•  9 May 2024
  •  ദീപം 57
  •  നാളം 9
നോവല്‍

ഒരു കാറ്റുപോലെ

കൃത്യമായി ഓര്‍മിച്ചെടുക്കാന്‍ കഴിയാത്തവിധത്തിലുള്ള ഒരു സ്വപ്‌നത്തില്‍നിന്ന,് ആരോ വിളിച്ചുണര്‍ത്തിയതുപോലെയാണ് സ്മിത കണ്ണുകള്‍ തുറന്നത്. ഒരു നിമിഷം അവള്‍ അങ്ങനെതന്നെ കിടന്നു. താന്‍ എവിടെയാണെന്നും എന്താണെന്നും വേര്‍തിരിച്ചെടുക്കാന്‍വേണ്ടിയുള്ള സമയമായിരുന്നു അത്.

തൊട്ടടുത്ത നിമിഷം ജനാലയുടെ ചില്ലുപാളികള്‍ക്കപ്പുറം സൂര്യവെളിച്ചത്തിന്റെ സമൃദ്ധി അവള്‍ കണ്ടു. മുറിയില്‍ പകല്‍ പോലെ വെട്ടം. 'അയ്യോ' എന്നൊരു അടക്കിനിര്‍ത്തിയ വിളിയോടെ അവള്‍ കട്ടിലില്‍നിന്നു ചാടിയെണീറ്റു.  സ്മിത ജാലകപ്പടിയില്‍ വച്ചിരുന്ന മൊബൈല്‍ കൈനീട്ടിയെടുത്തു.  അഞ്ചു മണിക്കു വച്ചിരുന്ന അലാറം മുഴങ്ങിയിട്ടില്ലേ.  സമയം ആറു മണി... എന്റെ ഈശോയേ... ഒരു മണിക്കൂര്‍ ലേറ്റായിരിക്കുന്നു. അലാറം അടിച്ചത് താനെന്തേ അറിഞ്ഞില്ല? അവള്‍ പരിതപിച്ചു.
ഇരുവശങ്ങളിലേക്കായി അവള്‍ നോക്കി. ഭിത്തിയുടെ അരികിലായി കിടത്തിയിരുന്ന ഇളയകുട്ടി കട്ടിലിന്റെ ചുവട്ടില്‍ വന്നു കിടക്കുന്നു. ഏഴു വയസുണ്ട് ബെഞ്ചമിന്.  രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി. പക്ഷേ, അത്രയും വലിപ്പമൊന്നുമില്ല. മെല്ലിച്ച ശരീരപ്രകൃതിയാണ്. ഭക്ഷണം കഴിക്കുന്നതാണ് അവന്റെ ജീവിതത്തിലെ ഏറ്റവും ഇഷ്ടമില്ലാത്ത പ്രവൃത്തി. തൊട്ടടുത്തുതന്നെയാണ് പത്തുവയസുകാരി ദയയുടെ കിടപ്പും. അഞ്ചാം ക്ലാസുകാരി. പക്ഷേ, പ്രായത്തെക്കാള്‍ വളര്‍ച്ചയുണ്ട്. ഇഷ്ടമുള്ളതു കഴിക്കുമ്പോള്‍ വയര്‍ അറിയാത്തപ്രകൃതം. ഇഷ്ടമില്ലാത്തതിനോടാകട്ടെ ശത്രുവിനോടെന്നപോലെയും.
ഉറക്കത്തില്‍ സ്ഥാനം തെറ്റി ക്കിടന്ന അവളുടെ ഫ്രോക്ക് സ്മിത നേരേ വലിച്ചിട്ടു. സ്മിത മറ്റേവശത്തേക്കു മുഖംതിരിച്ചുനോക്കി. കമിഴ്ന്നുകിടന്നുറങ്ങുന്ന സനല്‍. ഉറങ്ങട്ടെ. എല്ലാവരും സുഖമായി ഉറങ്ങട്ടെ.  ഒരു വീട്ടമ്മയെ സംബന്ധിച്ച് മതിവരുവോളമുള്ള ഉറക്കം എല്ലായ്പ്പോഴും അസാധ്യമാണ്. പ്രത്യേകിച്ച് തന്നെപ്പോലെയുളള ഒരാള്‍ക്ക്. ദീര്‍ഘനിശ്വാസത്തോടെ സ്മിത പുതപ്പുവലിച്ചുനീക്കി. കട്ടിലിലിരുന്നുതന്നെ മുടി വാരിക്കെട്ടി. ധൃതിയില്‍ നെറ്റിയിലൊരു കുരിശുവരച്ചു. ഇന്ന് കാര്യം മുഴുവന്‍ കുഴഞ്ഞതുതന്നെ. സ്മിതയ്ക്ക് തീര്‍ച്ചയുണ്ടായിരുന്നു.
