•  2 Dec 2021
  •  ദീപം 54
  •  നാളം 35
വലിയ കുടുംബങ്ങളില്‍ വസന്തം വിരിയുമ്പോള്‍

ഒരുമയില്‍ തെളിയുന്ന പ്രകാശനാളങ്ങള്‍

ഗൈനക്കോളജിസ്റ്റിനെക്കണ്ട് ദേഷ്യംപിടിച്ച മുഖത്തോടെ മുറിക്കു പുറത്തേക്കിറങ്ങിയ ആ സ്ത്രീയുടെ പിന്നാലെ, തൂവെള്ള വസ്ത്രമണിഞ്ഞ ഒരു പെണ്‍കുട്ടി ഓടിച്ചെന്നു. കൊച്ചുകുട്ടിയെ ഒക്കത്തുവച്ച് കൗണ്‍സലിങ് റൂമിലേക്കു ധൃതിയില്‍ നീങ്ങുകയായിരുന്ന അവരോട് ആ പെണ്‍കുട്ടി പറഞ്ഞു: ''പ്ലീസ്, കുഞ്ഞിനെ അബോര്‍ട്ട് ചെയ്യല്ലേ. കൈയിലിരിക്കുന്ന ഈ കുഞ്ഞുവാവയെപ്പോലെതന്നല്ലേ ചേച്ചീ, ഉള്ളിലുള്ളതും?''
''അതെന്റെ കാര്യമല്ലേ? അബോര്‍ഷന്‍ ചെയ്യാതെ എനിക്കു പറ്റില്ല. ഈ കുഞ്ഞിനെക്കൂടി എനിക്കിപ്പോ താങ്ങാന്‍ വയ്യ. വഴീന്നു മാറ്.'' അവരുടെ ഭാവം മാറി. നഴ്‌സിങ് വിദ്യാര്‍ത്ഥിയായ ആ പെണ്‍കുട്ടിക്ക് അതു സഹിച്ചില്ല. അവള്‍ പറഞ്ഞു: ''നിങ്ങളിപ്പോള്‍ ഉള്ളിലുള്ള കുഞ്ഞിനെ കൊന്നുകളഞ്ഞോ, കൈയിലിരിക്കുന്ന കുട്ടി മരിച്ചാല്‍ നിങ്ങളെന്തു ചെയ്യും പിന്നെ?''
ഒരു നിമിഷം ഒന്നു സ്തബ്ധയായി നിന്നെങ്കിലും ആ സ്ത്രീ മുന്നോട്ടുതന്നെ നീങ്ങി.
മാസങ്ങള്‍ കടന്നുപോയി. പെണ്‍കുട്ടിയുടെ ഡ്യൂട്ടി ലേബര്‍ റൂമിലേക്കു മാറി. ലേബര്‍റൂമിലെ വേദനനിറഞ്ഞ ഞരങ്ങലുകള്‍ക്കും വിതുമ്പലുകള്‍ക്കുമിടയില്‍ ഒരു ദിവസം പെട്ടെന്ന് 'സിസ്റ്റര്‍' എന്നൊരു വിളി. തിരിഞ്ഞുനോക്കിയപ്പോള്‍ നിറവയറുമായി കിടക്കുന്ന ഒരു സ്ത്രീ. അവര്‍ ആ പെണ്‍കുട്ടിയുടെ കൈപിടിച്ച് അവരുടെ വയറിന്മേല്‍ മെല്ലെ ചേര്‍ത്തുവച്ചിട്ട് നിറയുന്ന കണ്ണുകളോടെ പറഞ്ഞു: ''സിസ്റ്റര്‍, ഇതു  സിസ്റ്ററിന്റെ കുട്ടിയാണ്. നിങ്ങളുടെ വാക്കുകളാണ് ഈ കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്തിയത്.''
കുറച്ചു മാസങ്ങള്‍ക്കുമുമ്പ് അബോര്‍ഷനായി എത്തിയ ആ സ്ത്രീയെ തിരിച്ചറിയാന്‍ പെണ്‍കുട്ടിക്ക് അധികസമയം വേണ്ടിവന്നില്ല.
ജീവന്റെ ഇടങ്ങളെ വണങ്ങാന്‍ മറന്നവര്‍ക്കു മുന്നില്‍ പിന്നെയും പല തവണ ആ പെണ്‍കുട്ടി കൈകൂപ്പിനിന്നു, 'അരുതേ'യെന്ന യാചനയോടെ.
