ക്രൈസ്തവലോകത്തില്‍ ഏറ്റവും പ്രിയപ്പെട്ട മൂന്നു വാക്കുകളാണ് ''ഈശോ മറിയം യൗസേപ്പേ'' എന്നത്. ഭാരതനസ്രാണികളുടെയിടയില്‍ ഏറ്റവും വലിയ പ്രാര്‍ത്ഥനാരൂപമായി ഇതിനെ കണ്ടിരുന്നു. ഈ ഓര്‍മകളിലാണ് ഓരോ കുട്ടിയും വിശ്വാസത്തില്‍ പരിശീലിപ്പിക്കപ്പെടുന്നത്. ''ഭൂമിയിലെ ത്രിത്വ''മെന്ന് ഈശോ മറിയം യൗസേപ്പിനെ വിശേഷിപ്പിച്ചിരുന്നു. മറിയത്തിലൂടെയും യൗസേപ്പിലൂടെയും ഈശോയിലേക്കെന്ന വലിയ ദൈവശാസ്ത്രചിന്തയിലേക്ക് ഈ പ്രാര്‍ത്ഥനാരൂപം വളര്‍ന്നു (Per Mariam et Joseph and Jesum). രക്ഷാകരപദ്ധതി മുഴുവനും ഈ ചെറിയ പ്രാര്‍ത്ഥനാരൂപത്തില്‍ കൂട്ടിയിണക്കിയിട്ടുണ്ട്. ഈശോയില്‍ എത്തിച്ചേരാന്‍ നമുക്ക് മറിയത്തെയും യൗസേപ്പിനെയും കൂട്ടുപിടിക്കാം. പരിശുദ്ധ ഫ്രാന്‍സിസ് പാപ്പാ പിതൃഹൃദയത്തോടെ (Patris Coede) എന്ന അപ്പസ്‌തോലികലേഖനംവഴി മാര്‍ യൗസേപ്പിന്റെ തനിമ എടുത്തുകാണിച്ചു. യൗസേപ്പിന്റെ വഴിയിലൂടെ നടന്ന് സ്വര്‍ഗം പ്രാപിക്കാനുള്ള മാര്‍ഗങ്ങള്‍ പറഞ്ഞുതരുകയാണ്, പാപ്പാ. പരിശുദ്ധ അമ്മയോടുള്ള ആഴമായ ബന്ധത്തിലാണ് മാര്‍ യൗസേ പ്പിനെയും നാം മനസ്സിലാക്കേണ്ടത്.
അതിനാലാണ് ഡിസംബര്‍ 8 മുതല്‍ (2020) ഒരു വര്‍ഷത്തേക്ക് (ഡിസംബര്‍ 8, 2021) മാര്‍ യൗസേപ്പിന്റെ വര്‍ഷമായി പ്രഖ്യാപിച്ചിരിക്കുന്നത്. കത്തോലിക്കാസഭയുടെ മധ്യസ്ഥനായി മാര്‍ യൗസേപ്പിനെ ഒന്‍പതാം പീയൂസ് പാപ്പാ പ്രഖ്യാപിച്ചതിന്റെ 150-ാം വാര്‍ഷികത്തിലാണ് ഈ അപ്പസ്‌തോലികപ്രബോധനം പുറത്തിറക്കിയത്. മറിയത്തിന്റെയും ഈശോയുടെയും കരങ്ങളില്‍ക്കിടന്ന് യൗസേപ്പ് ഈ ലോകത്തോടു യാത്ര പറഞ്ഞുവെന്ന വിശുദ്ധ പാരമ്പര്യമാണ് സഭയിലുള്ളത്. ജോസഫാത്ത് താഴ്‌വരയിലാണ് അദ്ദേഹത്തിന്റെ ശൂന്യമായ കല്ലറ.
1. യൗസേപ്പിന്റെ നിശ്ശബ്ദത വാല്യങ്ങള്‍ സംസാരിക്കുന്നു.