അവള്‍ അടുക്കളയിലേക്കോടി. ചോറിനുള്ള വെള്ളം വച്ചിട്ട് ബാത്ത് റൂമില്‍ പോകാം. സാധാരണ ബാത്ത് റൂമില്‍ പോയതിനു ശേഷമാണ് അടുക്കളയിലേക്കോടുന്നത്. ഇന്ന്  ആ പതിവ് തെറ്റിക്കാം. സ്മിത തീരുമാനിച്ചു.
അല്ലെങ്കിലും സാഹചര്യത്തിനനുസരിച്ച് സ്വാഭാവികമായ ശാരീരികചോദനകള്‍  അടക്കിനിര്‍ത്താന്‍ പെണ്ണുങ്ങള്‍ക്ക് ഒരു പ്രത്യേക കഴിവുണ്ടല്ലോ. ഒരു സ്വകാര്യഹോസ്പിറ്റലിലെ ഫാര്‍മസിസ്റ്റാണ് സ്മിത. രാവിലെ എട്ടരയ്ക്കാണ് ഷിഫ്റ്റ് ആരംഭിക്കുന്നത്. അതിനുമുമ്പേ ആശുപത്രിയിലെത്തണം. ഈ ചുരുങ്ങിയ സമയംകൊണ്ട് എന്തെല്ലാം ചെയ്താലാണ്? ചോറുവയ്ക്കാനുള്ള പാത്രം  ടാപ്പ് തുറന്ന് അതിന്റെ കീഴിലേക്കു വച്ചു. വെള്ളം നിറയാനുള്ള സമയംകൊണ്ട് ഫ്രിഡ്ജ് തുറന്നു.
കഴിഞ്ഞ ദിവസം ബാക്കിവന്ന കറികളെന്തെങ്കിലും ഫ്രിഡ്ജില്‍ ഉണ്ടായിരുന്നെങ്കില്‍.. സ്മിത ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു. മോരുകറി ഒരു പാത്രത്തില്‍ അടച്ചുവച്ചിരിക്കുന്നത് അവള്‍ കണ്ടു. സ്മിതയ്ക്കു സന്തോഷമായി. വെജിറ്റബിള്‍സ് ട്രേയില്‍നിന്ന് പ്ലാസ്റ്റിക്കവറിലാക്കി വച്ചിരുന്ന ചുവന്ന ചീര പുറത്തേക്കെടുത്തു. ചീരയും മോരുകറിയും. ഉച്ചയ്ക്ക് അതുമതി. കുട്ടികള്‍ക്ക് മുട്ടപൊരിച്ചു കൊടുക്കാം. രണ്ടാളും പച്ചക്കറി കൈകൊണ്ടു തൊടില്ല. ഇറച്ചിയും മീനും മുട്ടയും മാത്രം. പുതിയ തലമുറയിലെ എല്ലാ കുട്ടികളും ഇങ്ങനെതന്നെയാണെന്നു തോന്നുന്നു. അപ്പോഴേക്കും കലത്തില്‍നിന്ന് വെള്ളം നിറഞ്ഞ് പുറത്തേക്കൊഴുകിയിരുന്നു. സ്മിത ഓടിച്ചെന്ന് ടാപ്പ് പൂട്ടി. കലമെടുത്ത് സ്റ്റൗവിനു മീതേ വച്ചു. ലൈറ്റര്‍ കത്തിച്ചു. സ്റ്റൗ കത്തിയില്ല.
