•  2 May 2024
  •  ദീപം 57
  •  നാളം 8
വചനനാളം

ഇടയന്‍ ആടായി പതുങ്ങണം

മാര്‍ച്ച് 21 നോമ്പുകാലം ആറാം ഞായര്‍

ഉത്പ 19:15-26ജോഷ്വ 21:43, 22:5 റോമ 14:13-23 യോഹ 10:11-18

പെസഹാക്കുഞ്ഞാടായിത്തീര്‍ന്ന (1കോറി 5,7) നല്ലിടയന്റെ തീവ്രാനുസ്മരണദിനങ്ങളാണ് നോമ്പുകാലം. ''ഞാന്‍ നല്ലിടയനാണ്. നല്ലിടയന്‍ ആടുകള്‍ക്കുവേണ്ടി ജീവന്‍ അര്‍പ്പിക്കുന്നു'' എന്ന യേശുവിന്റെ പ്രഖ്യാപനത്തിന്റെ ആഴം ഗ്രഹിക്കാന്‍ ഏറ്റവും അനുയോജ്യമായ കാലഘട്ടമാണിത്. 
പലസ്തീനായിലെ ഇടയന്മാര്‍
പലസ്തീനായിലെ ബെദ്വീനുകളുടെ ജീവിതമാണ് യേശുവിന്റെ ''നല്ലിടയ''പ്രഖ്യാപനത്തിനു പശ്ചാത്തലമായി നില്ക്കുന്നതെന്നു മറക്കരുത്. അത് സത്യത്തില്‍ ഒരു ''ആടുജീവിതം''തന്നെയാണ്. ആടുകളോടൊപ്പം ചരിച്ചും വിശ്രമിച്ചും അവയെ പോറ്റിയും പരിരക്ഷിച്ചുമുള്ള ഒരു ജീവിതം; ആടുകള്‍ക്കായി ഉഴിഞ്ഞുവച്ചൊരു ജീവിതം! ഇത്തരം ജീവിതക്കാഴ്ചയുടെ നേരും സാരവും തിരിച്ചറിഞ്ഞ രചയിതാക്കളാണ് പഴയനിയമത്തില്‍ത്തന്നെ ദൈവത്തെ ഇടയനായി ഏറ്റുപറഞ്ഞത്. 'കര്‍ത്താവാണ് എന്റെ ഇടയന്‍' എന്നു സങ്കീര്‍ത്തകന്‍ പാടി (23,1). പുറപ്പാടുസംഭവംപോലും ഇത്തരത്തിലാണ് സങ്കീര്‍ത്തകന്‍ ചിത്രീകരിച്ചത്: ''മോശയുടെയും അഹറോന്റെയും നേതൃത്വത്തില്‍ അങ്ങയുടെ ജനത്തെ ഒരു ആട്ടിന്‍കൂട്ടത്തെയെന്നപോലെ അങ്ങു നയിച്ചു'' (77,20). പഴയനിയമത്തിലെ പല ഇടയപരാമര്‍ശങ്ങള്‍ക്കും (എസെ 34,11-16; സഖ 13,7-9; സങ്കീ 74,1) പശ്ചാത്തലമായി ഭവിച്ചിട്ടുള്ളത് പലസ്തീനായിലെ ബെദ്വീനുകളുടെ ആടുജീവിതംതന്നെയാണ്.
