അനവദ്യസൂനകദംബങ്ങള്‍ മോടിയി-
ലണിയിട്ടിടും മലര്‍വാടിയൊന്നില്‍
അനിതരളോഭാ നികേതനമാകുമൊ-
രഭിരാമ വല്ലരിയങ്കുരിച്ചു.
അതിനുടെ സ്ഥാനം ദുര്‍ഗതിയാലാ വനികയി-
ലകലെയായൊരു കോണിലായിരുന്നു.
അതുമൂലമെത്രയുമഴകാര്‍ന്ന സാന്നിദ്ധ്യ-
മറിയാതെ പലരും കടന്നുപോയി.
അവഗണിക്കപ്പെടട്ടിരുന്നേറെയെങ്കിലു-
മതിനൊട്ടും വൃദ്ധി കുറഞ്ഞതില്ല.
അഴകുമാരോഗ്യവുമവയവപുഷ്ടിയു-
മനുദിനമതിനേറി വന്നിരുന്നു.
തികവുറ്റ ലാവണ്യജനകങ്ങളാമേറെ
മുകുളങ്ങള്‍ ലതയിന്മേലങ്കുരിച്ചു.
അനുവേലം സകലവുമനുകൂലമായ് ഭവി-
ച്ചതികോമളാംഗിയായവള്‍ വളര്‍ന്നു.
ഋതുപിന്നെ മാറി മറിഞ്ഞതിന്‍ശേഷ, മൊ-
രതികഠിനം ഗ്രീഷ്മകാലമെത്തി.
അരുണതാപത്തിലെരിഞ്ഞു തളര്‍ന്നിടും
ധരണിയെമ്പാടും വരണ്ടുപോയി.
പലവുരു വരികയായ് തോട്ടത്തിനുടമസ്ഥന്‍
ജലസേചനാര്‍ത്ഥമപ്പൂവാടിയില്‍
ഇതു വെറുമൊരുകാട്ടുപള്ളയെന്നോര്‍ത്തുകൊ-
ണ്ടഭയമാവഴിയേ കടന്നുപോയാല്‍
കതയിനിശേഷമെന്തോതുവാ? നാരെയും
കരയിക്കുമാറതു തളരുകയായ്.
കരിയാറായ്ത്തീര്‍ന്നൊരാ വല്ലരിയതിനുടെ
മരണത്തിന്‍ നിമിഷങ്ങളോടടുക്കെ
നിനയാതെ വന്നെത്തി രക്ഷനല്കാന്‍ ചില
യനുകൂലമാര്‍ഗ്ഗങ്ങളെങ്ങുനിന്നോ.
നിരമോലും നീല വിഹായസ്സില്‍ നീരദ
നിരകള്‍ നിരന്നു നിറഞ്ഞിതെങ്ങും.
അതിരൂക്ഷതാപം വിതച്ചൊരാദുരിതത്തി-
നറുതിയായ്, വര്‍ഷം സമാഗതമായി.
ധരയാകെയാശ്വാസ നെടുവീര്‍പ്പുതീര്‍ത്തപോ-
ലൊരു നവ്യചലനമെമ്പാടുമുണ്ടായ്.
കുളിരിളം തെന്നലടിച്ചു, സന്ധ്യാവലി-
യിളകിമധുസ്മിത വദനരായി.
തരുനിരപൂത്തു സുമങ്ങള്‍ വിടര്‍ന്നു ഹാ!
ധരയാകെയുത്സവലഹരിയിലായ്
ഇലയും തൊലിയുമെഴാതെ കരിഞ്ഞങ്ങു
നീലമടിയാറായാ ലതയിലെങ്ങും
തളിരും ദലവും ഫലങ്ങളുമോമല്‍പ്പൂ-
ങ്കുലകളും മന്ദം ജനിക്കുകയായ്.
അവസാനമായ പോല്‍ തോന്നിച്ചൊരാവല്ലി
നവകാന്തിയോടേയുയിര്‍ത്തെണീറ്റു
ഇനിയൊരുനാളും ക്ഷയിക്കുകില്ലാത്തപോ-
ലനുപമമായൊരു കാന്തി നേടി.
ചെറിയൊരപ്പൂന്തോപ്പിന്നുടമസ്ഥനല്പവും
കരുണ കാട്ടാതെ കടക്കുകിലും
മഹിയാകുമീ വിശാലരാമനാഥനാം
സകലേശന്‍ സേചനം ചെയ്യുന്നെല്ലാം.
മരണത്തില്‍ ശക്തിക്കു കീഴ്‌പ്പെടാതേവമീ
ലതയെപ്പോല്‍ ശക്തരാകാം നമുക്കും.