•  21 Oct 2021
  •  ദീപം 54
  •  നാളം 29
സ്റ്റൂഡന്റ്‌സ് ഷെല്‍ഫ്‌

അതുല്യമീ ജീവിതപോരാട്ടം

ന്താരാഷ്ട്ര വീല്‍ചെയര്‍ അത്ലറ്റായ മാലതി കെ. ഹൊള്ളയുടെ പ്രചോദനാത്മകമായ അനുഭവകഥയാണ്  ''അതുല്യം''. 
മാലതി കെ. ഹൊള്ള, ലോകപ്രശസ്തയായ പാരാലിമ്പ്യന്‍. അന്താരാഷ്ട്ര വീല്‍ചെയര്‍ കായികതാരം. അത്രമാത്രമേ പുറംലോകത്തിനറിയൂ. അതിനപ്പുറമുള്ള ജീവിതത്തില്‍ അവരുടെ യാതനകളുടെ, പോരാട്ടങ്ങളുടെ കഥയുണ്ട്. ഇന്ത്യയിലെ മറ്റു താരങ്ങള്‍ക്കുള്ള പ്രശസ്തി മാലതി ഹൊള്ളയ്ക്കില്ല. എങ്കിലും മാലതി കൃഷ്ണമൂര്‍ത്തി  നേട്ടങ്ങള്‍ക്കൊക്കെ രത്‌നത്തിളക്കമുള്ള ഒരു അപൂര്‍വതാരമാണ്. അമ്പത്തിരണ്ടാം വയസ്സിലും ഇന്ത്യയിലെ ഏറ്റവും വേഗം കൂടിയ വീല്‍ചെയര്‍ അത്‌ലറ്റാണ് മാലതി. തകര്‍ക്കപ്പെട്ടിട്ടില്ലാത്ത റെക്കോര്‍ഡുകളുടെ ഉടമ. ഏകലവ്യ, അര്‍ജുന, പദ്മശ്രീ എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങള്‍.
ദേശീയവും അന്തര്‍ദേശീയവുമായ മുന്നൂറിലേറെ മെഡലുകള്‍. അതില്‍ ഭൂരിഭാഗവും കടം വാങ്ങിയ വീല്‍ചെയറില്‍ ഇരുന്നുകൊണ്ട്. ജീവിതത്തോടുള്ള അവരുടെ അഭിനിവേശം നമുക്കൊന്നും ചിന്തിക്കാനോ എത്തിപ്പിടിക്കാനോ സാധിക്കാത്തത്ര ഉയരത്തിലാണ്.
മുഴങ്ങുന്ന പൊട്ടിച്ചിരിയില്‍ ഒളിച്ചുവയ്ക്കപ്പെടുന്ന വേദനകള്‍ ആരും അറിയാറില്ല. കാലുകളിലേക്കുള്ള ചോരയോട്ടം നിലയ്ക്കാതിരിക്കാനായി വലതുകാല്‍ കുടയുമ്പോള്‍ ഇനിയും കൂടിച്ചേരാത്ത എല്ലിലെ മുറിവു നല്‍കുന്ന വേദന. വേദനയില്ലാതെ എന്തു മാലതി? ചെറിയൊരു ഹോട്ടല്‍ നടത്തിപ്പുകാരന്റെ മകളായി 1958 ല്‍ ജനിച്ച മാലതിയുടെ ജീവിതത്തില്‍ ചെറിയൊരു പനിയുടെ രൂപത്തില്‍ വന്ന ദുരന്തങ്ങള്‍ ആരംഭിക്കുമ്പോള്‍ വയസ്സ് ഒന്നോ ഒന്നരയോ മാത്രം! പലതരം ചികിത്സകള്‍! ഇതിനിടയില്‍ പോളിയോ ബാധിച്ച് കാലുകളുടെ ചലനശേഷി ഏതാണ്ട് പൂര്‍ണമായി നഷ്ടപ്പെട്ടു. പഠനവും ചികിത്സയുമൊക്കെ മദ്രാസില്‍. ഒരു പരമ്പരയായി ശരീരത്തില്‍ വെട്ടിക്കീറലുകളും തുന്നിച്ചേര്‍ക്കലുകളും. ഇതിനിടയിലാണ് സ്‌പോര്‍ട്‌സ് ഒരു ലഹരിയായി പടര്‍ന്നുകയറിയത്. ഒരു ഉള്‍വിളിപോലെ ജീവിതത്തില്‍ വന്ന സ്‌പോര്‍ട്‌സ് പിന്നീട് എല്ലാമെല്ലാമായി. വേദനയ്ക്കുള്ള മരുന്നും ജീവിതം കോര്‍ത്തെടുക്കുന്നതിനുള്ള മുത്തുമായി.  മറ്റുള്ളവര്‍ക്കൊക്കെ മാതൃകയും പ്രചോദനവുമായി ആ ജീവിതം വളര്‍ന്നു വലുതായെങ്കില്‍ സ്‌പോര്‍ട്‌സ് അതിനൊരു കാരണമായിട്ടുണ്ട്.
