കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രേക്ഷകപുരസ്‌കാരം നേടിയ ''ചുരുളി ''യെക്കുറിച്ച്
കഴിഞ്ഞദിവസം പാലക്കാട് സമാപിച്ച കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ (IFFK), പ്രേക്ഷകപ്രീതി നേടിയ ചിത്രമാണ് വിഖ്യാത ചലച്ചിത്രകാരന്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ''ചുരുളി''. തിയേറ്ററിലോ ഒടിടി പ്ലാറ്റ്‌ഫോമിലോ ഇനിയും എത്തിയിട്ടില്ലാത്ത ചുരുളിയുടെ മൂന്നു മിനിറ്റു മാത്രം ദൈര്‍ഘ്യമുള്ള ഒരു ട്രെയിലറെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകളാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
മൈലാടുംകുന്ന് ജോയി എന്ന ഒരു കുറ്റവാളിയെ തിരഞ്ഞു വനത്തിലെത്തുന്ന രണ്ടു പൊലീസുകാരിലൂടെയാണ് കഥാഗതി മുമ്പോട്ടു പോകുന്നത്. ഭീകരമായ വനങ്ങളും നിഗൂഢതകളും ആചാരങ്ങളും അനുഷ്ഠാനങ്ങളും വിശ്വാസങ്ങളും അവിശ്വാസങ്ങളും ഇഴപിരിഞ്ഞു ചുരുണ്ടുകിടക്കുന്ന ഒന്നാണ് ചുരുളിയെന്നു കരുതേണ്ടിയിരിക്കുന്നു. സൂപ്പര്‍താരങ്ങളുടെ അകമ്പടികളില്ലാതെതന്നെ എല്ലാ സിനിമകള്‍ക്കും മികച്ച ജനപിന്തുണ നേടുന്നതില്‍ വിജയിച്ച ലിജോ ജോസ് പെല്ലിശ്ശേരിയെന്ന സംവിധായകന്റെ ക്രാഫ്റ്റിങ്മികവുതന്നെയാണ് ചുരുളിയുടെയും ഹൈലൈറ്റ്. കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും മുകളില്‍ നില്‍ക്കുന്ന ഒരുതരം ഡെപിക്ഷണല്‍ സ്റ്റൈലാണ് ലിജോ തന്റെ മുന്‍ ചിത്രങ്ങളിലേതുപോലെ ചുരുളിയിലും ഉപയോഗിച്ചിരിക്കുന്നത്, തന്റേതു മാത്രമായ കാഴ്ചപ്പാടുകളുടെ ആവിഷ്‌കാരം, അതാണ് ലിജോ ജോസിന്റെ സിനിമ.
സംഘടനയെ വെല്ലുവിളിച്ച് ഒരുക്കിയ ചുരുളി
കഴിഞ്ഞ പത്തുവര്‍ഷമായി മലയാളസിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. 'നായകനി'ല്‍ തുടങ്ങി ആമേന്‍, അങ്കമാലി ഡയറീസ്, ഈ-മ-യൗ, ജല്ലിക്കെട്ട് തുടങ്ങിയ വ്യത്യസ്ത ചിത്രങ്ങള്‍ ഒരുക്കിയാണ് ലിജോ ചുരുളിയില്‍ എത്തിനില്‍ക്കുന്നത്. മേല്‍പ്പരാമര്‍ശിച്ച സിനിമകള്‍ മലയാളസിനിമാചരിത്രത്തില്‍ പ്രതിപാദനപരമായ മാറ്റത്തിനു നാന്ദികുറിച്ചവയാണ്. കേരളത്തിനുപുറത്ത് ആരാധകരും അനുഭാവികളും ഏറെയുള്ള സംവിധായകരില്‍ ഒരാളാണ് ലിജോ ജോസ് പെല്ലിശ്ശേരി. ആരെയെങ്കിലും പ്രീണിപ്പിക്കാനോ ഏതെങ്കിലും നിര്‍ദിഷ്ട ഫോര്‍മാറ്റിന് അടിപ്പെട്ടോ സിനിമയെടുക്കാന്‍ തന്നെക്കിട്ടില്ലെന്ന് പലവട്ടം ഉറക്കെപ്പറഞ്ഞിട്ടുള്ളയാളാണ് ലിജോ ജോസ്.