സിലിണ്ടര്‍ ഓഫാക്കിയിട്ടാണോ ഇന്നലെ കിടന്നത്? സ്മിത സംശയം തീര്‍ക്കാനായി കബോര്‍ഡ് തുറന്ന് ഉള്ളിലേക്കു നോക്കി. ഇല്ല, നോബ് തിരിച്ചുവച്ചിട്ടില്ല. വീണ്ടും ലൈറ്റര്‍ കത്തിച്ചു, ഇല്ല ഇപ്പോഴും സ്റ്റൗ കത്തിയില്ല. ഈശോയേ, ഗ്യാസ് തീര്‍ന്നെന്നു തോന്നുന്നു. ആത്മഗതംകണക്കെ അതു പറഞ്ഞിട്ട് സ്മിത വീണ്ടും കബോര്‍ഡിനു നേര്‍ക്കു കുനിഞ്ഞു. അവള്‍ സിലിണ്ടര്‍ കുലുക്കിനോക്കി.  ഗ്യാസ് തീര്‍ന്നെന്ന് അവള്‍ക്കു മനസ്സിലായി. സ്മിതയ്ക്ക് ശരിക്കും കരച്ചില്‍ വന്നു. അവള്‍ തൊട്ടടുത്തുള്ള ഇന്‍ഡക്ഷന്‍ കുക്കര്‍ ഓണ്‍ ചെയ്തു. ചോറുകലം അതിലേക്ക് എടുത്തുവച്ചിട്ട് തിടുക്കത്തില്‍ ബെഡ്റൂമിലേക്കു ചെന്നു.
''സനൂ...'' അവള്‍ സനലിനെ കുലുക്കിവിളിച്ചു. സനല്‍ അനങ്ങിയില്ല.
''എന്റെ സനൂ ഒന്നെണീക്കാന്‍.'' സ്മിതയുടെ ശബ്ദം ഉയര്‍ന്നു.
''ആ സിലിണ്ടറൊന്ന് എടുത്തുതാ.. ഗ്യാസ് തീര്‍ന്നു. ഞാനിന്ന് ഉറങ്ങിപ്പോയി. നേരം ഒരുപാടായി.'' ഒറ്റവാക്കില്‍ സ്മിത പലതും വിളിച്ചുപറഞ്ഞു.
''ഉറങ്ങാനും സമ്മതിക്കുകേലേ?'' സനല്‍ കണ്ണുതുറക്കാതെ തിരിഞ്ഞുകിടന്ന് പിറുപിറുത്തു.
''മതിയുറങ്ങിയത്'' സ്മിതയുടെ ശബ്ദം ഉയര്‍ന്നു. ''അല്ലെങ്കില്‍ സിലിണ്ടര്‍ എടുത്തുവച്ചിട്ട്  വന്നുകിടന്ന് ഉറങ്ങിക്കോ.''
 ''അവധിദിവസമായിട്ടും...'' കണ്ണുപുളിച്ചിട്ടെന്നോണം സനല്‍ കട്ടിലില്‍ എണീറ്റിരുന്നു. ഒരു  കൈകൊണ്ട് ദീക്ഷ ചൊറിഞ്ഞു.  മെല്ലിച്ച ശരീരപ്രകൃതിയാണ് സനലിന്റേത്. നല്ല ഉയരം. നല്ല നിറം. മുഖത്ത് ഒരു സാധുഭാവമുണ്ട്. ഒരു സ്വകാര്യസ്‌കൂളില്‍ മലയാളം അധ്യാപകനാണ് അയാള്‍.
നാല്പതുവയസ് കഴിഞ്ഞതുകൊണ്ട് ഗവണ്‍മെന്റ് ജോലി എന്ന സ്വപ്നം സാക്ഷാത്കരിക്കാതെപോയ അനേകം നിര്‍ഭാഗ്യവാന്മാരിലൊരാള്‍. അപ്പോഴാണ് ഇന്ന് അവധിദിവസമാണല്ലോയെന്ന് സ്മിതയ്ക്ക് ഓര്‍മവന്നത്. അവള്‍ക്കാശ്വാസം തോന്നി. ഇല്ലായിരുന്നെങ്കില്‍ ഈ ചുരുങ്ങിയ സമയത്തിനുള്ളില്‍ കുട്ടികളെ വിളിച്ചെണീപ്പിച്ചും റെഡിയാക്കിയും സ്‌കൂളിലേക്ക് അയയ്‌ക്കേണ്ടിവരുമായിരുന്നു.
''നേരം പോകുന്നു.'' സ്മിത വീണ്ടും അസ്വസ്ഥയായി. സനല്‍ മുണ്ടുമടക്കിയെണീറ്റു.
