ആത്മാര്‍പ്പണത്തിന്റെ ത്യാഗവീഥികളില്‍ നിയോഗത്തിന്റെ മൃദുമൊഴികള്‍ തിരിച്ചറിഞ്ഞ്, പ്രേഷിതശുശ്രൂഷയോടും അധ്യാപനവൃത്തിയോടുമൊപ്പം വരമൊഴിയും വായ്‌മൊഴിയുമായുള്ള അക്ഷരധര്‍മങ്ങള്‍ സാമൂഹികപ്രതിബദ്ധതയോടെ നിവര്‍ത്തിക്കുകയാണ് സിസ്റ്റര്‍ ഡോ. തെരേസ് ആലഞ്ചേരി. ചുരുങ്ങിയ കാലംകൊണ്ട് ആറു പുസ്തകങ്ങളും നാല്പതോളം കവിതകളും നൂറില്‍പ്പരം ലേഖനങ്ങളും രണ്ടു ഡോക്യുമെന്ററികളും പുറത്തിറക്കി. പ്രമുഖ അച്ചടി - ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ അക്ഷരസപര്യ തുടര്‍ന്നുകൊണ്ടിരിക്കുകയാണ് കോളജ് അധ്യാപികകൂടിയായ സി. ഡോ. തേരേസ്. തന്റെ ആദ്ധ്യാത്മികമായ ഉത്തരവാദിത്വങ്ങള്‍ക്കൊപ്പം, വരുംതലമുറകളുടെ പദഗതികളില്‍ മെഴുതിരിനാളമായി മാറേണ്ടതിന് സര്‍ഗാത്മകവും വൈജ്ഞാനികവുമായ നൂതനസൃഷ്ടികളുടെ പണിപ്പുരയില്‍ സദാ വ്യാപൃതയാണ് സിസ്റ്റര്‍.
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി രൂപതയില്‍പ്പെട്ട മടുക്ക ഇടവകയില്‍,ആലഞ്ചേരി തോമസ് - ഏലിക്കുട്ടി ദമ്പതികളുടെ നാലുമക്കളില്‍ ഇളയ മകളായിട്ടാണ് സിസ്റ്റര്‍ തെരേസിന്റെ ജനനം. മഹാത്മാഗാന്ധി സര്‍വകലാശാലയില്‍നിന്നു മലയാളസാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തരബിരുദവും ബി.എഡും നേടി. മദ്രാസ് സര്‍വകലാശാലയില്‍നിന്ന് എം.ഫിലും. മഹാത്മാഗാന്ധി സര്‍വകലാശാലയില്‍നിന്ന് 'കുഞ്ഞുണ്ണിക്കവിതകളിലെ സാമൂഹികമനശ്ശാസ്ത്രം' എന്ന വിഷയത്തില്‍ ഡോക്ടറേറ്റും കാലിക്കട്ട് സര്‍വകലാശാലയില്‍നിന്ന് ദൈവശാസ്ത്രത്തില്‍ ദ്വിവത്സരഡിപ്ലോമയുംനേടി. ഇപ്പോള്‍ അണ്ണാമല യൂണിവേഴ്‌സിറ്റിയില്‍ ജേര്‍ണലിസം ഡിപ്ലോമ ചെയ്തുകൊണ്ടിരിക്കുന്നു.
നിലവില്‍ എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സ് കോളജില്‍ മലയാളവിഭാഗം അധ്യാപികയായ സിസ്റ്റര്‍ ഡോ. തെരേസ് മുമ്പ് കുന്നുംഭാഗം സെന്റ് ജോസഫ്‌സ് പബ്ലിക് സ്‌കൂള്‍, കുമളി സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക് കോളജ്, മാന്നാനം കെ.ഇ. കോളജ്, തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജ് എന്നിവിടങ്ങളില്‍ അധ്യാപികയായിരുന്നു.
മദര്‍ തെരേസ, അടിമച്ചന്തയില്‍നിന്നൊരു ദേവദൂതിക, ദേവോ ഗ്രാസിയാസ്, റാന്തല്‍, കുഞ്ഞുണ്ണിമാഷിന്റെ കാവ്യപ്രപഞ്ചം, മൗനം പൊതിഞ്ഞ മണ്‍കൂടാരം എന്നിവയാണ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍.
