ചൂടുകാലത്തിനുമുമ്പേ കേരളത്തില്‍ അത്യുഷ്ണം തുടങ്ങിയിരിക്കുന്നു, ഈ വര്‍ഷവും. സാധാരണമായി മാര്‍ച്ചോടെയാണ് ഉഷ്ണകാലാവസ്ഥയിലേക്കു കടക്കാറ്. എന്നാല്‍, ഏതാനും വര്‍ഷങ്ങളായി ഫെബ്രുവരി അവസാനത്തോടെ കടുത്ത ചൂട് അനുഭവപ്പെട്ടുവരുന്നു. നിലവില്‍ ചില ജില്ലകളില്‍ 35 മുതല്‍ 37 വരെ ഡിഗ്രി സെല്‍ഷ്യസ് ചൂട് അനുഭവപ്പെടുന്നുണ്ട്. വരുംദിവസങ്ങളില്‍ ഇത് പാരമ്യത്തിലെത്തുമെന്നാണ് കാലാവസ്ഥാവിദഗ്ധരുടെ മുന്നറിയിപ്പ്. പലയിടങ്ങളിലും ജലാശയങ്ങള്‍ വറ്റിവരളുകയും കിണറുകളില്‍ വെള്ളം താഴുകയും ചെയ്തിട്ടുണ്ട്. വേനല്‍ ചൂടിന് അല്പം ശമനം തരാറുള്ള വേനല്‍മഴ കുറഞ്ഞതും കടലിലെ താപനിലയും മറ്റുമാണത്രേ ഇപ്പോഴത്തെ ഉഷ്ണത്തിനു കാരണം.
വെതര്‍മാന്റെ മുന്നറിയിപ്പ്
അടുത്തദിവസങ്ങളിലൊന്നും വേനല്‍മഴ പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് സ്വകാര്യ കാലാവസ്ഥാ നിരീക്ഷണസ്ഥാപനമായ ''വെതര്‍മാന്റെ''പ്രവചനം. ഈ മാസം പകുതിക്കുശേഷം തെക്കന്‍കേരളത്തില്‍ ഒറ്റപ്പെട്ട മഴയ്ക്കു സാധ്യതയുണ്ടെങ്കിലും വേനല്‍മഴ ഈ മാസം അവസാനത്തോടെ മാത്രമായിരിക്കുമെന്നാണ് അവരുടെ നിരീക്ഷണം. കിഴക്കന്‍കാറ്റുപോലും അനുകൂലമല്ലാത്തതും രാജ്യത്ത് പൊതുവെ ഈര്‍പ്പം കുറഞ്ഞതും സംസ്ഥാനത്ത് ചൂടു കൂടാന്‍ ഇടയാക്കുമെന്നും വെതര്‍മാന്‍ മുന്നറിയിപ്പു നല്‍കുന്നു. കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെയും ടാറിട്ട റോഡുകളുടെയും സാമീപ്യവും ഉഷ്ണത്തിന്റെ കാഠിന്യം വര്‍ധിപ്പിക്കും.
മാര്‍ഗനിര്‍ദേശങ്ങള്‍
വെള്ളം ധാരാളം കുടിക്കുക, പുറത്തിറങ്ങുമ്പോള്‍ എപ്പോഴും ഒരു കുപ്പി വെള്ളം കൈയില്‍ കരുതുക, അയഞ്ഞതും ഇളംനിറത്തിലുള്ളതുമായ പരുത്തിവസ്ത്രങ്ങള്‍ ധരിക്കുക, നിര്‍ജലീകരണം വര്‍ധിപ്പിക്കാനിടയാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പരമാവധി ഒഴിവാക്കുക, പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക, നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ ആവശ്യമായ വിശ്രമം എടുക്കാന്‍ ശ്രദ്ധിക്കുക. പകല്‍ സമയങ്ങളില്‍ പുറത്തിറങ്ങുന്നവര്‍ തൊപ്പിയോ കുടയോ ഉപയോഗിക്കുക തുടങ്ങിയവയാണ് അത്യുഷ്ണത്തിന്റെ ആഘാതം നേരിടാന്‍ ആരോഗ്യവിദഗ്ധരും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും നിര്‍ദേശിക്കുന്ന മാര്‍ഗങ്ങള്‍.
