കാലത്തിന്റെ വെല്ലുവിളികളെ ധീരതയോടെ നേരിട്ടുകൊണ്ട് സുവിശേഷാധിഷ്ഠിതമായ ജീവിതം നയിക്കുവാന്‍ ദൈവം ചില വ്യക്തികളെ പ്രത്യേകമായി തിരഞ്ഞെടുക്കുകയും മാറ്റിനിര്‍ത്തുകയും കാലാനുസൃതമായ ദൗത്യത്തിനായി വിട്ടുകൊടുക്കുകയും ചെയ്യുന്നതായി എക്കാലത്തെയും വിശുദ്ധാത്മാക്കളുടെ ചരിത്രം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. അങ്ങനെ, കത്തോലിക്കാസഭയുടെ സാമൂഹികനീതിക്കൊരു പുതിയ ഊടും പാവും നെയ്ത് സ്വന്തം ഹൃദയരക്തംകൊണ്ട് അടിക്കുറിപ്പെഴുതിയ ഒരു ധീരകന്യകയാണ് രക്തസാക്ഷിയായ വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണിമരിയ.
നാല്പത്തിയൊന്നു വയസ്സു മാത്രം ഈ ഭൂമിയില്‍ ജീവിച്ച് രക്ഷയുടെ സുവിശേഷമായി രക്തസാക്ഷിത്വമകുടംചൂടി സ്വര്‍ഗസമ്മാനത്തിനര്‍ഹയായ സിസ്റ്റര്‍ റാണി മരിയ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ (എഫ്.സി.സി.) സന്ന്യാസിനീസമൂഹാംഗമാണ്. 1995 ഫെബ്രുവരി 25 നാണ് ഇന്‍ഡോറിലെ ഉദയനഗറില്‍വച്ച് സമന്ദര്‍സിംഗ് എന്ന കൂലിത്തൊഴിലാളി ഈ കന്യാരത്‌നത്തെ കത്തിക്കിരയാക്കിയത്. സമര്‍പ്പിതജീവിതത്തിനു പുതിയൊരു ഭാഷ്യം ചമച്ചുകൊണ്ടാണവള്‍ തന്റെ പ്രേഷിതദൗത്യം പൂര്‍ത്തിയാക്കിയത്.
ദരിദ്രരും മര്‍ദ്ദിതരും നിരാലംബരുമായിരുന്ന ജനങ്ങളുടെ ഉന്നമനത്തിനുവേണ്ടി അവള്‍ തന്റെ ജീവിതം ഉഴിഞ്ഞുവച്ചു. അതിനായി ശക്തമായ നിലപാടുകള്‍ സ്വീകരിക്കുകയും വ്യത്യസ്തമായി ചിന്തിക്കുകയും സമാനതകളില്ലാതെ പ്രവര്‍ത്തിക്കുകയും ചെയ്തു. തന്മൂലം പുതിയൊരു മാനവികത അവളുടെ പ്രവര്‍ത്തനമണ്ഡലങ്ങളില്‍ രൂപംകൊണ്ടു. അവള്‍ ഗ്രാമങ്ങളിലേക്കിറങ്ങിച്ചെന്നു. തൊഴിലിടങ്ങളിലുള്ള അനീതിക്കെതിരേയും, തൊഴിലാളികളുടെ അവകാശങ്ങള്‍ക്കുവേണ്ടിയും പോരാടുവാന്‍ ഗ്രാമങ്ങളിലെ ജനങ്ങളെ ബോധവത്കരിച്ചു. സ്ത്രീശക്തീകരണത്തിനു തിരി തെളിച്ചു. സമ്പാദ്യശീലം വളര്‍ത്തി നിരക്ഷരരായ കുട്ടികള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്നുനല്കി. ജന്മി-കുടിയാന്‍ ചേരിതിരിവിനെതിരേ, അക്രമങ്ങള്‍ക്കും അനീതിക്കുമെതിരേ ഈ യോഗിനി പാവങ്ങളുടെ പക്ഷം ചേര്‍ന്നു ശബ്ദമുയര്‍ത്തി.
ഗവണ്‍മെന്റില്‍നിന്നു ലഭ്യമാകേണ്ട ആനുകൂല്യങ്ങള്‍, പെന്‍ഷനുകള്‍, വായ്പാപദ്ധതികള്‍, ചികിത്സാസഹായങ്ങള്‍, ഇന്‍ഷുറന്‍സുകള്‍ തുടങ്ങിയവ നേടിയെടുക്കുവാന്‍ ഈ മിഷനറി അവരോടൊപ്പം പ്രവര്‍ത്തനനിരതയായി. ആരാധനാലയങ്ങളും ആതുരാലയങ്ങളും വിദ്യാലയങ്ങളും അവളുടെ സ്വപ്നങ്ങളായിരുന്നു. ഈ അമ്മമനസ്സിനു മുന്നില്‍ ഗ്രാമവാസികള്‍ കരങ്ങള്‍ കൂപ്പി. ജന്മിമാരും അധികാരികളും രോഷാകുലരായി നിന്നു. സഹജീവികളില്‍ യേശുവിന്റെ മുഖം ദര്‍ശിച്ച ഈ സമര്‍പ്പിതയ്ക്കു ലഭിച്ച സമ്മാനമാണ് അവളുടെ ശരീരം ഏറ്റുവാങ്ങിയ ചെറുതും വലുതുമായ 54 മുറിവുകള്‍. മുറിവുകളെല്ലാം തിരുമുറിവുകളാക്കി സ്വര്‍ഗം വിലയിട്ടു. അവള്‍ സ്വര്‍ഗത്തിലേക്കു പറന്നുയര്‍ന്നു!
