കേരളസഭയുടെ തനതുപൈതൃകം കാത്തുപാലിക്കുവാന്‍ വിദേശാധിപത്യത്തിനെതിരേ അവിശ്രമം പോരാടിയ കര്‍മധീരനായ പാറേമ്മാക്കല്‍ തോമ്മാ ഗോവര്‍ണദോര്‍ അന്തരിച്ചിട്ട് മാര്‍ച്ച് 20 ന് 222 വര്‍ഷം
പതിനാറാം നൂറ്റാണ്ടുവരെ ആദിമക്രൈസ്തവരുടെ അതേ ചൈതന്യം കാത്തുസൂക്ഷിച്ചുപോന്നവരാണ് മാര്‍ത്തോമ്മാനസ്രാണികള്‍. ചേരമാന്‍ പെരുമാളും മറ്റുപല രാജാക്കന്മാരും മാര്‍ത്തോമ്മാക്രിസ്ത്യാനികള്‍ക്ക് ഏറിയ സ്ഥാനമാനങ്ങളും പദവികളും നല്‍കി ആദരിച്ചുപോന്നു. നസ്രാണികള്‍ക്കിടയില്‍ ചതിവോ വഞ്ചനയോ ഉണ്ടായിരുന്നില്ല. സ്‌നേഹവും വിശ്വസ്തതയും മുഖമുദ്രയായിട്ടുള്ള ഇവര്‍ 'ഇണങ്ങര്‍' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. എന്നാല്‍, പോര്‍ച്ചുഗീസ് സഭാധികാരികള്‍ ഇവിടുത്തെ സഭയുടെമേല്‍ ആധിപത്യം ഉറപ്പിച്ചതു മുതല്‍ വലിയ പീഡനങ്ങള്‍ക്കും അവഹേളനങ്ങള്‍ക്കും അടിമത്തത്തിനും അവര്‍ വിധേയരായി. ഇതിനെതിരേ ശബ്ദമുയര്‍ത്തിയ ധീരനേതാവാണ് പാറേമ്മാക്കല്‍ തോമ്മാക്കത്തനാര്‍.
'ഇന്ത്യ ഇന്ത്യാക്കാരുടേത്, ഇന്ത്യ ഭരിക്കേണ്ടത് ഇന്ത്യാക്കാര്‍' എന്നുദ്‌ഘോഷിച്ച ആദ്യത്തെ ഭാരതീയനാണ് പാറേമ്മാക്കല്‍ തോമ്മാക്കത്തനാര്‍. ജാതിക്കു തലവന്‍ ജാതിയില്‍നിന്നുണ്ടായാലേ ജാതിക്കു ബലമുണ്ടാവുകയുള്ളൂവെന്നദ്ദേഹം പഠിപ്പിച്ചു. ഈ ലക്ഷ്യം സാധിക്കുന്നതിനുവേണ്ടി റോമായില്‍ച്ചെന്ന് മാര്‍പാപ്പായെയും ലിസ്ബണില്‍ച്ചെന്ന് രാജ്ഞിയെയും നേരില്‍ക്കണ്ടു നിവേദനങ്ങള്‍ സമര്‍പ്പിക്കുന്നതിനും ഇവിടത്തെ ക്രിസ്ത്യാനികള്‍ അനുഭവിച്ചുവരുന്ന നിന്ദനങ്ങളും അപമാനങ്ങളും പീഡനങ്ങളും ബോധ്യപ്പെടുത്തി വിദേശപാതിരിമാരുടെ അടിമത്തത്തില്‍നിന്നു മോചനം പ്രാപിക്കുന്നതിനുംവേണ്ടി കരിയാറ്റില്‍ മല്പാനും പാറേമ്മാക്കല്‍ തോമ്മാക്കത്തനാരുംകൂടി നടത്തിയ വീരസാഹസിക 'ലിസ്ബണ്‍ - റോമായാത്ര'യുടെ വിവരണങ്ങളാണ് ഇന്ത്യന്‍ ഭാഷകളിലെ ആദ്യത്തെ യാത്രാവിവരണഗ്രന്ഥമായ വര്‍ത്തമാനപ്പുസ്തകം. ഈ യാത്രയ്ക്കിടയില്‍ കിട്ടിയ അനുഭവങ്ങളും ഉള്‍ക്കാഴ്ചകളുമാണ് ഇതിലെ ഉള്ളടക്കം.
