ഹോസ്പിറ്റല്‍.
പ്രസവവാര്‍ഡിന്റെ ഒരറ്റത്തുള്ള മുറിയില്‍ കണ്ണടച്ച് നിറവയറോടെ കിടന്നിരുന്ന ഗ്രേസി അകത്ത് ആരോ പ്രവേശിച്ച ശബ്ദംകേട്ട് മിഴികള്‍ തുറന്നു. അത് അവളുടെ ഭര്‍ത്താവ് ബോബന്‍ ആയിരുന്നു. കൈയില്‍ മരുന്നുപാക്കറ്റ്. അവളെ ഒന്നു ശ്രദ്ധിച്ച ശേഷം പിറുപിറുക്കലോടെ പാക്കറ്റ് അയാള്‍ ബെഡ്ഡിലേക്കിട്ടു.
''എന്നെ തെണ്ടിക്കാനുള്ള പുറപ്പാടാണ്. ഈ മരുന്നുകളുടെ വില എത്രയാണെന്ന് അറിയ്വോ? ആയിരത്തി ഇരുന്നൂറു രൂപ! കട മുഴുവന്‍ കയറിയിറങ്ങി നിരങ്ങിയിട്ടാ ഒടുവില്‍ കിട്ടിയതു തന്നെ!''
ഗ്രേസി മെല്ലെ കൈകള്‍ കിടക്കയില്‍ ഊന്നി എഴുന്നേറ്റിരുന്നു. പിന്നെ ആ മരുന്നുപാക്കറ്റ് എടുത്തു ശ്രദ്ധിച്ചശേഷം ചുണ്ടനക്കി. ''ഇത് എന്തിനുള്ളതാണ്?''
''നിനക്ക് വേണ്ടത്ര ആരോഗ്യമില്ലെന്ന്. പ്രസവം കഴിയും വരെ ഈ മരുന്ന് മുടക്കരുതെന്നാ.''
''ഇത് ജനറല്‍ ഹോസ്പിറ്റല്‍ അല്ലെ? ഡോക്ടറുടെ കുറിപ്പ് ഫാര്‍മസിയില്‍ കൊടുത്താല്‍ ഫ്രീയായി കിട്ടുമായിരുന്നല്ലോ.''
''കൊള്ളാം. അല്ലെങ്കിലും ഇങ്ങനെ റൂള്‍സ് മാത്രം സംസാരിക്കാന്‍ നിനക്ക് നല്ല മിടുക്കാണല്ലോ. സ്റ്റോക്ക് ഇല്ലാത്ത മരുന്നുകള്‍ നമ്മള്‍ വെളിയില്‍നിന്നു വാങ്ങിച്ചേ മതിയാകൂ. നിന്റപ്പന്‍ ജീവനോടെ ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ കൈകളില്‍ ഞാന്‍ ഈ മരുന്നുചീട്ട് കൊടുത്തുവിടുമായിരുന്നു. വാതില്‍ ശബ്ദത്തോടെ അടച്ചശേഷം ബോബന്‍ പുറത്തിറങ്ങി. അവന്റെ അമ്മ മറിയ വരാന്തയിലെ ബെഞ്ചില്‍ ഒരു ആഴ്ചപ്പതിപ്പിലൂടെ കണ്ണോടിച്ച് ഇരിപ്പുണ്ടായിരുന്നു.
''അമ്മേ... ഞാനൊന്നു പുറത്തുപോയിട്ടു വരാം.''
''നില്ലെടാ.''
''എന്താ അമ്മേ?''
''കെട്ട്യോള്‍ക്ക് മരുന്നു വാങ്ങി ക്കൊടുത്തോ?''
''ഉവ്വ്!''
''അകത്ത് നീ സംസാരിച്ചതെല്ലാം ഞാന്‍ കേട്ടു. മരുന്നിന്റെ വില ആയിരത്തി ഇരുന്നൂറാ അല്ലേ?''
''ഉം.''
