അരുവിത്തുറ, ചേര്‍പ്പുങ്കല്‍ എന്നിങ്ങനെ അരപ്പള്ളിക്കു സ്ഥാനം നിര്‍ണയിച്ച് മുമ്പ് എഴുതിക്കണ്ടിട്ടുണ്ട്. അവയൊന്നും ശരിയല്ല, കാരണം അതിനു വേണ്ടത്ര തെളിവുകളോ ചരിത്രപരതയോ ഇല്ല. എന്നാല്‍ പിന്നെയെവിടെ? തെക്കന്‍ തിരുവിതാംകൂറിലെ തിരുവിതാംകോട്ടുള്ള പുരാതന ദൈവാലയമാണ് അരപ്പള്ളി.
അരപ്പള്ളിയുടെ സ്ഥാനം
തിരുവനന്തപുരം - കന്യാകുമാരി എന്‍.എച്ച്. 47 ല്‍ മാര്‍ത്താണ്ഡംകഴിഞ്ഞ് 8 കി.മീ. ചെല്ലുമ്പോള്‍ അഴകിയ മണ്ഡപം എന്ന സ്ഥലത്തെത്തും. അവിടന്നു വലത്തേക്കു തിരിഞ്ഞ് ഒന്നരകിലോമീറ്റര്‍ പോയാല്‍ റോഡിന്റെ വലത്തുവശത്ത് പുരാതനമായ ഒരു ചെറിയ പള്ളി കാണാം. അതിനു നീണ്ട മോണ്ടളമുണ്ട്; മുമ്പില്‍ കല്‍ക്കുരിശും കൊടിമരവമുണ്ട്. ഇതെല്ലാം തിരുവിതാംകോട് എന്ന സ്ഥലത്താണ്.
കന്യാകുമാരി ജില്ല(തെക്കന്‍ തിരുവിതാംകൂര്‍)യിലെ കല്‍ക്കുളം താലൂക്കില്‍, തക്കല നഗരത്തിനു തെക്ക്, പദ്മനാഭപുരം കൊട്ടാരത്തിനു തെക്കുപടിഞ്ഞാറുള്ള ഗ്രാമമാണ് തിരുവിതാംകോട്. ശ്രീവാഴുംകോട് അതായത് സൗഭാഗ്യദേവതയുടെ വാസസ്ഥലം; ഇതില്‍നിന്നാണ് തിരുവിതാംകോട് എന്ന പേര് വരുന്നത്. ശ്രീ, തിരു ഈ പേരില്‍ നിന്ന് തിരുവിതാംകൂര്‍ എന്ന നാമം വന്നു. (കോട് = കോട്ട, പ്രദേശം.)
വാക്കിന്റെ അര്‍ത്ഥം
'അരപ്പള്ളി' എന്ന് കേരളീയരാണു കൂടുതലായി പറയുന്നത്. ആ നാട്ടുകാര്‍ക്ക് ഈ പേര് അത്ര പരിചിതമല്ല. അരപ്പള്ളി എന്ന് തിരുവിതാംകോടു പള്ളിക്കു പേരുവരാന്‍ ചില കാരണങ്ങളുണ്ട്. 1. തിരുവിതാംകോട് പള്ളി പണിയാന്‍ സ്ഥലം നല്‍കിയത് അരശ്-(രാജാവ്) ആണ്. അതുകൊണ്ട് ആ സ്ഥലത്തു നിര്‍മിച്ച പള്ളിയെ അരശുപള്ളി എന്നു വിളിച്ചു. കാലക്രമേണ ആ പേരു ലോപിച്ച് അരപ്പള്ളി എന്നായി. 2. 'അര' എന്നാല്‍ ശ്രേഷ്ഠം, ഉന്നതം എന്നും അര്‍ത്ഥമുണ്ട്. കോട്ടമതിലുള്ള ഗൃഹമാണ് 'അരമന'. രാജാവ്, മെത്രാന്‍ തുടങ്ങിയ ഉന്നതരുടെ ഭവനത്തിന് അരമന എന്നു പറയുന്നു. ക്ഷേത്രങ്ങള്‍ക്കും ചില കത്തോലിക്കാപ്പള്ളികള്‍ക്കും ചുറ്റുമതില്‍ ഉണ്ടായിരുന്നു. ഉദാ. രാമപുരം, മുളന്തുരുത്തി. (കുറവിലങ്ങാടുണ്ടായിരുന്നത് പിന്നീട് നീക്കപ്പെട്ടു.) 3. തിരുവിതാംകോട് ഒരു ക്രിസ്ത്യന്‍ പള്ളി സ്ഥാപിക്കാന്‍ വേണ്ടത്ര വിശ്വാസികള്‍ ഇല്ലായിരുന്നു. കുറച്ചാളുകള്‍, പകുതിപ്പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് അന്നു നിര്‍മിച്ച ആ പള്ളിയെ പുറത്തുള്ളവര്‍ അരപ്പള്ളിയെന്നു വിളിച്ചു.
