•  2 May 2024
  •  ദീപം 57
  •  നാളം 8
വര്‍ത്തമാനം

ചൈനയ്ക്കിഷ്ടം പഞ്ചദുശ്ശീലങ്ങള്‍

നമ്മുടെ പഴയ വീക്ഷണമനുസരിച്ചു കര്‍ഷകരുടെ ശത്രുക്കള്‍ ആറു കൂട്ടരാണ്. അതിവൃഷ്ടി, വരള്‍ച്ച, എലികള്‍, പക്ഷികള്‍, കീടങ്ങള്‍, അയല്‍രാജാവ്. ഇവയ്ക്ക് ഈതിബാധകള്‍ എന്നാണു പൊതുവില്‍ പേര്. അവസാനം പറഞ്ഞ അയല്‍രാജാവ് കര്‍ഷകരുടെ ശത്രുവാകുന്നത്, വിളവെടുക്കാറാകുന്ന സമയത്ത് രാജ്യത്ത് അതിക്രമിച്ചുകയറി കാര്‍ഷികോത്പന്നങ്ങളെല്ലാം അപഹരിച്ചുകൊണ്ടുപോകുന്ന പതിവുണ്ടായിരുന്നതുകൊണ്ടാണ്. ഭക്ഷണമുണ്ടായാല്‍ എല്ലാമായി എന്ന സാഹചര്യമാണല്ലൊ അന്നുണ്ടായിരുന്നത്.
ഇന്നു രാജ്യഭരണവും രാജ്യബന്ധങ്ങളും രാഷ്ട്രവീക്ഷണവുമൊക്കെ ഏറെ മാറിമറിഞ്ഞെങ്കിലും അയല്‍രാജ്യം ഈതിബാധയാകുന്ന അനുഭവത്തിനു വലിയ മാറ്റമൊന്നുമില്ല. ഇന്ത്യയെ സംബന്ധിച്ചിടത്തോളം നമ്മുടെ രണ്ട് അയല്‍രാജ്യങ്ങള്‍, ചൈനയും പാക്കിസ്ഥാനും നമുക്കെന്നും തലവേദനയാണ്. നിരന്തരം അതിര്‍ത്തിപ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് സൈ്വരജീവിതത്തിനും രാഷ്ട്രസ്വാതന്ത്ര്യത്തിനും അവര്‍ ഭീഷണി ഉയര്‍ത്തിക്കൊണേ്ടയിരിക്കുന്നു.
ഇപ്പോളിതാ മഞ്ഞക്കടുവ വീണ്ടും ഇന്ത്യയ്ക്കുമേല്‍ ചാടിവീഴാനൊരുങ്ങുന്നു. അന്ത്യമില്ലാത്ത അതിര്‍ത്തിത്തര്‍ക്കത്തിന്റെ പേരിലാണ് അവര്‍ യുദ്ധഭീഷണി മുഴക്കുന്നത്. ജൂണ്‍ 15 തിങ്കളാഴ്ച കിഴക്കന്‍ ലഡാക്കിലെ ഗാല്‍വാന്‍ താഴ്‌വരയില്‍ നമ്മുടെയും ചൈനയുടെയും സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ആയുധമില്ലാത്ത സംഘര്‍ഷമായിരുന്നിട്ടും നമ്മുടെ 20 സൈനികര്‍ വീരമൃത്യു മരിച്ചുവെന്നത് ഒട്ടും ക്ഷന്തവ്യമായ സംഭവമല്ല.
യഥാര്‍ത്ഥ നിയന്ത്രണരേഖ((Line of actual control) യുടെ സമീപത്താണു പ്രശ്‌നമുണ്ടായത്. ചൈനീസ് പട്ടാളക്കാര്‍ അതിര്‍ത്തിരേഖ ലംഘിച്ച് ഇന്ത്യന്‍ മണ്ണിലേക്കു കടന്നുകയറുകയായിരുന്നു. നിയന്ത്രണരേഖയ്ക്കുസമീപം ആയുധങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല എന്ന്, 1996ലും 2005ലും ഒപ്പുവച്ച രണ്ടു കരാറുകളിലൂടെ ഇരുരാജ്യങ്ങളും ധാരണയായിട്ടുള്ളതാണ്. സമീപത്തെന്നല്ല, ഇരുവശത്തും രണ്ടു കിലോമീറ്ററിനുള്ളില്‍ തോക്കുകളോ സ്‌ഫോടകവസ്തുക്കളോ ഉപയോഗിക്കാന്‍ പാടില്ല എന്നാണു വ്യവസ്ഥ.