ചുരുളിയായത് ''കളിഗെമിനാറിലെ കുറ്റവാളികള്‍''
ഈ സിനിമയുടെ കഥ വിനോയ് തോമസിന്റെതും ദൃശ്യഭാഷയും സംഭാഷണങ്ങളും എസ്. ഹരീഷിന്റെതുമാണ്. ഒരു അധ്യാപകന്‍കൂടിയായ വിനോയ് തോമസിന്റെ മുള്ളരഞ്ഞാണം എന്ന കഥാസമാഹാരത്തിലെ, 'കളിഗെമിനാറിലെ കുറ്റവാളികള്‍' എന്ന കഥയില്‍നിന്നാണ് ചുരുളി ഉരുത്തിരിയുന്നത്. മതവും പൗരോഹിത്യവും ആളുകളുടെമേല്‍ ഉണ്ടാക്കുന്ന സ്വാധീനങ്ങളാണ് ഈ കഥയുടെ ഉള്ളടക്കം.
ലിജോയുടെ ഓസ്‌കാര്‍ എന്‍ട്രി സിനിമയായിരുന്ന ജല്ലിക്കെട്ടിന്റെ തിരക്കഥാകൃത്തായ എസ്. ഹരീഷാണ് ചുരുളിക്കും തിരക്കഥയൊരുക്കിയത്. വിരണ്ടോടുന്ന ഒരു പോത്തിനൊപ്പം മിടിക്കുന്ന മനസ്സോടെ പ്രേക്ഷകനെയും പായിച്ച ജല്ലിക്കെട്ടെന്ന ആ മാസ്മരസൃഷ്ടിയ്ക്കുശേഷം, അതേ കര്‍ത്താക്കളുടെതന്നെ കൂട്ടുകെട്ടിലാണ് ചുരുളി ഒരുങ്ങിയത്. ഒരു പുസ്തകത്തിലെ ഇമേജുകളെ ബിഗ് സ്‌ക്രീനിലേക്കു വശ്യചാരുതയോടെ പ്ലെയ്‌സ് ചെയ്യുന്നതിന്റെ അപാരത ലിജോ ജോസിന്റെ പ്രത്യേകതയാണ്.
ദൃശ്യ-ശ്രവ്യചാരുതകള്‍ അഴിയുന്ന ചുരുളി
ശബ്ദവും ദൃശ്യവുംകൊണ്ട് പ്രേക്ഷകരോട് എങ്ങനെയൊരു കഥ പറയാം എന്നതിനപ്പുറത്ത്, എങ്ങനെ പ്രേക്ഷകരെ കഥ അനുഭവിപ്പിക്കാം എന്നതാണ് ചുരുളിയുടെ പ്രത്യേകത. 2012 ല്‍ സംസ്ഥാനസര്‍ക്കാര്‍ പുരസ്‌കാരം നേടിയ ഛായാഗ്രാഹകന്‍ മധു നീലകണ്ഠനാണ് ചുരുളിയിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഘോരവനത്തിന്റെ നിഗൂഢതകളും കോടമഞ്ഞിന്റെ ആവരണങ്ങളുമെല്ലാം ചുരുളിയുടെ രംഗങ്ങളില്‍ മധു പ്രേക്ഷകര്‍ക്കായി ഒപ്പിയെടുത്തിട്ടുണ്ട്.
സൗണ്ട് എഫക്ടിനും വലിയ പ്രാധാന്യമുള്ള സിനിമയാണ് ചുരുളി. ശബ്ദത്തിനു മാത്രമല്ല നിശ്ശബ്ദതയ്ക്കുപോലും അതീവ പ്രാധാന്യം നല്‍കിക്കൊണ്ടാണ് ഈ സിനിമയിലെ ശബ്ദലേഖനം നിര്‍വഹിച്ചിരിക്കുന്നത്. എക്കോസ് ഓഫ് സൈലന്‍സ് എന്ന പോര്‍ച്ചുഗീസ് സിനിമയ്ക്കും ലിജോയുടെതന്നെ ചില സിനിമകളടക്കം ഏതാനും ഇന്ത്യന്‍ സിനിമകള്‍ക്കും ശബ്ദലേഖനം നിര്‍വഹിച്ച രംഗനാഥ് രവി എന്ന സൗണ്ട് എഞ്ചിനീയറാണ് ഈ സിനിമയ്ക്കുവേണ്ടി സ്വരഭേദങ്ങളെ ആവാഹിച്ചെടുത്തിരിക്കുന്നത്. വായുവിന്റെ ഏറ്റവും ചെറിയ കമ്പനങ്ങളെപ്പോലും ഒപ്പിയെടുത്തിരിക്കുന്ന ചുരുളിയിലെ ശബ്ദലേഖനമികവ് കേരളത്തിനു പുറത്തും ചര്‍ച്ചയാകുമെന്നും പറയപ്പെടുന്നു.
