ജീവിതം തുടരാന്‍ നിവൃത്തിയില്ലാതെ അവയവങ്ങള്‍ എല്ലാം പ്രവര്‍ത്തനക്ഷമമല്ലാതായിത്തീരുന്ന അവസ്ഥയില്‍ ഒരു വൃദ്ധനെ മരിക്കാന്‍ അനുവദിക്കുന്നതല്ലേ ഉചിതം? നിര്‍ബന്ധപൂര്‍വം മരുന്നുകള്‍ കുത്തിവെച്ചു വീണ്ടും വീണ്ടും ഈ യാതനകള്‍ തുടരണോ? ഇതൊക്കെ നാം സര്‍വസാധാരണമായി ചോദിച്ചുപോകുന്ന ചോദ്യങ്ങളാണ്.
അടുത്ത കാലത്തായി മെഡിക്കല്‍ സയന്‍സിന്റെ പുരോഗതി ദയാവധം എന്ന ചോദ്യത്തിന്റെ പുതിയ വാദമുഖങ്ങള്‍ തുറക്കാന്‍ കാരണമായിട്ടുണ്ട്. സാമാന്യബുദ്ധിയില്‍ ശരി എന്നു തോന്നാവുന്ന കാര്യങ്ങളെ ധാര്‍മ്മികതലത്തില്‍ കൂടുതല്‍ വ്യക്തമാക്കേണ്ടതുണ്ട്. ആധുനികസമൂഹത്തില്‍, മനുഷ്യജീവിതത്തിന്റെ അടിസ്ഥാനമൂല്യങ്ങള്‍ പോലും പലപ്പോഴും ചോദ്യം ചെയ്യപ്പെടുന്നുണ്ട്.
സഭയുടെ നിരവധി കോണ്‍ഫെറന്‍സുകളില്‍ കാലാകാലങ്ങളില്‍ ഈ വിഷയത്തെ സംബന്ധിച്ചു ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. ഈ ചോദ്യങ്ങള്‍ക്ക് ഉചിതമായ ഉത്തരം തേടാന്‍, ദയാവധത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചു വിദഗ്ധരുടെ അഭിപ്രായം തേടിക്കൊണ്ട് ചില നിഗമനങ്ങളില്‍ എത്തിയിട്ടുണ്ട്.
ബിഷപ്പുമാരുടെ ആത്മീയപരിപാലനത്തിന് ഏല്പിക്കപ്പെട്ടിട്ടുള്ള വിശ്വാസികള്‍ക്ക്, ഇടയജനത്തിന് ശരിയായ പ്രബോധനങ്ങള്‍ നല്‍കേണ്ടതുണ്ട്, പ്രത്യേകിച്ച് ഇത്തരം മര്‍മ്മപ്രധാനമായ കാര്യങ്ങളില്‍. വളരെ ഗുരുതരമായ ഈ വിഷയങ്ങള്‍ സിവില്‍ അധികാരികള്‍ക്കു മുന്നില്‍ അവതരിപ്പിക്കാനും അവരെക്കൂടി സ്വാധീനിക്കാനും കഴിയുന്ന വിധത്തില്‍ നീതിയുക്തമായിരിക്കണം നിര്‍ദേശങ്ങള്‍.
ക്രിസ്തുവില്‍ വിശ്വാസവും പ്രത്യാശയും അര്‍പ്പിക്കുന്നവരെല്ലാം, അവന്റെ ജീവിതത്തിനും മരണത്തിനും പുനരുത്ഥാനത്തിനും അര്‍ത്ഥം കണെ്ടത്തിയവരാണ്. മനുഷ്യന്റെ അസ്തിത്വത്തി നെയും മരണത്തിനെയുംകുറിച്ച് ഒരു വിശ്വാസിക്ക് വ്യക്തമായ കാഴ്ചപ്പാടുകളുണ്ട്. വിശുദ്ധ പൗലോസ് പറയുന്നതുപോലെ, 'നാം ജീവിക്കുന്നുവെങ്കില്‍, നാം കര്‍ത്താവിനോടൊപ്പമാണ് ജീവിക്കുന്നത്, മരിക്കുകയാണെങ്കില്‍, അവനോടൊത്തു ചേരാനും.