അരപ്പള്ളിയുടെ ചരിത്രം
ക്രിസ്തുശിഷ്യന്‍ മാര്‍ത്തോമ്മാ തിരുവിതാംകോട് ഗ്രാമത്തില്‍ പള്ളി, അതായത് കെട്ടിടമല്ല, വിശ്വാസികളുടെ സമൂഹം-ഹീബ്രുവില്‍ കഹാല്‍, സുറിയാനിയില്‍ ഏദ്ദ, ഗ്രീക്കില്‍ എക്ലേസിയ - സ്ഥാപിക്കാനും പള്ളി (ആരാധനാലയം) പണിയാനും കുരിശു നാട്ടി എന്നൊരു വിശ്വാസമുണ്ട്.
ഏതാനുംവര്‍ഷംമുമ്പ് ഞാന്‍ ചില തീര്‍ത്ഥാടകരുമൊത്ത് അരപ്പള്ളി സന്ദര്‍ശിക്കാന്‍പോയി. (2008 മുതല്‍ ആറു വര്‍ഷം തക്കലയില്‍ താമസിച്ച് രൂപതയില്‍ ജോലി ചെയ്തിരുന്നതിനിടയ്ക്ക് പല പ്രാവശ്യം ഞാന്‍ അരപ്പള്ളിയില്‍ പോയിരുന്നു) അപ്പോള്‍ അവിടെയുള്ള വൈദികന്‍ പറഞ്ഞതിങ്ങനെ: മൈലാപ്പൂരില്‍നിന്ന് മാര്‍ത്തോമ്മാ 64 കുടുംബക്കാരെ ഇവിടെ കൊണ്ടുവന്നു. പിച്ചിപ്പൂവ്, മൂല്ലപ്പൂവ്, ചന്ദനം, ചെറുനാരങ്ങ, ഭസ്മം എന്നിവ ഒരു സ്വര്‍ണത്തളികയില്‍ വച്ച് വേണാട് രാജാവ് തോമ്മായെയും കൂടെവന്ന ചെട്ടികളെയും സ്വീകരിച്ചു. അതില്‍ ഭസ്മം ഒഴികെ ബാക്കിയെല്ലാം അവര്‍ സ്വീകരിച്ചു.
തോമ്മായുടെ കൂടെവന്നവര്‍ക്ക് രാജാവ് കരമൊഴിവായി 64 പുരയിടങ്ങളും ഭവനങ്ങളും നല്‍കി. അവരുടെ അപേക്ഷപ്രകാരം ദൈവാലയനിര്‍മാണത്തിനു കരമൊഴിവായി സ്ഥലവും കൊടുത്തു. അവര്‍ അവിടെ നിര്‍മിച്ചതാണ് തിരുവിതാംകോടുള്ള പള്ളി എന്നാണു വിശ്വാസം. തോമ്മയോടുള്ള ആദരവുമൂലം സ്ഥലവാസികള്‍ ഈ പള്ളിയെ തോമയാര്‍ക്കോവില്‍ എന്നു വിളിച്ചു.