അതു ലംഘിച്ചുകൊള്ളാനും അതിക്രമമുണ്ടായാല്‍ ആയുധങ്ങള്‍കൊണ്ടു മറുപടി കൊടുക്കാനും ഇന്ത്യന്‍സൈനികര്‍ക്കു പ്രതിരോധവിഭാഗം അനുമതി കൊടുത്തുകഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ ഞായറാഴ്ച (ജൂണ്‍ 21) പ്രതിരോധമന്ത്രി രാജ്‌നാഥ്‌സിങും സംയുക്തസേനാമേധാവിയും മൂന്നുവിഭാഗം സൈനികമേധാവികളും ചര്‍ച്ച ചെയ്താണ് കരാര്‍വ്യവസ്ഥകള്‍ ആവശ്യമെന്നുകണ്ടാല്‍ അവഗണിച്ചുകൊള്ളാന്‍ സൈന്യത്തിനു നിര്‍ദ്ദേശം നല്കിയിരിക്കുന്നത്.
ഇപ്പോള്‍ ചൈന വീണ്ടും അനന്ത്‌നാഗിലും പ്രകോപനം സൃഷ്ടിക്കുകയാണ്. ഗാല്‍വാന്‍താഴ്‌വര മുഴുവന്‍ അവരുടേതാണെന്ന് അവര്‍ വാദിക്കുന്നു. ഇപ്പോള്‍ നിയന്ത്രണരേഖയ്ക്കപ്പുറവും ഇപ്പുറവുമായി ഇരുരാജ്യങ്ങളും താഴ്‌വര പങ്കിടുകയാണ്.
അയല്‍രാജ്യങ്ങളിലേക്ക് അതിക്രമിച്ചുകടക്കുന്ന സ്വഭാവം ചൈനയ്ക്കു പുതിയതല്ല. 1950ല്‍ അവര്‍ തിബത്ത് ആക്രമിച്ചു കീഴടക്കി. ലോകരാഷ്ട്രങ്ങളൊന്നും പ്രശ്‌നത്തില്‍ ഇടപെട്ടില്ല. 1954 ലെ ഒരു കരാര്‍പ്രകാരം ഇന്ത്യ, തിബത്തിനുമേല്‍ ചൈനയ്ക്കുള്ള അവകാശം അംഗീകരിച്ചുകൊടുത്തു. 1959 ല്‍ തിബത്തിലെ നാമമാത്രഗവണ്മെന്റിനെയും ചൈന അധികാരത്തിനു വെളിയിലാക്കി. രാഷ്ട്രനേതാവായ ദലൈലാമ അനുയായികളോടൊപ്പം ഇന്ത്യയില്‍ അഭയം തേടി. അതു ചൈനയ്ക്കിഷ്ടപ്പെട്ടില്ല. അഭയം തേടി വരുന്നവരെ ആട്ടിയോടിക്കുന്ന പാരമ്പര്യം ഇന്ത്യയ്ക്കില്ലാതിരുന്നതുകൊണ്ട്, പ്രധാനമന്ത്രി ജവഹര്‍ലാല്‍നെഹൃ ദലൈലാമയ്ക്കും സംഘത്തിനും അഭയം നല്കി. അതോടെ ചൈന ഇന്ത്യയുടെ ശത്രുവായി. 
