•  28 Mar 2024
  •  ദീപം 57
  •  നാളം 4
വലിയ കുടുംബങ്ങളില്‍ വസന്തം വിരിയുമ്പോള്‍

ദൈവം പുനര്‍നിര്‍മിച്ച സ്‌നേഹവീട്

സിജി പറഞ്ഞുതുടങ്ങിയപ്പോള്‍ മഴയും പെയ്ത്തുനിര്‍ത്തി കാതോര്‍ത്തുനിന്നു, എനിക്കൊപ്പം. ''എല്ലാ സങ്കടങ്ങള്‍ക്കുള്ളിലും സന്തോഷത്തിന്റെ ചില വളപ്പൊട്ടുകള്‍ എന്റെ തമ്പുരാന്‍ എനിക്കുവേണ്ടി ഒളിപ്പിച്ചുവയ്ക്കും. ഞാനതുകൊണ്ടിപ്പോള്‍ ഒന്നിനെക്കുറിച്ചും ആകുലപ്പെടാറില്ല, വീട്ടിലുയരുന്ന ആരവങ്ങള്‍ക്കു നന്ദിപറയുകയല്ലാതെ. കുലുക്കി നിറച്ച് മടിയില്‍ ഇട്ടുതരുന്നവന്‍ കൂടെയുള്ളപ്പോ ആരോടു പരാതി പറയാന്‍?''
പാലാ വലവൂര്‍ താളംപ്ലാക്കിയില്‍ വീട്ടില്‍ നിന്ന് സിജി ഇതു പറയുമ്പോള്‍ ആ വാക്കുകള്‍ക്കു സ്‌നേഹത്തിന്റെ ഈണവും പ്രാര്‍ത്ഥനയുടെ താളവുമായിരുന്നു. ഇടുക്കിയില്‍നിന്നു മലയിറങ്ങി വലവൂരു വന്ന മിടുക്കിയാണ്. രാജാക്കാട്ടെ കല്ലും മുള്ളും മലയും മഞ്ഞും ശരീരത്തെ പാകപ്പെടുത്തിയതുപോലെ, ജീവിതം സിജിയുടെ മനസ്സിനെയും സഹനത്തിന്റെ കടകോലുകൊണ്ട് കടഞ്ഞുപാകമാക്കിയിട്ടുണ്ട്. പത്തു വര്‍ഷം വാടകവീട്ടില്‍ കഴിഞ്ഞ സമയം, മൂത്ത കുഞ്ഞിന്റെ രോഗം, ജോബിയുടെ മദ്യപാനം... നീന്തിക്കടന്ന സങ്കടക്കടലുകളെപ്പറ്റി പറയുമ്പോള്‍ ഇപ്പോള്‍ ആ സ്വരം ഇടറുന്നില്ല. കരഞ്ഞുപ്രാര്‍ത്ഥിച്ചാല്‍ തുറന്നുകിട്ടാത്ത വാതിലുകളില്ല, കടന്നുപോവാനാവാത്ത പ്രതിസന്ധികളുമില്ലെന്ന് ജീവിതം സിജിയെ പഠിപ്പിച്ചുകഴിഞ്ഞു.
ഓരോ കുഞ്ഞും ഉള്ളില്‍ വളരുന്നത് അമ്മയെ ഭക്ഷിച്ചാണ്. പക്ഷേ, ആകുലതകളുടെ നാളുകളിലൊന്നില്‍ ഒരു കുഞ്ഞിനെ അബോര്‍ട്ടു ചെയ്താലോ എന്നാലോചിച്ച ഭീകരരാത്രിയെപ്പറ്റി പറയുമ്പോള്‍ സിജിയുടെ ചങ്കിപ്പോഴും പിടയ്ക്കുന്നുണ്ട്: ''മാതാവ് കാത്തതാണ്. അമ്മയോടു പ്രാര്‍ത്ഥിച്ച് മനസ്സിനൊരു വെട്ടം കിട്ടിയില്ലായിരുന്നെങ്കില്‍, ഒരിക്കലും തീരാത്ത ഒരു വേദന ഞാനെന്റെ ഹൃദയത്തില്‍ പേറേണ്ടിവന്നേനെ.''
ഐവര്‍സംഘത്തിലെ മൂത്തവന്‍ പതിമ്മൂന്നുകാരന്‍ ജോയലാണ്. പതിനൊന്നുകാരി ആഗ്നസും, എട്ടു വയസുകാരി അല്‍ഫോന്‍സയും, ഏഴു വയസ്സുകാരി ആന്‍മരിയയും, യുകെജിക്കാരന്‍ ജോസഫും പിന്നാലേ... സന്തോഷം പടരുകയാണ്, വീട്ടില്‍ കലപിലകള്‍ നിറയുമ്പോള്‍. അമ്മയുടെകൂടെ അടുക്കളയിലും അടിച്ചുവാരാനും പഠിക്കാനും പഠിപ്പിക്കാനും എല്ലാം കുട്ടിക്കൂട്ടം കൂടും. ഏതു 'നിലവാരോമീറ്റര്‍' വച്ചളക്കും നമ്മളീ സന്തോഷങ്ങളെ?
