•  18 Apr 2024
  •  ദീപം 57
  •  നാളം 6
ശ്രേഷ്ഠമലയാളം

സ്വാഗതം

സംസ്‌കൃതത്തിലെ ആകാരാന്തപദങ്ങളെ അകാരാന്തങ്ങള്‍ ആക്കിയാണ് മലയാളത്തില്‍ ഉപയോഗിക്കുന്നത്. ജിജ്ഞാസാ - ജിജ്ഞാസ; ശുശ്രൂഷാ - ശുശ്രൂഷ. ഹ്രസ്വാദങ്ങളോടെയേ മലയാളപ്രത്യയങ്ങള്‍ ചേര്‍ക്കാറുള്ളൂ. ജിജ്ഞാസയില്‍, ശുശ്രൂഷയാല്‍. എന്നാല്‍, സംസ്‌കൃതസമസ്തപദങ്ങളില്‍ ദീര്‍ഘം നിലനില്‍ക്കും. ജിജ്ഞാസാനീതന്‍, ശുശ്രൂഷാനിരതന്‍.
സ എന്ന പൂര്‍വ്വപ്രത്യയവും പൂര്‍വ്വം എന്ന പരപ്രത്യയവും നാമത്തോടു ചേര്‍ക്കാം. സസ്‌നേഹം - സ്‌നേഹപൂര്‍വ്വം; സധൈര്യം - ധൈര്യപൂര്‍വ്വം; സോന്മേഷം - ഉന്മേഷപൂര്‍വ്വം; സവിനയം - വിനയപൂര്‍വ്വം. പുരപ്രത്യയവും പരപ്രത്യയവും ഒരുമിച്ചുചേര്‍ത്ത്, ''സസ്‌നേഹപൂര്‍വ്വം'', ''സധൈര്യപൂര്‍വ്വം,' 'സോന്മേഷപൂര്‍വ്വം, ''സവിനയപൂര്‍വ്വം'' എന്നെല്ലാം പ്രയോഗിക്കരുത്. പൂര്‍വ്വം പരപ്രത്യയമായി നില്‍ക്കുമ്പോള്‍ ''കൂടി'' എന്നര്‍ത്ഥം. ''വിനീതപൂര്‍വ്വം'' എന്ന് ഒരു ലേഖനത്തില്‍ പ്രയോഗിച്ചിരിക്കുന്നതു കണ്ടു. തെറ്റാണ്. വിനീതി എന്ന നാമരൂപത്തോട് പൂര്‍വ്വം ചേര്‍ത്ത് വിനീതിപൂര്‍വ്വം എന്നു പദമുണ്ടാക്കിയാല്‍ തെറ്റാവില്ല. എങ്കിലും വിനയപൂര്‍വ്വം എന്നതാണ് ശരിയായ അര്‍ത്ഥം തോന്നിക്കാന്‍ നല്ലത്.''*
സഹ എന്നതിന്റെ സംക്ഷിപ്തരൂപമായ ഒരു സ (prefix) സംസ്‌കൃതത്തിലുണ്ട്, വിശേഷണങ്ങളോടു ചേര്‍ക്കുന്നു. സഭാര്യന്‍ (ഭാര്യയോടു കൂടിയവന്‍), സവിസ്തരം (വിസ്താരത്തോടെ) സസന്തോഷം (സന്തോഷത്തോടെ). സുതരാം എന്നതിന്റെ സംക്ഷിപ്തരൂപമായ സു (prefix) ക്രിയാവിശേഷണങ്ങളിലാണ് അധികവും കാണുന്നത്. സുധീരം, സുസൂക്ഷ്മം (സധീരം, സസൂക്ഷ്മം ഇവ തെറ്റ്) മൂര്‍ത്തം എന്നു മതിയാകുന്നിടത്ത് 'സമൂര്‍ത്തം' എന്നെഴുതിക്കാണാറുണ്ട്. മൂര്‍ത്തി (രൂപം) ഉള്ളതാണ് മൂര്‍ത്തം. സരൂപം  എന്നും പറയാം.
നല്ല എന്നര്‍ത്ഥമുള്ള ഒരു സു(prefix)വും സംസ്‌കൃതത്തിലുണ്ട്. സുഷ്ഠു എന്നതിന്റെ ചുരുക്കരൂപമാണത്. സു+ആഗതം സന്ധിയില്‍, സ്വാഗതം എന്നാകുന്നു. 'സുഷ്ഠു ആഗതം സ്വാഗതം' (നല്ലവണ്ണം വന്നെത്തുന്നത്)** എന്നു പദനിഷ്പത്തി. സ്വാഗതത്തിനു മുന്‍നിലയെന്നവണ്ണം വീണ്ടും സു ചേര്‍ത്ത് 'സുസ്വാഗതം' എന്ന പ്രയോഗം ആവശ്യമില്ല. അതിഥികളെ സ്വീകരിക്കാന്‍ പറയുന്ന മംഗളവാക്ക്, സുഖമായി വന്നുചേരല്‍ തുടങ്ങിയ വിവക്ഷിതങ്ങളും സ്വാഗതം എന്ന പദത്തിനുണ്ട്.
സംസ്‌കൃതവ്യാകരണത്തിന്റെ 'ഹരിശ്രീ' പഠിക്കാന്‍ മിനക്കെടാതെ പദസൃഷ്ടിക്കു പുറപ്പെട്ടാല്‍ തൊട്ടതെല്ലാം അവതാളത്തിലാകും. സ്വന്തം പാണ്ഡിത്യം പ്രകടിപ്പിക്കണം എന്നാണ് നിര്‍ബന്ധമെന്നു വന്നാല്‍ പിന്നെ രക്ഷയില്ല!
* ലീലാവതി, എം., ഡോ., നല്ലെഴുത്ത്, കേരള മീഡിയ അക്കാദമി, കൊച്ചി, 2016, പുറം - 65
** രാജഗോപാല്‍, എന്‍.കെ., സംസ്‌കൃതനിരുക്തകോശം, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 1999, പുറം - 241.

 

Login log record inserted successfully!