പരിശുദ്ധ ബനഡിക്ട് പിതാവിന്റെ വാക്കുകളാണ് Josephs Silence Speaks Volumes. യൗസേപ്പ് നിശ്ശബ്ദനായിരുന്നു. വിശുദ്ധ ഗ്രന്ഥത്തില്‍ അദ്ദേഹം ഒരു വാക്കുപോലും സംസാരിക്കുന്നതായി കാണുന്നില്ല. സഭയും ദീര്‍ഘനാള്‍ യൗസേപ്പിനെക്കുറിച്ചു മൗനം പാലിച്ചു. വിസ്മരിക്കപ്പെട്ട വിശുദ്ധന്‍ എന്നുപോലും അദ്ദേഹത്തെ വിശേഷിപ്പിച്ചിട്ടുണ്ട്. 'താപസവരനായ മാര്‍ യൗസേപ്പ് പുണ്യമഹാമുനി' എന്ന ഗാനരൂപവും നമുക്ക് ഏറെ സുപരിചിതമാണ്. താപസാഭിമുഖ്യങ്ങളുള്ള മാര്‍ യൗസേപ്പ് പുണ്യവാനും മൗനം ദീക്ഷിച്ചവനുമാണ്. നിശ്ശബ്ദത നഷ്ടപ്പെട്ടു ശബ്ദകോലാഹലങ്ങളിലൂടെ നീങ്ങുന്ന ആധുനികലോകത്തിന് മാര്‍ യൗസേപ്പ് ഒരു ഉത്തമമാതൃകയാണ്. ദൈവത്തിന്റെ വഴികളെ ചോദ്യം ചെയ്യാത്ത യൗസേപ്പിനെയാണ് വിശുദ്ധഗ്രന്ഥത്തില്‍ നാം കാണുന്നത്. ദൈവികപദ്ധതിക്കു തന്നെത്തന്നെ പൂര്‍ണമായും സമര്‍പ്പിച്ചതിന്റെ അടയാളമാണ് ഈ നിശ്ശബ്ദത. ദാര്‍ശനികനായ കീര്‍ക്കഗാര്‍ഡ് പറഞ്ഞു: ''ഞാന്‍ ഒരു ഡോക്ടറായിരിക്കുകയും എന്റെ പക്കല്‍ ചികിത്സയ്ക്കായി രോഗികള്‍ വരികയും ചെയ്താല്‍ ഞാന്‍ ആദ്യം ചെയ്യുക അവരെ നിശ്ശബ്ദതയിലേക്കു പ്രവേശിപ്പിക്കുകയെന്നതായിരിക്കും.''
ലോകത്തോടുള്ള വ്യര്‍ത്ഥസംഭാഷണങ്ങളില്‍നിന്നു മാറിനില്ക്കുമ്പോള്‍ പ്രാര്‍ത്ഥനയും നിശ്ശബ്ദതയുംവഴി ദൈവത്തോടു കൂടുതല്‍ സംഭാഷണത്തില്‍ ഏര്‍പ്പെടാന്‍ സാധിക്കും. ദൈവവചനം ഉള്ളില്‍ വളരുമ്പോള്‍ മനുഷ്യന്റെ വാക്കുകള്‍ അപ്രത്യക്ഷമാകും. (ഢലൃയീ രൃലരെലിലേ ഢലൃയമ റലളശരശൗി)േ.
2. യൗസേപ്പ് ജീവിതത്തില്‍ ദൈവത്തിന് ഒന്നാംസ്ഥാനം നല്കി; പുതിയ സാധ്യതകള്‍ കണ്ടെത്തി
അതിശക്തമായ ഒരു ആന്തരികതയുടെ ഉടമയാണ് മാര്‍ യൗസേപ്പ്. ഉള്ളില്‍നിന്നു പഠിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു അധ്യാപകനാണ് (Magister interior) യൗസേപ്പ്. ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ടവനായിരുന്നു യൗസേപ്പ്. നാലു സ്വപ്നങ്ങളിലൂടെ തന്നിലെത്തിയ ദൈവഹിതം നിറവേറ്റാന്‍ യൗസേപ്പ് സദാ സന്നദ്ധനായിരുന്നു. യൗസേപ്പ് നിദ്രവിട്ട് ഉണര്‍ന്ന് കര്‍ത്താവിന്റെ ദൂതന്‍ പറഞ്ഞതുപോലെ പ്രവര്‍ത്തിച്ചു. മാര്‍ യൗസേപ്പിനെ അനുസരണയുള്ള പിതാവ് എന്ന് ഫ്രാന്‍സിസ് പാപ്പാ വിശേഷിപ്പിക്കുന്നതിന്റെ കാരണം ഇതത്രേ. മാര്‍ യൗസേപ്പ് ജീവിതത്തില്‍ എളുപ്പവഴികള്‍ അന്വേഷിച്ചില്ല. നടന്നുനീങ്ങിയതെല്ലാം ഇടുങ്ങിയ വഴികളിലൂടെ(ഢശമ അിഴൗേെമ) യായിരുന്നു. ജീവിതയാഥാര്‍ത്ഥ്യങ്ങളെ നേരിട്ടവനാണ് യൗസേപ്പ്. ദൈവത്തിന് ഒന്നാം