നീതി നിഷേധിക്കപ്പെട്ട മാതൃസഭയുടെ ദീനരോദനം വര്‍ത്തമാനപ്പുസ്തകത്തിലുടനീളം കേള്‍ക്കാം. കാലം മറക്കാത്ത കൃതികളെയാണ് ക്ലാസിക് കൃതികള്‍ എന്നു പറയുന്നത്. എ.ഡി. 1785ല്‍ പാറേമ്മാക്കല്‍ തോമ്മാക്കത്തനാര്‍ രചിച്ച വര്‍ത്തമാനപ്പുസ്തകം മലയാളത്തിലെ ഒരു ക്ലാസിക് കൃതിയാണ്. 'പാറേമ്മാക്കല്‍ തോമ്മാക്കത്തനാരുടെ വര്‍ത്തമാനപ്പുസ്തകം ഏതു നിലയ്ക്കു നോക്കിയാലും കൈരളിക്കൊരു കനകാഭരണമാണ്' എന്നാണ് മഹാകവി ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍ പറഞ്ഞിരിക്കുന്നത്. ഇന്ന് അനേകം പണ്ഡിതന്മാരും ഗവേഷകരും ചരിത്രകാരന്മാരും ഭാഷാപ്രേമികളും ഈ ഗ്രന്ഥം പഠനവിഷയമാക്കിക്കൊണ്ടിരിക്കുന്നു.
ഇന്ത്യാക്കാര്‍ക്ക് അടിമച്ചങ്ങല അനിവാര്യമായ ഒരാഭരണമാണെന്ന് പാശ്ചാത്യമേലാളന്മാര്‍ക്കൊപ്പം ഭാരതമക്കളും ചിന്തിച്ചുതുടങ്ങിയ കാലത്താണ് ഈ വിമോചനയാത്രയ്ക്ക് ഇവര്‍ തുടക്കം കുറിച്ചത്. അതിസാഹസികമായ ഈ യാത്ര പൂര്‍ത്തിയാക്കുവാന്‍ നീണ്ട എട്ടുവര്‍ഷം വേണ്ടിവന്നു. യാതൊരുവിധ യാത്രാസൗകര്യങ്ങളുമില്ലാതെ കാറ്റിന്റെ ഗതിയെമാത്രം ആശ്രയിച്ച് വെറും പായ്ക്കപ്പലുകളില്‍ നടത്തിയ ഈ യാത്രയ്ക്കിടയില്‍ ഏഷ്യ, ആഫ്രിക്ക, തെക്കേ അമേരിക്ക, യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങളെക്കുറിച്ചും ഇന്ത്യന്‍ മഹാസമുദ്രം, അറ്റ്‌ലാന്റിക് മഹാസമുദ്രം, മധ്യധരണിക്കടല്‍ എന്നീ മഹാസമുദ്രങ്ങളെക്കുറിച്ചും നേരില്‍ കണ്ടതും അനുഭവിച്ചറിഞ്ഞതും വിസ്മയകരവുമായ ഒട്ടേറെ കാര്യങ്ങള്‍ നേരിട്ടു കാണുന്നത്ര തന്മയത്വത്തോടെ ഈ ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്നു. തികച്ചും സത്യസന്ധമായി രചിക്കപ്പെട്ട ഈ സഞ്ചാരവൃത്താന്തം ചരിത്രാന്വേഷികളുടെ മുമ്പില്‍ ആധികാരികരേഖയും അടിസ്ഥാന പ്രമാണവുമായി ഇന്നും നിലകൊള്ളുന്നു.