ഇന്നുള്ള അരപ്പള്ളി
നാഞ്ചിനാടിന്റെ ശില്പശൈലിയായ ശ്രീകോവിലും മണ്ഡപവും ചേര്‍ന്നതാണ് കേരളകത്തോലിക്കര്‍ വിളിക്കുന്ന അരപ്പള്ളി. ആ നാട്ടുകാര്‍ക്ക് ഈ പേര് പരിചിതമല്ല. പള്ളിക്ക് എട്ടു മീറ്റര്‍ നീളവും അഞ്ചു മീറ്റര്‍ വീതിയും മൂന്നു മീറ്റര്‍ ഉയരവുമുണ്ട്. പള്ളിക്ക് കരിങ്കല്‍ത്തൂണുകള്‍ താങ്ങുന്ന, കരിങ്കല്‍പ്പാളികള്‍ പാകിയ മേല്‍ക്കൂരയുണ്ടായിരുന്നു. കാലപ്പഴക്കത്തില്‍ അതിന് കേടുപാടുകളുണ്ടായി. അവ അന്നന്നു പരിഹരിക്കുകയും ചെയ്തുപോന്നു. ഒരിക്കല്‍, പള്ളിയുടെ മേല്‍ക്കൂരയില്‍ ഒരു ആല്‍മരം വളര്‍ന്നുവന്നു. അപകടാവസ്ഥയിലായപ്പോള്‍ അതു നീക്കം ചെയ്തു. പള്ളിക്ക് തടികൊണ്ടുള്ള മേല്‍ക്കൂര കേറ്റി ഓടു മേഞ്ഞു.
ഇന്നുള്ള പണി നാല് അഥവാ അഞ്ച് നൂറ്റാണ്ടിനിടയ്ക്ക് ഉള്ളതാണ് എന്നു പുരാവസ്തു ഗവേഷകനായ പൊതുവാള്‍ പറയുന്നു. പോര്‍ച്ചുഗീസുകാര്‍ പള്ളിക്കു സമ്മാനിച്ച തടികൊണ്ടുള്ള ബലിപീഠം, പഞ്ചലോഹധൂപക്കുറ്റി മുതലായവ പള്ളിയുടെ മ്യൂസിയത്തിലുണ്ട്.
പണിയെപ്പറ്റി തര്‍ക്കം
പണ്ടു തിരുവിതാംകോട്ടുകാര്‍ വ്യാപാരത്തിനായി ദൂരദേശങ്ങളില്‍പ്പോയിരുന്നു. അതുമൂലം ഒരിക്കല്‍ അവര്‍ക്കു കോളറ പിടിപെട്ടു. അതു പടര്‍ന്നതുമൂലം ആയിരങ്ങള്‍ മരിച്ചു. ശേഷിച്ചവര്‍ ഓടിപ്പോയി. അങ്ങനെ ക്രിസ്ത്യാനികള്‍ തിരുവിതാംകോട്ടില്‍ ഇല്ലെന്നായി. തന്മൂലം പള്ളിവകസ്വത്തുക്കള്‍ അന്യാധീനത്തിലായി. പള്ളിക്കെട്ടിടം കാടുകയറി മൂടി!
വളരെനാള്‍കഴിഞ്ഞ് ക്രിസ്ത്യാനികള്‍ തിരുവിതാംകോടു വന്നപ്പോഴത്തെ സ്ഥിതി ഇതായിരുന്നു. പള്ളിക്കെട്ടിടം ഹിന്ദുക്കളുടേതാണെന്ന വാദം വന്നു, തര്‍ക്കമായി. പരിഹാരത്തിനായി കാടു തെളിച്ച് മണ്ണു നീക്കി നോക്കി. അപ്പോള്‍ ഉള്‍ഭാഗത്ത് വലതുവശത്തുള്ള തറക്കല്ലില്‍ കുരിശുരൂപം കൊത്തിയിരിക്കുന്നതു കാണപ്പെട്ടു. അതിപ്പോഴും കാണാം. അപ്പോള്‍ കെട്ടിടം ക്രിസ്ത്യാനികളുടേതായി അംഗീകരിക്കപ്പെട്ടു.
ഞങ്ങള്‍ അതു കാണുമ്പോള്‍ അവിടെയുള്ളത് ഒന്നോ രണ്ടോ ഇടവകക്കാരുള്ള സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചാണ്. ഈസ്റ്റര്‍കഴിഞ്ഞ് പുതുഞായറാഴ്ച തുടങ്ങി ഒരാഴ്ചയാണ് പള്ളിയിലെ പ്രധാന തിരുനാള്‍. മാതാവിന്റെ തിരുനാള്‍ ആചരിക്കുന്നത് ജനുവരി 15 നാണ്.
(തെക്കന്‍ തിരുവിതാംകൂറിലെ പുരാതന ക്രൈസ്തവര്‍ എന്ന ശീര്‍ഷകത്തില്‍ തയ്യാറായിക്കൊണ്ടിരുന്ന പുസ്തകത്തില്‍നിന്ന്.)