മരിക്കുന്നതിനു മുമ്പും, മരിച്ചേനുശേഷവുമുള്ള അന്നക്കുട്ടീടെ ഒരേയൊരാഗ്രഹമായിരുന്നു വരാന്‍പോകുന്ന വര്‍ഷങ്ങളിലെ ഓര്‍മദിവസങ്ങളിലൊക്കെ തന്നെ ഭൂമിലേക്കയച്ച് വീട്ടുകാരേം നാട്ടുകാരേം ഒക്ക്യൊന്ന് കാണിക്കണേന്ന്. മാടപ്പിറാവിന്റെ മനസ്സുള്ള അന്നക്കുട്ടീടെ ആവശ്യം കേട്ടപ്പോ ഒടേതമ്പ്രാനങ്ങ് സമ്മതിച്ചു. പക്ഷേ, ഒരേയൊരു വ്യവസ്ഥ.
അന്നക്കുട്ടിക്ക് അവരെ കാണാം.
എന്നാ അവര്‍ക്കന്നക്കുട്ടിയെ കാണാമ്പറ്റുവെങ്കിലും ആരാന്ന് തിരിച്ചറിയാന്‍ പറ്റൂല്ല, ദിവസങ്ങള്‍ കഴിഞ്ഞു.
ഉടമ്പടിയനുസരിച്ച് ജനുവരി ഇരുപത്തിയാറിന്റന്ന് സ്വര്‍ഗത്തീന്ന് ഒരു സുന്ദരി കുളിച്ചൊരുങ്ങി പുറപ്പെട്ടു. ഭൂമിലോട്ടല്ലേ... തനിച്ചു പോകണ്ട. സീനിയറായ കുഞ്ഞേലിച്ചേടത്തിയേംകൂടെ കൂട്ടിക്കോന്ന് ദൈവം പറഞ്ഞു.
അങ്ങനെ രണ്ടുപേരും ആകാശച്ചില്ലകളില്‍ ഇറങ്ങി യാത്ര തുടങ്ങി. ഭൂമിയില്‍ അന്നക്കുട്ടിയുടെ നാടായ തൃശൂര് എത്തി. തൃശ്ശൂരൊക്കെയങ്ങ് മാറിപ്പോയല്യോടി? കുഞ്ഞേലിച്ചേടത്തി വിസ്മയഭാവത്തില്‍ പറഞ്ഞു.
ഓ, എനിക്കറിയാന്‍ മേല ചേടത്തീ. ഞാന്‍ ആകെപ്പാടെ രണ്ടോ മൂന്നോ പ്രാവശ്യമേ ജോസൂട്ടീച്ചായന്റൊപ്പം തൃശ്ശൂര്‍ക്ക് വന്നിട്ടുള്ളൂ. അതിലൊന്ന് മിന്നുകെട്ടിനു മുമ്പ് സ്വര്‍ണമെടുക്കാന്‍ ആലുക്കാസില് വന്നതാ. പിന്നെ വന്നത് രണ്ടും ഡോക്ടറെ കാണിക്കാനാ.
ഡോക്ടറെ കാണിക്കാനോ? അതിന് അന്നക്കുട്ടിക്ക് എന്നായിരുന്നു ഏനക്കേട്?
കുഞ്ഞേലിച്ചേടത്തിയുടെ ആ ചോദ്യത്തിനുമുന്നില്‍ അന്നക്കുട്ടിക്ക് നെഞ്ചില് വെട്ടുകല്ല് വെച്ച പോലൊരു ഭാരം അനുഭവപ്പെട്ടു.
നമുക്ക് നേരം കളയാണ്ട് മാപ്രാണത്തേക്കു പോവാം ചേട്ടത്തി. ചേടത്തി വാ.
മറുപടി പറയാതെ അന്നക്കുട്ടി, കുഞ്ഞേലിച്ചേടത്തിയുടെ കൈയ്ക്കു പിടിച്ച് വലിച്ചു മുന്നോട്ടേക്കു പോയി മാപ്രാണത്ത് ഇറങ്ങി.