കബോര്‍ഡില്‍നിന്നു ഫില്‍ ചെയ്തു വച്ച സിലിണ്ടര്‍ സനല്‍ പുറത്തേക്കെടുത്തുവച്ചു. സ്മിത പുതിയ സിലിണ്ടറിന്റെ സീല്‍ ചെയ്തുവച്ച ഭാഗം നീക്കി പഴയ സിലിണ്ടറില്‍നിന്ന് റഗുലേറ്റര്‍ വലിച്ചൂരി പുതിയ സിലിണ്ടറിലേക്കു ഘടിപ്പിച്ചു. സനല്‍ അത് നോക്കിനിന്നു. പതിനൊന്നു  വര്‍ഷം പിന്നിട്ട ദാമ്പത്യജീവിതത്തില്‍ ഇന്നുവരെ ഗ്യാസ് സിലിണ്ടര്‍ മാറ്റുന്നതും ഘടിപ്പിക്കുന്നതും സ്മിതയുടെ ഡ്യൂട്ടിയാണ്. സനലിന് ഇന്നുവരെ അതിനുള്ള ധൈര്യം കിട്ടിയിട്ടില്ല. അയാള്‍ക്ക് അത് അറിയുകയുമില്ല. താന്‍ സിലിണ്ടര്‍ ഘടിപ്പിച്ചത് ശരിയാകാതെ വല്ല അപകടവും സംഭവിച്ചാലോ? അതാണ് അയാളുടെ ഭയം.
''എന്റെ സനൂ, ഇതൊക്കെ എല്ലാ വീട്ടിലും ആണുങ്ങളുടെ ജോലിയാ.. ഇവിടെ മാത്രം...'' സ്മിത സിലിണ്ടര്‍ മാറ്റുന്നതിനിടയില്‍ പതിവുപോലെ തെല്ലുനീരസത്തോടെ പറഞ്ഞു.
''ഇനിയെങ്കിലും ഇതൊന്ന് ചെയ്തു പഠിക്ക്. ഒരു നേരം ഞാനിവിടെ ഇല്ലാതെ പോകുമ്പോഴേ ഇതിന്റെയൊക്കെ ബുദ്ധിമുട്ട് മനസ്സിലാകൂ. അപ്പോ അയല്‍ക്കാരെ വിളിക്കേണ്ടിവരും. നാണക്കേടാ.''
''അതിന് നീയെവിടെ പോകാന്‍.'' സനല്‍ ചിരിച്ചുകൊണ്ട് പുതിയ സിലിണ്ടറിനു പുറമേ കുരിശുവരച്ചു അത് അവന്റെ വിശ്വാസമാണ്. ഇനി ദൈവം സിലിണ്ടറിനെ രക്ഷിച്ചോളും. അതു ശരിയാ. സ്മിത ലൈറ്റര്‍ തെളിച്ചു. 
''ഭാര്യയും അമ്മയുമായിക്കഴിഞ്ഞാല്‍ പെണ്ണുങ്ങള്‍ക്ക് പിന്നെ കെട്ട്യോന്റെ വീട്ടില്‍നിന്ന് രക്ഷയില്ലല്ലോ.''
''കണ്ടോ കെട്ട്യോന്റെ വീട്.. അപ്പോ ഇതു നിന്റെ വീടല്ലേ? സനലിന് ദേഷ്യം വന്നു. കല്യാണം കഴിഞ്ഞുവന്നിട്ട് പത്തുപതിനൊന്നു വര്‍ഷമായിട്ടും പറയുന്നത് കേട്ടില്ലേ?''
''ഞാനത് വിട്ടു.'' 
സ്മിത വാഗ്വാദത്തില്‍നിന്ന് ഒഴിവായി. അപ്പോഴാണ് അതിനുമുമ്പ് സ്മിത പറഞ്ഞ പരാമര്‍ശം സനലിന്റെ ഓര്‍മയിലെത്തിയത്.