സ്ഥാനം നല്കാന്‍ തീരുമാനിച്ചപ്പോള്‍ യൗസേപ്പ് പിന്നീട് മറ്റൊന്നിനെയുംകുറിച്ചു ചിന്തിച്ചില്ല. ദൈവികശക്തിയില്‍ വിശ്വസിച്ച് എല്ലാ പ്രതിസന്ധികളിലും പുതിയൊരു സാധ്യത കണ്ടെത്തിയവനാണ് യൗസേപ്പ്. മാര്‍ യൗസേപ്പ് ഇന്ന് വലിയൊരു സര്‍ഗാത്മകശക്തിയായി ക്രൈസ്തവ ആത്മീയതയില്‍ സ്ഥാനം പിടിച്ചു. സഭാഗാത്രത്തെ മുന്നോട്ടുനയിക്കുന്ന ഒരു ആത്മീയ ഇന്ധനമാണദ്ദേഹം. മാര്‍ യൗസേപ്പ് വലിയ ധാര്‍മികശക്തിയുംകൂടിയാണ്. ആര്‍ക്കും ഇളക്കിമാറ്റാനോ വെളിച്ചം കുറയ്ക്കാനോ പറ്റാത്ത ധ്രുവനക്ഷത്രം (North star) ആയി ക്രൈസ്തവലോകത്ത് സ്ഥാനം പിടിച്ചുകഴിഞ്ഞു. ജീവിതത്തില്‍ ദൈവത്തെ നിരന്തരം ശ്രവിച്ചവനാണ് മാര്‍ യൗസേപ്പ്. യഥാര്‍ത്ഥ ശ്രവണം നമ്മെ രൂപാന്തരപ്പെടുത്തും.
3. യൗസേപ്പിനെക്കുറിച്ചുള്ള ഓര്‍മയില്ലാതെ സഭയ്ക്കു ഭാവിയില്ല
സഭയുടെ അമൂല്യനിക്ഷേപങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു വ്യക്തിയാണ് മാര്‍ യൗസേപ്പ്. അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മകളിലേക്കു കടന്നാല്‍ സഭയ്ക്കു ഭാവിയുണ്ട്. നിങ്ങള്‍ കടക്കാന്‍ മടിക്കുന്ന ഗുഹയ്ക്കുള്ളിലാണു നിങ്ങളുടെ നിക്ഷേപം എന്നൊരു ചൊല്ലുണ്ടല്ലോ. പൂര്‍വയൗസേപ്പിനെക്കുറിച്ചുള്ള തിരുവചനം ഏറെ കീര്‍ത്തി കേട്ടതാണല്ലോ. 'യൗസേപ്പിന്റെ പക്കലേക്കു പോവുക' (ഉത്പ. 41 : 55). മാര്‍ യൗസേപ്പിനെ മനസ്സിലാക്കിയ തിരുസഭയും ഇന്നു പറയുന്നത് യൗസേപ്പിന്റെ പക്കലേക്കു പോവുക എന്നത്രേ. ലാളിത്യവും വിനയവും മാനുഷികതയും ദൈവോന്മുഖതയും എല്ലാം അവിടെ കാണാന്‍ കഴിയും. മാര്‍ യൗസേപ്പിലൂടെ ദൈവത്തിന്റെ പദ്ധതി നടപ്പിലായി. മാര്‍ യൗസേപ്പിനെക്കുറിച്ചുള്ള ഓര്‍മ നഷ്ടപ്പെടുന്നവര്‍ക്ക് ക്രിസ്തീയതയുടെ ഒട്ടനവധി മൂല്യങ്ങള്‍ കൈമോശം വരും. ഈ ഭൂമിയില്‍ ഉണ്ണീശോയെ കൈപിടിച്ചു നടത്തിയത് മാര്‍ യൗസേപ്പാണ്. സഭയെയും യൗസേപ്പ് കൈപിടിച്ചു നടത്തേണ്ടതുണ്ട്. സഭ ഇനിയും വിനയത്തിന്റെയും പങ്കുവയ്ക്കലിന്റെയും വഴികള്‍ കണ്ടെത്തേണ്ടതുണ്ട്. കൈപിടിക്കാന്‍ നമ്മള്‍ കുനിഞ്ഞുകൊടുക്കേണ്ടതാണ്. വാത്സല്യനിധിയും സ്‌നേഹസമ്പന്നനുമായ മാര്‍ യൗസേപ്പിനെക്കുറിച്ചുള്ള ഓര്‍മകളില്‍ നാം അനുദിനം വളരേണ്ടതുണ്ട്. യൗസേപ്പ് ആരുടെയും നേരേ കൈചൂണ്ടിയില്ല, ഭീഷണിപ്പെടുത്തിയില്ല. ആദ്യം യൗസേപ്പ് അണുകുടുംബത്തിന്റെ (embry-onic church), മറിയത്തിന്റെയും ഈശോയുടെയും കുടുംബത്തിന്റെ സംരക്ഷകനായിരുന്നെങ്കില്‍, ഇന്ന് സാര്‍വത്രികസഭയുടെ സംരക്ഷകനാണ്.
