ഒരുപാട് ആശകളും പ്രതീക്ഷകളുമായി പലതരം പ്രതികൂലസാഹചര്യങ്ങളോടു പടപൊരുതി ജീവിക്കുന്ന സാധാരണ മനുഷ്യരുടെ ജീവിതത്തില്‍ ചിലപ്പോഴൊക്കെ ഉണ്ടാകുന്ന വലിയ പ്രതിസന്ധികളെ ദൈവത്തിലും ദൈവവചനത്തിലുമുള്ള വിശ്വാസത്താല്‍ തരണം ചെയ്യാമെന്ന മഹത്തായ സന്ദേശമാണ് ഇക്കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ ഒ ടി ടി പ്ലാറ്റ്‌ഫോമില്‍ (ജൃശാല ൃലലഹ)െ റിലീസ് ചെയ്ത''കാറ്റിനരികെ'' എന്ന മലയാളസിനിമ സമൂഹത്തിനു കൈമാറുന്നത്.
കപ്പൂച്ചിന്‍ സന്ന്യാസാശ്രമത്തിലെ യുവപുരോഹിതനായ ഫാദര്‍ റോയി ജോസഫ് കാരയ്ക്കാടാണ് കഥയും തിരക്കഥയുമെഴുതി ഈ സിനിമ സംവിധാനം ചെയ്തത്. ഒരു മലഞ്ചെരുവിലെ ചെറിയ വീട്ടില്‍ ഭാര്യയോടും സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ രണ്ടു മക്കളോടുമൊപ്പം കുടുംബനാഥനായ ജോണി ദൈവാശ്രയത്തിലൂന്നിക്കൊണ്ട് നടത്തുന്ന അതിജീവനത്തിന്റെ കഥയാണ് കാറ്റിനരികെയിലൂടെ ഫാദര്‍ റോയി ജോസഫ് പറയുന്നത്. പ്രകൃതിയുടെ മനോഹാരിതയില്‍ ചാലിച്ചെഴുതിയ, സംഘട്ടനങ്ങളും വയലന്‍സുകളുമൊന്നുമില്ലാതെ ശാന്തമായൊഴുകുന്ന, മനുഷ്യസ്‌നേഹത്തിന്റെയും നന്മകളുടെയും കഥ - അതാണ് ''കാറ്റിനരികെ''.
ഒറ്റപ്പെട്ട ഒരു ഉയര്‍ന്ന മലയുടെ ചെരിവില്‍ താമസിക്കുന്ന ആ പാവപ്പെട്ട കുടുംബത്തിന് അഭിമുഖീകരിക്കേണ്ടതും അതിജീവിക്കേണ്ടതുമായ പ്രതിസന്ധികള്‍ പലതാണ്. മലയുടെ മുകളിലെ വീട്ടില്‍ പ്രകൃതിയോടിണങ്ങിയുള്ള ജീവിതംതന്നെ അതിജീവനക്ലേശങ്ങളുടേതാണ്. നാഗരികതയില്‍നിന്ന് അകന്നുപോകുന്തോറും തോന്നാവുന്ന ഭീതിദമായ ഏകാന്തതകളോടും ദുരന്തങ്ങളുടെ നിഗൂഢതകള്‍ മറഞ്ഞുകിടക്കുന്ന മലയോരഗ്രാമപ്രകൃതികളുടെ നൈസര്‍ഗികമായ വന്യതകളോടുള്ള സമരസപ്പെടല്‍, പൂര്‍ണമായും പണമില്ലാത്തവന്റെ ക്ലേശകരമായ അതിജീവനത്തിന്റെ ചിത്രമാണ് നമുക്കു നല്‍കുന്നത്. കുടുംബനാഥനായ ജോണി വിറകു വെട്ടിയും ഭാര്യ ആനി കന്യാസ്ത്രീമഠത്തില്‍ ജോലി