ആദ്യമായി തന്നെ പെണ്ണു കാണാന്‍ വന്ന 'പ്രകാശ്' എന്ന പയ്യന്റെ അടുത്തും ഒരു ഡിമാന്റ് മാത്രമേ അവള്‍ക്കുണ്ടായിരുന്നുള്ളൂ: ''എല്ലാറ്റിനും നിങ്ങള്‍ കണക്കു വച്ചോളൂ. കുഞ്ഞുങ്ങള്‍ക്കു ജന്മം കൊടുക്കുന്നതില്‍ ഒഴികെ.''
ഇത് 'നിഷ.' നേടിയ ബോധ്യങ്ങളെ സ്വന്തം ജീവിതംകൊണ്ടു സാക്ഷ്യപ്പെടുത്തിയവള്‍. കട്ടപ്പനയിലെ കാമാക്ഷിയില്‍ നിന്നു മൂന്നിലവ് 'കുന്നത്ത്' വീട്ടിലെ പ്രകാശിന്റെ ജീവിതത്തിലേക്കു 'പ്രകാശം പരത്തുന്ന പെണ്‍കുട്ടി'യായി കടന്നുവന്നവള്‍. നല്ലൊരു ഇലക്ട്രീഷ്യനായ പ്രകാശിനെ തന്റെ നിലപാടുകള്‍കൊണ്ട് പല പ്രാവശ്യം ഷോക്കടിപ്പിച്ചിട്ടുണ്ട് നിഷ.
സന്തോഷവും പ്രാര്‍ത്ഥനയും നിറഞ്ഞ തങ്കമണിയിലെ വീട്. കൂട്ടുകാരനെപ്പോലെ പപ്പാ, തണലായി അമ്മ. കട്ടപ്പന സെന്റ് ജോണ്‍സില്‍നിന്ന് നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കിയശേഷം വിവാഹം, പ്രകാശുമൊത്ത് ജോലിക്കായി ഡല്‍ഹിയിലേക്ക്, വീണ്ടും തനിയെ സൗദിയിലേക്കുള്ള യാത്ര, രണ്ടു വര്‍ഷത്തിനുശേഷം  പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക്. ''അലച്ചിലിന്റെ ഇരുള്‍മൂടിയ ദിനങ്ങളിലെല്ലാം  കര്‍ത്താവും പ്രകാശും കൂടെയുണ്ടായിരുന്നു. ചെന്നിടങ്ങളിലെല്ലാം ധാരാളം സുഹൃത്തുക്കളും അവരുടെ കരുതലും.'' ജീവിതം കരുപ്പിടിപ്പിക്കാന്‍, നടന്നു തീര്‍ത്ത വഴികളെപ്പറ്റി, ചൊല്ലിത്തീര്‍ത്ത ജപമാലകളെപ്പറ്റി പറയുകയാണു നിഷ.
''ചെറുപ്പത്തിലേ, ഹാര്‍ട്ടിന്റെ വാല്‍വിനു പ്രശ്‌നമുള്ള എന്നോട്, വിവാഹം കഴിക്കാനോ, കുട്ടികളുണ്ടാവാനോ പാടില്ല എന്ന് ചില ഡോക്‌ടേഴ്‌സ് പറഞ്ഞിട്ടുണ്ടെന്നു വിതുമ്പിയപ്പോള്‍, 'കര്‍ത്താവിലും വലിയ ഡോക്ടറേതുണ്ട്? എനിക്കു നിന്നെ മതി' എന്നു പറഞ്ഞ് ചേര്‍ത്തുനിര്‍ത്തിയ പ്രകാശാണ് എനിക്കു ദൈവം തന്ന ഏറ്റവും വലിയ സമ്മാനം. തനിയെ കെട്ടിപ്പടുത്തതാണ് ഞങ്ങളീ ജീവിതം. തുണയായിരുന്ന പപ്പ മരിച്ചതോടെയാണ് ഞാന്‍ നാട്ടിലുള്ള കുഞ്ഞിനും പ്രകാശിനുംവേണ്ടി ജോലി അവസാനിപ്പിച്ച്, സൗദിയില്‍നിന്നു തിരിച്ചുപോന്നത്. പിന്നെയുള്ള നാലു കുഞ്ഞുങ്ങളുടെ ജനനം, ചെറിയൊരു വീട്, അബക്കസ് പഠനം, പിന്നീടതു പഠിപ്പിക്കുന്ന ജോലി... ജീവിതത്തിന്റെ പരുപരുത്ത വഴികളിലെല്ലാം ദൈവം കൂടെയുണ്ടായിരുന്നു. ഓരോ കുഞ്ഞും ജനിച്ചപ്പോള്‍ ആരോഗ്യവും സമ്പത്തും അവിടുന്ന് കൂടുതല്‍ തന്നു. ചങ്കു പറിച്ചുതരുന്ന സൗഹൃദങ്ങളെ കൂടെത്തന്നു.'' ആറാമത്തെ കുഞ്ഞിനുവേണ്ടി ആറ്റുനോറ്റിരിക്കുന്ന നിഷയുടെ ശബ്ദത്തില്‍, കൃതജ്ഞതയോടൊപ്പം അഭിമാനവും നിറഞ്ഞിരുന്നു.
''വിവാഹം എനിക്കു പറ്റുമെന്നു തോന്നുന്നില്ല പ്രകാശേ, കുട്ടികളുണ്ടാവാന്‍ പാടില്ലെന്നാ പറയുന്നത്'' നിഷയുടെ ശബ്ദം ഇപ്പോഴും മനസ്സിലുണ്ട്. ഇനി എന്നെ ഒഴിവാക്കാനായിരിക്കുമോ എന്ന് ആദ്യം സംശയിച്ചു. തരിമണലില്‍ മുട്ടുകുത്തിനിന്ന് കൈവിരിച്ചു പ്രാര്‍ത്ഥിച്ചു. എന്നിട്ട് 'എനിക്കിവള്‍ മതി' എന്നു തീരുമാനിച്ചു. അന്നുതൊട്ടിന്നോളം സുഖത്തിലും ദുഃഖത്തിലും ആരോഗ്യത്തിലും അനാരോഗ്യത്തിലും അവളെന്നോടൊപ്പമുണ്ട്. ഞാന്‍ സ്വതവേ പിശുക്കനാണ്. പക്ഷേ, ഞാന്‍ പിശുക്കു പഠിച്ച കോളജിലെ പ്രഫസറാണവള്‍. എന്തും അത്യാവശ്യത്തിനു മാത്രം. കുട്ടികള്‍ക്കും അതറിയാം. 'പപ്പയുടെ കൈയില്‍ പൈസയുണ്ടോ' എന്നവര്‍ ആദ്യം ചോദിക്കും, എന്നിട്ടേ ആവശ്യം പറയൂ. 'നോ' പറയേണ്ടിടത്ത് 'നോ' പറയുകതന്നെ ചെയ്യും.'' പ്രകാശ് പറഞ്ഞുനിര്‍ത്തി.
ഏതേതു കൈകള്‍ തമ്മില്‍ ചേര്‍ത്തുവച്ചാലാണ് 'ഒറ്റക്കൈ' ആവുന്നതെന്നും ഏതൊക്കെ ചങ്കുകള്‍ ചേര്‍ത്താലാണ് 'ഇരട്ടച്ചങ്കി'ന്റെ ബലമുണ്ടാവുന്നതെന്നും  ചേര്‍ത്തുവയ്ക്കുന്നവനറിയാം. അവന്റെ വഴികള്‍ എത്ര വിചിത്രം...
''ഞങ്ങള്‍ രണ്ടുപേരില്‍ ഒരാള്‍ക്കു വയ്യാതായാല്‍ മറ്റേയാളുടെ ആരോഗ്യം കൂടും. രാവിലെ ഭക്ഷണം തയ്യാറാക്കാനും തുണികള്‍ വൃത്തിയാക്കാനും കുഞ്ഞുങ്ങളെ നോക്കാനും എല്ലാം പ്രകാശ് റെഡിയാണ്. ഒരുമിച്ച് അധ്വാനിക്കും, ഒരുമിച്ചു തീരുമാനിക്കും, ഒരുമിച്ചു ചെലവാക്കും. എട്ടാം ക്ലാസ്സുകാരനായ തോമസില്‍നിന്ന്, ജിയന്നയും ജേക്കബും ജോസഫും, കടന്നു ജോണിലെത്തുമ്പോഴേക്ക് വികൃതിയുടെ ഗ്രാഫ് കുത്തനേ ഉയരുകയാണ്. ഇവരുടെ കുറുമ്പുകളും കുസൃതികളും കാണുന്നതില്‍പ്പരം സന്തോഷം മറ്റെന്തുണ്ട്?'' നിഷ ചോദിക്കുമ്പോള്‍, ഹൃദയം തരളിതമാകുന്നു.
വളഞ്ഞ വഴികളിലൂടെ ദൈവം നേരേ എഴുതുകയാണ് പ്രകാശിന്റെയും നിഷയുടെയും ജീവിതം. അല്ലെങ്കിലും, ഈറ്റുനോവുകളെ സ്‌നേഹിക്കുന്നവരെ സാക്ഷ്യപ്പെടുത്തുന്നത് സ്വര്‍ഗമായിരിക്കും, മനുഷ്യരേക്കാളധികം.