മനുഷ്യാന്തസ്സ്
ഇന്നു ചര്‍ച്ച ചെയ്യപ്പെടുന്ന ചോദ്യങ്ങളില്‍ മനുഷ്യനുമായി ബന്ധപ്പെട്ട അവകാശങ്ങളും മൂല്യങ്ങളും ഒരു പ്രധാന സ്ഥാനം വഹിക്കുന്നു. ഇക്കാര്യത്തില്‍, രണ്ടാം വത്തിക്കാന്‍ എക്യുമെനിക്കല്‍ കൗണ്‍സില്‍ മനുഷ്യന്റെ ഉന്നതമായ അന്തസ്സിനെ ഉയര്‍ത്തിപ്പിടിക്കുന്നു. ദൈവം തന്ന പരമപ്രധാനമായ ഒരു അവകാശമാണ് ജീവിക്കാനുള്ള അവകാശം. അതുകൊണ്ട് ഏതെങ്കിലും വിധത്തിലുള്ള കൊലപാതകം, വംശഹത്യ, ഗര്‍ഭംഅലസിപ്പിക്കല്‍, ദയാവധം, ആത്മഹത്യ എന്നിങ്ങനെ ജീവനെ ഹനിക്കുന്നതെന്തും കുറ്റകൃത്യങ്ങളായി സഭ കണക്കാക്കുന്നു.
മനുഷ്യജീവിതത്തിന്റെ മൂല്യം
മനുഷ്യജീവിതം അമൂല്യമാണ്. മിക്ക ആളുകളും ജീവിതത്തെ പവിത്രമായ ഒന്നായി കണക്കാക്കുകയും; അത് തോന്ന്യാസം വിനിയോഗിക്കാതിരിക്കുകയും ചെയ്യുന്നു.
വിശ്വാസികള്‍ ഈ ജീവിതത്തിന്റെ അന്ത്യത്തില്‍ വലിയ കാര്യങ്ങള്‍ക്കായി പ്രത്യാശ വയ്ക്കുന്നു; നിത്യമായ ദൈവസ്‌നേഹത്തിന്റെ ഒരു സമ്മാനം മുമ്പില്‍ കാണുന്നു.
ജീവിതം അമൂല്യമായ വരദാനമാണ്
ഈ ജീവിതം സംരക്ഷിക്കാനും പരിപാലിക്കാനും ഫലപ്രദമാക്കാനും വിളിക്കപ്പെട്ടവരാണ് ക്രിസ്ത്യാനികള്‍. ആയതുകൊണ്ട് ഒരാളുടെ ജീവിതത്തില്‍ ആ വ്യക്തിയില്‍ അടങ്ങിയ ദൈവസ്‌നേഹത്തെ ധ്വംസിക്കാതെ, എതിര്‍ക്കാതെ, അവന്റെ മൗലികാവകാശം ലംഘിക്കാതെ, നമുക്കാരുടെയും ജീവനെടുക്കാനാകില്ല.
ദൈവത്തിന്റെ പദ്ധതിയനുസരിച്ച് ജീവിതം നയിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണ്. ഭൂമിയില്‍ ഇതിനകം തന്നെ ഫലം കായ്‌ക്കേണ്ട, ഫലം പുറപ്പെടുവിക്കേണ്ട നന്മകള്‍ക്കായി ആ ജീവിതം വ്യക്തിയെ ഏല്പിച്ചിരിക്കുന്നു, എന്നാല്‍ അത് അതിന്റെ പൂര്‍ണത കണെ്ടത്തുന്നത് നിത്യജീവനില്‍ മാത്രമാണ്.
ആത്മഹത്യ ചെയ്യുന്നത് കൊലപാതകംപോലെ പാപമാണ് എന്നു നമുക്കറിയാം; അത് ദൈവത്തിന്റെ പരമാധികാരത്തിന്റെയും സ്‌നേഹപദ്ധതിയുടെയും നിരാകരണമാണ്.
