•  2 Dec 2021
  •  ദീപം 54
  •  നാളം 35
വചനനാളം

ശക്തനായവന്‍ ശരണം

ഒക്‌ടോബര്‍ 24  ഏലിയ സ്ലീവാ മൂശ   ഒമ്പതാം ഞായര്‍
നിയ 13:12-18 ഏശ 41:8-16
ഗലാ 6:1-10മത്താ 8:23-34

പ്രപഞ്ചശക്തികളെപ്പോലും പാദപീഠമാക്കിയ കര്‍ത്താവിന്റെ  ശയനശയ്യയാണ് കുരിശ്. ഒരു മലദൂരംതന്നെ തോളിലേന്തിയവനെ ഒരു മൃതിദൂരം ആ മരം മാറിലേന്തി. അതുകൊണ്ടുതന്നെ കുരിശ് ക്രിസ്ത്യാനികള്‍ക്കു ശക്തിയും കുരിശിലേറിയവന്‍ ശരണവുമാണ്. അന്നു നിന്ദിക്കപ്പെട്ടവന്റെ വിശുദ്ധമായ തൂക്കുമരമാണ് ഇന്നു വിശ്വമാകെ വന്ദിക്കപ്പെടുന്നത്. നമ്മുടെ വിശ്വാസജീവിതമാകുന്ന നൗകയുടെ ''പായ്മര''മായി ക്രൂശും, ''പങ്കായ''മായി ക്രൂശിതനും ഉണ്ടായിരിക്കണമെന്ന പ്രബോധനത്തിലാണ് വചനവായനകള്‍ പ്രകാശം വീശുന്നത്.
ഒന്നാം വായനയിലെ ചിന്തകള്‍ ആദ്യപ്രമാണത്തിന്റെ പ്രാധാന്യത്തെയും അതിന്റെ ലംഘനത്തിന്റെ അനന്തരഫലത്തെയുംകുറിച്ചുമുള്ളവയാണ്. ഉറക്കംകെടുത്തുന്ന ചില വാക്കുകള്‍ ഉച്ചരിക്കുന്ന ദൈവം പ്രത്യക്ഷത്തില്‍ 'സ്വാര്‍ത്ഥന്‍' , 'പ്രതികാരി', 'അസൂയാലു' എന്നൊക്കെ തോന്നാമെങ്കിലും, തിന്മയോടു യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത  അവിടുത്തെ കാര്‍ക്കശ്യത്തിന്റെ ധ്വനിയാണ് അവയ്‌ക്കെല്ലാമുള്ളത്. തന്റെ വാത്സല്യഭാജനങ്ങള്‍ വഴിപിഴച്ചുപോകുന്നതു കാണാന്‍ കെല്പില്ലാത്ത ഒരപ്പന്റെ ആത്മരോദനവും അവിടുത്തെ കരുണയുടെയും കരുതലിന്റെയും ആഴവും അവയിലുണ്ട്. ദൈവമക്കളെന്ന നിലയില്‍ നമുക്കു നല്കപ്പെട്ടിട്ടുള്ളവയൊന്നും നാശക്കൂമ്പാരമായി മാറരുത്. എന്തു വില കൊടുത്തും സംരക്ഷിക്കേണ്ട ഒന്നാണ് ഏകസത്യദൈവത്തിലുള്ള വിശ്വാസം. നല്ല തമ്പുരാനു നമ്മെ നോക്കി നെടുവീര്‍പ്പിടാന്‍ നാം ഇടവരുത്തരുത്.
രണ്ടാം വായനയിലെ ചിന്തകള്‍ തന്റെ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കും ദാസര്‍ക്കും ദൈവം തരുന്ന ശക്തിയുടെയും സഹായത്തിന്റെയുമായ ചില ഉറപ്പുകളെപ്പറ്റിയാണ്. 'ഭയക്കേണ്ട, ഞാന്‍ കൂടെയുണ്ട്' എന്ന മൂന്നു വാക്കുകളില്‍ വിശുദ്ധ ഗ്രന്ഥത്തിന്റെ മുഴുവന്‍ സന്ദേശവുമുണ്ട്. വിവിധ തരത്തിലുള്ള സംഭ്രമങ്ങളുടെയും സന്ദേഹങ്ങളുടെയുമൊക്കെ മധ്യേ കഴിയുന്ന മനുഷ്യകുലത്തിന് ഇതിലും വലിയ സമാശ്വാസം പകരുന്ന വചനം മറ്റേതു വേദത്തിലാണുള്ളത്? മഹാമാരികളും മരണചിന്തയും മാനസികസംഘര്‍ഷങ്ങളും തൊഴിലില്ലായ്മയും മതതീവ്രവാദവും സാമ്പത്തികഞെരുക്കങ്ങളുമൊക്കെ  സമകാലികജീവിതസാഹചര്യങ്ങളില്‍ സൃഷ്ടിക്കുന്ന വിഭ്രാന്തികള്‍ക്കു നടുവിലും കര്‍ത്താവു നീട്ടുന്ന രക്ഷയുടെ കരങ്ങള്‍ കാണാന്‍ നമ്മുടെ വിശ്വാസക്കണ്ണുകള്‍ക്കു കാഴ്ചയുണ്ടോ?  സത്യദൈവത്തില്‍ അഭയമര്‍പ്പിച്ചു കഴിയുന്നവരുടെ ശത്രുക്കള്‍ ശൂന്യരാക്കപ്പെടുമെന്നുള്ള മുന്നറിയിപ്പ് ഈ കാലഘട്ടത്തിനനുയോജ്യമാണ്. അനിശ്ചിതത്വങ്ങളുടെയും ആശങ്കകളുടെയും അതിപ്രസരമുള്ള അവസരങ്ങളിലും അനശ്വരമായ ആനന്ദമനുഭവിക്കാന്‍ കര്‍ത്താവിനെ കൂട്ടുപിടിക്കുന്നവര്‍ക്കു സാധിക്കും. നമ്മുടെ ഉള്ളംകൈയില്‍ അവിടുത്തെ അദൃശ്യവിരലുകളുണ്ടോ?
