കരുണ കരുണയെന്നെഴുതുന്നവന്‍, നില-
ത്തരുണവര്‍ണ്ണമായ് കത്തുന്നു രേഖകള്‍.
ഞെട്ടടര്‍ന്നൊരീ പാവമാം പച്ചില
മണ്ണിലേക്കമര്‍ന്നാഴുന്നു നിശ്ചലം,
മുള്ളില്‍ വീണതോ മുള്ളിലയില്‍ വീണതോ
മുള്ളുകാട്ടിലീ ജീവിതം മുറിയുന്നു.
ആരവച്ചുഴിക്കുള്ളില്‍ ഗുരുവിന്റെ
സാരഗര്‍ഭമാം മൗനം തിളയ്ക്കുന്നു.
മൗനമോ നറുംവെണ്മയായ് മാറുന്നു
ധ്യാനപുണ്യഗുരുത്വവുമാകുന്നു.
'പാപമെന്തിവള്‍ ചെയ്‌തെ'ന്ന ചോദ്യത്തിന്‍
ചാപഞാണൊലി മാറ്റൊലിക്കൊള്ളവേ
ക്രൂരദംഷ്ട്രകള്‍ സൂക്ഷിക്കുമാസക്തി
വന്യമായ് കൂര്‍ത്തൊരായിരം കണ്ണുകള്‍. കല്ലുചെത്തിമിനുക്കയാണിക്കൊച്ചു
ചില്ലുമേടയുടച്ചു തകര്‍ക്കുവാന്‍.
'നിങ്ങളില്‍ പാപമില്ലാത്തവരാദ്യ-
കല്ലെറിയട്ടെ' കുഞ്ഞിളം തൂവല്‍പോല്‍
പാറിവന്ന കൊടുംകാറ്റിലൂരിപ്പോയ്
മേലുടുപ്പുകള്‍, നഗ്‌നരായ്ത്തീര്‍ന്നവര്‍.
കാറ്റും കോളുമടങ്ങിയ സാഗരം
തോറ്റമായ് കരമുത്തുന്നിളംതിര.
ഊര്‍ന്നുവീഴുന്നു കല്ലുകള്‍, ശൂന്യമായ്
ചോര്‍ന്നുപോവുന്നഹംഭാവജാടകള്‍...!
ഹാ, മുതിര്‍ന്നോര്‍ മുതിര്‍ന്നവരങ്ങനെ
ശാന്തമൂകരായ് പിന്‍വാങ്ങി മന്ദമായ്.
ഉള്ളുപൊള്ളും മിഴിമുകില്‍ പെയ്യുന്നു
തുള്ളിക്കു കുടമെന്നപോല്‍ സങ്കടം.
നീറ്റലോടകം വെന്തു ഗുരുമുമ്പില്‍
വീണുതേങ്ങി വണങ്ങുന്നു പെണ്ണവള്‍.
സ്‌നേഹമായ് ചുട്ടെടുക്കുന്നു വാക്കുകള്‍
മോഹഗന്ധം പരക്കുന്നു ചുറ്റിലും.
'ശാന്തമായ് പോക, ഞാനും വിധിക്കുന്ന-
തില്ല നിന്നെ' മൊഴിഞ്ഞു മഹാഗുരു.
പിന്നെയാ കരുണ കുനിയുന്നു മണ്ണിലായ്
പൊന്നെഴുത്തുകള്‍ വിരിയുന്നു ലോലമായ്,
കരുണ ലക്ഷ്മണരേഖയായ്, ജീവിത
സരണി രണ്ടായ്പ്പിളര്‍ന്നു നീങ്ങുന്നിതാ.
അവലംബം: യോഹ. 8:3-6