍ തെറ്റു ചെയ്തിട്ടില്ല, തന്റെ മനസ്സില്‍ പാപമില്ലായിരുന്നു.  രോഷ്‌നിയെന്നും തനിക്കു പെങ്ങളായിരുന്നു. തന്റെ അനിയത്തിക്കുട്ടി. ഒരു നിശ്ചിതപ്രായത്തിനുശേഷം മകന്‍ അമ്മയെ കെട്ടിപ്പിടിച്ചാലും അച്ഛന്‍ മകളെ ചുംബിച്ചാലും അതില്‍പ്പോലും തെറ്റു കണ്ടെത്തുന്നവരായി മാറിക്കഴിഞ്ഞിരിക്കുന്നു നമ്മുടെ സമൂഹം. അതിനിടയിലേക്കാണ് രക്തബന്ധംപോലുമല്ലാത്ത ഒരു പെണ്‍കുട്ടിയെ ഒരുവന്‍ കെട്ടിപ്പിടിക്കുന്നത്. ആ സ്പര്‍ശനത്തെ തെറ്റായിത്തന്നെ കാണുവാനേ എല്ലാവര്‍ക്കും കഴിയൂ. അതിനപ്പുറം അതിനെ കാണാന്‍ മാത്രം ആരുടെയും മനസ്സ് വലുതായിട്ടില്ല, പക്ഷേ, സ്പര്‍ശനം എന്നത് ആശ്വാസമാണെന്ന് ആരുമെന്തേ തിരിച്ചറിയാതെപോകുന്നു. ആരെയങ്കിലും സ്പര്‍ശിക്കുന്നതല്ല, മാനസികമായി അടുപ്പവും സ്നേഹവും തോന്നുന്ന ഒരാളെ വേദനയുടെ തീവ്രതയില്‍ ആലിംഗനം ചെയ്യുമ്പോള്‍, ആ സ്പര്‍ശം നല്കുന്ന ആശ്വാസം എത്രയധികമായിരിക്കുമെന്ന് അങ്ങനെയൊരാള്‍ക്കു മാത്രമേ മനസ്സിലാവുകയുള്ളൂ.
സങ്കടപ്പെരുമഴയില്‍ നനഞ്ഞുനില്ക്കുകയായിരുന്നു താന്‍. തനിക്കൊരാശ്വാസം വേണമായിരുന്നു. ഒന്നു കെട്ടിപ്പിടിച്ചു കരയാന്‍ ഒരാള്‍ വേണമായിരുന്നു. അത് ആരായാലും മതിയായിരുന്നു. അങ്ങനെയൊരു നിമിഷത്തിലാണു താന്‍. എന്നാലും,
''എന്റെ മോളേ, ഞാന്‍.'' സനല്‍ ഇരുകരങ്ങളും മലര്‍ത്തി രോഷ്‌നിയെ നോക്കി വിലപിച്ചു. രോഷ്നി തലകുമ്പിട്ടുനിന്ന് ഏങ്ങലടിച്ചു.
''ഞാനൊരു തെറ്റും ചെയ്തിട്ടില്ല റോയീ. ഞാനൊരു തെറ്റും ചെയ്തിട്ടില്ല.'' സനല്‍ ആവര്‍ത്തിച്ചു.
''ഞാന്‍ എന്റെ കണ്ണുകൊണ്ടു കണ്ടതു പിന്നെയെന്നതാടാ.'' റോയ് വീണ്ടും കരമുയര്‍ത്തി.
''അയ്യോ ചേട്ടായി,'' രോഷ്‌നി വീണ്ടും കൈയ്ക്കു കയറിപ്പിടിച്ചു. ''സനുച്ചേട്ടനെ തല്ലല്ലേ.''
''നിന്റെയൊരു സനുച്ചേട്ടന്‍.'' റോയ് പെട്ടെന്നു കരംവീശി രോഷ്നിയുടെ കവിളത്തടിച്ചു.
''നീ അവന് സപ്പോര്‍ട്ട് നില്ക്കുന്നോ. അതോ നീയും കൂടി ഒത്തോണ്ടാണോടീ ഇതെല്ലാം.'' റോയ് അലറിക്കൊണ്ടു ചോദിച്ചു.
''അയ്യോ.'' സനല്‍ തലയില്‍ കൈവച്ചുപോയി. ആരോ ചെളിവാരി ദേഹത്തേക്ക് ഇട്ടതുപോലെയാണ് രോഷ്‌നിക്കു തോന്നിയത്.