രാഷ്ട്രീയപ്രവര്‍ത്തനം ഉഷ്ണകാലത്ത്
അന്തരീക്ഷോഷ്മാവ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ സൂര്യാതപം, സൂര്യാഘാതം തുടങ്ങിയവയ്‌ക്കെതിരേ മുന്‍കരുതലെടുക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, രോഗികള്‍ മുതലായവര്‍ പകല്‍ 11 മണി മുതല്‍ മൂന്നു മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പകല്‍സമയങ്ങളില്‍ തൊഴിലുറപ്പ് ഉള്‍പ്പെടെയുള്ള ജോലികള്‍ക്ക് സമയം ക്രമീകരിക്കുന്ന കാര്യം ദുരന്തനിവാരണ അതോറിറ്റി ആലോചിച്ചുവരികയാണ്. നിയമസഭാതിരഞ്ഞെടുപ്പു പ്രചാരണരംഗത്തു പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയപ്രവര്‍ത്തകരും പ്രചാരണസമയത്തില്‍ ക്രമീകരണം വരുത്തേണ്ടിവരും.
കന്നുകാലികളുടെ ആരോഗ്യവും ശ്രദ്ധിക്കുക
മനുഷ്യരെപ്പോലെ കന്നുകാലികളുടെ ആരോഗ്യത്തെയും ഉയര്‍ന്ന അന്തരീക്ഷതാപനില കാര്യമായി ബാധിക്കും. തുറസ്സായ പ്രദേശങ്ങളിലോ വയലിലോ കന്നുകാലികളെ മേയ്ക്കുന്നത് വേനല്‍ക്കാലരോഗങ്ങള്‍ വര്‍ദ്ധിക്കാനിടയാക്കും. നിര്‍ജലീകരണം അനുഭവപ്പെട്ട് പശുക്കള്‍ക്കു മരണംവരെ സംഭവിക്കാം. മൃഗങ്ങളില്‍ വിയര്‍പ്പുഗ്രന്ഥികള്‍ കുറവായതിനാല്‍ മനുഷ്യരെക്കാള്‍ വേഗത്തില്‍ ശരീരം ചൂടാകുകയും ശ്വസനനിരക്കു വര്‍ധിക്കുകയും ചെയ്യും.
നിര്‍ദേശിക്കപ്പെടുന്ന പ്രതിവിധികള്‍
താപനില വര്‍ദ്ധിക്കുമ്പോള്‍ തീറ്റയെടുക്കാന്‍ മടിക്കുന്നതിനാല്‍ പാലുത്പാദനം ഗണ്യമായി കുറയാം. കോഴി, താറാവ് തുടങ്ങി വളര്‍ത്തുപക്ഷികളില്‍ കോഴിവസന്തപോലുള്ള സാംക്രമികരോഗങ്ങളും ബാധിക്കാനിടയുണ്ട്. അത്യുഷ്ണമുള്ളപ്പോള്‍ മൃഗങ്ങളെ തുറസ്സായ സ്ഥലത്ത് മേയാന്‍ വിടാതിരിക്കുക, ഉദയത്തിനുമുമ്പും സൂര്യാസ്തമയശേഷവും കൂടുതല്‍ ഭക്ഷണം കൊടുക്കുക, കഴിവതും തൊഴുത്തിലോ മരത്തണലിലോ കെട്ടുക, ശരീരം തണുക്കാന്‍ ചണച്ചാക്കു നനച്ച് മൃഗങ്ങളുടെ ദേഹത്ത് ഇടുക, തൊഴുത്തിന്റെ മേല്‍ക്കൂരയില്‍ ഓല പാകുകയോ തൊഴുത്തില്‍ ഫാന്‍ ഘടിപ്പിക്കുകയോ ചെയ്യുക തുടങ്ങിയവയാണ് ഇതിനു പ്രതിവിധിയായി നിര്‍ദേശിക്കപ്പെടുന്നത്.