മുന്നിലേക്കു തെളിഞ്ഞു വരുന്ന വഴികളില്‍ അന്നക്കുട്ടി ആദ്യം കണ്ടത് മാപ്രാണം പള്ളിയിലേക്കുള്ള റോഡായിരുന്നു.
ഇതാട്ടോ കുഞ്ഞേലിച്ചേടത്തീ, എന്റെ കല്യാണം നടന്ന പള്ളി.
തണല്‍ വിരിച്ചു നില്‍ക്കുന്ന തെങ്ങിന്‍ തോപ്പുകള്‍ക്കു താഴെ തന്റെ കഴുത്തില്‍ ജോസൂട്ടി മിന്നുകെട്ടിയ പള്ളി ചൂണ്ടിക്കാണിച്ച് അന്നക്കുട്ടി പറഞ്ഞു. അതൊരു ജനുവരി മാസമായിരുന്നു. പള്ളിമുറ്റത്ത് കിടന്നിരുന്ന ഉണ്ണിമാങ്ങകള്‍ ചവിട്ടി മുറിഞ്ഞ് പച്ച മണം പടര്‍ന്നിരുന്ന ഉച്ച സമയം. കല്യാണത്തിന്റന്ന് രാവിലെ ഞാന്‍ പേടിച്ച് കാപ്പിയൊന്നും കുടിച്ചില്ല ചേടത്തി. ഉച്ചയായപ്പോഴേക്കും എനിക്ക് നന്നായങ്ങ് വെശന്നു.
മധുരം വെക്കലും ഫോട്ടോ എടുക്കലുമൊക്കെ കഴിഞ്ഞപ്പോ എനിക്കേതാണ്ട് തലകറങ്ങും പോലായി. ഞാന്‍ നോക്കീപ്പം നല്ല ചള്ളാസും, മോരുകാച്ചീതും മീന്‍ പറ്റിച്ചതും. ഞാനാരേം നോക്കാണ്ട് മുന്നീക്കണ്ട ചോറ് മുഴുവന്‍ വാരിത്തിന്നു.
അത് കണ്ട ജോസൂട്ടീ എന്റെ ഈ കയ്യില്... ദേ ഇവിടെ .. നുളേള്യച്ച് ചോദിക്കുവാ.. ഇതെന്നാ മോളേ പട്ടിണിയായിരുന്നോ. ഇനി എന്നേംകൂടി തിന്നുവോന്ന്? എനിക്കങ്ങ് മേലാതായിപ്പോയി ചേടത്തി അത് കേട്ടപ്പം.
ഓ... പെണ്ണിന്റൊരു നാണം. ഇപ്പോഴും കെട്ട്യോളാന്നാ വിചാരം.
അത് പിന്നെ അങ്ങനല്ല്യോ ചേടത്തി.
ഈ ജന്മത്ത് എനിക്ക് ജോസൂട്ടിനേം ജോസൂട്ടിക്ക് എന്നേം മറക്കാന്‍ പറ്റ്വോ?
വര്‍ഷം നാലേ ഒരുമിച്ച് ജീവിച്ചൊള്ളങ്കിലും എനിക്കിപ്പഴും ജോസൂട്ടിയെ മറക്കാമ്പറ്റൂല ചേടത്തി.
പള്ളീക്കഴിഞ്ഞ് ഇറങ്ങിയ രണ്ടാണുങ്ങള്‍ അന്നക്കുട്ടീനേം, കുഞ്ഞേലിച്ചേടത്തിയേം കണ്ട് അദ്ഭുതത്തോടെ നോക്കി.
എവിടുന്നാടാ പെട്ടെന്ന് മാലാഖപോലത്തെ രണ്ട് സുന്ദരികള് പൊട്ടിക്കിളിര്‍ത്തത്.
ഈ മാപ്രാണത്തൊന്നും ഇതുപോലൊള്ളതുങ്ങളെ കണ്ടിട്ടില്ലല്ലോ?