ദയാവധം
പുരാതനകാലത്തെ ദയാവധം കഠിനമായ കഷ്ടപ്പാടുകളില്ലാതെ എളുപ്പമുള്ള മരണമായിരുന്നു. ഒരു രോഗിയുടെ അതീവമായ കഷ്ടപ്പാടുകള്‍ അവസാനിപ്പിക്കുന്നതു കുറ്റമാണോ? അല്ലെങ്കില്‍ അസാധാരണവെകല്യങ്ങളോടെ ഒരു മാംസപിണ്ഡം മാത്രമായി ജനിക്കുന്ന കുഞ്ഞുങ്ങളെ മരിക്കാന്‍ അനുവദിക്കണമോ? നീണ്ടകാലമായി അസുഖമുള്ള രോഗികളെ, ഒരുപക്ഷേ വര്‍ഷങ്ങളോളം അവരുടെ കുടുംബത്തിനോ സമൂഹത്തിനോ വളരെയധികം ഭാരമായി പരിണമിക്കുന്ന ഘട്ടത്തില്‍ ആ ദയനീയമായ ജീവിതത്തിന്റെ അന്ത്യം ഒരു ഡോക്ടര്‍ക്കു കുറിക്കാമോ? ഇതെല്ലാമാണ് ഇന്നത്തെ പ്രസക്തമായ ചോദ്യങ്ങള്‍. ഇതിനു സഭ എന്തു മറുപടി പറയും?
ദയാവധത്തിന്റെ സഭാനിബന്ധനകള്‍ ഉദ്ദേശ്യത്തെയും ഉപയോഗിക്കുന്ന രീതിയെയും ആശ്രയിച്ചിരിക്കുന്നു. ഗര്‍ഭപിണ്ഡമോ ഭ്രൂണമോ, ശിശുവോ, മുതിര്‍ന്നയാളോ, വൃദ്ധനോ, ഭേദപ്പെടുത്താനാവാത്ത രോഗം ബാധിച്ചവരോ ആകട്ടെ, ജീവനെടുക്കുവാന്‍ ആര്‍ക്കും അനുവാദമില്ല എന്ന കാര്യം സഭ വ്യക്തമായി അടിവരയിട്ടുപറയുന്നു. അതിനു മൗന സമ്മതം മൂളാനും നമുക്കാര്‍ക്കും അവകാശമില്ല. ഒരു സഭാധികാരിക്കും അത്തരമൊരു നടപടി ശിപാര്‍ശ ചെയ്യാനോ അനുവദിക്കാനോ കഴിയില്ല. കാരണം ഇത് ദിവ്യനിയമത്തിന്റെ ലംഘനം, മനുഷ്യന്റെ അന്തസ്സിനെതിരായ കുറ്റം, ജീവിതത്തിനെതിരായ കുറ്റം, മനുഷ്യരാശിക്കെതിരായ ആക്രമണം ആണ്.
സഹിക്കാനാവാത്ത വേദന കാരണം, ഒരു രോഗി എനിക്കു മരിക്കണം എന്നു പറഞ്ഞേക്കാം. സത്യത്തില്‍, ഇത് എല്ലായ്‌പ്പോഴും സഹായത്തിനും സ്‌നേഹത്തിനുമായുള്ള വേദനാജനകമായ ഒരു അപേക്ഷയാണ്. ഒരു രോഗിക്ക് വൈദ്യസഹായത്തിനുപുറമെ, സ്‌നേഹം, മനുഷ്യത്വം, കാരുണ്യം, സാമീപ്യത്തിന്റെ ഊഷ്മളത ഇതൊക്കെയാണു വേണ്ടത്. രോഗിക്ക് സ്വന്തം മക്കളും കുടുംബാംഗങ്ങളും അടുത്തുണ്ടാവണം. എല്ലാ പ്രതീക്ഷയും നശിച്ച അതീവഗുരുതരാവസ്ഥയില്‍ കൃത്രിമമായ ഉപകരണങ്ങളുടെ ഉപയോഗം വേണെ്ടന്നു വയ്ക്കാം. സ്വാഭാവികമായ, ദൈവദത്തമായ മരണത്തിന് ആ വ്യക്തിയെ ഒരുക്കാവുന്നതാണ്.