താന്‍ ഈ നിമിഷം ഭൂമി പിളര്‍ന്നു മറഞ്ഞുപോയിരുന്നുവെങ്കിലെന്ന് രോഷ്‌നി ആഗ്രഹിച്ചു. ഈ അപമാനം തനിക്കു സഹിക്കാനാവില്ല. ഈ തെറ്റുധാരണ തനിക്കു  സഹിക്കാനാവില്ല. റോയ് അടിച്ചത് അവളെ വേദനിപ്പിച്ചില്ല. പക്ഷേ, സനലിനു കൊണ്ട ഓരോ അടിയും അവളുടെ ഹൃദയത്തിലാണു പതിഞ്ഞത്. എന്നാല്‍, ആ വേദനകളെക്കാള്‍ എല്ലാം ഇപ്പോള്‍ റോയിയുടെ ആരോപണം അവളെ തളര്‍ത്തിക്കളഞ്ഞിരിക്കുന്നു.
''നിനക്ക് എന്നെക്കാള്‍ വലുതല്ലായിരുന്നോടീ ഇവന്‍. എന്നിട്ട്, എന്നിട്ടു കണ്ടില്ലേ. ഒറ്റയ്ക്കു നിന്നെ കിട്ടിയപ്പോ, ച്ഛേ,'' പൂര്‍ത്തിയാക്കാന്‍ കഴിയാതെ റോയ് ബുദ്ധിമുട്ടി.
''ചേട്ടായി വിചാരിക്കുന്നതുപോലെയൊന്നുമല്ല കാര്യങ്ങള്‍.'' രോഷ്നി കരഞ്ഞുകൊണ്ടു വിശദീകരിക്കാന്‍ ശ്രമിച്ചു.
''മിണ്ടിപ്പോകരുത് നീ. മിണ്ടിപ്പോകരുത്.'' റോയ് അവളുടെ ഏറ്റവും അടുക്കലെത്തി ചൂണ്ടുവിരലുയര്‍ത്തി അടക്കി നിര്‍ത്തിയ ശബ്ദത്തില്‍ പറഞ്ഞു. ''അപ്പോ ഞാന്‍ കണ്ടതോടീ. എന്റെ കണ്ണെന്താ പൊട്ടക്കണ്ണാണോ?''
അതേ, കണ്ണുകൊണ്ടു കണ്ടത്. സനല്‍ തലചലിപ്പിച്ചു. സത്യമല്ല തെളിവുകളാണു പ്രധാനം. തെളിവുകള്‍ സംസാരിക്കുമ്പോള്‍ സത്യത്തിനെന്തു വില?
സത്യം എപ്പോഴും മറഞ്ഞുനില്ക്കുന്നു. പക്ഷേ, തെളിവുകള്‍ എപ്പോഴും തെളിഞ്ഞുനില്ക്കുന്നു. സത്യംപോലെ തോന്നിക്കുന്ന നുണകളുണ്ട്. നുണയായി മാറുന്ന സത്യങ്ങളുമുണ്ട്.
''മോളേ.'' രോഷ്‌നിയെ നോക്കി സനല്‍ കൈകള്‍ കൂപ്പി.
അറിയാതെ ഞാന്‍ നിന്നെ സ്പര്‍ശിച്ചുപോയല്ലോ. അറിയാതെ ഞാന്‍ നിന്നെ ആലിംഗനം ചെയ്തുപോയല്ലോ. പക്ഷേ, വാക്കുകളൊന്നും പുറത്തേക്കു വന്നതേയില്ല. അയാളുടെ കൈകൂപ്പലില്‍ എല്ലാം അടങ്ങിയിരുന്നു. അയാള്‍  ഉള്ളില്‍ ഏറ്റുപറഞ്ഞ മനസ്താപത്തിന്റെ വാക്കുകള്‍. അയാളുടെ നിസ്സഹായത. എല്ലാം.
''നിന്റെ സൂക്കേട്. സെമിത്തേരിയിലെ മണ്ണ് ഉറച്ചുപോയിട്ടില്ലല്ലോടാ. അതിനു മുമ്പേ നീ...'' റോയ് പുച്ഛിച്ചു.
''നിന്നെ പോലീസില്‍ ഏല്പിക്കുകയാ വേണ്ടത്. അതു ചെയ്യാത്തത് ആ പിള്ളേരോടു ഞാന്‍ കാണിക്കുന്ന സഹതാപമായിട്ടു കരുതിയാല്‍ മതി.'' ഒന്നും മനസ്സിലാവാതെ അന്തിച്ചുനില്ക്കുന്ന ദയയെയും ബെഞ്ചമിനെയും നോക്കി റോയ് പറഞ്ഞു.
''വാടീ ഇവിടെ.'' അവന്‍ രോഷ്നിയുടെ കൈയ്ക്കു പിടിച്ചു.
''ഇനി ഇവിടേക്കു നീ വന്നാല്‍''
അതുപോലെതന്നെ റോയ്  സനലിനോടും പറഞ്ഞു:
''ഇനി എന്തിനെങ്കിലും നീ  ഇവളെ വിളിച്ചാല്‍.'' അതൊരു താക്കീതായിരുന്നു. ഭീഷണിയായിരുന്നു.