മൂന്നാം വായനയിലെ ചിന്തകള്‍ രണ്ടാം വായനയിലെ ഉറപ്പുകള്‍ നമ്മില്‍ നിക്ഷേപിക്കുന്ന ചില കടമകളെക്കുറിച്ചാണ്. തോളായി തമ്മില്‍ത്തമ്മില്‍ തുണയ്ക്കാനും തണലായി സാന്ത്വനമരുളാനും ക്രൈസ്തവര്‍ക്കുള്ള കര്‍ത്തവ്യം വലുതാണ്. അടുപ്പത്തിന് അയിത്തവും കരസഹായത്തിനു പരിധികളുമൊക്കെയുള്ള കൊവിഡ്‌നാളുകളില്‍ പരസ്പരം ഭാരങ്ങള്‍ വഹിക്കേണ്ടത് ഹൃദയങ്ങള്‍ കോര്‍ത്തുകൊണ്ടാണ്. ശാരീരികമായ അകലം പാലിക്കുമ്പോഴും ഓര്‍മകളില്‍ മറ്റുള്ളവര്‍ക്കും അവരുടെ ദുഃഖങ്ങള്‍ക്കും  സ്വല്പംകൂടി സ്ഥലം കൊടുക്കാന്‍ നമുക്കാവണം. കദനഭാരം പങ്കിടാന്‍ കരങ്ങള്‍ വേണമെന്നില്ല. അതിരുകല്ലും കടന്നുപോകുന്ന അയല്‍പക്കചിന്തയുണ്ടാകണം. കഷ്ടതകള്‍ക്കു കണക്കില്ലാത്ത ഈ കാലത്ത് പരമാവധി പരോപകാരികളാകാം. കൈയറിഞ്ഞുകൊടുക്കുന്ന ഒരു കവിള്‍ കുടിവെള്ളംവരെ സ്വര്‍ഗത്തിലെ സുകൃതങ്ങളുടെ പട്ടികയില്‍ കുറിക്കപ്പെടുന്നുണ്ട്. ഓര്‍ക്കണം, സ്വാര്‍ത്ഥത്തിനായി സ്‌നേഹം നടിക്കുന്നതല്ല, സ്‌നേഹത്തിനായി സ്വാര്‍ത്ഥം വെടിയുന്നതാണ് യഥാര്‍ത്ഥ 'സ്‌നേഹയുദ്ധം.'
സുവിശേഷത്തിലെ ചിന്തകള്‍ കടലിലെ ഭയത്തില്‍നിന്ന് പ്രിയശിഷ്യരെയും, കരയിലെ ഭയത്തില്‍നിന്ന് പ്രദേശവാസികളെയും രക്ഷിക്കാന്‍ ക്രിസ്തു പ്രവര്‍ത്തിക്കുന്ന ഇരട്ടയദ്ഭുതങ്ങളെക്കുറിച്ചാണ്. ക്രിസ്തുശിഷ്യരുടെ ജീവിതവും ഭാഗധേയവും എന്താണെന്നതിന്റെ സൂചനകള്‍ വചനങ്ങളിലുണ്ട്. ശക്തനായവനില്‍ ശരണമര്‍പ്പിച്ചുകൊണ്ടുള്ള ജീവിതവും, അവനരുളുന്ന അനശ്വരസമാധാനത്തിലുള്ള ഭാഗഭാഗിത്വവും സാധ്യമാകുമ്പോള്‍ ഓരോ ക്രിസ്ത്യാനിയുടെയും ആയുസ്സ് സഫലമാകും. ഒന്നാമത്തെ അദ്ഭുതത്തില്‍, കടലിലെ പൈശാചികശക്തികളുടെമേല്‍ തനിക്കുള്ള അധികാരം പ്രദര്‍ശിപ്പിക്കാനും, അല്പവിശ്വാസത്തിന്റെ അപകടം മനസ്സിലാക്കിക്കൊടുക്കാനും ഒരു        'വിശ്വാസപരീക്ഷ'യിലേക്ക് ഗുരുശിഷ്യഗണത്തെ  തുഴഞ്ഞുകൊണ്ടുപോകുന്ന പ്രതീതി. നടുക്കടലിലെ നടുക്കുന്ന സംഭവങ്ങളെല്ലാം  'കര്‍ത്താവേ, കാക്കണമേ' എന്നുള്ള  വിളി ജീവിതയാത്രയില്‍ ആരും വിസ്മരിക്കരുതെന്ന് ഓര്‍മിപ്പിക്കുന്നു. അനുദിനജീവിതത്തിലുണ്ടാകുന്ന  ആകുലതകള്‍, വ്യാധികള്‍, നഷ്ടങ്ങള്‍, ഭയങ്ങള്‍, സഹനങ്ങള്‍ ആദിയായവയുടെയൊക്കെ മധ്യത്തിലും കര്‍ത്താവ് കൂട്ടുള്ളവരാണ് ക്രിസ്ത്യാനികള്‍. നസ്രായന്‍ നമ്മുടെ വഞ്ചിയിലുണ്ടെങ്കില്‍ നെഞ്ചു നീറേണ്ടതില്ല. അവന്‍ വള്ളത്തിലുണ്ടെങ്കില്‍ അതില്‍ വെള്ളം കയറുമെന്നോര്‍ത്ത് ഉള്ളം കലങ്ങേണ്ട കാര്യമില്ല. പരിപാലിക്കുന്നവന്‍ പടവിലുണ്ടെങ്കില്‍ പേടി പാടില്ല. വിശ്വവാരിധിയില്‍ നമ്മുടെ വിശ്വാസത്തോണിയെ തകര്‍ക്കാനുയരുന്ന തിരകളെ തിരിച്ചറിഞ്ഞ് അവയെ തരണം ചെയ്യാനുള്ള വരത്തിനായി അപേക്ഷിക്കാം. ഉലയുന്ന നൗകയില്‍ 'ഉറങ്ങുന്നവ'നെ ഉണര്‍ത്താതെയുള്ള വിശ്വാസത്തിന്റെ വിശാലതയിലേക്കാണ് നാം തണ്ടുവലിക്കേണ്ടത്. വലിയ കാറ്റിനും അലമാലകള്‍ക്കുമിടയിലും വഞ്ചിയിലുണ്ടായിരുന്ന ശാന്തതയാണ് ശക്തനായവനില്‍ നാം അര്‍പ്പിക്കുന്ന ശരണത്തിന്റെ ആത്യന്തികഫലം. രണ്ടാമത്തെ അദ്ഭുതത്തില്‍, കരയിലെ പൈശാചികശക്തികളെ കാല്ക്കീഴിലാക്കുന്ന കര്‍ത്താവിനോട് തങ്ങളെ വിട്ടുപോകണമെന്ന് ആവശ്യപ്പെടുന്ന ജനക്കൂട്ടത്തെ  നാം കാണുന്നു. ഇന്നും അവനെ അംഗീകരിക്കാന്‍ വിമുഖരായവരുണ്ട്. അവനില്‍നിന്നകലം പാലിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്ന അടുപ്പങ്ങള്‍ ആരോടൊക്കെ, എന്തിനോടൊക്കെയുള്ളവയാണ്? നമ്മുടെ ആത്മീയഭദ്രതയ്ക്കു ഭീഷണിയായുള്ള സകല സൈത്താനികകെട്ടുകളെയും അവനു സമര്‍പ്പിക്കാം. ശാശ്വതമായ ശാന്തതയുടെ പേരാണ് യേശു. ശക്തനായ അവനില്‍ ശരണപ്പെട്ടുകൊണ്ട് അവനോട് ആവുന്നത്ര ചേര്‍ന്നുനില്ക്കാം. അകറ്റിനിര്‍ത്തേണ്ട അനര്‍ത്ഥമല്ല, അടുത്തുനിര്‍ത്തേണ്ട അഭയമാണവന്‍. ഏലിയാ-സ്ലീവാ-മൂശക്കാലങ്ങളുടെ ഈ അവസാന ആഴ്ചയിലും ചിന്തകളുടെ പിന്നോട്ടം ആദ്യ ആഴ്ചയിലെ 'കണ്ണില്ലാത്തവരുടെ കാഴ്ച'യിലേക്കു തന്നെ. കാഴ്ചയില്ലാതിരുന്നവരൊക്കെ  കര്‍ത്താവിനെക്കണ്ട്, അവനില്‍ ശരണപ്പെട്ടു സുവിശേഷങ്ങളില്‍ ഇടംനേടി. കാണുന്ന കണ്ണുകളുള്ള നമുക്കൊക്കെ എന്നാണ് ഇത്തിരിയിടം കിട്ടുക?