ഇന്ത്യയുടെ ആത്മാവിനെ തൊട്ടറിഞ്ഞ് ദേശീയത തുളുമ്പുന്ന വികാരം വായനക്കാരില്‍ ജനിപ്പിക്കുവാന്‍ ഇത്രയേറെ പര്യാപ്തമായ ഒരു സഞ്ചാരകൃതി വേറേയില്ല. 'ഇന്ത്യാമക്കള്‍ നമ്മള്‍', 'നാം ഒരു ജനത' എന്ന വികാരം ആദ്യമായി ഉദ്‌ഘോഷിച്ചുകാണുന്നത് വര്‍ത്തമാനപ്പുസ്തകത്തിലാണ്. തന്റെ ജനത്തെ ആത്മബോധമുള്ളവരാക്കിത്തീര്‍ക്കുകയും അവര്‍ ചുമന്നുകൊണ്ടു നടക്കുന്ന അടിമത്തനുകത്തിന്റെ വലുപ്പം അവര്‍ക്കു വെളിപ്പെടുത്തിക്കൊടുക്കുകയും ചെയ്തുകൊണ്ട് ഒരു വിമോചനസമരത്തിനു നേതൃത്വം കൊടുക്കുകയാണ് പാറേമ്മാക്കല്‍ തോമ്മാക്കത്തനാര്‍ ചെയ്തത്. ആ വിമോചനസമരത്തിന്റെ കഥയും കാഹളവുമാണ് വര്‍ത്തമാനപ്പുസ്തകം. ഇതു വായിക്കുന്നവരുടെ ഹൃദയം സമുദായസ്‌നേഹത്താല്‍ തുടിക്കും, ദേശസ്‌നേഹത്താല്‍ പുളകിതമാകും. രാജ്യാഭിമാനമുള്ള ഏതൊരു മലയാളിയും വായിച്ചിരിക്കേണ്ട ഒരുത്തമകൃതിയാണു വര്‍ത്തമാനപ്പുസ്തകം.
മാതൃസഭയെ അമ്മയെപ്പോലെ സ്‌നേഹിച്ചവരാണ് മാര്‍ കരിയാറ്റിയും പാറേമ്മാക്കല്‍ തോമ്മാക്കത്തനാരും. അമ്മയെ പീഡിപ്പിക്കുന്നതു നോക്കിനില്ക്കുവാന്‍ കഴിയാത്തതുകൊണ്ടാണ് സഭയെ പിച്ചിച്ചീന്തിയ വിദേശികളോട് 'മാ നിഷാദാ' എന്നാക്രോശിക്കുവാന്‍ തോമ്മാക്കത്തനാര്‍ തയ്യാറായത്. ആ ഗര്‍ജ്ജനം ഇന്നും കേരളസഭയുടെ നഭോമണ്ഡലത്തില്‍ അലയടികള്‍ ഉതിര്‍ക്കുന്നു. ഗോവയില്‍വച്ചുണ്ടായ മാര്‍ കരിയാറ്റിയുടെ മരണശേഷം കേരളക്കരയില്‍ തിരിച്ചെത്തിയ പാറേമ്മാക്കല്‍ തോമ്മാക്കത്തനാര്‍ നസ്രാണിസഭയുടെ ഗോവര്‍ണദോരായി പതിമ്മൂന്നുവര്‍ഷം സ്തുത്യര്‍ഹമാംവിധം സഭയെ നയിച്ചു. നസ്രാണിസഭയുടെ ഭരണകാര്യങ്ങളില്‍ മേലില്‍ കൈകടത്തലുകള്‍ ഉണ്ടാകുന്നതല്ല എന്നൊരു വ്യവസ്ഥയില്‍ പാതിരിമാരെക്കൊണ്ട് ഒപ്പിടുവിക്കുവാനും തന്റെ ജീവിതകാലമത്രയും ഈ വ്യവസ്ഥ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുവാനും അദ്ദേഹത്തിനു സാധിച്ചു. തിരുവിതാംകൂര്‍ - കൊച്ചി രാജാക്കന്മാരുടെ പിന്തുണയും ഇതിനുണ്ടായിരുന്നു.
