•  18 Apr 2024
  •  ദീപം 57
  •  നാളം 6
ശ്രേഷ്ഠമലയാളം

ഉറപ്പിച്ചുപറയല്‍

ഉറയ്ക്കുക (ബലപ്പെടുക) എന്ന അകര്‍മ്മകക്രിയയുടെ പ്രയോജകരൂപമാണ് ഉറപ്പിക്കുക എന്ന പദം. ഉറപ്പിക്കുന്നു (വര്‍ത്തമാനം), ഉറപ്പിച്ചു (ഭൂതം), ഉറപ്പിക്കും (ഭാവി) എന്നിങ്ങനെ കാലരൂപങ്ങളെ നിഷ്പാദിപ്പിക്കാം. ദൃഢപ്പെടുത്തുക, നിശ്ചയപ്പെടുത്തുക, തീര്‍ച്ചയാക്കുക, സ്ഥിരപ്പെടുത്തുക, തീരുമാനിക്കുക തുടങ്ങിയ വിവക്ഷിതങ്ങളിലാണ് ഉറപ്പിക്കുകയുടെ പ്രയോഗം. ഉറയ്ക്കുക, ക്ക് ചേര്‍ന്ന കാരിതക്രിയയാണ്. കാരിതക്രിയകളില്‍ പ്പി ചേര്‍ക്കുമ്പോള്‍ കേവലമായ കാരിതക്രിയ പ്രയോജകക്രിയയാകുന്നു. ''കാരിതത്തില്‍ പ്പി' (കാരിക 22)* എന്നു കേരളപാണിനീയം. അങ്ങനെ ഉറയ്ക്കുക - ഉറപ്പിക്കുക എന്നായപ്പോള്‍ കാരിതം പ്രയോജകമായി എന്നു സാരം.
തറയുക (തുളഞ്ഞുകയറുക) എന്ന അകര്‍മ്മകക്രിയയില്‍നിന്ന് തറയ്ക്കുക എന്ന പ്രയോജകരൂപം ഉണ്ടാക്കാം. അടിച്ചുകയറ്റുക (ആണിയും മറ്റും) എന്ന അര്‍ത്ഥത്തില്‍ സകര്‍മ്മകക്രിയയായും മുള്ളു തറയ്ക്കുക മുതലായ പ്രയോഗങ്ങളില്‍ അകര്‍മ്മകക്രിയയായും തറയ്ക്കുക ഭാഷയില്‍ ഉപയോഗിക്കുന്നു. തറപ്പിക്കുക എന്നൊരു പ്രയോജകശബ്ദവും നിലവിലുണ്ട്.
ഉറപ്പിക്കുക, തറപ്പിക്കുക (പ്രയോജകം) ഇവ തമ്മിലുള്ള ഈഷദ് വ്യത്യാസം മനസ്സിലാക്കാതെ രണ്ടും ഒന്നെന്ന മട്ടില്‍ ഇപ്പോള്‍ പ്രയോഗിച്ചുവരുന്നു. ഇലക്ട്രീഷ്യനെക്കൊണ്ട് ഭിത്തിയില്‍ ആണി തറപ്പിച്ചു എന്നു പറയാം. ഇവിടെ പ്രേരിപ്പിക്കാന്‍ ഒരാളും തറയ്ക്കാന്‍ മറ്റൊരാളും ഉണ്ട്. സ്വയം തറയ്ക്കുകയുമാകാം. അപ്പോള്‍ തറച്ചു എന്നു മതിയാകും. പറച്ചിലിനെ ഇവ്വിധം തറയ്ക്കാനോ തറപ്പിക്കാനോ ആവുമോ? പ്രസംഗകന് വാക്കും പൊരുളും ഉള്ളില്‍ തറയുംവിധം അവതരിപ്പിക്കാന്‍ ഒരുപക്ഷേ, കഴിഞ്ഞേക്കാം. തറയ്ക്കാനും തറപ്പിക്കാനും പ്രസംഗകന്‍ തന്നെയല്ലേ ഉള്ളൂ! അതേസമയം, കേള്‍വിക്കാരന്റെ മനസ്സില്‍ പതിയുംവിധം 'ഉറപ്പിച്ചു പറയുക' എന്നായാല്‍ ആശയം എളുപ്പം പിടികിട്ടും. ഉറപ്പിക്കലാണല്ലോ പ്രയോജകക്രിയയുടെ ഫലവും. ''മുമ്പൊക്കെ 'ഉറപ്പിച്ചു പറയുക' ആയിരുന്നു. ഇപ്പോള്‍ 'തറപ്പിച്ചു പറയുന്നു'. ഏതു നേതാവിനും അനുയായികള്‍ ഉണ്ടല്ലോ. അപ്പോള്‍ സ്വയം തറയ്‌ക്കേണ്ട, തറപ്പിക്കാം. 'ഉള്ളില്‍ തറയുംവിധം' എന്നു പണ്ട് ആരോ പറഞ്ഞത് കഥയില്ലാത്തവരുടെ കൈയില്‍തറപ്പിച്ചു പറയുക എന്ന് ആയതാണ്.'' ** കേള്‍വിക്കാരന്‍കൂടി അനുകൂലമായാലേ ആശയങ്ങള്‍ മനസ്സില്‍ ഉറയ്ക്കൂ. അതിനു ശുദ്ധിയും ഭംഗിയുമുള്ള ഭാഷയാണ് സഹായകം.
*രാജരാജവര്‍മ്മ, കേരളപാണിനീയം, എന്‍.ബി.എസ്., കോട്ടയം, 1988, പുറം - 230
** വാസുദേവഭട്ടതിരി, സി.വി., നല്ല മലയാളം, ഡി.സി.ബുക്‌സ്, കോട്ടയം, 1999, പുറം - 29, 30. 

 

Login log record inserted successfully!