ചെയ്തുമാണ് തൊമ്മി, അമ്മുക്കുട്ടി എന്നീ രണ്ട് മക്കളുമടങ്ങുന്ന കൊച്ചു കുടുംബത്തിന്റെ ജീവസന്ധാരണത്തിന് മാര്‍ഗം കണ്ടെത്തുന്നത്. ചുറ്റുവട്ടങ്ങളില്‍നിന്നേല്‍ക്കുന്ന അപമാനങ്ങളിലൂടെ, അന്നവസ്ത്രാദികളുടെ കഠിനമായ ദാരിദ്ര്യക്ലേശങ്ങളില്‍നിന്നുള്ള ആ കുടുംബത്തിന്റെ അതിജീവനശ്രമങ്ങള്‍ കാണുമ്പോള്‍, തങ്ങള്‍ താണ്ടിക്കടന്നുവന്ന പൂര്‍വകാലയാഥാര്‍ത്ഥ്യങ്ങളുടെ ഓര്‍മകളാണ് പലര്‍ക്കും ഈ സിനിമ നല്‍കുന്നത്. ജീവിതത്തിലെ അനുകൂലമോ പ്രതികൂലമോ ആയ ഏതു സാഹചര്യങ്ങളിലും ദൈവത്തിലാശ്രയിച്ചു ജീവിക്കുവാന്‍ പരിശീലിക്കുകയും അതു തലമുറകളെ പഠിപ്പിക്കുകയും ചെയ്യുന്ന മൂല്യവത്തായ ഒരു മാതൃക 'കാറ്റിനരികെ''തരുന്ന ഒരു വലിയ സന്ദേശമാണ്.
പള്ളിയിലച്ചന്റെ പ്രഭാഷണങ്ങളാല്‍ സ്വാധീനിക്കപ്പെട്ട ജോണിയുടെ മകള്‍ അമ്മു ഒരുപാട് പേര്‍ക്കു സഹായമായി മാറുന്നത് ചിത്രത്തില്‍ എടുത്തുപറയേണ്ട ഒരു സംഗതി തന്നെയാണ്. ജിയോ ബേബിയുടെ കുഞ്ഞുദൈവം' എന്ന സിനിമയിലെ കുഞ്ഞ് ഔസേപ്പച്ചനെയാണ് അമ്മു അനുസ്മരിപ്പിക്കുന്നത്. ആധ്യാത്മികവിഷയങ്ങളില്‍ കുട്ടികള്‍ക്കു ബാല്യകാലംമുതലേ ലഭിക്കുന്ന ശിക്ഷണം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് ഈ സിനിമ നമ്മെ ഓര്‍മിപ്പിക്കുന്നു. നര്‍മരസം തുളുമ്പുന്ന പ്രഭാഷണങ്ങളിലൂടെ ശ്രോതാക്കളുടെ പ്രിയങ്കരനായി മാറിയ കപ്പൂച്ചിന്‍ വൈദികന്‍ ഫാദര്‍ ജോസഫ് പുത്തന്‍പുരയ്ക്കലാണ് (കാപ്പിപ്പൊടിയച്ചന്‍) ഈ ചിത്രത്തില്‍ പള്ളിയിലച്ചന്റെ വേഷത്തില്‍ എത്തുന്നത്. സംശയകരമായ ഒരു സാഹചര്യത്തില്‍ നിരപരാധിയായ ജോണി നിയമക്കുരുക്കില്‍ പെടുന്നതോടെ, പാവപ്പെട്ട ആ കുടുംബത്തിന്റെ അതിജീവനക്ലേശങ്ങള്‍ കൂടുതല്‍ ദുസ്സഹമാവുകയും സമൂഹത്തില്‍ അവര്‍ അപഹാസ്യരാവുകയും ചെയ്യുന്നുണ്ടെങ്കിലും ദൈവാശ്രയത്വത്തിന്റെ നീതി വെളിപ്പെടുന്നതുപോലെ ജോണി മോചനം പ്രാപിക്കുകയും ആ കുടുംബം ആനന്ദത്തിലേക്ക് എത്തുകയും ചെയ്യുന്നു.