 ''അല്ലെങ്കില്‍ ഇപ്പോ എന്നാത്തിനാ നാണക്കേട്. ഈ ലോകത്ത് എല്ലാ മനുഷ്യര്‍ക്കും എല്ലാ കാര്യങ്ങളും അറിയാമോ? ഇല്ല.ല്ലോ മറ്റുള്ളവര്‍ക്ക് അറിഞ്ഞുകൂടാത്ത എന്തെല്ലാം കാര്യങ്ങള്‍ എനിക്കറിയാം. ശാര്‍ദൂലവിക്രീഡിതം? അതെന്താണെ്ന്ന് നിനക്കറിയാമോ? മഞ്ജരിവൃത്തം ഏതാണെന്നു പറയാമോ.. ആഗമനസന്ധിയും ദ്വിതീയാക്ഷരപ്രാസവും അറിയാമോ?''
''പിന്നേ, ശാര്‍ദ്ദൂലവിക്രീഡിതം അറിഞ്ഞില്ലെങ്കിലും ശ്ലഥകാകളിവൃത്തത്തിന്‍ രണ്ടാംപാദത്തിന്‍ രണ്ടക്ഷരം കുറഞ്ഞീടിലത് മഞ്ജരിയായിടും എന്ന് അറിഞ്ഞില്ലെങ്കിലും ഈ ലോകത്തില്‍ ഒരു ചുക്കും സംഭവിക്കുകേലാ. പക്ഷേ, അടുക്കളയില്‍ കയറി ഒന്നും ചെയ്യാന്‍ അറിയില്ലെങ്കില്‍ ദ്വിതീയാക്ഷരപ്രാസം പറയാന്‍ ജീവനുണ്ടാവില്ല.''
''നീ ആളു കൊള്ളാമല്ലോ.'' തന്റെ ജാള്യം മറയ്ക്കാനായി സനല്‍ വേഗം കാലിയായ കുറ്റി കബോര്‍ഡിലേക്ക് തിരികെ വച്ചു. അപ്പോഴാണ്   ഇന്‍ഡക്ഷന്‍ കുക്കറില്‍ വച്ചിരുന്ന പാത്രത്തിലെ വെള്ളം തിളച്ചുമറിയുന്നത് സനല്‍ കണ്ടത്.
''ഈ സാധനം  ഉപയോഗിക്കണ്ടാ എന്ന് പല തവണ നിന്നോടു പറഞ്ഞിട്ടുള്ളതല്ലേ. കറന്റ് ബില്ല് എത്രയാ വരുന്നതെന്ന് വല്ല നിശ്ചയോം ഉണ്ടോ?'' സനലിന് ദേഷ്യം വന്നു.
 ''ഓ, എന്നും ഇല്ലല്ലോ. ഗ്യാസ് തീര്‍ന്നിട്ടല്ലേ.'' സ്മിതയ്ക്ക് അത് ഇഷ്ടമായില്ല.
''പുകയില്ലാത്ത അടുപ്പ് ഉണ്ടാക്കിയിട്ടും ഒരു കാര്യവുമില്ല. അത് വെറുതെ കിടക്കുവാ. അമ്മച്ചി ആരോഗ്യത്തോടെ നടന്നിരുന്ന കാലത്ത് വിറകടുപ്പല്ലാതെ ഇവിടെ തീ പുകഞ്ഞിട്ടില്ല. നിനക്കു പറമ്പിലോട്ട് ചെന്ന് രണ്ടു ചുള്ളിക്കമ്പ് പെറുക്കാനൊന്നും സമയോം ഇല്ല. മനസ്സും ഇല്ല.''
''ഇല്ല.'' അരി കഴുകുന്നതിനിടയില്‍ സ്മിത സമ്മതിച്ചു.
''എനിക്ക് അമ്മച്ചിയെപ്പോലെ അടുപ്പിലൂതിയും കരിക്കലം കഴുകിയും ജീവിക്കാനൊന്നും മനസ്സില്ല. അല്ല, സാര്‍ ഇന്ന് വീട്ടിലിരിക്കുന്ന ദിവസമല്ലേ  പറമ്പീന്ന് കുറച്ചു വിറകും ചൂട്ടുമൊക്കെ പെറുക്കിവച്ചോ... എനിക്കു സമയം കിട്ടുന്ന ദിവസം  തോന്നുവാണെങ്കില്‍ വിറകടുപ്പില്‍ പാചകം ചെയ്യാം.''
 ''നിനക്കല്ലെങ്കില്‍ എവിടെയാ സമയമുള്ളത്? നിന്റെയത്ര തിരക്ക്  ചീഫ് മിനിസ്റ്റര്‍ക്കുപോലും കാണില്ല.'' സനല്‍ മുള്ളുവാക്കുപോലെ പറഞ്ഞു.
