ഏറെ നാളുകളായി കേള്‍ക്കുന്നതാണ് അവന്റെ വിശേഷങ്ങള്‍. വിളഞ്ഞ ഗോതമ്പിന്റെ നിറമാണത്രേ അവന്റെ തലമുടിക്ക്. വിടര്‍ന്നു വികസിച്ച നെറ്റിയാണത്രേ അവന്. ആരെയും ആകര്‍ഷിക്കുന്നതാണത്രേ അവന്റെ കണ്ണുകള്‍! മുട്ടോളമെത്തുന്ന കയ്യുകളാണത്രേ അവന്!
സഖിമാരുടെ അടക്കം പറച്ചിലുകള്‍ ഏറിയപ്പോള്‍ എന്റെ ഉള്ളിലും ഒരു മോഹം. അവനെ ഒന്നു കാണണം.
അന്നൊരു ദിവസം സായാഹ്നത്തില്‍ സഖിമാരുമൊത്ത് നടക്കാനിറങ്ങിയതാണ്. സഖിമാരുടെ അടക്കംപറച്ചില്‍ കേട്ടാണു നോക്കിയത്.
അതാ, അവന്‍ നടന്നടുക്കുന്നു.
വിളഞ്ഞുകിടക്കുന്ന ഗോതമ്പുവയലുകള്‍ക്കിടയിലെ വരമ്പിലൂടെ അവന്‍ വരുന്നു. വയലേലകള്‍ക്കൊപ്പം അവന്റെ അളകങ്ങളും ചാഞ്ചാടുന്നുണ്ടായിരുന്നു. അതേ വിളഞ്ഞ ഗോതമ്പിന്റെനിറമുള്ള അവന്റെ അളകങ്ങള്‍!
ഒരീണത്തിലങ്ങനെ ചുവടുവച്ച്... മുന്നേറ്റത്തിന്റെ ചുവടുകള്‍. ഒരു ജേതാവിനൊത്ത നടത്തം.
ഞാന്‍ മെല്ലെമെല്ലയാണു നടന്നത്. അവന്‍ അടുത്തുവരട്ടെ.
അവന്‍ അടുത്തടുത്തു വന്നു.
പക്ഷേ, എന്നെ ഒന്നു നോക്കാന്‍പോലും മിനക്കെടാതെ അവന്‍ കടന്നുപോയി. എന്റെ കണ്ണേറിനു കൊതിക്കുന്ന ആയിരങ്ങളുള്ളപ്പോഴാണിത്. അടിയേറ്റ പാമ്പുകണക്കെ ഞാന്‍ പുളഞ്ഞുപോയി. അവന്റെ മഥിക്കുന്ന വശ്യത; അത് എന്റെ ഉറക്കം കെടുത്തി. അവനെ കാണാനുള്ള എന്റെ മനസ്സിന്റെ തീവ്രത ആളുന്ന അഗ്നിയായി; എന്നെത്തന്നെ ദഹിപ്പിക്കുന്ന അഗ്നി.
പിന്നീടൊരുദിനം അവിചാരിതമായി അവനെ ഞാന്‍ കണ്ടു. എന്റെ പൂമുഖത്തിനെതിരേ കരുവേലകത്തിന്റെ തണലില്‍ അവന്‍ ഇരിക്കുന്നു.
എന്നില്‍ എരിഞ്ഞിരുന്ന അഗ്നി ആളി. ഞാന്‍ അവന്റെ അടുത്തേക്കോടി. അവനോടു സംസാരിക്കാന്‍ ഞാന്‍ വെമ്പി.
പക്ഷേ,
അവന്റെ ദീപ്തസുന്ദരങ്ങളായ മിഴികള്‍ എന്നിലേക്കു തിരിഞ്ഞപ്പോള്‍ എന്നെച്ചുറ്റി വലയം വച്ചിരുന്ന നക്ഷത്രങ്ങള്‍ എല്ലാം പൊലിഞ്ഞുപോയി. അവന്റെ നിശിതമായ കണ്ണുകളില്‍ കാളുന്ന സൂര്യന്റെ തിളക്കമാണ് ഞാന്‍ കണ്ടത്. ആ നോട്ടം! എന്നെ വലിച്ചുരിഞ്ഞു. ആന്തരികമായ എന്റെ നഗ്നത കണ്ട് ഞാന്‍ പെരുത്തുപോയി. എനിക്ക് സംസാരിക്കുവാന്‍ പോയിട്ട് അനങ്ങുവാനേ കഴിഞ്ഞില്ല.
എന്റെ മനസ്സാക്ഷിയുമായി ഒരു മല്പിടിത്തമായിരുന്നു പിന്നെ. എനിക്കു മനസ്സിലായി ആത്മാവിനെ ധിക്കരിച്ചു ജീവിച്ച ഞാന്‍ മരിച്ചവളായിരുന്നു.
ആ സായന്തനത്തില്‍ അവന്റെ കണ്ണുകളിലെ തീനാളങ്ങള്‍ എന്നിലെ പിശാചിനെ വലിച്ചെടുത്ത് എരിച്ചുകളഞ്ഞു.
എനിക്കത് ചെയ്യാതെ കഴിയുമായിരുന്നില്ല.ഞാന്‍ അവന്റെ പാദത്തിനരികെയിരുന്നു. കരഞ്ഞു. കണ്ണീരുകൊണ്ട് അവന്റെ പാദങ്ങള്‍ കഴുകി. തലമുടികൊണ്ട് തുടച്ചു. ചുംബിച്ച് സുഗന്ധതൈലം പൂശി.
അതേ, ഞാന്‍തന്നെ മറിയം, മഗ്ദലേനയിലെ മറിയം!