•  28 Mar 2024
  •  ദീപം 57
  •  നാളം 4
ശ്രേഷ്ഠമലയാളം

സര്‍വ്വഥാ, സര്‍വ്വദാ

അതിഖരം ഉച്ചാരണത്തില്‍ മൃദുവാകാറുണ്ട്. ''ഥ'' വാമൊഴിയില്‍ ''ദ'' എന്നാകുന്നു. ഉച്ചാരണത്തില്‍ സംഭവിക്കുന്ന വ്യതിയാനം എഴുത്തിലേക്കു കടക്കുമ്പോള്‍ അര്‍ത്ഥം മാറിപ്പോകാം. പ്രകാരത്തെ കുറിക്കാന്‍ ''ഥാല്'' (പ്രയോഗത്തില്‍ ഥാ) എന്നൊരു പ്രത്യയം സംസ്‌കൃതത്തിലുണ്ട്. പ്രാകാരവചനേ ഥാല്. തഥാ, യഥാ എന്നിവപോലെ സര്‍വ്വഥാ (സര്‍വ്വ + ഥാ). എല്ലാ പ്രകാരത്തിലും എന്നര്‍ത്ഥം.
സര്‍വ്വഥാ എന്നല്ലാതെ 'സര്‍വ്വധാ' എന്നൊരു രൂപമില്ല. സംഖ്യയുടെ വിധം (തവണ) സൂചിപ്പിക്കാനേ ധാ പ്രത്യയം ചേര്‍ക്കാവൂ. സംഖ്യായാ വിധാര്‍ത്ഥേ ധാ എന്നു സൂത്രം. ഉദാ. ദ്വിധാ = രണ്ടു വിധം; ത്രിധാ = മൂന്നുവിധം; ചതുര്‍ധാ = നാലുവിധം; പഞ്ചധാ = അഞ്ചുവിധം; ബഹുധാ = പലവിധം. ഒരിക്കല്‍ എന്നര്‍ത്ഥമുള്ള ഏകദാ എന്നതിനു പകരം ഏകധാ എന്നു പ്രയോഗിക്കരുത്. ഏകധായ്ക്ക് ഒരേ പ്രകാരത്തില്‍ അഥവാ ഒരേ തരത്തില്‍ എന്നാണു വിവക്ഷിതം. ''ക്രിയാപ്രകാരമര്‍ത്ഥത്തില്‍ ധാ സംഖ്യാ വാചകങ്ങളില്‍'' എന്നു രാജരാജവര്‍മ്മ ഇതിന് നിയമം കല്പിച്ചിട്ടുണ്ട്.*
സര്‍വ്വഥാ എന്നാല്‍ എല്ലാ പ്രകാരത്തിലും എന്നാണ് അര്‍ത്ഥമെന്നു സൂചിപ്പിച്ചല്ലോ. സര്‍വ്വ എന്ന വിശേഷണത്തോട് 'ദാ' എന്ന പ്രത്യയം ചേര്‍ന്നു വരുന്ന സര്‍വ്വദായ്ക്ക് എല്ലായ്‌പ്പോഴും എന്നാണര്‍ത്ഥം. (സര്‍വ്വ + ദാ = സര്‍വ്വദാ). ദാ പ്രത്യയം കാലവാചിയും ഥാ പ്രത്യയം പ്രകാരവാചിയും ആകുന്നുവെന്നാണല്ലോ പ്രമാണവും. എല്ലായ്‌പ്പോഴും എന്ന അര്‍ത്ഥത്തില്‍ സര്‍വ്വഥായും പ്രചരിച്ചിട്ടുണ്ടെങ്കിലും സൂക്ഷ്മാംശത്തില്‍ അവ വ്യത്യസ്തങ്ങളാണ്. സര്‍വഥാ, സര്‍വദാ ഇവയ്ക്ക് ഒരേ വിവക്ഷ കല്പിച്ചാലും ഇല്ലെങ്കിലും രൂപപരമായി രണ്ടും ശുദ്ധപദങ്ങള്‍തന്നെ. 'സര്‍വ്വധാ' എന്നത് ഉച്ചാരണത്തിലും എഴുത്തിലും വര്‍ജിക്കണം.
*രാജരാജവര്‍മ്മ, മണിദീപിക, കേരളസാഹിത്യ അക്കാദമി, തൃശൂര്‍, 1987, പുറം - 141.

 

Login log record inserted successfully!