പാലാ: ചേര്‍പ്പുങ്കല്‍ ബിവിഎം കോളജിനെതിരെയുള്ള വൈസ്ചാന്‍സലറുടെ പ്രസ്താവന അപക്വവും വസ്തുതാവിരുദ്ധവുമാണെന്നു പാലാ രൂപത. വിദ്യാഭ്യാസത്തിന്റെ പ്രാഥമികപാഠങ്ങള്‍ അറിയാവുന്നവര്‍ക്കും എം.ജി. യൂണിവേഴ്‌സിറ്റിയുടെ സ്റ്റാറ്റിയൂട്ടുകള്‍ അല്പമെങ്കിലും പരിചയമുള്ളവര്‍ക്കും പ്രിന്‍സിപ്പലിന്റെ പ്രവര്‍ത്തനത്തെ ശ്ലാഘിക്കാനല്ലാതെ കുറ്റപ്പെടുത്താന്‍ സാധിക്കില്ലെന്ന്, ചേര്‍പ്പുങ്കല്‍ കോളജില്‍ പരീക്ഷയെഴുതിയ പ്രൈവറ്റ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തിലെ യൂണിവേഴ്‌സിറ്റി അന്വേഷണവുമായി ബന്ധപ്പെട്ട് രൂപത പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞു.
സ്ഥാപനത്തിന്റെ മുഖ്യനടത്തിപ്പുകാരനായ പ്രിന്‍സിപ്പല്‍ വേദനാജനകമായവിധം തെറ്റിദ്ധരിപ്പിക്കപ്പെടുകയും ക്രൂരമായവിധം വിമര്‍ശിക്കപ്പെടുകയും ചെയ്യുമ്പോള്‍ വസ്തുതകളുടെ യാഥാര്‍ത്ഥ്യം വെളിവാക്കുവാനാണ് സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.
കോപ്പിയടിച്ചതിനു തെളിവുസഹിതം പിടികൂടിയശേഷം ആ കുട്ടിയെ അപമാനിതയാക്കാന്‍ പാടില്ല എന്നുള്ളതുകൊണ്ടാണ് ഇന്‍വിജിലേറ്ററും പ്രിന്‍സിപ്പലും കുട്ടിയെ എഴുന്നേല്പിക്കുകപോലും ചെയ്യാതെ ശാന്തവും സൗമ്യവുമായ രീതിയില്‍ സംസാരിച്ചതും, വൈസ്ചാന്‍സലര്‍ നടപ്പാക്കാന്‍ പോകുന്ന കൗണ്‍സെലിംഗ് ഏതാനും മിനിറ്റുനേരം സാന്ത്വനരൂപത്തില്‍ കോളജിലെ അധ്യാപികവഴി കുട്ടിക്കു നല്‍കിയതും സിസിടിവിയില്‍ വ്യക്തമാണ്. യൂണിവേഴ്‌സിറ്റി നിയമം അതിന്റെ ചൈതന്യത്തില്‍ പൂര്‍ണ്ണമായി പാലിക്കുകയും മാനുഷികപരിഗണന ഉദാത്തമായി പ്രകടിപ്പിക്കുകയും ചെയ്തതാണോ പ്രിന്‍സിപ്പല്‍ ചെയ്ത തെറ്റ്? പത്രക്കുറിപ്പില്‍ ചോദിക്കുന്നു.
കുട്ടിയുടെ ഹാള്‍ടിക്കറ്റ് പരസ്യമായി പ്രദര്‍ശിപ്പിച്ചു എന്നുള്ളത് കടുത്ത നിയമലംഘനമാണെന്നു വൈസ്ചാന്‍സലര്‍ വ്യാഖ്യാനിച്ചു കണ്ടു. ഹാള്‍ടിക്കറ്റ് പ്രദര്‍ശിപ്പിക്കരുത് എന്നു നിയമമുള്ളതായി മുന്‍ വൈസ് ചാന്‍സലര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അറിയില്ല. ഇവിടെ പ്രദര്‍ശിപ്പിക്കപ്പെട്ടതാകട്ടെ ഹാള്‍ ടിക്കറ്റിന്റെ കോപ്പിയും കോപ്പിയടിച്ച ഭാഗവുമാണ്. അങ്ങനെ ചെയ്തിരുന്നില്ലെങ്കില്‍ ഹാള്‍ ടിക്കറ്റിന്റെ മറുഭാഗത്ത് മാനേജ്‌മെന്റ് തന്നെ എഴുതിച്ചേര്‍ത്തതാണ് എന്ന പച്ചനുണ വിശ്വസിക്കാന്‍ സത്യസന്ധരായവര്‍പോലും നിര്‍ബന്ധിക്കപ്പെട്ടേനെ. ഹാള്‍ ടിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖകള്‍ പരിശോധിക്കാതെയും സാക്ഷിമൊഴികള്‍ എടുക്കാതെയും തയ്യാറാക്കിയ താത്കാലിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പത്രസമ്മേളനം നടത്തിയ വൈസ്ചാന്‍സലര്‍, പ്രിന്‍സിപ്പലിനെ മാറ്റുകയാണോ സ്വയം മാറുകയാണോ ചെയ്യേണ്ടത്?
ഉപസമിതിയുടെ പൂര്‍ണ്ണറിപ്പോര്‍ട്ട് തയ്യാറാക്കി സിന്‍ഡിക്കേറ്റ് അംഗീകരിച്ചാല്‍ മാത്രമേ അത് യൂണിവേഴ്‌സിറ്റിയുടേതാകൂ എന്നിരിക്കെ വിസിയുടെ തിടുക്കം മറ്റെന്തിനോ വേണ്ടിയാണെന്നു ന്യായമായും ആരും സംശയിച്ചേക്കാം. ഇത്തരം കാര്യങ്ങളില്‍ ഏതെങ്കിലും വിസി ഇതുപോലൊരു പത്രസമ്മേളനം നടത്തിയിട്ടുമില്ല.
കുട്ടിയുടെ മരണം അതീവ ദുഃഖകരമാണ്. അതുപോലെ തന്നെ പ്രിന്‍സിപ്പലിനെ തേജോവധം ചെയ്യുന്നത് അത്യന്തം ഖേദകരമാണ്. ഒരു സര്‍വകലാശാലയിലെ മുഴുവന്‍ അധ്യാപകരുടെയും സംരക്ഷകനും നീതിനിര്‍വാഹകനും ആകേണ്ട വൈസ്ചാന്‍സലര്‍ ഇതുവഴി അധ്യാപകസമൂഹത്തിനു നല്കുന്ന സന്ദേശം കോപ്പിയടിക്കുന്നതു പ്രോത്സാഹിപ്പിക്കണമെന്നാണോ അതോ അത്തരം അവസരങ്ങളില്‍ നിസംഗരായി കടന്നുപോകണമെന്നാണോ എന്ന് വ്യക്തമാക്കണമെന്ന് പത്രക്കുറിപ്പില്‍ രൂപത ആവശ്യപ്പെടുന്നു.