ആരോഗ്യകാര്യത്തില്‍ ലോകനിലവാരത്തിലാണ് നമ്മുടെ സംസ്ഥാനം. ആരോഗ്യപരിപാലനസംവിധാനങ്ങള്‍ വര്‍ദ്ധിച്ചതുകൊണ്ടുമാത്രം ജനങ്ങളുടെ ആരോഗ്യം വര്‍ധിക്കുകയില്ല. ഉയര്‍ന്ന വിദ്യാഭ്യാസവും നൂതനമായ ആരോഗ്യപരിപാലനസംവിധാനങ്ങളും ഉണ്ടായിട്ടും കേരളം ഇന്ത്യയുടെ ഡയബറ്റിക് ക്യാപ്പിറ്റലാണ് എന്നത് നമ്മള്‍ മറക്കരുത്.
70 ശതമാനം രോഗങ്ങളും നമ്മുടെ ദിനചര്യയിലെ വ്യതിയാനങ്ങള്‍മൂലം ഉണ്ടാകുന്നതാണ്. ആഹാരംതന്നെ ഔഷധം എന്ന പ്രയോഗം നമുക്കെല്ലാം സുപരിചിതമാണ്. അതിനൊപ്പം ചേര്‍ത്തു പറയേണ്ട രണ്ടു പ്രധാന സംഗതികളാണ് എപ്പോള്‍ കഴിക്കുന്നുവെന്നതും എന്തു കഴിക്കുന്നുവെന്നതും. യഥാസമയത്ത് ആഹാരം കഴിച്ചാല്‍ മാത്രമേ നമ്മുടെ ദഹനവ്യവസ്ഥ ശരിയായി പ്രവര്‍ത്തിക്കുകയുള്ളൂ. എങ്കില്‍ മാത്രമേ അതിലെ പോഷകങ്ങള്‍ രക്തത്തിലൂടെ ശരീരത്തിലെല്ലായിടത്തും എത്തുകയുള്ളൂ. ഭക്ഷണത്തിന്റെ സമയക്രമം പാലിച്ചില്ലയെങ്കില്‍ അസിഡിറ്റി വര്‍ദ്ധിക്കുകയും ശരിയായ രീതിയില്‍ ദഹനപ്രക്രിയ നടക്കാതെ വരികയും ചെയ്യുന്നു. എന്നുമാത്രമല്ല വയറുവീര്‍പ്പ്, വയറുവേദന, വയറിളക്കം, മലബന്ധം, അള്‍സര്‍ മുതലായ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു.
നമ്മുടെ സമൂഹത്തില്‍ 30 നും 45 നും ഇടയിലുള്ള സ്ത്രീകളില്‍ തൈറോയ്ഡ്പ്രശ്‌നങ്ങള്‍ വളരെയധികം വര്‍ദ്ധിച്ചുവരുന്നതായി കാണുന്നുണ്ട്. തൈറോയ്ഡ്ബാധിതരായ സ്ത്രീകളില്‍ അധികംപേരും യാതൊരുവിധ ദിനചര്യകളും പാലിക്കാത്തവരാണ്. ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടായാലും ഹോസ്പിറ്റലില്‍ പോകാനോ ആവശ്യമായ ടെസ്റ്റുകള്‍ ചെയ്യാനോ പലപ്പോഴും സ്ത്രീകള്‍ തയ്യാറാവുന്നില്ല. 'എന്താ ഇതുവരെ ടെസ്റ്റ് ഒന്നും ചെയ്യാത്തത്' എന്നു ചോദിച്ചാല്‍ രസകരമായ ഒരു മറുപടിയാണ് ഇക്കൂട്ടര്‍ തരുക: എങ്ങാനും വല്ല കുഴപ്പവും ഉണ്ടെന്നറിഞ്ഞാല്‍പ്പിന്നെ മരുന്നു കഴിക്കണ്ടേ ഡോക്ടറെ?
പലര്‍ക്കും ഷുഗര്‍, കൊളസ്‌ട്രോള്‍, തൈറോയ്ഡ് പ്രശ്‌നങ്ങളുണ്ടാവാം. ലിവര്‍ ഫംഗ്ഷന്‍ ടെസ്റ്റുകളില്‍ വ്യതിയാനങ്ങള്‍ ഉള്ളവരും ഉണ്ടാവും.