മികച്ച അഭിനയത്തിലൂടെ ചെമ്പന്‍ വിനോദും, വിനയ് ഫോര്‍ട്ടും, ജാഫര്‍ ഇടുക്കിയും, ജോജു ജോര്‍ജും, ഗീതി സംഗീതയുമൊക്കെ ചുരുളിയില്‍ അഭിനയസപര്യയുടെ രസവിസ്മയങ്ങള്‍ തീര്‍ത്തിട്ടുണ്ട്. ഇവരാരും മുഖ്യധാരാസിനിമയുടെ ഭാഗമല്ല എന്നതും ശ്രദ്ധേയമാണ്.
ചുരുളി സാമൂഹിക-ആത്മീയ നവീകരണമോ...?
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രങ്ങളും കഥാപാത്രങ്ങളും ക്രൈസ്തവികതയെ ധ്വനിപ്പിക്കുന്നതാണെന്നാണു പൊതുവെ പറയുന്നത്. ആമേനും ഈ-മ-യൗവുമൊക്കെ അതിനു തെളിവുകളാണ്. എന്നാല്‍, ഈ സിനിമയില്‍ ഒരു കള്ളുഷാപ്പ് പലതരം മാനുഷികസംഗമങ്ങള്‍ക്ക് ഇടമായി മാറുന്നതിനൊടുവില്‍ പള്ളിയായി മാറുന്ന ഒരു രംഗമുണ്ടെന്നു പറയപ്പെടുന്നു. ചലച്ചിത്രമേളയില്‍ സിനിമ കണ്ട പ്രേക്ഷകരില്‍ പുരോഹിതനെന്നു സ്വയം പരിചയപ്പെടുത്തിയ ഒരാള്‍ അതിന്റെ അസ്വാഭാവികതയെക്കുറിച്ച് ലിജോ ജോസിനോടു ചോദിക്കുമ്പോള്‍ അതിനു മറുപടിയായി അദ്ദേഹം പറയുന്നത്, എന്റെ നാമത്തില്‍ രണ്ടോ മൂന്നോ പേര്‍ കൂടിവരുന്നവരുടെ നടുവില്‍ ഞാനുണ്ട് എന്ന ബൈബിള്‍വാക്യമാണ്. മാത്രമല്ല, ഇതിനു സമൂഹത്തില്‍ രണ്ട് അഭിപ്രായമുണ്ടാകുവാന്‍ സാധ്യതയുണ്ടെന്നും ലിജോ കൂട്ടിച്ചേര്‍ക്കുന്നുണ്ട്. പ്രസ്തുത പുരോഹിതന്‍തന്നെയാണ് ചുരുളി ഒരു സോഷ്യല്‍-സ്പിരിച്വല്‍ റിഫോര്‍മേഷന്‍പോലെയാണെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി പറഞ്ഞത്.
മിത്തോളജിയുടെ ഒരുതരം നിഗൂഢപരിവേഷമുള്ളതും അമാനുഷികവുമായ പല എലമെന്റ്‌സും ചുരുളിയുടെ കഥാഗതിക്ക് അനുസൃതമായി നമുക്ക് ദര്‍ശിക്കാനാകുന്നുണ്ട്. ചുരുളിയെന്ന ഈ സിനിമയിലൂടെ പച്ചയായ മനുഷ്യന്റെ നൈസര്‍ഗികദൗര്‍ബല്യങ്ങളും സ്വഭാവരീതികളും ലഹരികളും അവരുടെ വ്യവഹാരഭാഷകളുമൊക്കെയാണ് അവതരിപ്പിച്ചിരിക്കുന്നത്. അത്യാധുനികതയുടെ വേഗത്തിനൊപ്പം നീങ്ങുന്ന നഗരജീവികള്‍ക്ക് അതു കാണുമ്പോള്‍ ഭാവപ്പകര്‍ച്ച ഉണ്ടായേക്കാം, പക്ഷേ, കൊടുംകാടുകളും അവിടെ ജീവിക്കുന്ന മനുഷ്യരും അവരുടെതായ ന്യായങ്ങളും ഈ ഭൂമിയില്‍ യാഥാര്‍ത്ഥ്യമാണെന്നത് വിസ്മരിക്കാനാകില്ല.
കഥയുടെയും അത് അവതരിപ്പിച്ചിരിക്കുന്നതിന്റെയും പുതുമകൊണ്ട് ചുരുളി ഇതിനോടകം പ്രേക്ഷകപ്രശംസ ഏറ്റുവാങ്ങിയിരിക്കുകയാണ്. സംവിധായകന്‍ പറഞ്ഞതുപോലെ ഇതിലെ ചില രംഗങ്ങള്‍ വിവാദമാകാന്‍ സാധ്യതയുണ്ടോ...? ശരിതെറ്റുകള്‍ ആരാഞ്ഞറിയാന്‍ സിനിമ പുറത്തിറങ്ങുന്നതുവരെ കാത്തിരിക്കേണ്ടതുണ്ട്.