സുന്ദരനായ ഇടയന്‍?!
'ഹോ പൊയ്‌മേന്‍ ഹോ കാലോസ്' എന്ന ഗ്രീക്കുപ്രയോഗത്തിനു നല്ല ഇടയന്‍ എന്നര്‍ത്ഥമുണ്ട്, ശരിതന്നെ. എന്നാല്‍, നല്ലത് എന്നതിന് 'ആഗഥോസ്' എന്ന പദമാണ് ബൈബിളില്‍ പൊതുവെ ഉപയോഗിച്ചുകാണുന്നത്. 'കാലോസ്' എന്ന പദത്തിന്റെ പ്രാഥമികാര്‍ത്ഥമാകട്ടെ, 'സുന്ദരന്‍' എന്നാണ്. അതിനാല്‍, ഈശോയുടെ പ്രഖ്യാപനം 'ഞാന്‍ സുന്ദരനായ ഇടയനാണ്' എന്നായിരുന്നോ? ആയിരിക്കാന്‍ കൂടുതല്‍ സാധ്യതയുണ്ട്!
പക്ഷേ, ഇടയന്മാരെ സുന്ദരന്മാരായി കരുതാന്‍ തീരെ സാധ്യമല്ലതന്നെ. പുല്ലുതീര്‍ന്നയിടത്തുനിന്ന് പുല്ലുള്ളിടത്തേക്കു നിരന്തരം ആടുകളുമായി സഞ്ചരിക്കുന്ന ഒരു ജീവിതം; വൃത്തിയും വെടിപ്പും ഊരും പേരും നിര്‍ബന്ധമില്ലാത്ത ഒരു ജീവിതം; മാനുഷികശ്രേഷ്ഠത മുറുകെപ്പിടിക്കാത്ത ഒരു ജീവിതം! ചുരുക്കിപ്പറഞ്ഞാല്‍, ആടുകള്‍ക്കുവേണ്ടി സ്വയം വികൃതരാകുന്നവരാണ് ഇടയന്മാര്‍. അതാണ് അവരുടെ സൗന്ദര്യം! 
''അവനെ കണ്ടവര്‍ അമ്പരന്നുപോയി; മനുഷ്യനെന്നു തോന്നാത്തവിധം അവന്‍ വിരൂപനായിരിക്കുന്നു. അവന്റെ രൂപം മനുഷ്യന്റേതല്ല'' എന്നാണ് കര്‍ത്താവിന്റെ സഹനദാസനെക്കുറിച്ചു കുറിച്ച ഏശയ്യാപ്രവാചകന്‍ നിദര്‍ശിച്ചത്. പീലാത്തോസ്, മനസ്സറിയാതെയാണെങ്കിലും, പരാമര്‍ശിച്ചുപോയത് വെറുതെയല്ല: ''ഇതാ, മനുഷ്യന്‍!'' (യോഹ 19,5). പിതാവ് തന്നെ ഏല്പിച്ച അജഗണത്തിനുവേണ്ടി ജീവന്‍ നല്കിയ, സ്വയം വിരൂപനായിത്തീര്‍ന്ന ക്രിസ്തുവിന്റെ ഇടയസൗന്ദര്യമാണ് നോമ്പുകാലത്തിന്റെ ധ്യാനപുണ്യം...
വ്യക്തിബന്ധവും 
ഇടയത്വവും