ഷുഗര്‍, അമിതവണ്ണം തുടങ്ങിയ പ്രശ്‌നങ്ങള്‍ ഇല്ലാത്തവര്‍ക്ക് കഞ്ഞി ഉത്തമമായ ഒരു ആഹാരമാണ്. മേല്പറഞ്ഞ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് പച്ചക്കറിപ്പുഴുക്ക് കഴിക്കാം. സൂപ്പും സലാഡും ചേര്‍ന്ന ആഹാരരീതിയും നല്ലതാണ്. ദ്രവാംശം കൂടുതലുള്ള ആഹാരമാണ് രാത്രിയില്‍ ഉത്തമം. അത് എളുപ്പം ദഹനം നടക്കാന്‍ സഹായിക്കുന്നു.
രാത്രിയില്‍ ദഹനപ്രക്രിയ പൂര്‍ത്തിയായതിനുശേഷം ലഭിക്കുന്ന സമയം മാത്രമേ കരളിന് വിഷനിര്‍ഹരണം പോലെയുള്ള ജോലികള്‍ ചെയ്തുതീര്‍ക്കാനും വിശ്രമിക്കാനും സാധിക്കുകയുള്ളൂ. ദഹിക്കാന്‍ പ്രയാസമുള്ള ആഹാരങ്ങള്‍ രാത്രിയില്‍ ശീലിച്ചാല്‍ കരളിനു സ്വന്തം പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കാതെ വരികയും അതു പിന്നീട് രോഗാവസ്ഥയിലേക്കു നയിക്കുകയും ചെയ്യുന്നു. കേരളത്തിലെ വര്‍ദ്ധിച്ചുവരുന്ന കരള്‍രോഗങ്ങള്‍ക്കു കാരണം മദ്യപാനത്തെക്കാള്‍ നമ്മുടെ തെറ്റായ ആഹാരരീതിയാണ് എന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
ദിവസവും കുറഞ്ഞത് 40 മിനിട്ടെങ്കിലും നടക്കണം. വീട്ടില്‍ ധാരാളം ജോലികള്‍ ചെയ്യുന്നുണ്ട്, പിന്നെ നടക്കേണ്ട ആവശ്യമുണ്ടോ എന്നു പലരും ചോദിക്കാറുണ്ട്. നമ്മുടെ അടുക്കളകള്‍ കൂടുതല്‍ യന്ത്രവത്കൃതമായതോടെ ശരീരത്തിന് ആയാസം ലഭിക്കുന്ന, അല്ലെങ്കില്‍ വ്യായാമത്തിന് ഉതകുന്ന ജോലികള്‍ നന്നേ കുറഞ്ഞിരിക്കുന്നു. അതുകൊണ്ട് സ്ത്രീകള്‍ വ്യായാമം നിശ്ചയമായും ആവശ്യമാണ്.
വീട്ടമ്മമാര്‍ക്കും ജോലിക്കാരായ സ്ത്രീകള്‍ക്കും രാവിലെ സമയം ഉണ്ടാവില്ല. എന്നാല്‍ വൈകുന്നേരം തീര്‍ച്ചയായും ഇതിനായി സമയം കണ്ടെത്തണം. നടക്കുകതന്നെ വേണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. യോഗ, നൃത്തം എന്നിവ പരിശീലിക്കാം. ഷട്ടില്‍ ബാഡ്മിന്റണ്‍ കളിക്കുകയോ ജിമ്മില്‍ പോവുകയോ മറ്റേതെങ്കിലും തരത്തിലുള്ള സൗകര്യപ്രദമായ വ്യായാമങ്ങള്‍ ശീലിക്കുകയോ ആവാം. അതുപോലെതന്നെ മാനസികോല്ലാസത്തിനുതകുന്ന എന്തെങ്കിലും ഒരു ഹോബിയില്‍ ഏര്‍പ്പെടുന്നതും നല്ലതാണ്. വായനയോ പാട്ടുകേള്‍ക്കലോ സിനിമ കാണലോ എന്തുമാവാം.
സ്വന്തം ശരീരത്തിന്റെ ആരോഗ്യസംരക്ഷണത്തിന് അല്പസമയം കണ്ടെത്താനായില്ലായെങ്കില്‍ വരുംകാലത്ത് അതിന്റെ പേരില്‍ ദുഃഖിക്കേണ്ടിവരുമെന്നുള്ളത് സ്ത്രീകള്‍ മറക്കരുത്.
ഏതുതരത്തിലുള്ള ജീവിതശൈലീരോഗങ്ങളുള്ള സ്ത്രീകളായാലും അവര്‍ക്കുവേണ്ടി പ്രത്യേക ഭക്ഷണമുണ്ടാക്കാന്‍ അവരൊരിക്കലും മെനക്കെടാറില്ല. മറ്റുള്ളവര്‍ക്ക് ഉണ്ടാക്കുന്നതില്‍നിന്ന് എന്തെങ്കിലും കഴിക്കുകയോ അല്ലെങ്കില്‍ ഒന്നും കഴിക്കാതിരിക്കുകയോയാണ് അവരുടെ പതിവ്. ഒരിക്കലും ആശാസ്യമായ ഒന്നല്ലയിത്. ശാരീരികാവസ്ഥയ്ക്കനുസരിച്ചുള്ള ഭക്ഷണക്രമം പിന്തുടരാന്‍ ഒരുതരത്തിലുള്ള മടിയും വിചാരിക്കേണ്ട കാര്യമില്ല.
എന്തായാലും ഷുഗര്‍ കൂടുതലാണല്ലോ, ഡോക്ടര്‍ ആഹാരം കുറയ്ക്കണമെന്നു പറഞ്ഞിട്ടുമുണ്ട്, എന്നാല്‍ ഈയൊരു നേരം ആഹാരമൊഴിവാക്കാം എന്നു കരുതി സമയത്തു ഭക്ഷണം കഴിക്കാതെയിരിക്കുന്നവരുണ്ട്. തെറ്റായ ഒരു പ്രവണതയാണിത്. സമയത്ത് ആഹാരം കഴിച്ചില്ലയെങ്കില്‍ ശരീരത്തില്‍ നടക്കുന്ന ചില പ്രവര്‍ത്തനങ്ങളുടെ ഫലമായി കൂടുതല്‍ ഗ്ലൂക്കോസ് ഉത്പാദിപ്പിക്കപ്പെടുകയും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വര്‍ദ്ധിക്കുകയും ചെയ്യും.
പ്രമേഹബാധിതരായ സ്ത്രീകള്‍ ഭക്ഷണക്രമീകരണവും വ്യായാമവും ചെയ്യുന്നതോടൊപ്പം പാദസംരക്ഷണത്തിനും കേശസംരക്ഷണത്തിനുമുള്ള ഉപായങ്ങള്‍കൂടി ദിനചര്യയില്‍ കൂട്ടിച്ചേര്‍ക്കുന്നത് നല്ലത്.
35 വയസ്സ് കഴിയുമ്പോള്‍ വര്‍ഷത്തിലൊരിക്കലെങ്കിലും ഷുഗര്‍, പ്രഷര്‍, കൊളസ്‌ട്രോള്‍, തൈറോയ്ഡ്, കിഡ്‌നി, ലിവര്‍ ഫങ്ഷന്‍, കാല്‍സ്യം, വൈറ്റമിന്‍ ഡി എന്നിവ പരിശോധിക്കുന്നതും വയറ് സ്‌കാന്‍ ചെയ്തു നോക്കുന്നതും നല്ലതുതന്നെ. ബിപി, കൊളസ്‌ട്രോള്‍, ഷുഗര്‍ എന്നിവയില്‍ ഏതെങ്കിലും ഉണ്ടെങ്കില്‍ രണ്ടു വര്‍ഷത്തിലൊരിക്കലെങ്കിലും ഹൃദയപരിശോധന നടത്തുന്നതും ഉത്തമം.
ശരീരം നമ്മളുടേതാണ്. ആരോഗ്യമുള്ള ശരീരവും മനസ്സും ഉണ്ടെങ്കില്‍ മാത്രമേ സന്തോഷകരമായ ജീവിതം ഉണ്ടാവുകയുള്ളൂ എന്നത് ഓരോ സ്ത്രീയും ഓര്‍മയില്‍ വയ്‌ക്കേണ്ട വിലപ്പെട്ട അറിവാണ്.