തിബത്തു കൈവശമാക്കിയതോടെ ഇന്ത്യയുമായി ഏറ്റവുമധികം അതിര്‍ത്തി പങ്കിടുന്ന രാജ്യമായിത്തീര്‍ന്നു ചൈന. 3488 കിലോമീറ്റര്‍ വരും അതിര്‍ത്തിദൈര്‍ഘ്യം. പാക്കിസ്ഥാനുമായുള്ള അതിര്‍ത്തിദൈര്‍ഘ്യവും ഒട്ടും കുറവല്ല. 3323 കിലോമീറ്റര്‍. എന്നും പ്രശ്‌നക്കാരായ ഈ രണ്ടു രാജ്യങ്ങളുടെയും ആക്രമണഭീഷണിയില്‍നിന്നു മാതൃഭൂമിയെ സംരക്ഷിക്കാന്‍ നമ്മുടെ സൈനികര്‍ കുറച്ചൊന്നുമല്ല കഷ്ടപ്പെടുന്നത്. എത്രയോ തവണ എത്രയോ സൈനികസഹോദരന്മാര്‍ ഈ ഉദ്യമത്തില്‍ ജീവന്‍തന്നെ ബലി നല്കിയിരിക്കുന്നു. 
ഇത്തവണ ഗല്‍വാന്‍ നദിക്കു കുറുകെ ആറുമീറ്റര്‍ വരുന്ന ഒരു പാലം ഇന്ത്യന്‍ സൈനികര്‍, ചൈനയുടെ എതിര്‍പ്പിനെ മറികടന്നു പണിതീര്‍ത്തിരുന്നു. ജൂണ്‍ 11 വ്യാഴാഴ്ചയാണതു പൂര്‍ത്തിയാക്കിയത്. ഇതാണിപ്പോള്‍ ചൈന കാരണമാക്കിയിരിക്കുന്നത്. അങ്ങനെയാണ് 15 തിങ്കളാഴ്ച സംഘര്‍ഷമുണ്ടായത്.
മഹാത്മാഗാന്ധിയുടെ ഇന്ത്യ എന്നും സമാധാനപക്ഷത്താണ്. ആദ്യപ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹൃ ലോകസമാധാനത്തിന്റെ വക്താവായിരുന്നു. അയല്‍രാജ്യങ്ങളുമായി സൗഹൃദത്തിലും സഹകരണത്തിലും കഴിയാന്‍ അദ്ദേഹം ആഗ്രഹിച്ചു. അങ്ങനെയാണദ്ദേഹം ചൈനയുമായി പഞ്ചശീലതത്ത്വങ്ങളില്‍ അധിഷ്ഠിതമായ നയതന്ത്രബന്ധം സ്ഥാപിച്ചത്. ഇന്ത്യാ - ചീനാ ഭായി ഭായി എന്ന മുദ്രാവാക്യം നമുക്കു തന്നത്. 
അത് 1954 ല്‍ ആയിരുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി ജവര്‍ഹര്‍ലാല്‍ നെഹൃവും ചൈനീസ് പ്രധാനമന്ത്രി ചൗഎന്‍ലായിയും കൂടി ഒരു മേശയ്ക്കുചുറ്റുമിരുന്നു തയ്യാറാക്കിയതാണ് പഞ്ചശീലതത്ത്വങ്ങള്‍. 1955 ല്‍ നടന്ന ആഫ്രോ - ഏഷ്യന്‍ കോണ്‍ഫെറന്‍സ് ഇതിന് അംഗീകാരവും നല്കി.
ബുദ്ധമതത്തിലെ പഞ്ചശീലങ്ങളായിരുന്നു ആധുനികപഞ്ചശീലതത്ത്വങ്ങള്‍ക്കു മാതൃക. അത് ഇന്ത്യയുടെയും ചൈനയുടെയും പൊതുപൈതൃകമാണല്ലോ. പരസ്പരം പരമാധികാരത്തെ മാനിക്കുക, പരസ്പരം ആക്രമിക്കാതിരിക്കുക, പരസ്പരം ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാതിരിക്കുക - ഇവയായിരുന്നു പുതിയ പഞ്ചശീലങ്ങള്‍.
ഇതിന്റെ വെളിച്ചത്തില്‍ ഇന്ത്യ ചൈനയെ സഹോദരനായി കണ്ടു. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും സഹകരണവും ലോകസമാധാനത്തിനു പ്രചോദകമാകുമെന്നു നെഹൃ വിശ്വസിച്ചു. സാമ്പത്തികസ്രോതസ്സുകള്‍ ആയുധങ്ങള്‍ വാങ്ങാനും സൈനികശക്തി വിപുലീകരിക്കാനും ഉപയോഗിക്കുന്നതിനുപകരം വികസനപ്രവര്‍ത്തനങ്ങളിലേക്കു തിരിച്ചുവിടാന്‍ അദ്ദേഹം ആഗ്രഹിച്ചു.
പക്ഷേ, അദ്ദേഹം നിര്‍ദയം വഞ്ചിക്കപ്പെട്ടു. 1955 ജൂണില്‍ ത്തന്നെ ചൈന മക്‌മോഹന്‍രേഖ ലംഘിച്ച് അന്നത്തെ ഉത്തരപ്രദേശിലെ സാരാഹട്ടിയിലേക്കു കടന്നുകയറി. തുടര്‍ന്നു നീലാംഗ്, ഷാഷ്‌കിചുരം എന്നിവിടങ്ങളിലേക്കും അതിക്രമിച്ചു കയറി. 1957 ല്‍ ലഡാക്കിലെ അക്‌സായിയിന്‍ പ്രദേശത്തുകൂടി ടിബറ്റിലേക്കു ചൈന ഏകപക്ഷീയമായി റോഡുവെട്ടി.
1914 ലാണ് ടിബറ്റും ഇന്ത്യയുമായുള്ള അതിര്‍ത്തിനിര്‍ണയം നടന്നത്. അതാണു മക്‌മോഹന്‍ രേഖ. ബ്രിട്ടീഷ് സ്റ്റേറ്റുസെക്രട്ടറിയായിരുന്ന സര്‍ ഹെന്റി മക്‌മോഹന്റെ നേതൃത്വത്തില്‍ നടന്ന സിംലാകോണ്‍ഫെറന്‍സിലാണ് ഈ അതിര്‍ത്തിരേഖയ്ക്ക് അന്തിമരൂപം നല്കിയത്. പക്ഷേ, ഈ രേഖ ചൈന ഒരിക്കലും അംഗീകരിച്ചിരുന്നില്ല.
ഒടുവില്‍ അതും സംഭവിച്ചു. ആദ്യ ഇന്തോ - ചൈനാ യുദ്ധം. പഞ്ചശീലതത്ത്വങ്ങള്‍ ഹിമാലയന്‍താഴ്‌വരയിലെ തണുത്ത കാറ്റില്‍ പറന്നുപോയി. 1962 സെപ്റ്റംബര്‍ എട്ടിന് വടക്കുകിഴക്കന്‍ അതിര്‍ത്തിയിലെ തക്‌ളാമലഞ്ചെരുവിലൂടെ ചെമ്പട ഇന്ത്യന്‍ മണ്ണിലേക്കു കുതിച്ചുകയറി. അപ്രതീക്ഷിത ആക്രമണത്തില്‍ ഇന്ത്യ നടുങ്ങി. ലോകരാഷ്ട്രങ്ങള്‍ അമ്പരന്നു. ഒരു ഇന്തോ - ചൈന യുദ്ധം ആരും പ്രതീക്ഷിച്ചിരുന്നില്ല.
ഇന്ത്യന്‍സേന ഒരു യുദ്ധത്തിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നില്ല. അതുകൊണ്ടുതന്നെ ചൈനയുടെ മുന്നേറ്റം ഏകപക്ഷീയമായിരുന്നു. രണ്ടുമൂന്നു ദിവസങ്ങള്‍ക്കുശേഷം അവര്‍ സ്വയം പിന്‍വാങ്ങിയെങ്കിലും ഒക്‌ടോബര്‍ 20 നു ചൈനീസ് സൈന്യം ലഡാക്കിലേക്കും നേഫയിലേക്കും ഇരച്ചുകയറി. അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ ഇന്ത്യ പരാജയമറിഞ്ഞു. എങ്കിലും അന്താരാഷ്ട്രാഭിപ്രായം എതിരായതോടെ ചൈന നവംബര്‍ 21 ന് ഏകപക്ഷീയമായി വെടി നിര്‍ത്തി.
