•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

സ്വപ്നം

സ്വപ്നങ്ങള്‍....
സ്വപ്നങ്ങളേ നിങ്ങള്‍
സ്വര്‍ഗകുമാരികളല്ലോ
നിങ്ങളീ ഭൂമിയില്‍
ഇല്ലായിരുന്നെങ്കില്‍
നിശ്ചലം ശൂന്യമീ ലോകം!
പല വട്ടം കേട്ട വരികള്‍. ഇനിയും കേള്‍ക്കാന്‍ കൊതിക്കുന്ന വരികള്‍. വേറെയുമുണ്ട് ഇത്തരം ഗാനങ്ങള്‍. 
ഉറക്കത്തില്‍ വരുന്ന അനുഭൂതികളും ചിന്തകളുമാണ് സ്വപ്നങ്ങള്‍ എന്നൊരു നിര്‍വചനം പറയുന്നു. ഉറക്കത്തിനും ഉണര്‍വിനും ഇടയിലുള്ള ചെറിയ യാത്രകളാണത്രേ സ്വപ്നങ്ങള്‍. നിര്‍വചനങ്ങള്‍ പലതുണ്ട്; കവിവാക്യങ്ങളും. നാളത്തെ തേന്മാവിനോട് കവി സ്വപ്നങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ട് ഇന്നേ പറയുന്നതു നോക്കൂ: 
പൂഴിപ്പുതപ്പുടന്‍ മാറ്റി
പുറപ്പെടുക സോദരാ,
വെളിക്കു കാത്തുനില്‍ക്കുന്നൂ
വെളിച്ച,മെഴുന്നേല്‍ക്കുക. (ജി. ശങ്കരക്കുറുപ്പ്)
വിഖ്യാതനായ ബ്രസീലിയന്‍ നോവലിസ്റ്റ് പൗലോ കൊയ്‌ലോയുടെ 'ആല്‍കെമിസ്റ്റ്' എന്ന നോവലിലെ 'സാന്റിയാഗോ' എന്ന ആട്ടിടയന്റെ വാക്കുകളിപ്രകാരം: ''സഫലമാക്കാന്‍ തക്കവണ്ണമുള്ള ഒരു സ്വപ്നം മനസ്സിലുണ്ടാകുമ്പോഴേ ജീവിതം അര്‍ത്ഥപൂര്‍ണമാവുകയുള്ളൂ.'' സ്വപ്നം! അതാണു കാര്യം. പക്ഷേ, ഉറക്കത്തില്‍ കാണുന്നതു മാത്രമാണോ സ്വപ്നം? ഉണര്‍വിലുണ്ടാകുന്ന സ്വപ്നങ്ങളും പ്രധാനപ്പെട്ടവതന്നെയല്ലേ? 
ലക്ഷ്യം നിര്‍ണയിക്കുന്ന സ്വപ്നങ്ങള്‍ ഉണര്‍വില്‍ സൂക്ഷിക്കുന്നവന് അതിലേക്കു വഴികാട്ടുന്ന സ്വപ്നങ്ങള്‍ ഉറക്കത്തില്‍ ലഭിക്കും. ഇപ്രകാരം സ്വപ്നങ്ങളെ ലക്ഷ്യമായും വഴികാട്ടിയായും തിരിച്ചറിഞ്ഞനുഭവിക്കുന്ന ജീവിതത്തിന് മികച്ച ഉദാഹരണമാണ് വിശുദ്ധ യൗസേപ്പിതാവ്. സുവിശേഷത്തിലൂടെ നാം യൗസേപ്പിതാവിന്റെ സ്വപ്നങ്ങളിലേക്കു യാത്ര പോവുകയാണെങ്കില്‍ മാനുഷികവും ദൈവികവുമായ സ്വപ്നങ്ങള്‍/ലക്ഷ്യങ്ങള്‍ ഹൃദയത്തില്‍ സൂക്ഷിച്ചിരുന്ന വ്യക്തിയാണ് അദ്ദേഹമെന്നു തിരിച്ചറിയാന്‍ കഴിയും. പ്രധാനമായും രണ്ടു സ്വപ്നങ്ങളാണ് സുവിശേഷം അവതരിപ്പിക്കുന്നത്. ആദ്യത്തേത് (മത്താ. 1:20-23) മറിയത്തെക്കുറിച്ചും യേശുവിന്റെ ജനനത്തെക്കുറിച്ചുമുള്ള അറിയിപ്പാണ്. രണ്ടാമത്തേത് (മത്താ. 2:13) പലായനത്തിനുള്ള നിര്‍ദേശമാണ്. 
ഇവിടെ ശ്രദ്ധേയമായ കാര്യം യൗസേപ്പിതാവ് തനിക്കു ലഭിച്ച സ്വപ്നങ്ങളെ ദൈവസ്വരമായി കണക്കാക്കിയെന്നതാണ്. സ്വപ്‌നങ്ങളില്‍ വെളിപ്പെട്ട ദൈവസ്വരത്തെ അനുസരിച്ച്, അതിനു ചേര്‍ന്നവിധത്തില്‍ പ്രവര്‍ത്തിച്ചുവെന്നതും മുഖ്യമാണ്. നാം ചെയ്യേണ്ടതും ഇതുതന്നെയല്ലേ? ദൈവസ്വരം കേള്‍ക്കുക. ദൈവഹിതം അനുസരിക്കുക. 
ഇന്നും ദൈവം ഉണര്‍വിലും ഉറക്കത്തിലും നമ്മോടു സംവദിക്കുന്നുണ്ട്, സ്വപ്നമായും സന്ദേശമായുമൊക്കെ. ആ സ്വരം കേള്‍ക്കാനും അനുസരിക്കാനും നാം മനസ്സുകാട്ടുമോ? 
''ചില വിശുദ്ധന്മാര്‍ ചില ആവശ്യങ്ങളില്‍ പ്രത്യേക കാര്യക്ഷമതയോടെ നമ്മെ സഹായിക്കുന്നു. നമ്മുടെ പരിശുദ്ധ മധ്യസ്ഥനായ വി. യൗസേപ്പ് എല്ലാ കാര്യങ്ങളിലും എല്ലാ ആവശ്യങ്ങളിലും എല്ലാ ഉദ്യമങ്ങളിലും നമ്മെ സഹായിക്കുന്നു'' - വി. തോമസ് അക്വീനാസ്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)