ബെംഗളൂരു: ഇറ്റാലിയന്‍ ആര്‍ച്ചുബിഷപ് ലിയോപോള്‍ഡ് ജിറെല്ലിയെ ഫ്രാന്‍സിസ് പാപ്പ ഇന്ത്യയുടെ പുതിയ അപ്പസ്‌തോലിക് നുണ്‍ഷ്യോയായി (പാപ്പയുടെ പ്രതിനിധി) നിയമിച്ചു. ഇസ്രായേലിന്റെയും സൈപ്രസിന്റെയും അപ്പസ്‌തോലിക് നുണ്‍ഷ്യോയായും, ജെറുസലേം, പലസ്തീന്‍ എന്നിവിടങ്ങളിലെ അപ്പസ്‌തോലിക് പ്രതിനിധിയായും സേവനം ചെയ്തുവരികയായിരുന്നു അദ്ദേഹം. 1978 ജൂണ്‍ 17 ന് ബെര്‍ഗാമോ രൂപതയില്‍ പൗരോഹിത്യപട്ടം സ്വീകരിച്ച അദ്ദേഹം ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റും കാനോന്‍ നിയമത്തില്‍ ബിരുദാനന്തരബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.
1953 മാര്‍ച്ച് 13 ന് വടക്കന്‍ ഇറ്റലിയിലെ ലൊംബാര്‍ഡിയിലെ ബെര്‍ഗാമോയിലുള്ള പ്രിഡോറെയിലാണ് ജനനം. 1987 ജൂലൈ മാസത്തിലാണ് വത്തിക്കാന്റെ നയതന്ത്രവിഭാഗത്തിലേക്കു നിയമിക്കപ്പെടുന്നത്. കാമറൂണിലെയും ന്യൂസിലന്‍ഡിലെയും പാപ്പയുടെ നയതന്ത്രദൗത്യങ്ങളില്‍ ഭാഗഭാക്കായ മെത്രാപ്പോലീത്ത അമേരിക്കന്‍ വിദേശകാര്യമന്ത്രാലയത്തിലെ വത്തിക്കാന്‍ വിഭാഗത്തിലും അമേരിക്കയിലെ അപ്പസ്‌തോലിക കാര്യാലയത്തിലെ കൗണ്‍സിലറായും സേവനം ചെയ്തിട്ടുണ്ട്. 2006 ഏപ്രില്‍ 13 ന് ബെനഡിക്ട് പതിനാറാമന്‍ പാപ്പ അദ്ദേഹത്തെ ഇന്തോനേഷ്യയിലെ അപ്പസ്‌തോലിക സ്ഥാനപതിയായും കാപേരെയിലെ ടൈറ്റുലര്‍ മെത്രാപ്പോലീത്തയായും നിയമിച്ചിരുന്നു. ഇതേവര്‍ഷം ജൂണ്‍ 17 നാണ് കര്‍ദിനാള്‍ ആഞ്ചെലോ സൊഡാനോ ഇദ്ദേഹത്തെ മെത്രാനായി അഭിഷേകം ചെയ്യുന്നത്.
2011 ജനുവരി 13 ന് സിംഗപ്പൂരിലെ അപ്പസ്‌തോലിക് നുണ്‍ഷ്യോയായി നിയമിതനായ റവ. ജിറെല്ലി മലേഷ്യ, ബ്രൂണൈ എന്നിവിടങ്ങളിലെ അപ്പസ്‌തോലിക പ്രതിനിധിയായും, വിയറ്റ്‌നാമിന്റെ നോണ്‍ റെസിഡന്‍ഷ്യല്‍ പൊന്തിഫിക്കല്‍ പ്രതിനിധിയായും സേവനം ചെയ്തു. 2017 സെപ്റ്റംബര്‍ 13 നാണ് അദ്ദേഹം ഇസ്രായേലിന്റേ അപ്പസ്‌തോലിക് നുണ്‍ഷ്യോയായും ജെറുസലേം, പലസ്തീന്‍ എന്നിവിടങ്ങളിലെ അപ്പസ്‌തോലിക പ്രതിനിധിയായും നിയമിക്കപ്പെടുന്നത്.