വിദേശപാതിരിമാരാല്‍ പാശ്ചാത്യവത്കരിക്കപ്പെട്ട നസ്രാണിസഭയെ പുനരുദ്ധരിക്കുവാനും ചിട്ടപ്പെടുത്തുവാനും സഭയുടെ പൈതൃകം കാത്തു സൂക്ഷിക്കുവാനും അദ്ദേഹം ശ്രദ്ധിച്ചു. അതിനായി നസ്രാണിസഭയ്ക്കു തനതായ ഒരു സെമിനാരിക്ക് അദ്ദേഹം രൂപംകൊടുത്തു. ആറാം മാര്‍ത്തോമ്മായുടെ തിരിച്ചുവരവിനുവേണ്ടിയും തന്നാലാകുന്ന പരിശ്രമം അദ്ദേഹം നടത്തിക്കൊണ്ടിരുന്നു. ടിപ്പുസുല്‍ത്താന്‍ ചുട്ടെരിച്ച പള്ളികളെല്ലാം അദ്ദേഹം പുനഃസ്ഥാപിച്ചു.
നസ്രാണിസഭയുടെ സങ്കടങ്ങളിലും ക്ലേശങ്ങളിലും ഒരു സഭാത്മകഭ്രാന്തനെപ്പോലെ അദ്ദേഹം വ്യാപരിച്ചു. സഭയിലെ പ്രതിസന്ധികളെ കാടിളക്കി പുറംലോകത്തിനു കാണിച്ചുകൊടുത്ത 'ഗജവീര'നായ തോമ്മാക്കത്തനാര്‍ കാലം തെറ്റിപ്പിറന്ന കര്‍മ്മയോഗിയും ക്രാന്തദര്‍ശിയുമായിരുന്നു. വിദേശാധിപത്യത്തിനെതിരേ പടപൊരുതുന്നതിനിടയില്‍ അദ്ദേഹം ഒരുപാട് സങ്കടങ്ങളുടെയും സഹനങ്ങളുടെയും ആള്‍രൂപമായി മാറി. ദുഃഖങ്ങളും പ്രയാസങ്ങളും എതിര്‍പ്പുകളും ഒരിക്കലും അദ്ദേഹത്തെ വിട്ടുമാറിയിട്ടില്ല. ഈ സഹനങ്ങളത്രയും മാതൃസഭയുടെ ഐക്യത്തിനും സ്വാതന്ത്ര്യത്തിനുംവേണ്ടിയാണ് അദ്ദേഹം ഏറ്റെടുത്തത്. വിശ്രമമില്ലാത്ത അദ്ദേഹത്തിന്റെ ജീവിതം അദ്ദേഹത്തിന്റെ കായശേഷിയെ തളര്‍ത്തി. മൂന്നുവര്‍ഷം അദ്ദേഹം രോഗശയ്യയില്‍ കഴിച്ചുകൂട്ടി. 1736 സെപ്റ്റംബര്‍ 10ന് ഭൂജാതനായ പാറേമ്മാക്കല്‍ തോമ്മാക്കത്തനാര്‍ 1799 മാര്‍ച്ചുമാസം 20-ാം തീയതി തന്റെ 63-ാമത്തെ വയസ്സില്‍ ദിവംഗതനായി. മാര്‍ച്ചു മാസം 20-ാം തീയതി ആ പുണ്യാത്മാവിന്റെ ഓര്‍മ്മ നാമിന്നും ആചരിച്ചുപോരുന്നു.