പോരാട്ടമാണ് മാലതിയെ മുന്നോട്ടു നയിച്ചത്. വൈകല്യങ്ങളോട്, വേദനകളോട്, സാമൂഹിക അസമത്വങ്ങളോട് അങ്ങനെ എക്കാലവും യുദ്ധം തന്നെയായിരുന്നു. വികലാംഗര്‍ക്ക് അര്‍ഹതപ്പെട്ട പുരസ്‌കാരങ്ങള്‍ക്കായി ഭരണകൂടത്തോടുപോലും അവര്‍ യുദ്ധം ചെയ്തു. 32 സര്‍ജറിവരെ കഴിഞ്ഞു. ദക്ഷിണകൊറിയയിലും ബാഴ്‌സിലോണയിലും ഏതന്‍സിലും ബെയ്ജിങ്ങിലും (പാരാലിമ്പിക്‌സ്) ഇന്ത്യയെ പ്രതിനിധീകരിച്ചു. ഇതിനിടയില്‍ ജീവിതത്തില്‍ അനുഭവിച്ച ക്ലേശങ്ങളും നേട്ടങ്ങളും 'അതുല്യ'ത്തിലൂടെ മാലതി പങ്കുവയ്ക്കുന്നുണ്ട്.  അച്ഛന്‍ കൃഷ്ണമൂര്‍ത്തി. അമ്മ പദ്മാവതി, സഹോദരങ്ങള്‍ മഞ്ജുനാഥ്, ജഗന്നാഥ്, ലീല.  ജീവിതത്തില്‍ കൂടുതല്‍ കടപ്പെട്ടത് അച്ഛനോടാണ്. സുഹൃത്ത്, വഴികാട്ടി അങ്ങനെ നിരവധി റോളുകള്‍... 
പഠനത്തിലെ വിഷമതകളെക്കുറിച്ചും പിന്നിട്ട വഴികളെക്കുറിച്ചും വളരെ ഭംഗിയായി പുസ്തകത്തില്‍ പ്രതിപാദിച്ചിരിക്കുന്നു. അധ്യാപകരെക്കുറിച്ചുള്ള ഓര്‍മകളില്‍ ഗുരുത്വം നിറഞ്ഞ വാക്കുകള്‍ നമുക്ക് ദര്‍ശിക്കാം. പിന്നീടുണ്ടായ സുഹൃദ്ബന്ധങ്ങള്‍ ഒട്ടേറെ ശക്തമായിരുന്നു. 'അതുല്യ'ത്തിലെ ഓരോ പേജിലൂടെയും കടന്നുപോകുമ്പോള്‍ മറക്കാന്‍ കഴിയാത്ത ഓരോ അനുഭവങ്ങളിലൂടെ യാത്ര ചെയ്യുന്നപോലെ നമുക്കു തോന്നാം.
ബാല്യകാലത്ത് അതിരുകളില്ലാതെ ഓടണം എന്ന ചിന്തയേ  മാലതിക്കുണ്ടായിരുന്നുള്ളൂ. കൊടുങ്കാറ്റിന്റെ വേഗത്തില്‍ ഓടണം.  ബാല്യം കഴിഞ്ഞപ്പോളാണ് സത്യങ്ങളെ കുറേശ്ശെ ഗ്രഹിക്കാന്‍ തുടങ്ങിയത്. നടക്കാന്‍ കാലു വേണമത്രേ, പറക്കാന്‍ ചിറകുകളും. നിരാശയുണ്ടായില്ല.  ഉള്ളിന്റെയുള്ളില്‍ എവിടെയോ ഒരു സ്വപ്നം  വീണ്ടും...
'ഓടും... എന്നെങ്കിലും ഒരിക്കല്‍ ഞാന്‍ ഓടും... മനസ്സിന്റെ വേഗങ്ങള്‍ക്കൊപ്പമല്ലായിരിക്കാം, എങ്കിലും ഓടുകതന്നെ ചെയ്യും  ഒരുനാള്‍...' ഇതായിരുന്നു മാലതിയുടെ ബാല്യകാലത്തെ വാക്കുകള്‍. പോളിയോബാധിതരായ കുഞ്ഞുങ്ങള്‍ക്കുവേണ്ടി മാലതി തുടങ്ങിയ മാതൃഫൗണ്ടേഷന്‍ എന്ന സ്ഥാപനത്തിലുള്ള ഓരോ കുഞ്ഞും ഇതേ വാക്യങ്ങള്‍ തങ്ങളുടെ ആത്മാവിനോടു പറയുന്നു. 
ജീവിതത്തിലെ പ്രതിസന്ധികളും പരിമിതികളും അതിജീവിക്കാന്‍ സഹായിക്കുന്ന ശക്തമായ ഒറ്റമൂലിയാണ് പ്രോത്സാഹനം. തന്റെ പിതാവും ഗുരുജനങ്ങളും സുഹൃത്തുക്കളും പകര്‍ന്നുനല്‍കിയ പ്രോത്സാഹനമാണ് മാലതി എന്ന അപൂര്‍വ വ്യക്തിത്വം. അതേ പ്രോത്സാഹനങ്ങളും ആത്മവിശ്വാസവും അണുചോരാതെ തന്റെ കുട്ടികള്‍ക്കും മാലതി ചൊരിയുന്നു.   പ്രത്യാശയുടെയും പ്രോത്സാഹനത്തിന്റെയും വാക്കുകളും സമീപനങ്ങളുമാണ് മാലതി കെ ഹൊള്ളയുടെ കഥ.