''ഇതിനാണോടാ ജനറല്‍ ആശുപത്രിയിലേക്കു കെട്ടിയെടുത്തേ? നീ രാപകല്‍ അദ്ധ്വാനിച്ചുണ്ടാക്കിയ കാശല്ലെ? ഇങ്ങനെ അനാവശ്യമായി വീണ്ടുവിചാരമില്ലാതെ ചെലവാക്കിയാലുണ്ടല്ലോ. അധികം വൈകാതെ നമ്മളെല്ലാം കൂടി കൂട്ട ആത്മഹത്യ ചെയ്യേണ്ടി വരും. ഞാന്‍ പറഞ്ഞില്ലെന്നു വേണ്ട!''
''അതു പിന്നെ മരുന്നിന് ഇത്രേം വില വരുമെന്നു ഞാന്‍ കരുതിയോ? ഡോക്ടര്‍ കുറിച്ചുതന്നു. അവള്‍ക്കു ശരീരത്തിന് ശക്തികുറവാണെന്ന്. നാലഞ്ചു ദിവസം ഈ മരുന്നു കഴിച്ചെങ്കിലേ പ്രസവവേദന താങ്ങാന്‍ കഴിയുകയുള്ളൂവത്രേ. ഇല്ലെങ്കില്‍ കഷ്ടമാണെന്ന്.''
''എന്തു കഷ്ടം?''
''അവളുടെ ജീവന് ആപത്താണെന്ന്.''
''ആപത്തു വന്നു കൊള്ളട്ടെടാ...'' ഉറക്കമൊഴിഞ്ഞ മറിയ പെട്ടെന്ന് എന്തോ ഓര്‍മ്മിച്ച മട്ടില്‍ സ്വരം താഴ്ത്തി:
''നീ ഒന്നിവിടെ ഇരുന്നേ.''
ബോബന്‍ അമ്മയ്ക്കടുത്തായി ഇരുന്നു. ''എന്താ അമ്മേ?''
''എടാ... ഞാന്‍ ഇപ്പോ എന്താ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നതെന്ന് അറിയ്വോ?''
''എന്താ?''
''നിന്റെ കെട്ട്യോളുടെ മരണം.''
''അമ്മേ!''
''അതേടാ... എനിക്കെന്തോ ഈ പ്രസവത്തോടെ ഇവളുടെ കഥ കഴിയും എന്ന തോന്നലാ...''
''എന്നാലും അമ്മേ...''
''ചത്തു തുലയട്ടെടാ... ഇനിയെങ്കിലും എന്റെ വാക്ക് കേള്‍ക്ക്. നല്ല കുടുംബത്തില്‍നിന്നു പെണ്ണുകിട്ടും എന്നു ഞാന്‍ കെഞ്ചിപ്പറഞ്ഞതല്ലേ. നീ കേട്ടോ. സ്വല്പം തൊലിനിറം കണ്ട് മയങ്ങിപ്പോയി. ഇപ്പോഴും സമയം വൈകിയിട്ടില്ല. ഈ പണ്ടാരം പിടിച്ചവളുടെ കണ്ണൊന്ന് അടഞ്ഞോട്ടെ. നൂറുപവന്‍ സ്ത്രീധനം തരാന്‍ തയ്യാറായി രണ്ടുകൂട്ടര്‍ കാത്തുനില്പുണ്ട്.''
ബോബന്‍ ദീര്‍ഘനിശ്വാസമുതിര്‍ത്തു.
''അതിന് ഗ്രേസി മരിച്ചെങ്കിലല്ലേ നടക്കൂ. വെറുതെ മനക്കോട്ട കെട്ടല്ലേ അമ്മേ... ഞാന്‍ പോയിട്ടു വരാം...'' ബോബന്‍ എഴുന്നേറ്റു പുറത്തേക്കു നടന്നു.
അല്പം കഴിഞ്ഞ് നേഴ്‌സ് റീന പരിസരം ഒന്നു ശ്രദ്ധിച്ചശേഷം മറിയയ്ക്കു സമീപത്തേക്കു വന്നു. ''എന്താ അമ്മേ ഇവിടെ വന്നിരിക്കുന്നേ?''
''അകത്തുള്ളവളുടെ മുടിഞ്ഞ മോന്ത കാണേണെ്ടന്നു കരുതിയാ മോളേ!''
റീന ശബ്ദം താഴ്ത്തി. ''അമ്മയുടെ മകനോടു കാര്യം പറഞ്ഞോ?''
''ഇതുവരെ പറഞ്ഞിട്ടില്ല. എങ്കിലും പ്രസവത്തോടെ അവളുടെ തല തെറിക്കുമെന്ന ഒരു സൂചന നല്കി. അവനും അങ്ങനെ ഒരു ആഗ്രഹം ഉള്ളതുപോലെ തോന്നി.''
''അങ്ങനെയാണെങ്കില്‍ നമ്മുടെ പദ്ധതിയെക്കുറിച്ചു പറയാമായിരുന്നില്ലെ?''
''വേണ്ട മോളെ. അക്കാര്യം നമ്മള്‍ രണ്ടുപേരും മാത്രം അറിഞ്ഞിരുന്നാല്‍ മതി.''
വാഗ്ദാനം ചെയ്തപോലെ ഇരുപതിനായിരം എനിക്കു തരണം. ഒടുവില്‍ കാലു മാറിക്കളയരുത്.''
''ഇല്ല. അവളുടെ ശ്വാസഗതി നീ നിറുത്ത്. ബാക്കിയെല്ലാം ഞാന്‍ പറഞ്ഞപോലെ.''
''കുഞ്ഞിനെ ഒന്നും ചെയ്യേണ്ടല്ലോ അല്ലേ?''
''മ്ഹും... അതിന്റെ കാര്യോം തീര്‍ത്തേക്ക്. എന്നാലേ എല്ലാം ഭംഗിയാകൂ.''
''ശരി. ഗ്രേസിക്ക് സ്വന്തബന്ധങ്ങളൊന്നും ഇല്ലല്ലോ, അല്ലേ?''
''ആരുമില്ല. അപ്പനും അമ്മയും മരിച്ചു. സഹോദരങ്ങളും ഇല്ല. പോരേ?''
''ശരി. ഇന്നാ...'' നേഴ്‌സ് റീനാ കൈയില്‍ മറച്ചു പിടിച്ചിരുന്ന ഒരു ചെറിയ ഡപ്പി നീട്ടി.
''എന്താ... ഇത്?''
''ഒരു പ്രത്യേകതരം വിഷമാണ്...രാത്രി കിടക്കാന്‍ സമയത്ത് ഒരു ടീസ്പൂണ്‍ പാലില്‍ ചേര്‍ത്തു കൊടുത്താല്‍ മതിയാകും... താമസിയാതെ ഗ്രേസി സ്വര്‍ഗത്തിലേക്കു പൊയ്‌ക്കോളും. ആര്‍ക്കും ഒരു സംശയവും ഉണ്ടാകില്ല... ഞാന്‍ എല്ലാം ഏറ്റു.''
''ഈ സാധനം നേരത്തേ തരാന്‍ പാടില്ലായിരുന്നോ? എങ്കില്‍ ഇതിനകം അവളുടെ കാര്യം തീര്‍ന്നിരുന്നേനയല്ലോ?''
''ഇന്നാ ലഭിച്ചത്.''
''ഉം....'' മൂളിക്കൊണ്ട് ആ ഡപ്പി വാങ്ങിയ മറിയ തന്റെ സാരിക്കുത്തില്‍ മറയ്ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍... ഒരു ബാറ്റണ്‍ നീണ്ടുവന്ന് നേഴ്‌സ് റീനയുടെ തോളില്‍ തട്ടി.
പിന്തിരിഞ്ഞ റീന കണ്ടത് ചുളിഞ്ഞ നെറ്റിത്തടത്തോടെ നിന്നിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനെയാണ്! റീനയുടെ മിഴികളില്‍ ഒരു പരിഭ്രമം വിടര്‍ന്നു. ആ ഉദ്യോഗസ്ഥനെ അവള്‍ക്കു നല്ല മുഖപരിചയം ഉണ്ടായിരുന്നു. സെന്‍ട്രല്‍ സ്റ്റേഷന്‍ സി.ഐ. ആയ റോബിന്‍സണ്‍ ആയിരുന്നു അത്! മുന്‍പ് പലപ്പോഴും അയാള്‍ ആ ഹോസ്പിറ്റലില്‍ വന്നിട്ടുണ്ടായിരുന്നു!
''എടീ ഭയങ്കരീ... നീ ആള് കൊള്ളാമല്ലോ. നീ ഒരു നേഴ്‌സാണോ? ഛേ... നിന്നെയൊക്കെ എന്താ ചെയ്യേണെ്ട?'' റോബിന്‍സണ്‍ സ്വരം കനപ്പിച്ചു.
''സാര്‍... അത്...''
''പരിശോധനയ്ക്കു ഞാന്‍ കൊണ്ടുവന്ന ഒരു പ്രതിയെ ഡോക്ടര്‍ റൂമില്‍ ചെക്കപ്പ് ചെയ്തുകൊണ്ടിരിക്കുകയാ. പുറത്ത് നേഴ്‌സ് ആരെങ്കിലുമുണെ്ടങ്കില്‍ വിളിക്കാമോ എന്നു ഡോക്ടര്‍ പറഞ്ഞതിനാല്‍ ഈ ഭാഗത്തേക്കു വന്നതാ. അപ്പോഴാ ആരുടെയോ ജീവന്‍ എടുക്കാന്‍ വിഷം കൈമാറുന്നതു ശ്രദ്ധയില്‍പ്പെട്ടത്... എന്താ കാര്യം? ആരാ ലക്ഷ്യം?''
''സാര്‍... ക്ഷമിക്കണം. ഞാന്‍ നിരപരാധിയാണ്.'' റീന വിക്കി വിക്കി പറഞ്ഞു.
''നിരപരാധി... നീയൊക്കെ എന്തിനാടീ ഈ വെള്ളയുടുപ്പും ഇട്ടു നടക്കുന്നത്?'' പറഞ്ഞശേഷം റോബിന്‍സണ്‍ മറിയയ്ക്കു നേരേ ദൃഷ്ടി തിരിച്ചു. ''ഏയ്, അമ്മച്ചീ... എഴുന്നേല്ക്ക്.''
''സാറേ...'' വിറയലോടെ മറിയ തപ്പിപ്പിടഞ്ഞെഴുന്നേറ്റു.
''എന്താ കാര്യം?''
''ഒന്നും ഇല്ല സാറേ...''
''ഇങ്ങോട്ടു നോക്ക്. ഞാന്‍ എല്ലാം കേട്ടു. അവളുടെ ശ്വാസം നിറുത്താനും കുഞ്ഞിന്റെ കാര്യം തീര്‍ത്തേക്കാനും പറഞ്ഞത്... മര്യാദയ്ക്കു സത്യം പറഞ്ഞോ?''
''അത്.... ഞങ്ങള് വെറുതെ സംസാരിച്ചതാ.''
''ഓഹോ... വേല ഇറക്കുന്നോ? ശരി, എങ്കില്‍ എന്താ നിങ്ങള്‍ മടിയില്‍ ഒളിപ്പിച്ചത്? ഇങ്ങോട്ടെടുക്ക്.''
''അത്... പിന്നേ....''
''ഇങ്ങോട്ടെടുക്കാന്‍...'' റോബിന്‍സണ്‍ ബാറ്റണ്‍ അവരുടെ മുഖത്തിനു നേരേ നീട്ടി. മറിയ ഭയപ്പാടോടെ മടിയില്‍നിന്നു ഡപ്പി എടുത്തു നല്കി.
''വിഷമാണല്ലേ?.... കൊള്ളാം. എന്നിട്ടാ ഉരുണ്ടുകളി...
മ്ഉം... ഇവിടെ വെച്ച് ചോദിച്ചാല്‍ സത്യം പുറത്തു വരില്ല. നിങ്ങളെ രണ്ടിനേം സ്റ്റേഷനിലേക്കു കൊണ്ടുപോണം. എല്ലാം ഞാന്‍ പഠിപ്പിക്കാം.''
റീന ഭയവിവശയായി. ''സാര്‍! സ്റ്റേഷനിലേക്കൊന്നും കൊണ്ടുപോകണ്ട. എന്റെ ജോലി പോകും.''
''എങ്കില്‍ സത്യം പറഞ്ഞോ.''
''ഈ അമ്മയാണ് എല്ലാത്തിനും കാരണക്കാരി. ഇവരുടെ മരുമകളെ പ്രസവത്തിനിടെ കൊന്നുകളയാന്‍ എന്നോട് ആവശ്യപ്പെട്ടു. പണത്തിനോടുള്ള അതിമോഹംകൊണ്ട് ഞാനതിന് കൂട്ടുനിന്നുവെന്നേയുള്ളൂ.''
മറിയ വല്ലാതായി. ''എടീ വഞ്ചകീ! ഇന്‍സ്‌പെക്ടര്‍ സാറേ... ഇവള്‍ പറയുന്നതു നുണയാ. എന്റേം മരുമകളുടേം സ്വരച്ചേര്‍ച്ചയില്ലായ്മ ശ്രദ്ധിച്ച് ഇവളാണ് ഇരുപതിനായിരം തന്നാല്‍ മരുമകളേം കുഞ്ഞിനേം കൊല്ലാമെന്നു പറഞ്ഞത്.''
''ഇല്ല സാര്‍. ഈ തള്ളയാണ് പണം തരാമെന്നു പറഞ്ഞു പ്രലോഭിപ്പിച്ച് എന്നെക്കൊണ്ട് സമ്മതിപ്പിച്ചത്. ഞാന്‍ സാദ്ധ്യമല്ലെന്നാണ് പറഞ്ഞത്.''
''എടീ കള്ളീ! നീ ഗതി പിടിക്കില്ല!''
''നിങ്ങളും ഗതി പിടിക്കില്ല!''
''രണ്ടും മിണ്ടാതെ നില്ക്ക്!'' റോബിന്‍സണ്‍ പൊടുന്നനെ ഇടയ്ക്കു കയറി. ഇപ്പോള്‍ നിങ്ങളുടെ മരുമകള്‍ എവിടെയുണ്ട്?''
''മുറിക്കുള്ളിലുണ്ട്.''
''പ്രസവം എപ്പോഴാ?''
''ഇനീം നാലഞ്ചു ദിവസമെടുക്കും.''
''എവിടാ വീട്?''
''പാലാരിവട്ടത്താ.''
''വിലാസം പറ.''
മറിയ പറഞ്ഞ അഡ്രസ്സ് റോബിന്‍സണ്‍ പോക്കറ്റ് ഡയറിയില്‍ കുറിച്ചു. ''മരുമകളെ കൊലപ്പെടുത്താനുള്ള ശ്രമത്തില്‍ നിങ്ങളുടെ മകനും പങ്കുണേ്ടാ?''
''അയ്യോ... ഇല്ല. ഇക്കാര്യം അവനറിയുകപോലുമില്ല. അവന്‍ ഇഷ്ടപ്പെട്ട് കല്യാണം കഴിച്ച പെണ്ണാ.''
റോബിന്‍സണ്‍ ബാറ്റണ്‍ ഉയര്‍ത്തി താക്കീതു നല്കി.
''നോക്ക്... നിങ്ങളുടെ പ്രായം മാനിച്ചും ഈ നേഴ്‌സിന്റെ ജോലി നഷ്ടപ്പെടരുതല്ലോ എന്ന വിചാരംകൊണ്ടും സംഭവം ഞാന്‍ പോലീസ് സ്റ്റേഷനിലേക്കു വലിച്ചിഴയ്ക്കുന്നില്ല. എന്നാല്‍ ഒരു കാര്യം...''
''എന്താ സാറെ?''
''ഞാന്‍ നിങ്ങളുടെ കുടുംബത്തെ നോട്ട് ചെയ്തുകൊണ്ടിരിക്കും. മരുമകളുടെ ജീവന് ഏതു സമയത്ത് ആപത്തു സംഭവിച്ചാലും ശരി, നിങ്ങള്‍, മകന്‍, ഈ നേഴ്‌സ് മൂന്നുപേരും എട്ടുപത്തുവര്‍ഷം ജയിലിനുള്ളില്‍ കഴിയേണ്ടി വരും, ഉറപ്പ്.''
''അയ്യോ... ഇല്ല സാറേ... മേലില്‍ ഞാന്‍ ഇങ്ങനെ ചിന്തിക്കുക കൂടിയില്ല.''