4. ഉറങ്ങുന്ന യൗസേപ്പ്; യൗസേപ്പ് ഒരു അദ്ഭുതമാണ്
പരിശുദ്ധ ഫ്രാന്‍സിസ് പിതാവ് പറയുന്നു: ''എനിക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍, ഞാന്‍ ഒരു കുറിപ്പെഴുതി, ഉറങ്ങുന്ന യൗസേപ്പിന്റെ തിരുസ്വരൂപത്തിന്റെ കീഴില്‍ വയ്ക്കും. ഇപ്പോള്‍ എന്റെ പരാതിക്കുറിപ്പുകളുടെ മെത്തയിലാണ് യൗസേപ്പ് ഉറങ്ങുന്നത്.'' പ്രതിസന്ധികളില്‍പ്പെട്ടിരിക്കുന്ന എല്ലാവര്‍ക്കും യൗസേപ്പ് പ്രത്യാശയുടെ ഒരു വഴി കാണിച്ചുതരുന്നുണ്ട്.'' ദൈവികപദ്ധതി നടപ്പിലാക്കാന്‍ ദൈവം തിരഞ്ഞെടുത്ത ഒരു അദ്ഭുത(Thauma)മാണ് യൗസേപ്പ്. ആധുനിക ദൈവശാസ്ത്രത്തില്‍ യൗസേപ്പ് വീണ്ടും അദ്ഭുതവും വിസ്മയവുമായി മാറിക്കൊണ്ടിരിക്കുന്നു. യൗസേപ്പ് ഒരു ഉത്തരവും ഉത്തരവാദിത്വവുമാണ്. നസ്രത്തിലെ കുടുംബത്തിന്റെ നിത്യച്ചെലവിനായി മരപ്പണിയില്‍ ഏര്‍പ്പെട്ടിരുന്ന മരപ്പണിക്കാരനായിരുന്നു (Carpentarius Tekton) യൗസേപ്പ്. ഉത്തരവാദിത്വമേറ്റെടുക്കാത്ത കുടുംബനാഥന്മാരുടെ എണ്ണം കൂടിവരുന്ന ആധുനികകാലത്ത് മാര്‍ യൗസേപ്പ് എല്ലാ കുടുംബനാഥന്മാര്‍ക്കുമുള്ള ഉത്തരമായി നിലനില്ക്കുന്നു. അധ്വാനിക്കാന്‍ മനസ്സില്ലാതെ അലസതയിലും മദ്യപാനത്തിലും വിമര്‍ശനങ്ങളിലും സമയം നഷ്ടപ്പെടുത്തുന്ന എല്ലാവരും അവരുടെ ദൃഷ്ടികള്‍ മാര്‍ യൗസേപ്പിലേക്കു തിരിക്കട്ടെ. 'തൊഴില്‍ ചെയ്യുന്ന പിതാവ്' എന്ന് ഫ്രാന്‍സിസ് പിതാവ് മാര്‍ യൗസേപ്പിനെ വിശേഷിപ്പിക്കുമ്പോള്‍ എല്ലാ കുടുംബനാഥന്മാരെയും അധ്വാനത്തിന്റെ വഴികളിലൂടെയുള്ള ഓട്ടത്തിലേര്‍പ്പെടാന്‍ പ്രേരിപ്പിക്കുകയാണ്. എല്ലാ കുടുംബനാഥന്മാരും കുടുംബത്തെയും കുട്ടികളെയും സംരക്ഷിക്കുന്ന ഉത്തരവാദിത്വം ഏറ്റെടുക്കണം. യഥാര്‍ത്ഥ പിതാക്കന്മാരുടെ അഭാവത്തില്‍ അനാഥരാകുന്നവരുടെ എണ്ണം കൂടിവരുകയാണ്.
5. മാര്‍ യൗസേപ്പ് സഭാചരിത്രത്തില്‍
ആദിമസഭയില്‍ത്തന്നെ മാര്‍ യൗസേപ്പിനെക്കുറിച്ചുള്ള രചനകളും ഒപ്പം വിവാദങ്ങളും നിലനിന്നിരുന്നു. ഒന്നാം നൂറ്റാണ്ടില്‍ത്തന്നെ മാര്‍ യൗസേപ്പുഭക്തി ഉണ്ടായിരുന്നു. ആദിമസഭാപിതാക്കന്മാര്‍ പലരും അന്ന് സഭ പൂര്‍ണമായും അംഗീകരിക്കാത്ത അപ്രമാണികഗ്രന്ഥങ്ങളെ ആശ്രയിച്ചതായി കാണാം. പൗരസ്ത്യസഭകളിലാണ് ആദ്യം ഈ ഭക്തി ആരംഭിച്ചത്. ലത്തീന്‍സഭയില്‍ അഞ്ചാം നൂറ്റാണ്ടോടുകൂടിയാണ് തെളിവുകള്‍ കാണുന്നത്. ഒരിജന്‍, എപ്പിഫാനിയൂസ്, നിസ്സായിലെ ഗ്രിഗറി, അലക്‌സാന്‍ഡ്രിയായിലെ സിറിള്‍, തെയഡോററ്റ്, ക്രിസോസ്‌തോം, അംബ്രോസ്, ഹിലാരി തുടങ്ങിയവരെല്ലാം മാര്‍ യൗസേപ്പിനെക്കുറിച്ചു രേഖപ്പെടുത്തിയിട്ടുണ്ട്. തന്മൂലം ആദിമസഭയില്‍ വിസ്മരിക്കപ്പെട്ട (forgotten) വിശുദ്ധന്‍ എന്നു പറയുന്നത് അത്ര ശരിയല്ല. അല്‍ഫോന്‍സ് ലിഗോറിയുടെ വാക്കുകള്‍: ''യൗസേപ്പിന്റെ പക്കലേക്കു പോവുക, അവന്‍ പറയുന്നതു ചെയ്യുക; യൗസേപ്പിന്റെ പക്കലേക്കു പോവുക, മറിയവും ഉണ്ണിയും അനുസരിച്ചതുപോലെ നീയും യൗസേപ്പിനെ അനുസരിക്കുക. യൗസേപ്പിന്റെ പക്കലേക്കു പോവുക, അവന്‍ അവരോടു സംസാരിച്ചതുപോലെ നീയും സംസാരിക്കുക. യൗസേപ്പിന്റെ പക്കലേക്കു പോവുക, അവര്‍ അവനോട് ആലോചനകള്‍ നടത്തിയതുപോലെ നീയും ആലോചിക്കുക; യൗസേപ്പിന്റെ പക്കലേക്കു പോവുക, അവര്‍ അവനെ ബഹുമാനിച്ചതുപോലെ നീയും ബഹുമാനിക്കുക; യൗസേപ്പിന്റെ പക്കലേക്കു പോവുക അവര്‍ അവനോടു നന്ദിയുള്ളവനായിരുന്നതുപോലെ നിങ്ങളും നന്ദിയുള്ളവരായിരിക്കുക; യൗസേപ്പിന്റെ പക്കലേക്കു പോവുക, അവര്‍ അവനെ സ്‌നേഹിച്ചതുപോലെ നിങ്ങളും സ്‌നേഹിക്കുക.'' ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ട വിശുദ്ധന്‍ മാര്‍ യൗസേപ്പാണ്.
തോമസ് അക്വീനാസ് വളരെ ശ്രദ്ധേയമായ ചിന്തകളാണു നല്കുന്നത്: ''വിശുദ്ധന്മാരെല്ലാം സ്വര്‍ഗത്തില്‍ വലിയ സ്വാധീനമുള്ളവരാണ് എന്നതില്‍ സംശയമില്ല. പക്ഷേ, അവര്‍ ദൈവത്തോടു ശുശ്രൂഷകര്‍ എന്ന നിലയിലാണ് ഇടപെടുന്നതും അനുഗ്രഹം ചോദിക്കുന്നതും; മാസ്റ്റേഴ്‌സ് എന്ന നിലയില്ല. ഭൂമിയില്‍ വച്ച് ഈശോ മാര്‍ യൗസേപ്പിന്റെ പരിചരണത്തിലും അധികാരത്തിന്‍കീഴിലുമായിരുന്നു. യൗസേപ്പ് സ്വര്‍ഗത്തില്‍ എന്ത് ആഗ്രഹിക്കുന്നുവോ, ആവശ്യപ്പെടുന്നുവോ അതെല്ലാം ലഭിക്കും. നമ്മുടെ എല്ലാ ആവശ്യങ്ങളിലും സഹായിക്കുന്ന ഏക വിശുദ്ധന്‍ മാര്‍ യൗസേപ്പാണ്.''