''കൊച്ചി പഴയ കൊച്ചിയല്ല, പക്ഷേ ബിലാല് പഴയ ബിലാലാണ്. മമ്മൂട്ടി സിനിമയിലെ പ്രസിദ്ധമായ ഡയലോഗാണ്. പക്ഷേ, എന്റെ കാര്യത്തില്‍ കൊച്ചി പഴയ കൊച്ചി തന്നെ. ബിലാലിപ്പം പഴയ ബിലാലല്ല!'' ജോബി പറഞ്ഞു: ''അവളെന്നെ മാറ്റിക്കളഞ്ഞു കേട്ടോ, സുല്ലിടീച്ചു.'' കേട്ടപ്പോള്‍ ചുണ്ടില്‍ പുഞ്ചിരി വിരിഞ്ഞെങ്കിലും തെറ്റിപ്പോയെന്ന് ഏറ്റുപറയാനുള്ള നന്മയില്ലാത്ത ഇക്കാലത്ത് ജോബിയുടെ ഏറ്റുപറച്ചില്‍ അദ്ഭുതമായിത്തോന്നി. പച്ചമനുഷ്യന്‍. ഹൃദയംകൊണ്ടാണയാള്‍ സംസാരിക്കുന്നത്. ''ഞാന്‍ നല്ല കുടിയനായിരുന്നു, ചൂടനും. ഞാന്‍ ശകാരിക്കുമ്പോഴെല്ലാം അവള്‍ നിശ്ശബ്ദയാകും. അവളുടെ പ്രാര്‍ത്ഥനയും  സ്‌നേഹവും എന്നെ മാറ്റിയെഴുതി. വാടകവീട്ടില്‍ താമസിച്ചിരുന്ന സമയത്ത് ഒരു വീടിനായി സിജി പ്രാര്‍ത്ഥിക്കുമ്പോള്‍ ഞാന്‍ കളിയാക്കിയിരുന്നു, പ്രാര്‍ത്ഥിച്ചോ, പ്രാര്‍ത്ഥിച്ചോ, ഇപ്പം നൂലില്‍ കെട്ടിയിറക്കിത്തരുമെന്ന്. നൂലിലല്ല, അവിടുന്ന് വടത്തിലാണ് കെട്ടിയിറക്കിത്തന്നത്.'' ജോബിയുടെ വാക്കുകള്‍ക്ക് വടത്തിന്റെ ഉറപ്പും ബലവും.
''ഞങ്ങള്‍ക്കിപ്പോ  നല്ലൊരു വീടുണ്ട്, അഞ്ചു മക്കളും. അഭിമാനമാണ്, സന്തോഷമാണ്. എന്നും മക്കളുമൊത്ത് പള്ളിയില്‍പ്പോകും, എല്ലാം തന്നവനു നന്ദി പറയാന്‍.'' ജോബിയുടെ വാക്കുകളില്‍ തിരിച്ചറിയാം, മനസ്സിലെ അഭിമാനത്തിളക്കം.
'ചൊട്ടയിലെ ശീലം ചുടലവരെ' എന്ന പഴഞ്ചൊല്ല് ജോബി തിരുത്തിയത് വലിയ ആശ്വാസമായിരുന്നു. മദ്യപാനം നിര്‍ത്തി. കുട്ടികള്‍ക്കുവേണ്ടി കൂടുതല്‍ അദ്ധ്വാനിക്കുന്നുണ്ട്. ഓട്ടോ ഓടിക്കും, തടിപ്പണിക്കു പോകും. ആടും കോഴിയുമൊക്കെ വളര്‍ത്തി താങ്ങായി ഞാനും കൂടെ നില്‍ക്കും. ഇനിയും എത്ര കുഞ്ഞുവാവകളെ ഈശോ തന്നാലും ഞങ്ങള്‍ക്കു സന്തോഷമാണെന്ന് മക്കള്‍ പറയും. ഇടവകക്കാരുടെയും ദൈവാലയത്തിന്റെയും സ്‌നേഹമാണ് വീടായി മാറിയത്. പിതാക്കന്മാര്‍ വീട്ടില്‍വന്നു പ്രാര്‍ത്ഥിച്ചു. എല്ലാവരും എപ്പോഴും കരുതുന്നുണ്ട് ഞങ്ങളെ. ഇതില്‍ക്കൂടുതല്‍ എന്തു കൃപയാണ് ആഗ്രഹിക്കേണ്ടത്? എല്ലാം ദൈവം തന്നതാണ്. അവിടുത്തെ ഇഷ്ടം നിറവേറട്ടെ.'' സിജി പറഞ്ഞുനിര്‍ത്തി.

 

Login log record inserted successfully!