വഴിപോക്കരുടെ വര്‍ത്തമാനം കേട്ടപ്പോ കുഞ്ഞേലിച്ചേടത്തീം, അന്നക്കുട്ടീം തമ്മില്‍ നോക്കിയൊന്നു ചിരിച്ചു. അന്നക്കുട്ടീടെ മുതുകിനിട്ടൊരു നുള്ളു കൊടുത്തിട്ട്, കൊള്ളാലോടി നെന്റെ നാട്ടുകാര് എന്നൊരു ചൂടന്‍ അഭിപ്രായം കുഞ്ഞേലി പാസ്സാക്കി.
ഓ, അത് പുളിയാറമ്മേലെ സേവിച്ചനാ ചേടത്തി. അവന്‍ അല്ലേലും ഒരു സൗന്ദര്യാരാധകനാ. പള്ളിപ്പെരുന്നാളിന് പൂത്തിരി കത്തുമ്പോലയാ അവന്‍ പെണ്ണുങ്ങടെ എടേ കെടന്നോണ്ട് കത്തുന്നത്.
ടാറിടാത്ത ഇടവഴി കഴിഞ്ഞ്, വയല്‍ക്കാറ്റേറ്റു നടക്കുമ്പോള്‍ ദൂരേക്ക് കൈചൂണ്ടി അന്നക്കുട്ടി പറഞ്ഞു.
ദേ ആ കാണുന്നതാ... കുഞ്ഞേലിച്ചേടത്തീ മാപ്രാണം ഷാപ്പ്. ജോസൂട്ടിടെ അപ്പനപ്പാപ്പന്‍മാര് മൊതല് പറമ്പിപ്പണീം കഴിഞ്ഞ് വന്ന് ആദ്യം കേറുന്നത് ഇവിട്യാ. എന്നാ നല്ല മീങ്കറ്യാന്നറിയ്യോ ഇവിടുത്തെ.
ജോസൂട്ടിന്റപ്പന്റെ കൂട്ടുകാരന്‍ ഒരു ഗീവറീത് ചേട്ടനാണ് ഇവിടുത്തെ മീമ്പെപ്പുകാരന്‍. മഴ പെയ്ത് ഊത്ത കേറുമ്പം രാത്രീല് ചൂണ്ടേം, വലേം ആയിട്ട് അപ്പനും ജോസുട്ടീം ഒരു പോക്കുണ്ട്. നേരം വെളുപ്പിന് തിരിച്ചു വരുമ്പം കൊട്ടേല് മീന്‍ മാത്രല്ല. തവളേം, ഞണ്ടുമൊക്കെ കാണും. ഷാപ്പിക്കൊണ്ട കൊടുത്താ നല്ല വെലയാ. അപ്പനേ കുടിക്കത്തൊള്ള് ട്ടോ. ജോസൂട്ടിയൊന്നും കുടിക്കുകേലാ.
എന്നിട്ട്?
എന്നിട്ടെന്നാ പറയാനാ കുഞ്ഞേലിച്ചേടത്തി. അപ്പന്‍ മരിച്ച് പിന്നെപ്പിന്നേ അമ്മച്ചി വഴക്കും, വേണ്ടാതീനം പറച്ചിലും തൊടങ്ങി.
ഒന്നു രണ്ട് വര്‍ഷം കഴിഞ്ഞപ്പോ പിള്ളാരൊണ്ടാവത്തിനെ ചൊല്ലിയായി വഴക്ക്. അപ്പഴാ ജോസൂട്ടീ വൈന്നേരം ഷാപ്പി പോക്കു തൊടങ്ങീത്. എന്നാലും തിരിച്ചുവരുമ്പോ ഗീവറീതേട്ടന്റെ മീങ്കറി പാഴ്‌സല് എനിക്ക് കൊണ്ടോരും ട്ടോ. അമ്മച്ചി കാണാതെ ചോറിലൊഴിച്ച് എനിക്ക് വാരിത്തന്നിട്ടേ കക്ഷി ഉറങ്ങുവൊള്ള്. പിള്ളാരില്ലേത്തേന്റെ വെഷമം ജോസൂട്ടിക്കും ഉണ്ടായിരുന്നു. എന്നോടു പറഞ്ഞിട്ടൊന്നുമില്ലേലും എനിക്കറിയാം.