വി. അമ്മത്രേസ്യായും ഇതുതന്നെയാണു പറയുന്നത്: ''മറ്റു വിശുദ്ധര്‍ക്കെല്ലാം ഏതാനും ചില കാര്യങ്ങളില്‍ മാത്രം സഹായിക്കാന്‍ സാധിക്കുമ്പോള്‍ മാര്‍ യൗസേപ്പിന് എല്ലാക്കാര്യങ്ങളിലും മനുഷ്യരെ സഹായിക്കാന്‍ കഴിയും.'' വാഴ്ത്തപ്പെട്ട വില്യം ജോസഫ് ഷാമിനേസ് പറയുന്നു: ''ഒരര്‍ത്ഥത്തില്‍ യൗസേപ്പ് രക്ഷകന്റെ രക്ഷകനാണ് (saviour of the saviour). കാരണം, ഭൂമിയിലായിരുന്നപ്പോള്‍ അപകടകരമായ പല സാഹചര്യങ്ങളിലും യൗസേപ്പാണ് ഉണ്ണിയെ രക്ഷിച്ചത്.'' ഏറ്റവും അനുഗൃഹീതനായ വിശുദ്ധന്‍ എന്നത്രേ മാര്‍ അപ്രേം പറഞ്ഞുവച്ചിരിക്കുന്നത്. കൃപാസാഗരമാണ് മാര്‍ യൗസേപ്പ്. ഒന്‍പതാം പീയുസ് മാര്‍പാപ്പാ പറഞ്ഞു, യൗസേപ്പ് കത്തോലിക്കാസഭയുടെ രക്ഷാകര്‍ത്താവാണ് എന്ന്. പന്ത്രണ്ടാം പീയൂസ് യൗസേപ്പിനെ 'തൊഴിലാളികളുടെ മധ്യസ്ഥന്‍' എന്നു വിശേഷിപ്പിച്ചു. പൗലോസ് മാര്‍പാപ്പാ പറഞ്ഞു: ''സഭ യൗസേപ്പിന്റെ സംരക്ഷണം ഏറ്റുപറയുന്നു. കാരണം, യൗസേപ്പില്‍ തിളങ്ങിയിരുന്നതുപോലെ യഥാര്‍ത്ഥ സുവിശേഷഗുണങ്ങളാല്‍ വിളങ്ങിയിരുന്ന അവളുടെ പഴയ ജീവിതരീതി നവീകരിക്കപ്പെടാന്‍ അവള്‍ (സഭ) ആഗ്രഹിക്കുന്നു.'' ബെനഡിക്ട് പിതാവ് യൗസേപ്പിനെ നിശ്ശബ്ദതയുടെ ഐക്കണാക്കി. വി. ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പാ, യൗസേപ്പ് രക്ഷകന്റെ പാലകനാണ് എന്നു പഠിപ്പിച്ചു. ഫ്രാന്‍സിസ് പിതാവ് 'പിതൃഹൃദയത്തോടെ' എന്ന തിരുവെഴുത്തില്‍ മാര്‍ യൗസേപ്പിന്റെ സമഗ്രവ്യക്തിത്വം വെളിപ്പെടുത്തുന്നു.
6. നീതികെട്ട ലോകവും നീതിമാനായ മാര്‍ യൗസേപ്പും
മാര്‍ യൗസേപ്പ് തിരുക്കുടുംബത്തിന്റെയും സഭയുടെയും സംരക്ഷകനാണ്. മാര്‍ യൗസേപ്പിനെക്കുറിച്ചുള്ള ഏറ്റവും നല്ല ഒരു വിശേഷണം അദ്ദേഹം നീതിമാനായിരുന്നു (Dikaios) എന്നതത്രേ. ഇന്ന് യഥാര്‍ത്ഥ സംരക്ഷകനാകാന്‍ (custos) പലര്‍ക്കും സാധിക്കുന്നില്ല. ഒരുതരം ഹെറോദുമാരുടെ സംഖ്യ വര്‍ദ്ധിച്ചുവരികയുമാണ്. നീതികെട്ട ലോകത്തില്‍ നീതിമാനായ യൗസേപ്പ് ഒരു വെല്ലുവിളിതന്നെയാണ്. അനീതിക്കും അധാര്‍മികതയ്ക്കുമെതിരേ സ്വരമുയര്‍ത്തിയപ്പോള്‍ യോഹന്നാനു നഷ്ടപ്പെട്ടത് സ്വന്തം ശിരസ്സാണ്. ശിരസ്സ് നഷ്ടപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ ശബ്ദം ഇന്നും മുഴങ്ങിക്കേള്‍ക്കാം. മാര്‍ യൗസേപ്പിന്റെ നിശ്ശബ്ദതയില്‍ അദ്ദേഹത്തിന്റെ നീതിബോധവും മിഴിവാര്‍ന്നു നില്ക്കുന്നു. നമുക്കു ഹൃദയത്തില്‍ സംവഹിക്കാവുന്ന ഒരു സുവിശേഷമായി (portable Go-pel) യൗസേപ്പ് സ്ഥാനം പിടിക്കുകയാണ്. പൂര്‍വയൗസേപ്പ് രാജാവിന്റെ സ്വപ്നമാണു വ്യാഖ്യാനിച്ചതെങ്കില്‍ മാര്‍ യൗസേപ്പ് ദൈവത്തിന്റെ സ്വപ്നം വ്യാഖ്യാനിക്കുകയും ജീവിക്കുകയും ചെയ്തവനാണ്. പൂര്‍വയൗസേപ്പ് ആറ്റുതീരത്തു നട്ട വൃക്ഷമായിരുന്നെങ്കില്‍ മാര്‍ യൗസേപ്പ് തിരുസഭയുടെ ഹൃദയത്തില്‍ പ്രതിഷ്ഠിക്കപ്പെട്ടവനാണ്. പൂര്‍വയൗസേപ്പ് ഭൗമികാഹാരങ്ങളുടെ കലവറയാണു സ്ഥാപിച്ചതെങ്കില്‍ മാര്‍ യൗസേപ്പ് ഈശോയാകുന്ന ദിവ്യരഹസ്യത്തിന്റെ കലവറയാണു സ്ഥാപിച്ചത്. ദൈവപിതാവിന്റെ നിഴലാണ് (umbra) മാര്‍ യൗസേപ്പ്.
7. ഭാര്യയും കുട്ടികളും ഉപേക്ഷിക്കപ്പെടുന്ന കാലത്തും മാര്‍ യൗസേപ്പ് അനുധാവനം ചെയ്യുന്ന ഭര്‍ത്താവ്
യൗസേപ്പ് ഭാര്യയെ രഹസ്യത്തില്‍ ഉപേക്ഷിക്കാന്‍ ശ്രമിച്ചു. പക്ഷേ, അദ്ദേഹത്തില്‍ വിളങ്ങി ശോഭിച്ച കൃപയും നീതിബോധവും അതിനു സമ്മതം കൊടുത്തില്ല. ''ജോസഫ് നിദ്രയില്‍നിന്നുണര്‍ന്ന്, കര്‍ത്താവിന്റെ ദൂതന്‍ കല്പിച്ചതുപോലെ പ്രവര്‍ത്തിച്ചു'' (മത്താ 1:24). കര്‍ത്താവിന്റെ ദൂതന്‍ പ്രത്യക്ഷപ്പെട്ടു പറഞ്ഞു
''എഴുന്നേറ്റ് ശിശുവിനെയും അമ്മയെയും കൂട്ടി ഈജിപ്തിലേക്കു പലായനം ചെയ്യുക'' (മത്തായി 2:13). ഇവിടെ സുവിശേഷകന്‍ ഉപയോഗിച്ചിരിക്കുന്ന പദം ുമൃമഹമായമിീ അനുധാവനം ചെയ്യുക - എന്നത്രേ. യാത്രയില്‍ കൂട്ടത്തില്‍ പോവുക; സ്വന്തം വീട്ടില്‍ എന്നതുപോലെ സ്വീകരിക്കുക; ഒന്നിച്ചു നടക്കുക എന്നൊക്കെയാണ് അര്‍ത്ഥം. ഇത് മാര്‍ യൗസേപ്പിനെ ശിശുവിന്റെ വളര്‍ത്തുപിതാവും മറിയത്തിന്റെ സംരക്ഷകനുമായി മാറ്റുന്നു. യൗസേപ്പ് തന്നെത്തന്നെ പൂര്‍ണമായും മറിയത്തിനും ഉണ്ണീശോയ്ക്കുംവേണ്ടി വ്യയം ചെയ്യുകയാണ്. സ്‌നേഹം എല്ലാ ആശങ്കകളെയും ഇല്ലാതാക്കുന്നു. ഏറെ വ്യാകുലങ്ങള്‍ അനുഭവിച്ചവനാണ് യൗസേപ്പ്. എല്ലാ വ്യാകുലതകളെയും അനുഗ്രഹങ്ങളാക്കി അദ്ദേഹം മാറ്റി. വിശ്വസിച്ചവളും വിശ്വസിച്ചവനും ഭാഗ്യമുള്ളവരായി, അനുഗൃഹീതരായി (Makarioi). യൗസേപ്പ് തിരുക്കുടുംബത്തെ ചേര്‍ത്തുപിടിച്ചതും അനുഗൃഹീതമായി മാറി. ദൈവസ്വരം കേട്ട് തങ്ങളുടെ ജീവിതത്തെ ധന്യമാക്കാന്‍ പരിശ്രമിക്കുന്ന ആര്‍ക്കും യൗസേപ്പിന്റെ ജീവിതം ഒരു അടയാള (emblematic) മാണ്.