''രാവിലെ ഒന്നും രണ്ടും പറഞ്ഞ് എന്റെ മൂഡ് കളയാന്‍ തന്നെയാണോ സാറിന്റെ പ്ലാന്‍?'' എളിക്കു കൈകള്‍ കൂത്തി സ്മിത ചോദിച്ചു. ''പോയിക്കിടന്നോളാന്‍ ഞാന്‍ പറഞ്ഞതല്ലേ. അല്ലെങ്കിലും നിങ്ങള്‍ ആണുങ്ങള്‍ക്ക് പെണ്ണുങ്ങള്‍ ചെയ്യുന്ന അടുക്കളപ്പണിക്ക് ഒരു വിലയും ഇല്ലല്ലോ. രാവും പകലും നോക്കാതെ അടുക്കളപ്പണിയും ചെയ്ത് ഓഫീസ് ജോലിയും ചെയ്ത് നടുവൊടിഞ്ഞു ജീവിക്കുന്നവരാ ഈ നാട്ടിലെ ഭൂരിപക്ഷം പെണ്ണുങ്ങളും. വീട്ടിലേക്കു സാധനം വാങ്ങിത്തരുന്നതല്ലാതെ അത് പാകം ചെയ്യുന്നതിന്റെ ബുദ്ധിമുട്ടോ കഷ്ടപ്പാടോ നാലുനേരം കൈകഴുകി മേശയ്ക്കല്‍ വന്നിരിക്കുമ്പോ ഒരിക്കലെങ്കിലും നിങ്ങള്‍ ഓര്‍ക്കാറുണ്ടോ? ഒരു നേരമെങ്കിലും അടുക്കളയില്‍ കയറി പണി ചെയ്യുമ്പോഴും രണ്ടുേനരം ഭക്ഷണം കി്ട്ടാതെ വരുമ്പോഴുമേ സനുവിനെപ്പോലെയുള്ള ഭര്‍ത്താക്കന്മാര്‍ക്ക് അതു മനസ്സിലാവൂ.''
''ചുവരുണ്ടെങ്കിലേ ചിത്രമെഴുതാന്‍ കഴിയൂ.'' സനല്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.
 ''ഞാനുമൊരു ചുവരാ.. കിട്ടുന്ന ശമ്പളം നയാപ്പൈസ എടുക്കാതെ ഞാന്‍ സനുവിന്റെ കയ്യിലോട്ടു തന്നെയല്ലേ വച്ചുതരുന്നെ. എന്റെകൂടെ വര്‍ക്ക് ചെയ്യുന്നവരു പറയുന്നതു കേള്‍ക്കണം. അവര് അവര്‍ക്കു വേണ്ടുന്നത് ചെലവാക്കിയിട്ട് ബാക്കിയുള്ളതേ ഹസ്ബന്റിനു കൊടുക്കൂ എന്ന്... അവരുടെയൊക്കെ ഭര്‍ത്താക്കന്മാര് അടുക്കളയിലും സഹായിക്കും. അല്ലാതെ സനുവിനെപ്പോലെ ഗ്യാസ് സിലിണ്ടര്‍ മാറ്റാനും ഫ്യൂസ് കെട്ടാനുമൊന്നും അവര് ഭാര്യമാരെ വിളിക്കാറില്ല.''
''എടീ മോളേ, അവരൊക്കെ ഫെമിനിസ്റ്റുകളാ..ആയിക്കോട്ടെ.. അയല്‍ക്കാരന്റെ ഭാര്യ ഫെമിനിസ്റ്റാകുന്നത് എനിക്കിഷ്ടമാ. പക്ഷേ, എന്റെ ഭാര്യ എന്റെ ചൊല്പടിക്കു നില്ക്കുന്നതാ എനിക്കിഷ്ടം. കാരണം, എന്റെ അമ്മച്ചി അങ്ങനെയാ. ചാച്ചനോട് ഇന്നുവരെ കമാന്നൊരക്ഷരം എതിര്‍ത്തുസംസാരിച്ചിട്ടില്ല.'' സനല്‍ സ്‌നേഹപൂര്‍വം പിന്നില്‍നിന്ന് സ്മിതയെ തന്നോടു ചേര്‍ത്തണച്ചുപിടിച്ചു.