റോഷ്നിയെ വലിച്ചിഴച്ചെന്നോണമാണ് റോയി കൊണ്ടുപോയത്. പോകുമ്പോള്‍ രോഷ്നി ദയനീയമായി സനലിനെ നോക്കുന്നുമുണ്ടായിരുന്നു. തനിക്കു സംഭവിച്ച വേദനയെയും അപമാനത്തെയുംകാള്‍ ഈ സംഭവം സനലിനെ എന്തുമാത്രം പ്രതികൂലമായി ബാധിച്ചിട്ടുണ്ട് എന്നതിനെക്കുറിച്ചാണ് അവള്‍ ആലോചിച്ചത്. ഈ മനുഷ്യനെ ദൈവം സങ്കടങ്ങള്‍കൊണ്ടാണോ  നിര്‍മിച്ചത്? എന്തിനാണ് ഇത്രയധികം സങ്കടങ്ങള്‍ തുടര്‍ച്ചയെന്നോണം ദൈവം സനലിന്റെ ജീവിതത്തിലേക്ക് ഇട്ടുകൊടുത്തിരിക്കുന്നത്? അവളുടെ ഉള്ളില്‍ നടന്ന സംഘര്‍ഷങ്ങള്‍ ആ വിധത്തിലായിരുന്നു. വാതിലിനപ്പുറം രോഷ്നി മാഞ്ഞുപോയി. ഇനിയൊരിക്കലും തന്റെ ജീവിതത്തിലേക്ക് അവള്‍ കടന്നുവരില്ലെന്ന് സനലിന് ഉറപ്പായിരുന്നു. തന്റെ ഒരു നിമിഷത്തെ അവിവേകം. അശ്രദ്ധ. അതു ബന്ധങ്ങളെ തകര്‍ത്തിരിക്കുന്നു. തനിക്കെന്താണു സംഭവിച്ചത്? സംഭവിച്ചുകൊണ്ടിരിക്കുന്നത്? സനല്‍ മുഖമുയര്‍ത്തി നോക്കി. തന്നെ ഉറ്റുനോക്കിക്കൊണ്ടു നില്ക്കുന്ന മക്കള്‍. ഭയവും സങ്കടവും നിറഞ്ഞ കണ്ണുകള്‍.
''വാ.'' അയാള്‍ ശബ്ദമുണ്ടാക്കാതെ കൈകള്‍ കാട്ടി മക്കളെ വിളിച്ചു.
അവരുടെ മനസ്സിലെന്താവും? അവരെന്താവും മനസ്സിലാക്കിയിട്ടുണ്ടാവുക? ബെഞ്ചമിന്‍ കുട്ടിയാണ്. അവനൊന്നും വേര്‍തിരിച്ചറിയാന്‍ പ്രായമായിട്ടില്ല. പക്ഷേ, ദയ അങ്ങനെയല്ല. അവള്‍ക്കു മനസ്സിലാവും കാര്യങ്ങള്‍. അവളുടെ മുമ്പില്‍ തന്റെ അപ്പന്‍ വെറുമൊരു വൃത്തികെട്ടവനായിരിക്കുന്നു. മക്കളുടെ മുമ്പില്‍ തെറ്റുകാരായി തലകുനിക്കേണ്ടിവരുന്ന മാതാപിതാക്കള്‍. അതു വല്ലാത്തൊരു നിമിഷമാണ്. മറ്റെവിടെയൊക്കെ തെറ്റുകാരായാലും മക്കളുടെ മുമ്പില്‍ മാലിന്യമില്ലാതെ നിവര്‍ന്നുനില്ക്കാന്‍ കഴിയുക എന്നതൊരു ധൈര്യമാണ്. അതാണു തനിക്കു നഷ്ടമായിരിക്കുന്നത്.
''വാ.'' തൊണ്ട ഇടറി സനല്‍ വിളിച്ചു. ദയയും ബെഞ്ചമിനും സനലിന്റെ അടുക്കലേക്ക് ഓടിവന്നു. അയാള്‍ മക്കളെ രണ്ടുകരങ്ങള്‍കൊണ്ടും തന്നോടു ചേര്‍ത്തമര്‍ത്തി.
''എന്റെ മക്കളേ.'' അയാള്‍ വിതുമ്പിക്കരഞ്ഞു.
''പപ്പേ. പപ്പേ പപ്പയ്‌ക്കെന്നതാ പറ്റിയെ.'' ദയ കരഞ്ഞുകൊണ്ട് ചോദിച്ചു.
ദയ കരഞ്ഞപ്പോള്‍ ബെഞ്ചമിനും കരഞ്ഞു.
അപ്പനും മക്കളും ഒരുമിച്ചു കരഞ്ഞുതുടങ്ങി.
(തുടരും)

 

Login log record inserted successfully!