ആശകളും വിശ്വാസങ്ങളും നല്ല തഴക്കങ്ങളും സൃഷ്ടിക്കേണ്ട കാലമാണ് യൗവനം. തേജസ്സിന്റെയും ഓജസ്സിന്റെയും ഒരു ''കുതിരശക്തി''യെന്നു വിശേഷിപ്പിക്കാവുന്ന യുവത്വത്തിന് ഇന്നു വഴിതെറ്റുകയാണോ? സ്വന്തം കഴിവ് തിരിച്ചറിയാനാവാതെ എന്തിന്റെയൊക്കെയോ പിന്നാലെ നമ്മുടെ കുട്ടികള്‍ ഓടുകയാണ്. ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ, തെറ്റുകളില്‍ ചെന്നുപെടുന്ന യുവജനങ്ങളുടെ എണ്ണം പെരുകുന്നു.
സ്വഭാവത്തിന്റെ ഉരകല്ലാണ് കുടുംബം. അതായത്, രാഷ്ട്രത്തിന്റെ ഭാവിപോലും നിര്‍ണയിക്കാന്‍ പര്യാപ്തമായതാണ് കുടുംബമെന്ന സര്‍വകലാശാല. കുടുംബത്തില്‍ വിളങ്ങാത്തതും വിളയാത്തതുമൊന്നും സമൂഹത്തില്‍ പ്രതീക്ഷിക്കേണ്ടതില്ലല്ലോ. കാലമെത്ര പുരോഗമിച്ചാലും, ശാസ്ത്രമെത്ര വളര്‍ന്നാലും ബന്ധങ്ങളുടെ ഈറ്റില്ലമായ കുടുംബം ഭാവിയുടെ പണിപ്പുരതന്നെയെന്നു തിരിച്ചറിയണം. സത്യസന്ധത, ദയ, കരുണ, പങ്കുവയ്ക്കല്‍, സര്‍വോപരി മനുഷ്യത്വം - എല്ലാം കുടുംബത്തിന്റെ സിലബസില്‍പ്പെടുന്നതാണ്.
വ്യക്തിത്വവികാസം അര്‍ത്ഥസമ്പൂര്‍ണത നേടുന്നത് കുടുംബത്തില്‍നിന്നാണ്. എന്തിനും മാതൃക തേടുന്ന ആധുനികമനുഷ്യര്‍ക്ക്, വിശിഷ്യാ, യുവാക്കള്‍ക്ക് കുടുംബപശ്ചാത്തലം എല്ലാറ്റിനും യോജിക്കുന്ന പാഠപുസ്തകമാണ്. കുടുംബാന്തരീക്ഷം ആത്മവിശ്വാസവും മനോധൈര്യവും പകരുന്നതും സ്വഭാവരൂപീകരണത്തിന് ഉതകുന്നതുമായിരിക്കണം. ഉറപ്പില്ലാത്ത കുടുംബപശ്ചാത്തലം ഭാവിയുടെ ബലക്ഷയത്തിനു കാരണമാണ്. ജീവിതമറിഞ്ഞു വളരാനുള്ള പാഠങ്ങള്‍ കുടുംബത്തില്‍നിന്നുണ്ടാകണം. കാര്‍ക്കശ്യത്തോടെ ദൈവികവഴിയില്‍ നടക്കാന്‍ ധൈര്യം നല്‍കണം. വിജയപരാജയങ്ങള്‍ സാമ്പത്തികബന്ധിയല്ലെന്നു പഠിപ്പിക്കണം. പ്രതിഭകളെ നാടിനാവശ്യമുണ്ട്, ഏതു മേഖലയിലാണു പ്രതിഭയാകാന്‍ കഴിയുന്നതെന്നും പഠിക്കണം, പഠിപ്പിക്കണം.
മക്കളുടെ വിദ്യാഭ്യാസവേളയില്‍ രാഷ്ട്രീയത്തിന്റെ 'തിയറിയും ചരിത്രവും' മാത്രം മതി. കടന്നുപോയ മഹാവ്യക്തികളുടെ വഴികളില്‍ ഗൗരവാവഹമായ ഒരു 'പഠന-വായനസഞ്ചാരം' സാധ്യമായാല്‍ നാളെയുടെ രാഷ്ട്രീയത്തിനു ബലമേകും. പക്ഷംപിടിക്കാതെയും കലാപത്തിനു കാരണമാകാതെയും വിവേകത്തോടെ രാഷ്ട്രീയത്തിന്റെ വഴിയെക്കുറിച്ച് മക്കള്‍ പഠിക്കട്ടെ. വടിയും കൊടിയും പിടിച്ച് രാഷ്ട്രീയക്കാരുടെ പിണിയാളുകളായി മാറുവാന്‍ മക്കളെ അനുവദിച്ചുകൂടാ. ഒരേ ആശയം പല തട്ടില്‍നിന്നു പ്രഘോഷിച്ച് തെരുവുയുദ്ധത്തിലേക്കു യുവതയെ നയിക്കുവാന്‍ രാഷ്ട്രീയക്കാര്‍ കാരണമാകരുത്. പഠനം രാഷ്ട്രീയത്തിന് അടിത്തറയാകണം. കലാപവും കലുഷിതമായ അന്തരീക്ഷവും നാടിന്റെ ഭാവിയെ അപകടത്തിലാക്കും. എന്തിനാണ് നമ്മുടെ മക്കള്‍ തെരുവില്‍ പരസ്പരം അടിപിടി കൂടുന്നത്? രാജ്യസ്‌നേത്തിനു വേണ്ടിയാണെങ്കില്‍ ഒന്നിച്ചുനിന്ന് അടരാടുകയാണു വേണ്ടത്? ഐകമത്യമല്ലേ എല്ലാറ്റിനും മഹാബലമായി മാറേണ്ടത്?
പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ കരുത്തു നേടാനാകാത്തതുകൊണ്ടാകാം സ്വപ്നലോകത്തിന്റെ ലഹരിയിലേക്കു 'സൗഹൃദം' വഴിമാറുന്നത്? ലഹരിയുപയോഗം ഒരു സ്റ്റാറ്റസ് ആയിട്ടുപോലും വളര്‍ന്നുവരുന്നുണ്ടോയെന്നു സംശയിക്കണം. കുറുക്കുവഴിയില്‍ സമ്പന്നരാകാമെന്ന കുബുദ്ധിയും ലഹരിയുടെ അടിമത്തത്തില്‍നിന്ന് ഉരുത്തിരിയാം. പ്രശ്‌നങ്ങളുടെ പരിഹാരം ലഹരിയിലല്ല. മറിച്ച്, പ്രശ്‌നങ്ങളെ അഭിമുഖീകരിച്ച് വിജയം വരിക്കാനുള്ള വെല്ലുവിളി സ്വയം ഏറ്റെടുക്കുന്നതിലാണ്. മാന്യതയും സംസ്‌കാരവും മനുഷ്യത്വവും കൈവിടാത്ത ഊര്‍ജസ്വലമായ വ്യക്തിത്വം യുവത സ്വന്തമാക്കണം. നല്ല കാര്യങ്ങളില്‍ ഇടവിടാതെ ഇടപെട്ടു ജീവിക്കാനുള്ള ഒരു ജീവിതത്തിരക്ക് യുവത്വത്തിന് പോസിറ്റീവ് എനര്‍ജിയാകണം. അടയുന്ന വാതിലില്‍ തുടര്‍ച്ചയായി മുട്ടിത്തളരാതെ, തൊട്ടടുത്ത് തനിക്കായി തുറന്നുകിടക്കുന്ന വാതിലിലേക്കു മാറുവാന്‍ യുവത്വം തയ്യാറാകണം. ഒരേ എന്‍ട്രന്‍സിലൂടെ എല്ലാവരും പ്രവേശിക്കണമെന്ന നിര്‍ബന്ധമുപേക്ഷിച്ച് 'എവിടെയാണ് എനിക്കായുള്ള എന്‍ട്രന്‍സ്' എന്ന് അന്വേഷിക്കാനും തയ്യാറാകണം.
സ്വന്തം കഴിവിനും മനസ്സിനും ഇണങ്ങുന്നതും ചെയ്യുന്ന തൊഴിലിനോടു നീതി പുലര്‍ത്താനാകുന്നതുമാകണം കര്‍മമണ്ഡലം. അവകാശങ്ങളെക്കുറിച്ചെന്നതിനെക്കാള്‍ സ്വന്തം കടമയെക്കുറിച്ചു ബോധമുണ്ടാകണം. രാജ്യസ്‌നേഹവും സഹജീവികളോടുള്ള പ്രതിബദ്ധതയും മറക്കരുത്. അഴിമതിയും അന്യായവും സ്വജനപക്ഷപാതവും പാടില്ലെന്നു പറയുകയല്ല, സ്വന്തം കര്‍മമേഖലയില്‍ തെൡിക്കണം. ആരെയും അദ്ഭുതപ്പെടുത്തുന്ന വ്യക്തിപ്രാഭവത്തില്‍ പ്രവര്‍ത്തനമേഖല സജീവമാകണം. യൗവനകാലം ഒരു പ്രതാപകാലമാണെന്ന് ഓര്‍ക്കണം.
യൗവനം സ്വപ്നവും മിഥ്യയും മോഹങ്ങളും ഒക്കെക്കൂടി ചാഞ്ചാട്ടത്തിന്റെ നാളുകളാണ്. ആരുടെ മുമ്പിലും കേമന്മാരാകണമെന്ന അഭിവാഞ്ഛ യുവതയ്ക്കു സ്വന്തം. വേറിട്ട കാഴ്ചകളും വീക്ഷണങ്ങളും ഉണ്ടാകുന്ന കാലം. പക്ഷേ, മനസ്സിന്റെ ദൃഢതയും ലക്ഷ്യബോധവും നഷ്ടമാക്കാത്തവിധം ഒരു പിന്‍നോട്ടവും വന്ന വഴിയെക്കുറിച്ചുള്ള വിചിന്തനങ്ങളും ഉണ്ടാകണം. ജീവിതം സംതൃപ്തവും ശോഭനവുമായി നയിക്കാന്‍ പരിശ്രമിക്കണം. ജീവിതംതന്നെയാണ് ലഹരിയെന്നത് യുവത മറക്കരുത്.
ശിക്ഷണം ഭാവിയുടെ വിജയഗാഥയാണെന്നു യുവാക്കള്‍ മറക്കരുത്. സുശിക്ഷിതമായ ജീവിതത്തിന്റെ ഉടമകള്‍ക്ക് ലഹരിയോടോ അക്രമത്തോടെ അവിശുദ്ധ കൂട്ടുകെട്ടിനോടോ താത്പര്യമുണ്ടാകില്ല. ആദര്‍ശബന്ധിയായി ജീവിക്കാന്‍ പരിശ്രമിക്കുമ്പോള്‍ യുവാക്കള്‍ നാടിനും വീടിനും ലോകത്തിനാകമാനവും അഭിമാനഭാജനങ്ങളായിത്തീരും.