വളരെ സങ്കീര്‍ണമായ ഘടനയാണ് ഇന്നത്തെ അണുകുടുംബങ്ങള്‍ക്കുള്ളത്. അച്ഛനും അമ്മയും രണ്ടു കുഞ്ഞുങ്ങളുമെന്ന സങ്കല്പത്തില്‍നിന്ന് ആണായാലും പെണ്ണായാലും ഒരു കുട്ടി മാത്രം മതിയെന്ന തീരുമാനത്തിലേക്കു പൊയ്‌ക്കൊണ്ടിരിക്കുകയാണ് യുവതലമുറയിലെ മാതാപിതാക്കളില്‍ പലരും. വര്‍ദ്ധിച്ചുവരുന്ന ജീവിതച്ചെലവ്, അച്ഛനുമമ്മയും ഉദ്യോഗസ്ഥരാകുമ്പോള്‍ വളര്‍ത്തുവാനുള്ള പ്രയാസം എന്നിങ്ങനെ ഒരുപാടു കാരണങ്ങളിവര്‍ക്കു നിരത്താനുമുണ്ട്. ഏറെനാളത്തെ പ്രാര്‍ത്ഥനയുടെയും കാത്തിരിപ്പിന്റെയും ഫലമായുണ്ടാകുന്ന കുഞ്ഞാണെങ്കില്‍ അച്ഛനമ്മമാരുടെ ആധിയും ഉത്കണ്ഠയും കൂടുതലായിരിക്കും. അതുപോലെതന്നെ കുട്ടി ഒറ്റപ്പെട്ടുപോകാതെ ശ്രദ്ധിക്കേണ്ടതും ആവശ്യമാണ്. സൂര്യനെ ചുറ്റി ഭൂമി തിരിയുന്നതുപോലെയുള്ള അവസ്ഥയാണ് ഏറെ അപകടകരം.
കുട്ടിയില്‍ സ്വാര്‍ത്ഥത വേരുപിടിക്കാതെ ശ്രദ്ധിക്കേണ്ടത് പരമപ്രധാനമായ കാര്യമാണ്. താന്‍ ആഗ്രഹിക്കുന്നതെന്തും ലഭിക്കണം, തന്റെ ഇഷ്ടങ്ങള്‍ മാത്രമേ നടക്കാവൂ എന്ന് കുട്ടിയെക്കൊണ്ടു ചിന്തിപ്പിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ നീങ്ങാതിരിക്കാന്‍ മാതാപിതാക്കള്‍ ചെറുപ്പം മുതലേ ശ്രദ്ധിക്കണം. വീട്ടിലെ സാമ്പത്തികസ്ഥിതി മനസ്സിലാക്കിക്കൊടുത്തുവേണം കുഞ്ഞുവാശികള്‍ സാധിച്ചുകൊടുക്കുവാന്‍. ഇല്ലെങ്കില്‍ അവയും കുട്ടിയോടൊപ്പം വളര്‍ന്ന് കുടുംബത്തിനു താങ്ങാന്‍ പറ്റാത്ത വലിയ പിടിവാശികളായി മാറും.
മാതാപിതാക്കളും കുട്ടിക്ക് ആവശ്യമുള്ള കരുതലൊരുക്കാന്‍വേണ്ടിമാത്രം ജീവിക്കുന്നവരാകരുത്. തന്റെ സുഖത്തിനുവേണ്ടി മാത്രം ലോകം ചലിക്കണം എന്ന അന്ധമായ ചിന്ത കുട്ടിയില്‍ വളരാതിരിക്കാന്‍ ശ്രദ്ധിക്കണം. സ്വാര്‍ത്ഥതയുടെ വിത്തുകള്‍മാത്രം പാകി ഒടുവില്‍ കൂടുതല്‍ മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങള്‍ തേടി അച്ഛനെയും അമ്മയെയും വൃദ്ധസദനങ്ങളിലേക്കെത്തിക്കുന്ന അവസ്ഥ വരാതെ നോക്കേണ്ടതും മാതാപിതാക്കളുടെ കടമയാണ്.
മുതിര്‍ന്നവരെപ്പോലെതന്നെ കുട്ടികളും പലവിധ ആകുലതകളും പ്രശ്‌നങ്ങളും നേരിടുന്നുണ്ട്. ചില അധ്യാപകരുടെ പെരുമാറ്റവൈകല്യങ്ങളോ കൂട്ടുകാരുടെ പരിഹാസങ്ങളോ എന്തുതന്നെ ആയാലും അവയൊക്കെ മനസ്സിലാക്കാനും പരിഹാരം പറഞ്ഞുകൊടുക്കാനും കഴിയുന്ന കൂട്ടുകാരായി മാറാന്‍ അച്ഛനും അമ്മയ്ക്കും കഴിയണം.