8. വ്രതവാഗ്ദാനങ്ങളോടുകൂടിയ
കുടുംബജീവിതം
യൗസേപ്പ് എന്നത് ഉത്തരവാദിത്വമാണ്. ദൈവികസ്വരത്തെ പിന്‍തുടര്‍ന്നുള്ള ജീവിതം എപ്പോഴും ശാന്തവും മധുരതരവുമാകണമെന്നില്ല. മാര്‍ യൗസേപ്പിന്റെ ജീവിതം സ്വയം മറന്നുകൊണ്ടുള്ള ജീവിതമായിരുന്നു. സ്വന്തം കാര്യം വിട്ടുകളയുന്ന ജീവിതം. വിവാഹം കഴിക്കുകയും എന്നാല്‍ തനിച്ചായിരിക്കുകയും ചെയ്യുന്ന ഒരു ജീവിതക്രമമുണ്ട്. ആത്മാവിലുള്ള സന്തോഷം മാത്രമാണ് പങ്കുവയ്ക്കുന്നത്. വ്രതവാഗ്ദാനങ്ങളോടുകൂടി, കന്യാത്വത്തോടുകൂടി കുടുംബജീവിതം നയിക്കാം എന്നു മാര്‍ യൗസേപ്പ് പഠിപ്പിക്കുന്നു. ശാരീരികബന്ധം മടുത്തതിനുശേഷം ഉപേക്ഷിക്കുകയല്ല, ആരംഭംമുതലേ വേണ്ടെന്നു വയ്ക്കുകയാണ്. പണ്ഡിതനായ ബിഷപ് ഷീന്‍ പറയുന്നു: ''നക്ഷത്രപ്രകാശം പ്രപഞ്ചത്തെ കൂട്ടിയിണക്കുന്നു. പക്ഷേ, നക്ഷത്രങ്ങള്‍ കൂടിച്ചേരുന്നില്ല; പൂന്തോട്ടത്തിലെ പൂക്കള്‍ സൗരഭ്യം പരത്തുന്നു. എങ്കിലും, അവര്‍ പരസ്പരം സ്പര്‍ശിക്കുന്നില്ല; ഹൃദയങ്ങള്‍ തമ്മിലുള്ള വിവാഹം പാട്ടുകച്ചേരിപോലെയാണ്. വലിയ താളങ്ങള്‍ സൃഷ്ടിക്കുന്നു. എന്നാല്‍, ഉപകരണങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടുന്നില്ല.'' കൃപാവരപൂര്‍ണയായ മറിയം ഒരര്‍ത്ഥത്തില്‍ യൗസേപ്പിനെയും ദൈവകൃപകൊണ്ടു നിറച്ചു. യൗസേപ്പ് വൃദ്ധനായിരുന്നില്ല. സ്‌നേഹംകൊണ്ടു കത്തിജ്വലിച്ച യുവാവായിരുന്നു. മറിയവും യൗസേപ്പും തമ്മില്‍ സ്‌നേഹിച്ചതുപോലെ ഈ ലോകത്തില്‍ മറ്റാരും സ്‌നേഹിച്ചുകാണില്ല. ലെയോ പതിമൂന്നാമന്റെ വാക്കുകള്‍ ഏറെ ശ്രദ്ധേയമാണ്: ''മറിയത്തിനും യൗസേപ്പിനും ഒരിക്കല്‍പ്പോലും ശാരീരികബന്ധത്തില്‍ ഏര്‍പ്പെടേണ്ടിവന്നില്ല. കാരണം, അവരുടെ സ്‌നേഹം മുഴുവനും ഉണ്ണിയായ ഈശോയിലായിരുന്നു. Voluptas cordium - ശാരീരികതയുടെ ഒരു ചിന്തപോലുമില്ലായിരുന്നു. ഹൃദയത്തിന്റെ സന്തോഷം മാത്രമേ ഉണ്ടായിരുന്നുള്ളൂ. മറിയവും യൗസേപ്പും തമ്മില്‍ ശാരീരികമായി ഒന്നിക്കുകയല്ല ചെയ്തത്. ഈശോയാണ് അവരെ ഒന്നിപ്പിച്ചത്. ഈശോയിലാണ് അവരും ഒന്നിച്ചത്.'' യൗസേപ്പിന്റെ പക്കലേക്കു പോവുക ( Ite joseph).