•  21 Oct 2021
  •  ദീപം 54
  •  നാളം 29
സ്റ്റൂഡന്റ്‌സ് ഷെല്‍ഫ്‌

ആലിസ് ഇന്‍ വണ്ടര്‍ലാന്റ്

ബാല്യ-കൗമാരങ്ങളുടെ ഭാവനാലോകത്തെ പൂര്‍ണമായി ഉള്‍ക്കൊള്ളുകയും അതിന് ഇളക്കം തട്ടാതെ ലാളിത്യവും ചാരുതയുമാര്‍ന്ന ഭാഷയില്‍ ആവിഷ്‌കരിക്കുകയും ചെയ്യുമ്പോഴാണ് നല്ല ബാലസാഹിത്യസൃഷ്ടികള്‍ രൂപംകൊള്ളുന്നത്. ആ അര്‍ത്ഥത്തില്‍ സമ്പന്നമാണ് മലയാളസാഹിത്യം. മഹത്തായ ഒട്ടേറെ ബാലസാഹിത്യകൃതികള്‍ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയിട്ടുമുണ്ട്. അക്കൂട്ടത്തില്‍ ഏറ്റവും മികച്ചതിന്റെ ഗണത്തില്‍പ്പെടുത്താവുന്ന കൃതിയാണ് ലൂയിസ് കരോളിന്റെ ആലിസ് ഇന്‍ വണ്ടര്‍ലാന്റ്.
ഇരുനൂറിനു മുകളില്‍ ലോകഭാഷകളിലേക്കു തര്‍ജമ ചെയ്യപ്പെടുകയും അമ്പതോളം ചലച്ചിത്രങ്ങള്‍ക്കും അത്രതന്നെ ടിവി സീരിയലുകള്‍ക്കും കാരണമാവുകയും ചെയ്ത കൃതിയാണ് ആലിസ് ഇന്‍ വണ്ടര്‍ലാന്റ്. ഒരു ബോട്ടുയാത്രയില്‍ പരിചയപ്പെട്ട ആലിസ് ലിഡ്ഡില്‍ എന്ന പെണ്‍കുട്ടിയില്‍നിന്നു പ്രചോദനമുള്‍ക്കൊണ്ടാണ് ലൂയിസ് കരോള്‍ ഈ കൃതി എഴുതിയതെന്നു കരുതപ്പെടുന്നു. മൃഗങ്ങള്‍ മനുഷ്യരെപ്പോലെ സംസാരിക്കില്ലെന്നുപറഞ്ഞ് 1930 കളില്‍ ഈ പുസ്തകം ചൈനയില്‍ നിരോധിച്ചിരുന്നു.
വിക്ടോറിയ രാജ്ഞിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രമായിരുന്നു അദ്ഭുതലോകത്തെ ആലിസ്. ആലിസ് വണ്ടര്‍ ലാന്റ് അവസാനമായി ചലച്ചിത്രമാക്കിയത് ടിം ബെര്‍ട്ടനാണ്. ജോണ്‍ ഡീപ്പിന്റെ ഈ ചിത്രത്തിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. ബ്രിട്ടനില്‍ ജൂലൈ 4 ആലിസ് ഡേ ആയി ആചരിക്കാറുണ്ട്. അന്നേദിവസം പ്രത്യേക ഡ്രസ് ധരിച്ച് കുട്ടികളുടെ പാര്‍ട്ടികള്‍പോലും നടത്താറുണ്ട്.
കളിച്ചുകൊണ്ടിരിക്കെ ഒരു വെള്ളമുയലിനെക്കണ്ട ആലിസ്, അതിനെ പിന്തുടര്‍ന്ന് വിചിത്ര ലോകത്തിലെത്തിച്ചേരുന്നതായും അത്യന്തം വിസ്മയകരമായ അനുഭവങ്ങളില്‍ക്കൂടി കടന്നുപോകുന്നതായും സ്വപ്നം കാണുന്നതാണ് ഇതിലെ കഥ. ഒരു ദ്രാവകം കുടിക്കുമ്പോള്‍ ചെറുതാവുക, ഒരു കഷണം കേക്കു കഴിക്കുമ്പോള്‍ വലുതാവുക, കരയാന്‍ തുടങ്ങുമ്പോള്‍ കണ്ണീര്‍ക്കയത്തില്‍ വീണുപോവുക, പൂന്തോട്ടത്തിലെ പുഷ്പങ്ങള്‍ സംസാരിക്കുന്നതു കേള്‍ക്കുക... ഇങ്ങനെ പോവുന്നു ആ വിചിത്രാനുഭവങ്ങള്‍. പൊടുന്നനെ ആലിസ് സ്വപ്നത്തില്‍നിന്നുണരുന്നതോടെ കഥ അവസാനിക്കുന്നു. 
യുക്തിയും ഭാവനയും സമന്വയിപ്പിച്ചുകൊണ്ടുള്ള ആഖ്യാനരീതി മുതിര്‍ന്നവരെപ്പോലും ആകര്‍ഷിക്കാന്‍ പോരുന്നതാണ്. വിക്‌ടോറിയന്‍ കാലത്തെ വിദ്യാഭ്യാസ, രാഷ്ട്രീയ, സാഹിത്യരംഗങ്ങളുടെ ഹാസ്യാത്മക ചിത്രീകരണം ഇതില്‍ കാണാമെന്നു വിമര്‍ശകര്‍ അഭിപ്രായപ്പെടുന്നു. ആലിസ് അദ്ഭുതലോകത്തില്‍ കണ്ടുമുട്ടുന്ന മനുഷ്യരും ജന്തുക്കളുമെല്ലാം സാധാരണലോകത്തില്‍ ജീവിക്കുന്നവരുടെ രൂപഭേദങ്ങളാണെന്നതാണ് ശ്രദ്ധേയമായ വസ്തുത.
ഇതൊരു ചെറിയ പുസ്തകമാണ്. എളുപ്പത്തില്‍ വായിച്ചുതീരും. പക്ഷേ, എത്ര വായിച്ചാലും മതിവരാത്ത ഒരു പുസ്തകത്തിലേക്ക്, അദ്ഭുതലോകത്തിലേക്ക് കുട്ടികളെയെന്നപോലെ മുതിര്‍ന്നവരെയും ഇത് കൂട്ടിക്കൊണ്ടുപോവും, തീര്‍ച്ച.