തൊണ്ണൂറ്റിയഞ്ചിലും ദൈവസ്‌നേഹത്തിന്റെ മുഖശോഭയുമായി മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍. പാലാ രൂപതയുടെ രണ്ടാമത്തെ ഇടയനായ മാര്‍ ജോസഫ് പള്ളിക്കാപറമ്പിലിന്റെ 95-ാം ജന്മദിനമായ ഏപ്രില്‍ പത്തിന് പാലാ ബിഷപ്‌സ് ഹൗസില്‍ ചേര്‍ന്ന വൈദികരുടെ കൂട്ടായ്മയില്‍ ഉയര്‍ന്നുകേട്ട ആശംസാവചനങ്ങളിലും പ്രാര്‍ത്ഥനാമൊഴികളിലും അദ്ദേഹം ഒന്നുകൂടി വിനീതനായി.
95-ാം പിറന്നാള്‍ അനുസ്മരിപ്പിച്ചുകൊണ്ട്, തിരഞ്ഞെടുക്കപ്പെട്ട 95 വൈദികര്‍ ചേര്‍ന്ന കൂട്ടായ്മയില്‍ പിതാവിന്റെ അച്ചടക്കത്തെയും കൃത്യനിഷ്ഠയെയും വിനയാന്വിതമായ സമീപനശൈലിയെയും ഏവരും പ്രകീര്‍ത്തിക്കുകയുണ്ടായി. യൗസേപ്പിതാവ് ദൈവപിതാവിന്റെ നിഴലായിരിക്കുന്നതുപോലെ പള്ളിക്കാപറമ്പില്‍ പിതാവും സ്വര്‍ഗപിതാവിന്റെ നിഴലായിക്കൊണ്ട് ദൈവേഷ്ടം നിറവേറ്റിയ ധന്യപിതാവാണെന്ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട് തന്റെ ആശംസാസന്ദേശത്തില്‍ പറയുകയുണ്ടായി. രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍, പ്രാര്‍ത്ഥനാ ചൈതന്യത്തോടുകൂടിയ പള്ളിക്കാപറമ്പില്‍ പിതാവിന്റെ പ്രവര്‍ത്തനങ്ങളെ ഓര്‍ത്തെടുത്തു. സ്വാഗതപ്രസംഗത്തില്‍ വികാരി ജനറാള്‍ മോണ്‍. ജോസഫ് തടത്തില്‍, മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ പിതാവ് പിന്നിട്ട ജീവിതവഴികളെക്കുറിച്ച് ഒരവലോകനം നടത്തി. കടന്നുപോയ വഴികളിലെ ദൈവത്തിന്റെ അനന്തമായ കാരുണ്യത്തെയും അദ്ഭുതകരമായ ഇടപെടലുകളെയും മറുപടി പ്രസംഗത്തില്‍ മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ അനുസ്മരിച്ചു.
1927 ഏപ്രില്‍ പത്തിന് മുത്തോലപുരം പള്ളിക്കാപറമ്പില്‍ ദേവസ്യ - ഏലി ദമ്പതികളുടെ പുത്രനായി ജനിച്ച മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, തൃശിനാപ്പള്ളിയിലും മദ്രാസിലുമായി കോളജ് പഠനം പൂര്‍ത്തിയാക്കി. ധനതത്ത്വശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദം നേടി. ചങ്ങനാശേരി സെന്റ് തോമസ് പെറ്റി സെമിനാരി, മാംഗ്ലൂര്‍ സെന്റ് ജോസഫ്‌സ് മേജര്‍ സെമിനാരി എന്നിവിടങ്ങളിലും റോമിലെ ഉര്‍ബന്‍ യൂണിവേഴ്‌സിറ്റിയിലുമായിരുന്നു വൈദികപഠനം. പാലാ രൂപത സ്ഥാപിതമായശേഷം റോമിലെ പ്രൊപ്പഗാന്ത കോളജിലേക്ക് അയയ്ക്കപ്പെട്ട പ്രഥമ വൈദികവിദ്യാര്‍ത്ഥിയായിരുന്നു അദ്ദേഹം.
1958 നവംബര്‍ 23 ന് റോമില്‍വച്ച് വൈദികപട്ടം സ്വീകരിച്ചു. തുടര്‍ന്ന്, തത്ത്വശാസ്ത്രത്തില്‍ ഉപരിപഠനം നടത്തി. 1962 ല്‍ ഡോക്ടറേറ്റ് കരസ്ഥമാക്കി. 1965 ല്‍ റോമിലെ ഉര്‍ബന്‍ കോളജ് വൈസ് റെക്ടറായി. 1969 ല്‍ വടവാതൂര്‍ സെമിനാരി റെക്ടറായി ചുമതലയേറ്റു. ഇവിടെ സേവനം ചെയ്തുകൊണ്ടിരിക്കെയാണ് 1973 ല്‍ പാലാ രൂപതയുടെ സഹായമെത്രാനായി നിയമിതനാവുന്നത്. 1981 മാര്‍ച്ച് 25 ന് പാലാ രൂപതയുടെ ദ്വിതീയ മെത്രാനായി മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ അഭിഷിക്തനായി. 23 വര്‍ഷം രൂപതയെ നയിച്ച ബിഷപ് പള്ളിക്കാപറമ്പില്‍ 2004 മേയ് രണ്ടിന് തന്റെ പിന്‍ഗാമി മാര്‍ ജോസഫ് കല്ലറങ്ങാട്ടിനു ചുമതല കൈമാറി.
മാര്‍ ജോസഫ് പള്ളിക്കാപറമ്പിലിന്റെ നേതൃത്വത്തില്‍ വിശ്വാസരംഗത്തു മാത്രമല്ല വിവിധ മേഖലകളില്‍ രൂപത സമഗ്രമായ പുരോഗതി കൈവരിച്ചു. വിശുദ്ധ അല്‍ഫോന്‍സാമ്മ, വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്‍, ധന്യന്‍ കദളിക്കാട്ടില്‍ മത്തായി അച്ചന്‍ എന്നിവരുടെ നാമകരണനടപടികള്‍ ഇക്കാലത്താണ് ആരംഭിച്ചത്. വിദ്യാഭ്യാസരംഗത്തു വലിയ മുന്നേറ്റമാണ് രൂപതയിലുണ്ടായത്. സ്വാശ്രയമേഖലയില്‍ രാമപുരം, ചേര്‍പ്പുങ്കല്‍ കോളജുകളും ചൂണ്ടച്ചേരിയില്‍ എന്‍ജിനീയറിങ് കോളജും സ്ഥാപിക്കപ്പെട്ടു. ദീര്‍ഘകാലം സംയുക്തക്രൈസ്തവ മദ്യവര്‍ജനപ്രസ്ഥാനത്തിന്റെ നേതൃത്വം വഹിച്ചു. പാലാ ബിഷപ്‌സ് ഹൗസില്‍ വിശ്രമജീവിതം നയിക്കുകയാണ് അദ്ദേഹമിപ്പോള്‍.