''സത്യമാണല്ലോ?''
''സത്യം.... കര്‍ത്താവാണേ സത്യം സാറേ.''
''ഉം.... നോക്കട്ടെ. പോലീസിനെ പറ്റിക്കാന്‍ ശ്രമിച്ചാലുണ്ടല്ലോ. വിവരമറിയും. ദാ, നമ്മള്‍ ഇതുവരെ സംസാരിച്ചതെല്ലാം ഞാന്‍ ടേപ്പ് ചെയ്തിട്ടുണ്ട്.'' റോബിന്‍സണ്‍ പോക്കറ്റില്‍ നിന്നു മൊബൈല്‍ ഫോണ്‍ പുറത്തെടുത്തു പകര്‍ത്തിയ സംഭാഷണം കേള്‍പ്പിച്ചതും മറിയ വിളറി വെളുത്തുപോയി.
''അയ്യോ... ഇല്ല സാറേ... ഞാനിനി ഒന്നും ചെയ്യില്ല. അവളെ ഞാന്‍ പൊന്നുപോലെ നോക്കിക്കോളാം.''
''ഉം....'' റോബിന്‍സണ്‍ ഇരുത്തി ഒന്നു മൂളിയശേഷം മെല്ലെ പിന്തിരിഞ്ഞു നടന്നു. ഹോസ്പിറ്റലിന്റെ പടിഞ്ഞാറേ ഗേറ്റിനു സമീപത്തുള്ള മെഡിക്കല്‍ ഷോപ്പിനു മുന്നില്‍ നിന്നിരുന്ന ബോബന്‍ റോബിന്‍സണെ പുഞ്ചിരിയോടെ സമീപിച്ചു.
''പോയ കാര്യം എന്തായി?''
''സക്‌സസ്!'' റോബിന്‍സണ്‍ ചിരിച്ചു. ''നിന്റമ്മ വിരണ്ടുപോയി! ഇനി ഈ ജന്മം അവരെക്കൊണ്ട് ഒരു കുഴപ്പവും ഉണ്ടാകില്ല! ഇന്നു മുതല്‍ നിനക്ക് സമാധാനമായി ഭാര്യയെ വീട്ടിലാക്കി എവിടെ വേണമെങ്കിലും പോയിട്ടുവരാം!''
''നിന്റെ ഈ സഹായം ഞാനൊരിക്കലും മറക്കില്ല. എങ്ങനെയാ നന്ദി പറയേണ്ടതെന്നുപോലും അറിയില്ല.''
''എടാ... സുഹൃത്തായ നിന്നെ സഹായിക്കേണ്ടത് എന്റെ കടമയായതിനാലാണ് ഇതിനു കൂട്ടുനിന്നേ. പിന്നേ... ശരിക്കു പറഞ്ഞാല്‍ നീ നന്ദി പ്രകടിപ്പിക്കേണ്ടത് എന്നോടല്ല നേഴ്‌സ് റീനയോടാണ്! അവള്‍ നിന്റെ അമ്മയുടെ മനസ്സില്‍ ഒളിഞ്ഞുകിടന്നിരുന്ന ദുഷ്ടവിചാരം മനസ്സിലാക്കി അവര്‍ക്കു സഹായം ചെയ്യുന്ന മട്ടില്‍ അഭിനയിച്ചില്ലായിരുന്നെങ്കില്‍ സംഗതി മറ്റൊരു വിധത്തില്‍ കലാശിക്കുമായിരുന്നു!''
''ശരി, ഇനി സമയം കളയണ്ട. വേഗം ഹോസ്പിറ്റലിലേക്കു ചെല്ല്. മിക്കവാറും ഇപ്പോള്‍ നിന്റെ ഭാര്യയെ സ്‌നേഹത്തോടെ പരിചരിച്ചുകൊണ്ടിരിക്കുകയാവും അമ്മ...''
ഇതു കേട്ടപ്പോള്‍ ബോബന്‍ ഒരു പുതിയ ജീവിതം തുടങ്ങാന്‍ പോകുന്ന ഉത്സാഹത്തോടെ ഹോസ്പിറ്റല്‍ ലക്ഷ്യംവച്ചു നടന്നു.