ജോണിയായി അശോകനും ആനിയായി സിനി ഏബ്രഹാമെന്ന പുതുമുഖവും അഭിനയിക്കുന്നു. അവരുടെ മക്കളായി അഭിനയിച്ച കുട്ടികള്‍ രണ്ടുപേരും മികച്ച അഭിനയംതന്നെയാണ് കാഴ്ചവച്ചിരിക്കുന്നത്. പ്രകൃതിയെ മുറിപ്പെടുത്താതെ ജീവിക്കണമെന്നുള്ള ഒരു ഇക്കോളജിക്കല്‍ ചിന്തയും ഈ സിനിമയിലൂടെ അവതരിപ്പിക്കുന്നുണ്ട്. ചാലി പാലാ, സിദ്ധാര്‍ഥ് ശിവ, ജോബി തുടങ്ങിയവരും ഈ സിനിമയിലുണ്ട്.
കോട്ടയം ജില്ലയിലെ എരുമേലിക്കടുത്ത് കൊല്ലമുള സ്വദേശിയാണ് സംവിധായകനായ ഫാദര്‍ റോയി ജോസഫ് കാരയ്ക്കാട്ട്. ചെറുപ്പംമുതല്‍ കഥകളും നാടകങ്ങളുമൊക്കെ എഴുതിയിരുന്ന ഫാദര്‍ അസ്സീസി മാസികയുടെ എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ചങ്ങനാശ്ശേരി മീഡിയ വില്ലേജില്‍നിന്ന് സിനിമാപഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം ഡോക്യൂമെന്ററികളും, ഷോര്‍ട്ട് ഫിലിമുകളുമൊക്കെ ചെയ്ത് മികച്ച പ്രവൃത്തിപരിചയത്തോടെയാണ് തന്റെ ആദ്യ മുഴുനീള സിനിമ ചെയ്തത്. അതുകൊണ്ടുതന്നെ ആദ്യ സിനിമ മനോഹരമാക്കുവാന്‍ ഫാദര്‍ റോയിക്കു കഴിഞ്ഞു. മികച്ച നവാഗതസംവിധായകനുള്ള അവാര്‍ഡ് ഫാദര്‍ റോയിക്കു നല്‍കിക്കൊണ്ട് കേരള ഫിലിം ക്രിട്ടിക്‌സ് അസ്സോസിയേഷന്‍ അത് ശരിവയ്ക്കുകയും ചെയ്തു. മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ പത്മരാജന്‍ സിനിമകളിലെ കഥാപാത്രങ്ങള്‍ എന്ന വിഷയത്തില്‍ ഗവേഷണം ചെയ്യുകയാണ് ഇപ്പോള്‍ ഫാദര്‍ റോയി. ഈ സിനിമയുടെ കഥയിലും തിരക്കഥയിലും ഫാദര്‍ എന്‍. ആന്റണി, സ്മിറിന്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കാളികളാണ്.
ഇതിലെ നീലാകാശം ചൂടാറുണ്ടേ.. എന്ന ഗാനം മികച്ച നിലവാരം പുലര്‍ത്തുന്നുണ്ട്. പ്രകൃതിരമണീയമായ ലൊക്കേഷനും, ചാരുതയാര്‍ന്ന ദൃശ്യങ്ങള്‍ അതുപോലെതന്നെ പകര്‍ത്തിയ ഛായാഗ്രഹണവും മികവുറ്റതുതന്നെ. എഡിറ്റിങും ബാക്ക്ഗ്രൗണ്ട് സ്‌കോറും നിലവാരം പുലര്‍ത്തുന്നുണ്ട്. ഇതിന്റെ സാക്ഷാത്കാരത്തിനുവേണ്ടി ഒരുപാട് കഠിനപരിശ്രമങ്ങള്‍ നടത്തിയ ഫാ. റോയി ജോസഫിനും അണിയറപ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍.