ഹൃദയരേഖയില്‍
ആശ്വസിക്കാന്‍ ബാക്കിയായ
ഒരു നേര്‍വരപോലുമില്ലാത്ത ഒരു രാത്രിയില്‍
വക്കുപൊട്ടിയ ഉറക്കത്തില്‍നിന്ന്
അവള്‍ എഴുന്നേല്‍ക്കും.
സ്‌നേഹരഹിതമായ ചുവരുകള്‍ക്കുള്ളില്‍
വീണുടഞ്ഞുപോയ
വിയര്‍പ്പുതുള്ളികള്‍ ബാക്കിവച്ച്
പുറത്തേക്കിറങ്ങുമ്പോള്‍
ഒന്നുകൂടി തിരിഞ്ഞുനോക്കും.
വീതിച്ചുകിട്ടിയ സ്വത്തില്‍
അല്പംപോലും മനംനിറയാതെ
മക്കള്‍മുറിയില്‍
അവളൊരു വിഷയമാവുന്നത്
അവളറിയും...
വൃദ്ധസദനത്തിന്റെ ഇരുമ്പഴികള്‍
അവള്‍ക്കൊരു ഇരിപ്പിടവുമായി
അകലെയെവിടെയോ
കാത്തുനില്‍ക്കുന്നതും
പറയാതെ അറിയുമ്പോള്‍
ഇരുട്ടിലെ ശൂന്യതയില്‍
വെറുതെ ഒന്നു നോക്കും...
സീമന്തരേഖയില്‍ ചുവപ്പുതേച്ച്
കാലപ്പഴക്കത്തോളം കാവല്‍നിന്നയാള്‍
ഇരുട്ടിലെ ഓര്‍മയില്‍നിന്ന്
അവളെയൊന്നു മാടിവിളിക്കും...
നിരാലംബയെന്ന് മിഴികളിലൂടെ ഒഴുക്കിവിട്ട്
ഇരുട്ടിലേക്കിറങ്ങുമ്പോള്‍
കാത്തുനിന്ന മിന്നാമിനുങ്ങ്
അവളുടെ കൈപിടിച്ചു നടക്കും...
അവളെ കാത്തുനില്‍ക്കുന്ന
ഒറ്റ നക്ഷത്രത്തോട് അവള്‍ എല്ലാം പറയും
പെയ്തിറങ്ങുന്ന മിഴികള്‍ക്കു മുകളിലൂടെ
ഒരു മഴച്ചാര്‍ത്ത് അപ്പോഴവളെ
നനച്ചിട്ടുണ്ടാവും...