നമുക്കിവിടെ കൊറച്ച് നേരം ഇരിക്കാം ചേടത്തീ. വയല്‍ക്കാറ്റിന് ചെളിമണം ഉണ്ടേലും ദാണ്ടെ... ആ മലയിറങ്ങി പറന്നു വരുന്ന പക്ഷികളെയൊക്കെ കാണാം ഇവിടെയിരുന്നാല്‍. അമ്മച്ചി കണ്ടമാനം വഴക്കൊണ്ടാക്കുമ്പം ഞാനും, ജോസൂട്ടീം ഈ വരമ്പിമ്മേ വന്നിരിക്കും.
ഞാന്‍ നിന്നെ വെഷമിപ്പിക്കണ്ടാന്ന് കരുതിയാ അന്നക്കുട്ടീ ചോദിക്കാണ്ടിരുന്നെ? നിനക്കെന്നാ മക്കള് ഉണ്ടാവാണ്ടിരുന്നേ..?
അരികിലേക്കു പാറിവന്ന മാടത്തകളിലൊന്നിനെ അവള്‍ ഏന്തിപ്പിടിക്കുവാന്‍ നോക്കി.
എനിക്കൊന്നു വയറ്റിലുണ്ടായതാ കുഞ്ഞേലിച്ചേടത്തീ. ചാറി വന്ന കണ്ണീരിനെ അന്നക്കുട്ടി കൈകൊണ്ടു തുടച്ചു.
നീ കരയുവാണോ?
അല്ല ചേടത്തി. കല്യാണം കഴിഞ്ഞ് പിറ്റത്തെ മാസമാ ഞങ്ങളാദ്യമായ് മൂന്നാലു ദെവസത്തേക്ക് അങ്കമാലീലുള്ള എന്റെ വീട്ടില് നിക്കാമ്പോയത്. വിരുന്നിനെല്ലാട്ത്തും പോണായിരുന്നു. ചാലക്കുടിപ്പൊഴ കീറി ഒഴുകുന്ന ഒരു മുറിപ്പുഴ എന്റെ വീടിന്റെ താഴേണ്ടായിരുന്ന്.
ഞങ്ങള് വീട്ടീ വന്നേന്റെ അന്നു തന്നെ ജോസൂട്ടിക്കൊരു നിര്‍ബന്ധം പൊഴേലെറങ്ങി കുളിക്കണംന്ന്.
വൈന്നേരായപ്പോ ഞാനും ജോസൂട്ടീംകൂടി കുളിക്കാനിറങ്ങി. ഞാന്‍ കരേലും ജോസൂട്ടീ പൊഴേലുമായിരുന്നു. പെട്ടെന്ന് വെള്ളത്തിക്കൂടെ നീന്തി വന്ന് ജോസൂട്ടി എന്റെ കാലുമ്മേ പിടിച്ചുവലിച്ചു. ഞാന്‍ വെള്ളത്തി വീണപ്പോ എങ്ങാണ്ട് ചെന്ന് മേലിടിച്ചു. എനിക്കങ്ങ് വല്ലാത്ത വയറുവേദനേം തൊടങ്ങി. നമ്മടെ അങ്കമാലി എല്‍.എഫ് ആശൂത്രീലാ പോയെ. ചെന്നപ്പഴാ അറിയുന്നേ എനിക്കൊന്നര മാസം ഗര്‍ഭോണ്ടായിരുന്നൂന്ന്. അതലസിപ്പോയി. എന്റെ വീട്ടീന്ന് പറ്റീതായതോണ്ട് ജോസൂട്ടി പേടിച്ചിട്ട് അമ്മച്ചിയോടു പറഞ്ഞില്ല. അതിനുശേഷം ഞാന്‍ ഗര്‍ഭിണിയായതുമില്ല.