സമന്ദര്‍സിംഗ് എന്ന വാടകക്കൊലയാളിയെ ജീവപര്യന്തം തടവിനു കോടതി ശിക്ഷിച്ചു. പിന്നീടങ്ങോട്ട് മനുഷ്യബുദ്ധിക്കു നിരക്കാത്ത രീതിയിലാണു കാര്യങ്ങള്‍ നീങ്ങിയത്. ഒല്ലൂര്‍ സ്വദേശി, മധ്യപ്രദേശില്‍ സിഎംഐ വൈദികനായി സേവനമനുഷ്ഠിക്കുന്ന ഫാ. മൈക്കിള്‍ പുറാട്ടുകര എന്ന സ്വാമിയച്ചന്‍ ഇന്‍ഡോര്‍ ജയിലില്‍ സമന്തര്‍സിംഗിനെ കാണുകയും മാനസാന്തരത്തിലേക്കു വഴിയൊരുക്കുകയും ചെയ്തു. വി. മരിയ ഗൊരേത്തിയുടെ ഘാതകനായ അലക്‌സാണ്ടറുടെ മാനസാന്തരം അവളുടെ ക്ഷമിക്കുന്ന സ്‌നേഹത്തില്‍നിന്നുയര്‍ന്ന പ്രാര്‍ത്ഥനയുടെ ഫലമായിരുന്നുന്നെന്നതുപോലെ രക്തസാക്ഷിയായ റാണിമരിയയുടെ തീവ്രമായ പ്രാര്‍ത്ഥനയ്ക്കുള്ള പ്രത്യുത്തരമാണ് സ്വാമിയച്ചനിലൂടെ സമന്ദര്‍സിംഗില്‍ നിറവേറിയത്! അതു മാത്രമല്ല, റാണി മരിയയുടെ സഹോദരി സിസ്റ്റര്‍ സെല്‍മി ജയിലില്‍വച്ച് സമന്ദറിന്റെ കരങ്ങളില്‍ രാഖികെട്ടി സഹോദരനായി അംഗീകരിച്ചതും ക്ഷമയുടെ ഉദാത്ത മാതൃകതന്നെ. അദ്ഭുതങ്ങളുടെ പട്ടിക നീളുകയാണ്. ആ നാളുകളില്‍ സിസ്റ്റര്‍ സെല്‍മയ്ക്ക് കാന്‍സര്‍ രോഗം കലശലാവുകയും വൈദ്യശാസ്ത്രം പരാജയപ്പെടുകയും ചെയ്തപ്പോള്‍ തന്റെ സഹോദരിയുടെ മാദ്ധ്യസ്ഥ്യം വഴി സിസ്റ്റര്‍ സെല്‍മ പൂര്‍ണസൗഖ്യം പ്രാപിക്കുകയുണ്ടായി. ഇന്ന് ഇന്‍ഡോറില്‍ കര്‍മനിരതയായി അവര്‍ കഴിയുന്നു.
പശ്ചാത്താപവിവശനായ സമന്ദര്‍സിംഗ് സ്വാമിയച്ചനോടൊപ്പം പുല്ലുവഴിയിലെ വട്ടാലില്‍ ഭവനത്തിലെത്തുകയും സിസ്റ്റര്‍ റാണിമരിയയുടെ പിതാവ് പൈലിയോടും മാതാവ് ഏലീശ്വായോടും ക്ഷമായാചനം നടത്തി കാല്‍ക്കല്‍ വീഴുകയും ചെയതു. തന്റെ ഓമനമകളുടെ ഘാതകന്റെ കരങ്ങള്‍ ചുംബിച്ച് സ്വന്തം മകനായി സ്വീകരിക്കുകയും ചെയ്തു. മാനുഷികമായി ചിന്തിക്കുന്നവര്‍ക്കെല്ലാം ഇതൊക്കെ ശുദ്ധ ഭോഷത്തമായി കരുതാനേ കഴിയൂ. ഈ പുണ്യാത്മാവിന്റെ രക്തസാക്ഷിത്വം മഹത്തായ പല സന്ദേശങ്ങളും പാഠങ്ങളും ലോകത്തിനു നല്‍കുന്നുണ്ട്. അതില്‍ പരമപ്രധാനമായത് കുരിശിലെ ക്ഷമിക്കുന്ന സ്‌നേഹമാണ്. താന്‍ ക്ഷമിക്കപ്പെട്ട വ്യക്തിയാണ് എന്നു മനസ്സിലാകുന്നവര്‍ക്കേ മറ്റുള്ളവരോടു ക്ഷമിക്കുവാന്‍ കഴിയുകയുള്ളൂവെന്നതും ഒരു യാഥാര്‍ത്ഥ്യംതന്നെ.
ഇന്നു ലോകം അഭിമുഖീകരിക്കുന്ന സമസ്തപ്രശ്‌നങ്ങള്‍ക്കുമുള്ള സിദ്ധൗഷധം ക്ഷമ എന്ന മഹാപുണ്യമാണെന്ന് വാഴ്ത്തപ്പെട്ട റാണിമരിയ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. രക്തസാക്ഷിത്വത്തിന്റെ പരകോടിയിലെത്തിയ ഈ സാഹസകന്യക ചിന്തിയ രക്തത്തുള്ളികള്‍ സമര്‍പ്പിതര്‍ക്കു മാത്രമല്ല, മാനവരാശിക്കുവരെ ഒരു ആത്മീയതിരുത്തല്‍ശക്തിയായി വിരാജിക്കുന്നു.