വിവേകരഹിതമായ
പ്രവര്‍ത്തനങ്ങളുടെ ഫലം
അത്യുഷ്ണമുള്‍പ്പെടെയുള്ള കാലാവസ്ഥാവ്യതിയാനങ്ങള്‍ മനുഷ്യസമൂഹത്തിന്റെ വിവേകരഹിതമായ പ്രവര്‍ത്തനങ്ങളുടെകൂടി ഫലമാണ്. മലകളും കുന്നുകളും ഇടിച്ചുനിരപ്പാക്കി തണ്ണീര്‍ത്തടങ്ങളും വയലുകളും നികത്തല്‍, കാടുകള്‍ വെട്ടിത്തെളിക്കല്‍, ജൈവവൈവിധ്യനാശം, വര്‍ദ്ധിച്ച തോതിലുള്ള മണല്‍, പാറ ഖനനം, ഹരിതഗൃഹവാതകങ്ങളുടെ വന്‍തോതിലുള്ള പുറന്തള്ളല്‍ തുടങ്ങിയവയെല്ലാം അത്യുഷ്ണത്തെയും വരള്‍ച്ചയെയും ക്ഷണിച്ചുവരുത്തുന്നതാണ്.
മഴയെ ബാധിക്കുന്ന
പ്ലാസ്റ്റിക് പാഴ്വസ്തുക്കള്‍
വീടുകളിലുണ്ടാകുന്ന പ്ലാസ്റ്റിക് പാഴ്വസ്തുക്കളുടെ നശീകരണത്തിന് പൊതുവേ സ്വീകരിക്കുന്ന മാര്‍ഗം കത്തിച്ചുകളയലാണ്. ഇവയില്‍നിന്നു പുറത്തുവരുന്ന പുകയും വാഹനങ്ങള്‍ പുറത്തുവിടുന്ന പുകയുമെല്ലാം അന്തരീക്ഷത്തില്‍ അടിഞ്ഞുകൂടുന്നു. ഇത് കാര്‍മേഘങ്ങളുടെ രൂപവത്കരണത്തെയും മഴയെയും ബാധിക്കുമെന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്.
പ്രപഞ്ചനാശത്തെക്കുറിച്ചു മുന്നറിയിപ്പ്
ഇത്തരം മാലിന്യങ്ങളുടെ നശീകരണത്തിനു വികസിതരാഷ്ട്രങ്ങള്‍ സ്വീകരിക്കുന്ന സംവിധാനങ്ങള്‍ നമ്മുടെ രാജ്യത്ത് കാര്യമായി നടപ്പിലായിട്ടില്ല. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിക്കുന്നതിന്റെ ഗുരുതരമായ ഭവിഷ്യത്തിനെക്കുറിച്ച് ജനങ്ങള്‍ വേണ്ടത്ര ബോധവാന്മാരുമല്ല. ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചില്ലെങ്കില്‍ വരുംതലമുറ അനുഭവിക്കാന്‍ പോകുന്ന പ്രത്യാഘാതങ്ങള്‍ കഠിനതരമായിരിക്കും. പ്രപഞ്ചത്തിന്റെ തകര്‍ച്ചയും മനുഷ്യസമൂഹത്തിന്റെ മൊത്തം നാശവും അധികം വൈകാതെ സംഭവിക്കാമെന്ന് ശാസ്ത്രലോകം മുന്നറിയിപ്പു നല്‍കുന്നുണ്ട്. ആധുനികശാസ്ത്രത്തിന്റെ വരവിനുമുമ്പേ മതങ്ങളും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്, പ്രപഞ്ചനാശത്തെക്കുറിച്ച്. അതിന്റെ മുന്നോടിയായിരിക്കുമോ ഈ കാലാവസ്ഥാവ്യതിയാനവും അത്യുഷ്ണവുമെല്ലാം?