എന്നിട്ട്...
എന്നിട്ടെന്നാ കുഞ്ഞേലിച്ചേടത്തി.
പിന്നെന്നും അമ്മച്ചി വഴക്കായിരുന്നു.
അങ്ങനൊരു ദിവസം ഞാന്‍ പര്യമ്പറത്തിരുന്ന് പാത്രം തേച്ചു കഴുകമ്പഴാ അമ്മച്ചി മോനോട് ഞാന്‍ മച്ചിയാണെന്നും എന്നെ ഉപേക്ഷിച്ച് വേറേ പെണ്ണിനെ കെട്ടിക്കൊണ്ടു വാ എന്നും പറേന്ന കേട്ടത്. കേട്ട ഉടനെ എന്റെ നെഞ്ചില് ശ്വാസം വെലങ്ങി.
തിണ്ണേലിരുന്നോണ്ട് അമ്മച്ചി ജോസൂട്ടിക്ക് പെണ്ണാലാചിച്ചപ്പോ, പര്യമ്പ്രത്തിരുന്ന് ഞാന്‍ ചത്തുപോണത് ആരുമറിഞ്ഞില്ല.
ചോര്‍ന്നൊഴുകിയ കണ്ണിമകളെ കാറ്റ് വന്ന് വീശിയുണക്കി.
നീ നിര്‍ത്ത്യേച്ച് എണീറ്റ് വാ അന്നക്കുട്ടി.
നേരം ഉച്ചയാവാറായി. നമ്മക്ക് വീട്ടിപോണ്ടേ. നെന്റെ ജോസൂട്ടീനെക്കാണണ്ടെ..
അവര്‍ നടന്നു.
വീടുകളും, പാടങ്ങളും കഴിഞ്ഞു.
വെയിലു കൊള്ളുന്ന ആവണക്കിന്‍തൈകള്‍ നിറയെ കായ്ചു നിന്നിരുന്ന പറമ്പിന്റതിര് എത്തിയപ്പോള്‍ അന്നക്കുട്ടിക്ക് പണ്ടത്തെപ്പോലെ നെഞ്ചൊന്നു കഴച്ചു.
നട കയറിയാല്‍ വീട്ടുമുറ്റമാണ്. മുറ്റം നിറയെ ആള്‍ക്കാരെ കാണാം.
തന്റെ ഓര്‍മദിനമാണ്. അതിനു വന്ന ആള്‍ക്കാരായിരിക്കാം. ജോസൂട്ടി എവിടെയാണോ? സങ്കടമൊക്കെ മാറീട്ടുണ്ടോ?
നാണിച്ചു നിക്കാണ്ട് കേറിച്ചെല്ലന്നക്കുട്ടീ...
വയല് മുറിച്ചു വന്ന കിഴക്കന്‍ കാറ്റിനോടൊപ്പം നെഞ്ചു നിറയെ സ്‌നേഹവുമായി അന്നക്കുട്ടി പടി കയറി.
ഭക്ഷണം കഴിച്ചിട്ടാന്ന് തോന്നുന്നു. രണ്ടുപേര്‍ നടയിറങ്ങി വരുന്നു. ഈര്‍ക്കിലീടറ്റംകൊണ്ട് പല്ലിട കുത്തുന്നേന്റിടേല്‍, ഉടുമ്പ് പിടുത്തക്കാരന്‍ തോമാ, ടാപ്പിങ്ങുകാരന്‍ ജോയിയോടു പറഞ്ഞു.
എന്തൊക്ക്യാണേലും അന്നക്കുട്ടീടെ അത്രേം ഒക്ക്യേലല്ലേടാ പുതിയ പെണ്ണ്.
പെണ്ണെങ്ങന്യാന്ന് ഞാന്‍ നോക്കീല.
ഫുഡ്, അത് അടിപൊളിയായിര്ന്ന്.