ദീപനാളം, ഭാഷാപോഷിണി, ദീപിക, എഴുത്തുമാസിക, പച്ചക്കുതിര, സണ്‍ഡേ ശാലോം, കര്‍മ്മലകുസുമം, കാര്‍മ്മല്‍, പ്രേഷിതകേരളം, ക്രൈസ്തവകാഹളം തുടങ്ങിയ ആനുകാലികങ്ങളിലും ഓണ്‍ലൈന്‍ പത്രങ്ങളിലും എഴുതുകയും സാമൂഹികപ്രശ്‌നങ്ങളോടു ക്രിയാത്മകമായി പ്രതികരിക്കുകയും ചെയ്യുന്നു. മുല്ലപ്പെരിയാര്‍ പ്രശ്‌നം, കസ്തൂരിരംഗന്‍ വിഷയം, സ്റ്റാന്‍സ്വാമി അച്ചന്റെ ജയില്‍ജീവിതം, റബര്‍ കര്‍ഷകപ്രശ്‌നങ്ങള്‍ ഇവയെല്ലാം ആധാരമാക്കി കവിതകള്‍ രചിക്കുകയും പെരിയാര്‍, കുമളി, പൂഞ്ഞാര്‍, കോട്ടയം തിരുനക്കരമൈതാനം, മേലുകാവ്, കാഞ്ഞിരപ്പള്ളി ടൗണ്‍ എന്നിവിടങ്ങളിലെ സമരപ്പന്തലുകളില്‍ പ്രസംഗിക്കുകയും കവിത ചൊല്ലുകയും ചെയ്തിട്ടുണ്ട്.
സിസ്റ്ററിന്റെ കവിതകള്‍ പലതും വീഡിയോ രൂപത്തില്‍ യൂട്യൂബിലും ഫെയ്‌സ്ബുക്കിലും ഷെക്കെയ്‌ന ടെലിവിഷന്‍ ചാനലിലും വന്നിട്ടുണ്ട്. ആനന്ദം, ചങ്ങാതി, ഇടമില്ലാത്തവര്‍, നേരറിവ്, അടി കൊള്ളുന്നവന്റെ തുടി, ദൈവത്തിന്റെ വിരലുകള്‍, പിയാത്ത, സ്‌നേഹപൂര്‍വം നിശാഗന്ധി, സ്റ്റാന്‍ഡ് വിത്ത് സ്റ്റാന്‍, ഒരു കാവ്യപൂജ, ന്യൂജെന്‍ സൗഹൃദം, നിലാവ് എന്നിവയാണവ. നിലാവില്‍ വിരിഞ്ഞ രാപ്പൂവ്, കനല്‍പ്രാവ് എന്നീ ഡോക്യുമെന്ററികള്‍ക്ക് രചനയും സംവിധാനവും നിര്‍വഹിച്ചത് സിസ്റ്റര്‍തന്നെയാണ്. അവ യൂട്യൂബിലും ഫെയ്‌സ്ബുക്കിലും ലഭ്യമാണ്.
തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതഭവനിലും കൊച്ചി ചാവറ കള്‍ച്ചറല്‍ സെന്ററിലും കൊച്ചി സാംസ്‌കാരികവേദിയുടെ ആഭിമുഖ്യത്തില്‍ നടന്ന കവിയരങ്ങിലും കോട്ടയം തിരുനക്കര മൈതാനിയില്‍ നടന്ന അന്താരാഷ്ട്രപുസ്തകമേളയിലും പ്രത്യേക ക്ഷണിതാവായി കവിത ചൊല്ലുകയും പ്രഭാഷണം നടത്തുകയും ചെയ്തിട്ടുണ്ട്.
ജയിലുകളിലും അനാഥമന്ദിരങ്ങളിലും ആശുപത്രികളിലും തീരപ്രദേശങ്ങളിലും മറ്റുമൊക്കെ ബോധവത്കരണപരിപാടികളും മ്യൂസിക് പ്രോഗ്രാമുകളും കുട്ടികളെയുംകൂട്ടി ചെയ്തുവരുന്നു.
കെ.സി.എസ്.എല്‍. കാഞ്ഞിരപ്പള്ളി രൂപത വൈസ് പ്രസിഡണ്ട്, കെ.സി.എസ്.എല്‍. സ്റ്റേറ്റ് വൈസ് പ്രസിഡണ്ട്, ഡി.സി.എല്‍.മേഖല ഓര്‍ഗനൈസര്‍, സണ്‍ഡേ സ്‌കൂള്‍ രൂപത ആനിമേറ്റര്‍, റിസോര്‍ഴ്‌സ് ടീം മെമ്പര്‍ എന്നിങ്ങനെയുള്ള മേഖലകളിലും ശുശ്രൂഷ ചെയ്തിട്ടുണ്ട്. ഡി.സി.എല്‍.ന്റെ ബെസ്റ്റ് ഓര്‍ഗനൈസര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് 2010 ല്‍ ലഭിച്ചിട്ടുണ്ട്.
ദിവ്യകാരുണ്യാരാധനാ സന്ന്യാസിനീസമൂഹം (എസ്.എ.ബി.എസ്) കാഞ്ഞിരപ്പള്ളി പ്രൊവിന്‍സ് അംഗമാണ് സി. തെരേസ് ആലഞ്ചേരി.