 ''ഈ അമ്മച്ചീം ചാച്ചനും കൂടിയാ സനുവിനെ ഇങ്ങനെ ഒന്നിനും കൊള്ളാത്തവനാക്കിയത്.''
സ്മിത  അവന്റെ കൈകള്‍ക്കുള്ളില്‍നിന്ന് അടക്കം പറഞ്ഞു. സനലിന്റെ മാതാപിതാക്കളായ  ജോസഫിനും അന്നാമ്മയ്ക്കും വിവാഹം കഴിഞ്ഞ് ഏറെ വര്‍ഷങ്ങള്‍ കഴിഞ്ഞുണ്ടായ കുട്ടിയാണ് സനല്‍. അവനു ശേഷം വേറേ കുഞ്ഞുങ്ങളുമുണ്ടായില്ല. അതുകൊണ്ട് പരിധിയില്‍ കൂടുതല്‍ പരിഗണനയും അര്‍ഹിക്കുന്നതിലേറെ സ്‌നേഹവും നല്കിയാണ് അവര്‍ അവനെ വളര്‍ത്തിയത്. ഒരു പണിയും അവനെക്കൊണ്ട് അവര്‍ ചെയ്യിച്ചിട്ടുമില്ല. സൈക്കിള്‍ ചവിട്ടി നടക്കേണ്ട പ്രായത്തില്‍ സൈക്കിള്‍ ചവിട്ടാന്‍  അവര്‍ അവനെ അനുവദിച്ചിട്ടില്ല. അതുകൊണ്ടെന്താ, ഇന്നും സൈക്കിള്‍ ചവിട്ടാനോ സ്‌കൂട്ടറോടിക്കാനോ സനലിന് അറിയില്ല. പക്ഷേ സ്മിത ആക്ടീവ ഓടിച്ചാണ് ജോലിക്കു പോകുന്നത്. സനലിന് അത്യാവശ്യമുള്ള യാത്രകളില്‍ അവളാണ് അവനെ സ്‌കൂട്ടറിനു പിന്നിലിരുത്തി സ്ഥലത്തെത്തിക്കുന്നതും. തന്റെ പിന്നിലിരുന്ന് സനല്‍ യാത്ര ചെയ്യുമ്പോഴെല്ലാം സ്മിത പറയാറുണ്ട്:
''എന്റെ സനൂ, എനിക്കു നാണക്കേട് തോന്നുന്നുണ്ട്. ഞാന്‍ സനുവിനെയും ബായ്ക്കിലിരുത്തി ഇങ്ങനെ സ്‌കൂട്ടറോടിച്ചു പോകുമ്പോള്‍. മാത്രോല്ല, എനിക്ക് ആഗ്രഹം സനുവിന്റെ പിന്നിലിരുന്ന് യാത്രചെയ്യാനാ. അല്ലാതെ സനുവിനെ പിന്നിലിരുത്തി എനിക്ക് സ്‌കൂട്ടറോടിക്കാനല്ല. നാട്ടുകാരെന്തുവിചാരിക്കും?''
''നാട്ടുകാരെന്തു വിചാരിക്കാന്‍?'' സനല്‍ ചിരിക്കും. ''നമ്മെ രണ്ടുകൂട്ടരെയും അറിഞ്ഞുകൂടാത്തവര് വിചാരിക്കും നിന്നെ സ്‌കൂട്ടറോടിക്കാന്‍ ഞാന്‍ പഠിപ്പിക്കുവാന്ന്. നമ്മളെ അറിയാവുന്നവര്‍ക്ക് പിന്നെ കാരണവും അറിയാമല്ലോ.''
''എന്നാലും ഡ്രൈവിങ് പഠിക്കില്ലെന്നു വാശിയാ അല്ലേ. ഇതൊക്കെ ദയയ്ക്കുപോലും ചെയ്യാന്‍ പറ്റുന്ന കാര്യങ്ങളാ.. സനു മടിപിടിച്ചിരുന്നിട്ടാ...'' സ്മിത അങ്ങനെ പലതും പറയും.
സനലിനെ വാശികയറ്റി ഡ്രൈവിങ് പഠിപ്പിക്കാന്‍ നോക്കിയിട്ടും സ്മിത തോറ്റതല്ലാതെ മറ്റൊരു ഫലവും ഉണ്ടായില്ല.
