പാപാന്ധകാരത്തില്‍ മുങ്ങിയ മര്‍ത്ത്യരീ
പാരിന്നു നൊമ്പരമേകിടുമ്പോള്‍
മാര്‍ഗ്ഗം തെളിക്കുന്ന ദീപമായീശ്വരന്‍
മന്നിലയച്ചുതന്നാത്മജനെ
സത്യത്തിലേക്കുള്ള പാതയായ് വന്നവന്‍
നിത്യജീവന്റെ വാഗ്ദാനമായോന്‍
ഭൂവിതില്‍ മുപ്പത്തിമൂന്നു സംവത്സരം
ജീവിച്ചു മര്‍ത്ത്യര്‍ക്കു മാതൃകയായ്
മാനസം തന്നില്‍ വിഷം നിറഞ്ഞീടുന്ന
മാനവര്‍ കണ്ടില്ലവന്റെ നന്മ
കുറ്റമാരോപിച്ചു കൊല്ലാന്‍ നിനച്ചവര്‍
ചുറ്റിലും കൂടിത്തിരഞ്ഞു മാര്‍ഗ്ഗം
തെല്ലും നേരില്ലാത്തോരൊട്ടേറെക്കുറ്റങ്ങള്‍
ചൊല്ലിയവനെ വധിച്ചിടാനായ്
കള്ളസാക്ഷ്യങ്ങള്‍ ന്യായാധിപന്മാര്‍ മുമ്പില്‍
ഉള്ളത്തെ വഞ്ചിച്ചു നല്‍കുകയായ്
സത്യത്തിന്‍ പര്യായമായവനെന്നാളും
സ്തുത്യര്‍ഹനായുള്ള ദൈവപുത്രന്‍
ക്രൂശിതനാകാന്‍ വിധിച്ചു ദേശാധിപന്‍
ക്രൂരരാം മര്‍ത്ത്യരെ തൃപ്തരാക്കാന്‍
''നീതിമാനാകുമീ വ്യക്തിതന്‍ രക്തത്തി-
ലില്ലൊരു പങ്കുമെനിക്കറിയൂ''
ഏവം പറഞ്ഞുടന്‍ തന്നുടെ കൈകളെ
ക്ഷാളനം ചെയ്താനവര്‍ക്കുമുന്നില്‍
നന്മതന്‍ പക്ഷത്തു നില്പവര്‍ക്കിന്നുമീ
മന്നില്‍ ദുരിതങ്ങളൊപ്പമുണ്ടാം
അന്തിമമാം ജയം സത്യത്തിനായിടു-
മെന്നതു വിസ്മരിക്കാവതല്ല.