യേശു തന്റെ ജീവാര്‍പ്പണത്തെക്കുറിച്ചു സംസാരിക്കുന്നത് പിതാവും താനുമായുള്ള അറിവിന്റെയും താനും മനുഷ്യരുമായുള്ള അറിവിന്റെയും പിന്‍ബലത്തോടെയാണ് (യോഹ 10,14.15). ഈ 'അറിവ്' ബന്ധാധിഷ്ഠിതമാണ്. പിതാവുമായും മനുഷ്യരുമായുമുള്ള യേശുവിന്റെ സ്‌നേഹബന്ധത്തിന്റെ ഏറ്റവും വലിയ പ്രകാശനമാണ് അവിടത്തെ ജീവാര്‍പ്പണവും ഉത്ഥാനവും. ജീവന്‍ സ്വമനസ്സാ സമര്‍പ്പിക്കാനും സ്വമനസ്സാ തിരിച്ചെടുക്കാനുമുള്ള അധികാരം പിതാവുമായുള്ള സ്‌നേഹത്തില്‍നിന്നാണ് പുത്രനു സംലബ്ധമായത്. കുരിശില്‍ സംഭവിച്ചത് ദൈവസ്‌നേഹത്തിന്റെ പൂര്‍ണപ്രകാശനമായിരുന്നു (യോഹ 3,16; 10,17.18).
തന്റെ അജഗണത്തെക്കുറിച്ചുള്ള യേശുവിന്റെ വീക്ഷണം അതിവിശാലമാണ്. യഹൂദജനതയ്ക്കുമപ്പുറത്തേക്ക്, സകല വംശീയ-ദേശീയ-കാലിക-സാംസ്‌കാരിക സീമകള്‍ക്കുമപ്പുറത്തേക്കു നീളുന്ന ആട്ടിന്‍പറ്റമാണ് യേശുവിനുള്ളത്. ഒരാട്ടിന്‍പറ്റവും ഒരിടയനും എന്ന യേശുവിന്റെ സ്വപ്നത്തിന്റെ സാക്ഷാത്കാരത്തിനുവേണ്ടി മാത്രമാണ് സഭ നിലനില്ക്കുന്നതുതന്നെ.
കൂലിക്കാരനായ ഇടയന്‍
ആടുകള്‍ സ്വന്തമല്ലാത്തവന് സ്വന്തം സുഖത്തിലും സുഭിക്ഷതയിലും സുരക്ഷയിലും മാത്രമാണു ശ്രദ്ധ. തടിച്ചുകൊഴുത്ത അവന് അത്തറിന്റെ സുഗന്ധമാണുള്ളത്, വിലകൂടിയ വിഭൂഷകളാണുള്ളത്. ആടുകളുടെ നാശം അവനു വിഷയമേയല്ല! പോരാഞ്ഞിട്ട്, ആടുകളുടെ മാംസത്തോടും കൊഴുപ്പിനോടും അക്കൂട്ടര്‍ക്കു വലിയ പ്രതിപത്തിയാണുതാനും! പഴയനിയമത്തില്‍ അത്തരം ഇടയന്മാരെക്കുറിച്ച് അനേകം പരാമര്‍ശങ്ങളുണ്ട് (ജറെ 23:1-3; എസെ 34:5.6.8-10; സഖ 11:15.17). കടുത്ത ഭാഷയാണ് അവര്‍ക്കെതിരേ ദൈവം പ്രയോഗിക്കുന്നത്.
ഇന്നിന്റെ ഇടയക്കൂടാരങ്ങള്‍
കുടുംബവും ജോലിസ്ഥലവും സഭയും സമൂഹവുമെല്ലാം ഇടയക്കൂടാരങ്ങള്‍തന്നെ. രണ്ടുപേരെങ്കിലുമുള്ളിടത്ത് ഓരോരുത്തരും എപ്പോഴെങ്കിലും അപരന് ഇടയനായിരിക്കും. ഇടയന്മാരുടെ എണ്ണവും വണ്ണവും പ്രാഗല്ഭ്യവുമൊന്നുമല്ല ആടുകളുടെ ക്ഷേമഹേതു; മറിച്ച്, ഇടയന്റെ ജീവാര്‍പ്പണമനസ്സാണ്! ആ ഇടയസൗന്ദര്യത്തിന് ആനുപാതികമായിരിക്കും ആടുകളുടെ ജീവൈശ്വര്യസമൃദ്ധി. കത്തിജ്ജ്വലിക്കുന്ന സൂര്യന്റെ ചൂട് ശിരസ്സേറ്റിവാങ്ങുന്ന അപ്പനും അമ്മയുമാണ് മക്കളുടെ തണലും സ്വച്ഛതയും... സ്വയം ശൂന്യവത്കരണത്തിന്റെ ഓരോ വൈരൂപ്യത്തിലും ഒരു നല്ലിടയന്‍ ക്രിസ്തു കുടികൊള്ളുന്നുണ്ട്... നല്ലിടയധ്യാനത്തിന്റെ ഈ ഞായറാഴ്ചയില്‍ ഓരോ മനസ്സിലും ഉയരേണ്ട ചോദ്യമിതാണ്: ഞാന്‍ കൂലിക്കാരനോ, അതോ നല്ലിടയനോ?

Login log record inserted successfully!