''നീ വല്ലതും പറഞ്ഞോ...'' സനല്‍ അവളുടെ മുഖത്തേക്കു തന്റെ മുഖം അടുപ്പിച്ചു. ''എന്നെ കൊള്ളിച്ച് എന്തെങ്കിലും പറഞ്ഞോ?''
അപ്പോഴേക്കും അടുത്ത മുറിയില്‍നിന്ന് അന്നാമ്മയുടെ ശബ്ദം അടുക്കളയിലെത്തി.
''മോളേ സ്മിതേ, ചാച്ചന് കാപ്പി കിട്ടിയില്ലല്ലോ.''
''കണ്ടോ, ഞാന്‍ എണീക്കാന്‍ ഇത്തിരി വൈകി. എല്ലാം താളം തെറ്റാനും തുടങ്ങി. എല്ലാറ്റിനും ഞാന്‍ വേണം.'' സനലിന്റെ കരം തട്ടിമാറ്റിക്കൊണ്ട് സ്മിത  ചെന്ന് കാപ്പിപ്പാത്രമെടുത്തു.
അവള്‍ ഗ്യാസ് സ്റ്റൗവിലേക്കു പാത്രം വ്ച്ചു.
''നീയല്ലാതെ പിന്നെ ഇവിടെയാരാ ഉള്ളത്. വയ്യാതിരിക്കുന്ന അമ്മച്ചിക്കു വന്ന് കാപ്പിയിടാന്‍ പറ്റുമോ? ആവുന്ന കാലത്ത് നല്ലതുപോലെ കഷ്ടപ്പെട്ട ആളാ എന്റെ അമ്മച്ചി.''
''സനുവിന് സനുവിന്റെ അമ്മച്ചീടെയെങ്കിലും കഷ്ടപ്പാടിനെക്കുറിച്ച് നല്ല ബോധ്യമുണ്ടല്ലോ. ഭാഗ്യം! എങ്കില്‍ സാറൊരു കാര്യം ചെയ്യ്. ഇത് നമുക്കെല്ലാവര്‍ക്കുമുള്ള കട്ടന്‍കാപ്പിയാ. വെള്ളം തിളച്ചുകഴിയുമ്പോ പൊടിയിട്ട് വാങ്ങി പഞ്ചസാരയിട്ട് ചാച്ചനും അമ്മച്ചിക്കും കൊണ്ടുപോയി കൊടുക്കണം. ഞാനൊന്ന് ടോയ്ലറ്റില്‍ പോയിട്ടുവരട്ടെ. എനിക്കുള്ളത് പാത്രത്തില്‍തന്നെയിരുന്നോട്ടെ. ഇനി ഭാര്യയ്ക്ക് കാപ്പി ഊറ്റിക്കൊടുത്തതിന്റെ പേരില്‍ എന്റെ കെട്ട്യോന്‍ പെങ്കോന്തനായിപ്പോകണ്ടാ.''
''ഏയ്, എനിക്കറിയില്ല. അത് ശരിയാവില്ല. ഞാന്‍ വെറുതേ അടുക്കളയില്‍. അമ്മച്ചിയെങ്ങാനും അറിഞ്ഞാല്‍ നാണക്കേടാ.'' സനല്‍ പെട്ടെന്നുതന്നെ അടുക്കളയില്‍നിന്നു രക്ഷപ്പെട്ടു. സ്മിത പല്ലിറുമ്മിക്കൊണ്ട് സ്വന്തം നെറ്റിക്കടിച്ചു.
''എങ്കില്‍ പത്തുമിനിറ്റ് കഴിഞ്ഞ് അമ്മേം അപ്പനും മോനും കാപ്പി കുടിച്ചാല്‍ മതി. ഇങ്ങനെയുമുണ്ടോ ആണുങ്ങള്..''
 സ്മിത വാശിയോടെ സ്റ്റൗ ഓഫാക്കി പാത്രം ഇറക്കിവച്ചതിനുശേഷം ടോയ്ലറ്റിലേക്കു പോയി. വരുന്നത് വരുന്നിടത്തു വച്ചു കാണാം. അവള്‍ തീരുമാനിച്ചു. 
(തുടരും)

 

Login log record inserted successfully!