ദിവസവും കുറച്ചു സമയം കുട്ടിയുമായി സംസാരിക്കാന്‍ സമയം കണ്ടെത്തണം.അവരുടെ പ്രശ്‌നങ്ങള്‍ പറയുമ്പോള്‍ വെറുതെ പരിഹസിക്കുകയോ ശകാരിക്കുകയോ ചെയ്താല്‍ അവര്‍ക്ക് തുറന്നുപറയാനുള്ള വിശ്വാസം നഷ്ടപ്പെടും. അവര്‍ പറയുന്ന കാര്യങ്ങളില്‍ തെറ്റുണ്ടെങ്കില്‍ സ്‌നേഹപൂര്‍വ്വം പറഞ്ഞു മനസ്സിലാക്കാം. ഇക്കാര്യത്തില്‍ അമ്മയായും സഹോദരിയായും അധ്യാപികയായും മാറാന്‍ കുട്ടിയുടെ അമ്മയ്ക്കു കഴിയണം. നല്ല കാര്യങ്ങള്‍ ചെയ്താല്‍ അഭിനന്ദിക്കാന്‍ മടിക്കരുത്. നേട്ടങ്ങളുടെ മാത്രം പിറകേ പോകുന്ന ഒരു മനസ്സ് ഒരിക്കലും വളര്‍ത്തരുത്. കോട്ടങ്ങളെയും സമചിത്തതയോടെ നേരിടാന്‍ പഠിപ്പിക്കണം. മറ്റുള്ളവരുടെ മുമ്പില്‍ വച്ച് കുട്ടിയെ ഒരുപാടു പുകഴ്ത്താതിരിക്കുക എന്നതുപോലെ പ്രധാനമാണ് മോശം ഭാഷയില്‍ ശകാരിക്കാതിരിക്കുക എന്നതും. രണ്ടും കുട്ടിയുടെ വ്യക്തിത്വത്തെ വികലമായി ബാധിക്കുകയേയുള്ളൂ. തന്റെ കുട്ടി അയല്‍ക്കാരുടെയോ ബന്ധുക്കളുടെയോ കുട്ടികളെക്കാള്‍ കേമനായി മാറണം എന്ന രീതിയില്‍ സമ്മര്‍ദം കൊടുക്കുന്നത് കുട്ടിയുടെ ആത്മവിശ്വാസം തകര്‍ക്കുവാന്‍ മാത്രമേ ഉതകൂ.
'ആണായും പെണ്ണായും ഇതൊന്നേ ഉള്ളൂ' എന്നു പറഞ്ഞ് എപ്പോഴും കുട്ടികളുടെ പിറകേ നടക്കുന്നതും നല്ലതല്ല. പ്രായപൂര്‍ത്തിയായാലും കുട്ടിയെ വാഹനങ്ങളോടിക്കാന്‍ അനുവദിക്കാത്ത മാതാപിതാക്കളെ കണ്ടിട്ടുണ്ട്. ഇതെല്ലാം വിപരീതഫലങ്ങളാണ് സൃഷ്ടിക്കുന്നത്. ഇന്നത്തെ മാറിയ സാഹചര്യങ്ങളില്‍ കുട്ടിക്ക് മൊബൈല്‍ ഫോണ്‍ കൊടുക്കാതെ തരമില്ല. ആപ്പ് ലോക്കിന്റെ സഹായത്താല്‍ കുട്ടികള്‍ ഫോണ്‍ ദുരുപയോഗം നടത്തുന്നത് തടയാനാവും.
പ്രകൃതിയെ അറിഞ്ഞു വളരാനും ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്തു ചെയ്യാനും വീട്ടുജോലികളില്‍ സഹായിക്കാനുമൊക്കെ കുട്ടിക്ക് അവസരം നല്‍കണം. കുടുംബത്തിന്റെ ചുമതല ഏറ്റെടുത്തു നടത്താനും അവനെ പ്രാപ്തനാക്കണം.
സ്ത്രീകളെ ബഹുമാനിക്കുന്ന നല്ല വ്യക്തിയാക്കി ആണ്‍കുട്ടിയെ വളര്‍ത്തുന്നതിന് അമ്മമാര്‍ ശ്രദ്ധിക്കണം. പെണ്‍കുട്ടിയെ പ്രതികരണശേഷിയുള്ളവളാക്കി മാറ്റുന്നതോടൊപ്പം, പ്രതികൂലസാഹചര്യങ്ങളോടു പൊരുത്തപ്പെട്ടുപോകാനും പരിശീലിപ്പിക്കണം.
കുട്ടിക്ക് ഇഷ്ടമുള്ള കരിയറും പങ്കാളിയെ പക്വതയോടെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും നല്‍കണം. മാതാപിതാക്കളുടെ സ്വപ്നങ്ങളെക്കാള്‍ കുട്ടിയുടെ ഇഷ്ടങ്ങള്‍ക്കാണു പ്രാധാന്യം നല്‍കേണ്ടത്.
കുട്ടിയുടെ ഭാവനയ്ക്കും ഇഷ്ടങ്ങള്‍ക്കും മുന്‍തൂക്കം കൊടുത്ത് സമൂഹത്തിനു നന്മ പകരുന്ന നല്ല പൗരന്മാരാക്കി മാറ്റുകയാണു വേണ്ടത്. കുട്ടിക്കും അവന്റേതായ ഒരു വ്യക്തിത്വമുണ്ടെന്ന സത്യം മാതാപിതാക്കളൊരിക്കലും കാണാതെ പോകരുത്.