അന്ന് ഇന്ത്യയ്ക്കു നഷ്ടപ്പെട്ടത് 1383 ജവാന്മാരുടെ ജീവനാണ്. 1696 പേരെ കാണാതായി. 1047 പേര്‍ക്കു മുറിവേറ്റു. 3968 പേര്‍ ചൈനയുടെ തടവിലായി.
അന്നു ലഡാക്കിലും നേഹ (ഇന്നത്തെ അരുണാചല്‍ പ്രദേശ്)യിലുമായി അവര്‍ കൈയേറിയ അമ്പതിനായിരത്തിലധികം ചതുരശ്ര കിലോമീറ്റര്‍ ഇന്ത്യന്‍ ഭൂമി ഇന്നും അവരുടെ കൈവശമാണ്. അതും പോരാഞ്ഞ്, അരുണാചല്‍പ്രദേശ് മുഴുവന്‍ അവര്‍ക്കവകാശപ്പെട്ടതാണെന്നു വാദിക്കുകയും ചെയ്യുന്നു. 
അടുത്ത ആക്രമണം 1967 ലായിരുന്നു. ചൈനാ - സിക്കിം അതിര്‍ത്തിയില്‍. സെപ്റ്റംബര്‍ 11-14 തീയതികളില്‍ നാത്തുലായിലും ഒക്‌ടോബര്‍ ഒന്നിനു യോലായിലും അവര്‍ സൈനികാക്രമണം നടത്തി. പക്ഷേ, 1962 ലെ ഇന്ത്യന്‍ സൈന്യമായിരുന്നില്ല 1967 ലേത്. നമ്മളും ശക്തമായി തിരിച്ചടിച്ചു. ഒക്‌ടോബര്‍ രണ്ടിനു യോലായില്‍നിന്നു ചൈന പിന്മാറി. 88 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചു. 163 പേര്‍ക്കു പരിക്കു പറ്റി. ചൈനീസ്പക്ഷത്ത് 340 പേര്‍ കൊല്ലപ്പെട്ടുവെന്നും 450 പേര്‍ക്കു പരിക്കുപറ്റിയെന്നുമാണു കണക്ക്. 
ഇതിനെല്ലാം പിന്നാലെ ഇപ്പോള്‍ ഇന്ത്യയുടെ സൈനികശക്തി വികസിതരാഷ്ട്രങ്ങളുടേതിനൊപ്പം മെച്ചപ്പെട്ടു എന്നു മാത്രമല്ല വടക്കന്‍ അതിര്‍ത്തിയില്‍ നമ്മള്‍ കൂടുതല്‍ കരുതലും എടുത്തിരിക്കുന്നു. 1975 മേയില്‍ സിക്കിമിനെ നമ്മള്‍ സംസ്ഥാനമാക്കി മാറ്റി. 1987 ല്‍ നീഫയും അരുണാചല്‍പ്രദേശ് എന്ന പേരില്‍ സംസ്ഥാനമായി. 2019 ഒക്‌ടോബറില്‍ ലഡാക്കിനെ ജമ്മുകാശ്മീരില്‍ നിന്നു വിടുവിച്ചു കേന്ദ്രഭരണപ്രദേശമാക്കി.
എന്തെല്ലാം കരുതലുകളെടുത്താലും, എത്ര സൗഹൃദഹസ്തം നീട്ടിയാലും എത്ര കരാറുകള്‍ ഒപ്പിട്ടാലും ചൈന നമുക്കു നിരന്തരം തലവേദന തന്നെ. ഒരു വിധത്തിലും മെരുക്കാനാവാത്ത മഞ്ഞക്കടുവ. കടുവായെ പുല്ലു തീറ്റാം എന്നു വ്യാമോഹിക്കേണ്ട. അവനുവേണ്ടി എന്നും വെടിയുണ്ടകള്‍തന്നെ കരുതിവയ്ക്കണം.
പഞ്ചശീലങ്ങളല്ല, പഞ്ചദുശ്ശീലങ്ങളാണല്ലോ ചൈനയ്ക്കിഷ്ടം!

 

Login log record inserted successfully!